Asianet News MalayalamAsianet News Malayalam

മലയാളിയെ വായിക്കാന്‍ പഠിപ്പിച്ച കുറ്റാന്വേഷണ സാഹിത്യത്തിന്‍റെ രാജാവ്

  • പുഷ്പനാഥിന്റെ മനോരാജ്യത്തെ മലയാളിയുടെ കുറ്റാന്വേഷകര്‍
     
A meemory of Malayalam detective fiction writer Kottayam Pushpanath

അറച്ചറച്ച കാലടികളോടെ സുധീര്‍ അവളുടെ പിന്നാലെ സാവധാനത്തിൽ തുരങ്കത്തിലേക്ക്‌ ഇറങ്ങിക്കൊണ്ടിരുന്നു..... ഏകദേശം നാല്‌പത്‌ പടവുകൾ കഴിഞ്ഞപ്പോള്‍ അവർ നിരപ്പായ ഒരു സ്ഥലത്തെത്തി. ഭൂനിരപ്പില്‍നിന്ന്‌ കുറഞ്ഞത്‌ മുപ്പത്‌ അടിയെങ്കിലും താഴെ എത്തിക്കാണുമെന്ന്‌ അദ്ദേഹം അനുമാനിച്ചു. ഇരുവശങ്ങളിലുമുളള കരിങ്കല്‍ചുമരുകളില്‍നിന്നും തണുത്ത ജലകണങ്ങൾ ഇറ്റിറ്റുവീണുകൊണ്ടിരുന്നു. തുരങ്കത്തില്‍ കയറിയതുമുതൽ അവൾ യാതൊന്നും സംസാരിച്ചില്ല. അവളുടെ വസ്‌ത്രത്തിന്റെ ചലനം മാത്രം നിശ്ശബ്‌ദതയെ ഭേദിച്ചുകൊണ്ടിരുന്നു. അറുപതു വാരയോളം നടന്നശേഷം വലതുവശത്തുളള ഒരു വിളളലില്‍ക്കൂടി അവൾ മറഞ്ഞു.... തുരങ്കത്തിലെ സുന്ദരി- അവള്‍ യക്ഷിയോ, മനുഷ്യസ്‌ത്രീയോ?   (തുരങ്കത്തിലെ സുന്ദരി)

മവാക്യത്തിന്റെ ഇടതുവശത്തുള്ളത് കുറ്റകൃത്യമാണ്. ആ കുറ്റകൃത്യത്തിന് പിന്നിലെ സത്യമാണ്  തെളിയിച്ചെടുക്കേണ്ട  വലതുവശം. ഓരോ വരിയിലും  അടുത്ത വരിയിലേക്ക് വായനക്കാരനെ വലിച്ചുകൊണ്ടുപോകുന്ന സൂത്രവാക്യം ഒളിഞ്ഞിരിപ്പുണ്ട്. ഒന്നിലധികം സൂത്രവാക്യങ്ങളുടെ  സങ്കലനമാണ് ഓരോ പേജും.   ഇടതുവശവും വലതുവശവും ഒരുമിച്ച് തെളിയുന്ന സമവാക്യം ഒടുവിലെ പേജിൽ മാത്രമെ വ്യക്തമാകുകയുള്ളു .  ശരിയായ ഉത്തരം വായനക്കാരൻ പ്രതീക്ഷിക്കുന്ന ഉത്തരത്തിൽ നിന്ന് എത്രമാത്രം അകലുന്നു എന്നിടത്താണ്  എഴുത്തുകാരന്റെ  വിജയം.   

കുറ്റാന്വേഷണ നോവലുകൾ പോലെ വായനക്കാരെ ആകർഷിച്ച സാഹിത്യരൂപം ലോകത്ത് വേറെയുണ്ടോയെന്ന് സംശയമാണ്. ആർതർ കൊനൻഡോയലിന്റെ  ഷെർലക് ഹോംസും അഗത ക്രിസ്റ്റിയുടെ ഹെർക്യൂൽ പൊയ്റോട്ടും  അതുകൊണ്ടാണ് ലോകത്തിന്റെ മുഴുവൻ ആവേശമായി മാറിയത്. മൊബൈൽ ഗെയിമുകളും ഫെയ്സ്ബുക്കും വാട്സാപ്പും ട്രോളുകളുമെല്ലാം സജീവമാകുന്നതിന് മുൻപ് കേരളക്കരയിൽ  ആവേശമായി മാറിയ  എഴുത്തുകാരനാണ് കോട്ടയം പുഷ്പനാഥ്.   അദ്ദേഹം സൃഷ്ടിച്ച ഡിറ്റക്ടീവ് മാക്സിനും ഡിറ്റക്ടീവ് പുഷ്പനാഥും  70 കളിലും  എൺപതുകളിലും മലയാളിയെ ഒന്നാകെ മുൾമുനയിൽ നിർത്തി. കോട്ടയം പുഷ്പനാഥിന്റെ നോവലുകളില്ലാത്ത വാരികകൾ മലയാളത്തിൽ ഇറങ്ങിയിരുന്നില്ലെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല.  11 വാരികകളിൽ വരെ ഒരേ സമയം നോവലുകൾ എഴുതിയിരുന്നെന്ന് അദ്ദേഹം തന്നെ ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.  കോട്ടയം പുഷ്പനാഥെന്ന പേരിന് പുറമെ തൈമൂർ എന്ന തൂലികാ നാമവും അദ്ദേഹം ഉപയോഗിച്ചിരുന്നു. 

A meemory of Malayalam detective fiction writer Kottayam Pushpanath

1968 ൽ മനോരാജ്യം വാരികയിൽ ചുവന്ന മനുഷ്യനെന്ന പേരിൽ ഒരു അപസർപ്പക നോവൽ വന്നുതുടങ്ങിയത് മുതലാണ് കോട്ടയം പുഷ്പനാഥെന്ന പേര് കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. വായനക്കാരില്ലാത്തതിനാൽ അടച്ചുപൂട്ടാൻ തീരുമാനിച്ച മനോരാജ്യത്തിന്റെ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമമായിരുന്നു ഡിറ്റക്ടീവ് നോവൽ.  മരിച്ചു മരിച്ചില്ലെന്ന അവസ്ഥയിൽ കിടന്ന  ലക്ഷ്മണന്  ഹനുമാൻ നൽകിയ മൃതസഞ്ജീവനിയുടെ ഫലം ചുവന്ന മനുഷ്യൻ മനോരാരാജ്യത്തിന് നൽകി.

ചീര തിന്ന പപ്പോയെപ്പോലെ  മനോരാജ്യം ഉണർന്നെണീറ്റ് മസിലുവീർപ്പിച്ചു. കേരളത്തിന്റെ പല ഭാഗത്ത് നിന്നും മനോരാജ്യത്തിന്റെ ഓഫീസിലേക്ക്  പരാതികൾ പ്രവഹിച്ചു.   കോപ്പികൾ കിട്ടാനില്ലെന്നതായിരുന്നു എല്ലാർക്കും പറയാനുണ്ടായിരുന്നത്.  പരാതികളുടെ എണ്ണം കൂടിയപ്പോൾ  മറ്റൊരു അറ്റകൈ കൂടി മനോരാജ്യം ചെയ്തു. കോട്ടയം പുഷ്നാഥിന്റെ  അടുത്ത ഡിറ്റക്ടീവ് നോവൽ  “ഫറവോന്റെ മരണമുറി”  ഉടനെന്നൊരു പരസ്യം കൊടുത്തു. പിന്നെ പരാതിപ്രളയമായി.

മനോരാജ്യത്തിന് പിന്നാലെ ജനയുഗത്തിലും മനോരമയിലും ഒക്കെ പുഷ്പനാഥിന്റെ നോവലുകൾ വന്നു. സാക്ഷര കേരളത്തിന്റെ വായിക്കാനുള്ള ആക്രാന്തത്തെ ശമിപ്പിക്കാൻ രാവിലെ ഏഴ് മണിമുതൽ രാത്രി പന്ത്രണ്ട് മണിവരെയൊക്കെ ഒരേഇരിപ്പിലിരുന്ന് എഴുതേണ്ടിവന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിൽ പഠിക്കുന്പോൾ കെ പി ഐപ്പ് എന്ന അധ്യാപകൻ പറഞ്ഞു നൽകിയ കഥകളിലൂടെയാണ് പുഷ്പനാഥൻ പിള്ള എന്ന കുട്ടി സാഹിത്യ ലോകത്തേക്ക് എത്തുന്നത്.  അധ്യാപികയായ അമ്മയും മകന് വായിക്കാൻ നിരവധി പുസ്കങ്ങൾ നൽകി. അങ്ങനെ പന്ത്രണ്ടാം വയസ്സിൽ “തിരമാല” എന്ന പേരിൽ ആദ്യ കഥയെഴുതി. പിന്നെയും പല കഥകളെഴുതിയെങ്കിലും അധികം വൈകാതെ അപസർപ്പകമാണ് തനിക്ക് വഴങ്ങുന്നതെന്ന് തിരിച്ചറിഞ്ഞു.  കുട്ടനാട്ടിലെ ചന്പക്കുളത്തുള്ള ബികെഎംകെ ബുക് ഡിപ്പോ പ്രസാദകർ പുറത്തിറക്കിയിരുന്ന  ഡിറ്റക്ടർ മാസികയിൽ പ്രസിദ്ധീകരിച്ച  കഥകൾക്ക് കിട്ടിയ സ്വീകാര്യതയാണ് ആ തിരിച്ചറിവിലേക്ക് പുഷ്പനാഥിനെ എത്തിച്ചത്. ഈ കഥകൾ കണ്ടാണ്  എഴുത്തുകാരനായ കാനം ഇ ജെ  മനോരാജ്യത്തിന് വേണ്ടി പുഷ്പനാഥിനെ സമീപിച്ചത്.

ടിടിസി കഴിഞ്ഞ് ഇടയ്ക്ക് പുഷ്പനാഥ് അധ്യാപകനായി ജോലിക്ക് കയറി. ഇതിനിടയിൽ ചരിത്രത്തിൽ ബിരുദവും നേടി.  വായനക്കാരുടെയും വാരികക്കാരുടെയും സമ്മർദ്ദത്തിന് വഴങ്ങി പഠനവും പഠിപ്പീരുമൊക്കെ ഉപേക്ഷിച്ച് പുഷ്പനാഥ് എഴുത്തിന്റെ ലോകത്തേക്ക് തന്നെ മടങ്ങി.

A meemory of Malayalam detective fiction writer Kottayam Pushpanath

ഡിറ്റക്ടീവുകളുടെ ലോകം വിശാലമാണ്. പുഷ്പനാഥിന്റെ കഥാപാത്രങ്ങളെ സംബന്ധിച്ചിടത്തോളവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.  അദ്ദേഹത്തിന്റെ മാനസശിശുക്കളായ ഡിറ്റക്ടീവ് മാക്സിനും ഡിറ്റക്ടീവ് പുഷ്പനാഥും വ്യത്യസ്തമായ നിരവധി കേസുകൾ അന്വേഷിച്ചു. ഇസ്രായേലുകാരനായ ക‍ർദ്ദിനാൾ മൈക്കിൾ  ബോർണിയോയുടെ കൊലപാതകിയെ മുതൽ  ന്യൂയോർക്കിലെ മ്യൂസിയത്തിൽ നിന്ന് നെപ്പോളിയന്റെ സ്വർണ പ്രതിമ തട്ടിയെടുത്ത  മോഷ്ടാവിനെവരെ അവർ പിന്തുടർന്നു. കാർപാത്യൻ മലനിരകളിലൂടെ മാക്സിൻ കൂട്ടുകാരി എലിസബത്തിനൊപ്പം നടത്തിയ സാഹസിക യാത്രകൾ വായനക്കാരെ ആവേശം കൊള്ളിച്ചു.  വിദേശത്തെ കുറ്റകൃത്യങ്ങൾ കൂടുതലും അന്വേഷിച്ചത് മാക്സിനായിരുന്നു. നാട്ടിലുള്ള കേസുകൾ പുഷ്പരാജും. ഇരുവരും ഒരുമിച്ച വന്ന നോവലുകളും ഉണ്ടായി. ചില നോവലുകളിൽ ഡിറ്റക്ടീവ് സുധീറും അന്വേഷകനായി എത്തി.  ശാസ്ത്ര മാസികകളിലെ  പുത്തൻ കണ്ടെത്തലുകൾ  ഈ ഡിറ്റക്ടീവുകളുടെ കൈയിലെ ആയുധമായി.

കുറ്റാന്വേഷണ നോവലുകൾക്ക് പുറമെ മാന്ത്രിക നോവലുകളും പുഷ്പനാഥിന്റെതായി പുറത്തുവന്നിട്ടുണ്ട്. ബ്രഹ്മരക്ഷസ്, രണ്ടാം വരവ്, നീലക്കണ്ണുകൾ, പടകാളി മുറ്റം, സൂര്യരഥം എന്നിവ ഏറെ ജനശ്രദ്ധ നേടി.  എല്ലാം കൂടി 300 ലധികം നോവലുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.  ഇതിൽ പലതും തമിഴ് , തെലുങ്ക് , കന്നഡ , ബംഗാളി ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios