Asianet News MalayalamAsianet News Malayalam

എല്ലാ ദിവസവും മരത്തിൽ തലയിട്ടടിക്കുന്ന ഒരാൾ, വിചിത്രമായ ഈ ശീലത്തിന് പിന്നിലെ കാരണം ഇത്...

"ചെറുപ്പത്തിൽ ഞാൻ ഒരു ബോക്സറായിരുന്നു, എന്നാൽ കുടുംബം നോക്കാൻ ആരംഭിച്ചപ്പോൾ മുതൽ എനിക്ക് എന്റെ കായികസ്വപ്നങ്ങൾ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കേണ്ടി വന്നു " അയാൾ പറഞ്ഞു.

A man with a strange habit
Author
South Korea, First Published May 14, 2020, 3:18 PM IST

കഴിഞ്ഞ മാസം, ദക്ഷിണ കൊറിയയുടെ ഒരു ടെലിവിഷൻ ചാനലിൽ വളരെ വിചിത്രമായ ഒരു ദൃശ്യം കണ്ട് ആളുകൾ ഞെട്ടി. കണ്ട് നിൽക്കാൻ പോലും പ്രയാസമായിരുന്നു അത്. എല്ലാ ദിവസവും മരത്തിൽ സ്വന്തം തലയിട്ടടിക്കുന്ന ഒരാളുടെ കഥയാണ് ദക്ഷിണ കൊറിയൻ ടിവി ഷോ എക്സ് എസ്‌ബി‌എസ് വോയിൽ സംപ്രേക്ഷണം ചെയ്തത്. സിയോളിലെ സിൻ‌ചോൺ പരിസരത്തുള്ള ചെരുപ്പ് നന്നാക്കുന്ന ഒരാളായിരുന്നു അത്. കഴിഞ്ഞ 5 വർഷമായി ഇങ്ങനെ തലയയിട്ടടിക്കുന്നത് മുടക്കമില്ലാതെ തുടർന്ന് വരികയാണ്. അയാൾക്ക് പ്രശസ്തനാകാനുള്ള ഒരടവാണ് ഇതെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും, അയാളുടെ നെറ്റിയിലെ തഴമ്പ് കണ്ടാൽ മനസ്സിലാവും ഇത് അയാളുടെ സ്ഥിരം പണിയാണെന്ന്.  

കഴിഞ്ഞ മാസം എക്സ് എസ്‌ബി‌എസ് വോ പേര് വെളിപ്പെടാത്ത അയാളെ സന്ദർശിക്കുകയുണ്ടായി. കൂടാതെ അയാളുടെ വിചിത്രമായ ദൈനംദിന ശീലം ക്യാമറയിൽ പകർത്താനും അവർക്ക് കഴിഞ്ഞു. തന്റെ ശരീരത്തിനെ മയപ്പെടുത്തുന്നതിന് വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അയാളുടെ ന്യായീകരണം. എന്നാൽ അയാളുടെ ഈ പ്രവൃത്തി കണ്ട് മാധ്യമപ്രവർത്തകൻ ഞെട്ടി. നെറ്റിയിൽ രക്‌തം പൊടിയുന്നുവെന്ന് മാധ്യമപ്രവർത്തകൻ അയാളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്ത് കാര്യം! ഇതൊന്നും ഒന്നുമല്ലെന്നും, മുറിവ് തൊലിപ്പുറത്താണെന്നും, ആഴത്തിലുള്ളതല്ലെന്നും അയാൾ മറുപടി പറഞ്ഞു. 

തന്റെ പതിവ് തലതല്ലൽ വ്യായാമം കഴിഞ്ഞപ്പോൾ, ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തിൽ അദ്ദേഹം തിരിഞ്ഞു തന്റെ വഴിയോരത്തെ കൊച്ചു കടയിലേക്ക് നടന്നു. എന്നിട്ട് നെറ്റിയിൽ ആന്റിസെപ്റ്റിക് പുരട്ടി. തന്റെ നെറ്റിയിലെ ചതവ് തൊടാൻ അദ്ദേഹം മാധ്യമപ്രവർത്തകനെ അനുവദിച്ചു. തൊലിക്ക് താഴെ തള്ളിനിൽക്കുന്ന ആ ചതവ് മാധ്യമപ്രവർത്തകന് നല്ലപോലെ അനുഭവപ്പെട്ടു. ദിവസവുമുള്ള ഈ പ്രഹരം കൊണ്ട് അതിന് ഉണങ്ങാനുള്ള അവസരം ലഭിക്കുന്നില്ല. ഈ വിചിത്രമായ ശീലം എന്തിനാണ് ഇപ്പോഴും പിന്തുടർന്ന് വരുന്നതെന്ന് ചോദിച്ചാൽ, അയാൾക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്. 

"ചെറുപ്പത്തിൽ ഞാൻ ഒരു ബോക്സറായിരുന്നു, എന്നാൽ കുടുംബം നോക്കാൻ ആരംഭിച്ചപ്പോൾ മുതൽ എനിക്ക് എന്റെ കായികസ്വപ്നങ്ങൾ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കേണ്ടി വന്നു " അയാൾ പറഞ്ഞു. രണ്ടറ്റവും കൂട്ടിമുട്ടാൻ പാടുപെടുന്ന അയാൾക്ക് ബോക്സിംഗ് ജിം സന്ദർശിക്കാനുള്ള സമയമോ, പണമോ ഇല്ലായിരുന്നു. അതുകൊണ്ട് സ്വന്തമായി പരിശീലനം നടത്താൻ അയാൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഇത്.  “ചിലർ എന്നെ പരിഹസിച്ചേക്കാം, പക്ഷേ ഞാൻ ചെയ്യുന്ന കാര്യങ്ങൾ മിക്ക ആളുകളിലും ഭയമുണ്ടാക്കുന്നു” അയാൾ പറഞ്ഞു.

ഒടുവിൽ, അയാളുടെ ആഗ്രഹം മനസ്സിലാക്കിയ എക്സ് എസ്‌ബി‌എസ് വോ അയാളെ ഒരു പ്രാദേശിക ബോക്സിംഗ് ജിമ്മിലേക്ക് കൊണ്ടുപോയി. കായിക വിനോദത്തോടുള്ള അഭിനിവേശം പുനരുജ്ജീവിപ്പിക്കാനും അപകടകരമായ ഈ ദൈനംദിന ശീലം ഉപേക്ഷിക്കാനും അയാളെ ചാനൽ നിർബന്ധിച്ചു. ഇനിയെങ്കിലും ഈ ശീലം ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, 65 വയസ്സ് തികയുന്നതുവരെ താൻ തന്റെ ശീലം തുടരുമെന്നാണ് അയാൾ മറുപടി നൽകിയത്. അദ്ദേഹത്തിന് ഇപ്പോൾ എത്ര വയസ്സുണ്ടെന്ന് വ്യക്തമല്ല, എന്നിരുന്നാലും ഈ കുഴപ്പം പിടിച്ച ശീലം അയാളെ ഇന്നല്ലെങ്കിൽ നാളെ അപകടത്തിലാക്കുമെന്നതിൽ സംശയമില്ല.  

Follow Us:
Download App:
  • android
  • ios