Asianet News MalayalamAsianet News Malayalam

ഇങ്ങനെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് വ്യാപിക്കുന്നത്, കാണാതെ പോകരുത്, അറിയാതെ പോകരുത്...

"ശരാശരി, ഒരാൾ മണിക്കൂറിൽ 16 തവണയെങ്കിലും മുഖത്ത് സ്പർശിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതിനാലാണ് കൈ കഴുകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്നത്'' അദ്ദേഹം പറഞ്ഞു.

A new method to see germs in your hands
Author
United States, First Published Mar 26, 2020, 4:20 PM IST

കൊറോണ വൈറസ് എന്ന ഭീകരനെ തുരത്താൻ ഏക മാർഗ്ഗം കൈകഴുകലാണ് എന്ന് സർക്കാരും ആരോഗ്യപ്രവർത്തകരും നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിനുശേഷം ഇപ്പോൾ എന്ത് തൊട്ടാലും, എവിടെ പോയി വന്നാലും ആദ്യത്തെ പണി കൈകഴുകലാണ്. എത്ര കഴുകിയാലും പലരുടെയും ഉള്ളിൽ ബാക്കിനിൽകുന്ന ഒരു സംശയം, ദൈവമേ, കൈയിൽനിന്ന് വൈറസ് പോയിക്കാണുമോ എന്ന്. കൈകളിലെ വൈറസിനെ കാണാനാവുമോ? ആവുമെന്നാണ്, മുൻ നാസ എഞ്ചിനീയറായ മാർക്ക് റോബർ പറയുന്നത്. 

കൊറോണ വൈറസ് (COVID-19) പടരുന്നത് തടയുന്നതിന് സാമൂഹിക അകലവും ശുചിത്വവും എങ്ങനെ സഹായിക്കുമെന്ന് കാണിക്കുന്നതിനായി ഒരു വീഡിയോ അദ്ദേഹം തയ്യാറാക്കി. അതിൽ അദ്ദേഹം ഗ്ലോ ജേം എന്ന പൊടി കൈയിൽ വിതറി കൈയിലുള്ള അണുക്കളെ കണ്ടുപിടിക്കുന്ന മാർഗ്ഗം ലോകവുമായി പങ്കുവച്ചു. ഒരുപാട് പേർ പറയുന്നത് കേൾക്കാതെ കൈകൾ കഴുകാതെയും, വീട്ടിൽ ഇരിക്കാതെ കറങ്ങി നടക്കുന്നതും കണ്ടപ്പോഴാണ് ഇത്തരം ഒരു വീഡിയോ ചെയ്യാൻ അദ്ദേഹം തീരുമാനിക്കുന്നത്. ആ വീഡിയോയിൽ കൈകളിൽ അണുക്കൾ എത്ര എളുപ്പത്തിലും വേഗത്തിലുമാണ് വ്യാപിക്കുന്നതെന്ന് അദ്ദേഹം നമുക്ക് കാണിച്ച് തരുന്നു. ഇതിനായി ഒരു അധ്യാപികയുടെയും, അവരുടെ വിദ്യാർത്ഥികളുടെയും കയ്യിൽ ഒരു പൊടി വിതറി അദ്ദേഹം. അതിനുശേഷം അവരുടെ കൈകളിൽ വ്യാപിക്കുന്ന അണുക്കളെ ആ വീഡിയോവിലൂടെ നമുക്ക് അദ്ദേഹം കാണിച്ചു തരുന്നു. പരീക്ഷണത്തിനായി റോബർ‌ ഇരുണ്ടവെളിച്ചത്തിൽ മാത്രം കാണാൻ സാധിക്കുന്ന ഗ്ലോ ജേം എന്ന പൊടിയാണ് ഉപയോഗിച്ചത്. 

''ആ പൊടി നമ്മുടെ കൈയിൽ വിതറിയാൽ കൈയിലുള്ള അണുക്കളെ നമുക്ക് കാണാൻ സാധിക്കും. നമുക്ക് ചുറ്റുമുള്ള രോഗാണുക്കളെ കാണാൻ കഴിയുമോ എന്ന് നാം എല്ലായ്പ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ഇതുവഴി നമുക്ക് അണുക്കളെ കാണാൻ സാധിക്കും. അങ്ങനെ എല്ലാവരും വളരെയധികം ശ്രദ്ധാലുക്കളാവുകയും, അസുഖങ്ങൾ കുറയുകയും ചെയ്യും" 10 മിനിറ്റ് ക്ലിപ്പിന്റെ തുടക്കത്തിൽ അദ്ദേഹം പറഞ്ഞു. ഗ്ലോ ജേം എന്ന പൊടി സാധാരണ വെളിച്ചത്തിൽ കാണാൻ സാധിക്കില്ല.  

ആദ്യമായി ആ പൊടി രഹസ്യമായി അദ്ദേഹം അധ്യാപികയുടെ കൈയിൽ വിതറി. എന്നിട്ട് ക്ലാസ്സിലുള്ള മൂന്ന് വിദ്യാർത്ഥികൾക്ക് കൈകൊടുക്കാൻ പറഞ്ഞു. കുട്ടികൾക്ക് ആ പരീക്ഷണത്തെക്കുറിച്ച് അറിയില്ലായിരുന്നു. അവർ സാധാരണ ഒരു ദിവസം പോലെ ബാക്കി കാര്യങ്ങൾ ചെയ്തു. ഒടുവിൽ കുറേകഴിഞ്ഞു ക്ലാസ്സ്മുറിയിൽ ചെന്ന് നോക്കിയപ്പോൾ ആ പൊടിയിൽ അണുക്കൾ നിറഞ്ഞിരിക്കുന്നത് കണ്ടു. അത് ബെഞ്ചിലും, ബാഗുകളിലും, ചുമരിലും, കുട്ടികളുടെ മുഖത്തും കൈയിലും എല്ലാം വ്യാപിച്ചിരിക്കുന്നതായി കണ്ടു. ബെഞ്ച് പോലുള്ള പ്രതലങ്ങളിൽ അണുക്കൾ ഒമ്പത് ദിവസം വരെ തങ്ങും. ഇതുപോലെ തന്നെയാണ് നമ്മൾ അറിയാതെ കൈകൊടുക്കുമ്പോഴും സംഭവിക്കുന്നത്. നമ്മൾ ഒരാൾക്ക് കൈകൊടുക്കുമ്പോൾ നമ്മുടെ കൈയിലുള്ള അണുക്കൾ മറ്റുള്ളവരുടെ കൈയിലേയ്ക്കും പടരും. പോരാതെ നമ്മൾ എന്തിലൊക്കെ പിടിക്കുന്നു അതിലൊക്കെ ഈ അണുക്കൾ വ്യാപിക്കും. ഇങ്ങനെയാണ് രോഗങ്ങൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. 

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിൽ എങ്ങനെയാണ് അണുക്കൾ വ്യാപിക്കുന്നതെന്ന് അദ്ദേഹം ഈ വിഡിയോയിൽ കാണിച്ച് തരുന്നു. "നമ്മൾ തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായുവിൽ കലരുന്ന കണികകൾ വായുവിൽ കൂടുതൽ നേരം നിലനിൽക്കില്ല. അവ പ്രതലങ്ങളിൽ വന്നു വീഴുന്നു. പിന്നീട് നമ്മൾ ആ ഉപരിതലത്തിൽ തൊടുമ്പോൾ അത് നമ്മുടെ കൈകളിൽ എത്തുന്നു, അദ്ദേഹം പറഞ്ഞു. വൈറസ് പിടിപെടുന്നതിനെതിരായ ആത്യന്തിക പ്രതിരോധം നിങ്ങളുടെ മുഖത്ത് തൊടരുത് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈകൾ കഴുകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.  "ശരാശരി, ഒരാൾ മണിക്കൂറിൽ 16 തവണയെങ്കിലും മുഖത്ത് സ്പർശിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതിനാലാണ് കൈ കഴുകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്നത്' അദ്ദേഹം പറഞ്ഞു.  ഈ പുതിയ പരീക്ഷണം നിരവധി പേർക്ക് പുതിയ തിരിച്ചറിവ് സമ്മാനിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. 

Follow Us:
Download App:
  • android
  • ios