നമ്മുടെ ജീവിതത്തിൽ ഒരു പുതിയ കാഴ്‌ച്ചപ്പാട് കൊണ്ടുവരാൻ ലോക്ക് ഡൗണിനായി എന്ന് വേണമെങ്കിൽ പറയാം. മുമ്പ് തോന്നിയ പല ആവശ്യങ്ങളും ഇപ്പോൾ ഒരുപക്ഷേ, നമുക്ക് അനാവശ്യങ്ങളായി തോന്നാം. ഏറ്റവും ചുരുങ്ങിയ രീതിയിൽ ചെലവ് കുറച്ചു ജീവിക്കാൻ നമ്മൾ ഇപ്പോൾ ശീലിച്ചു തുടങ്ങിയിരിക്കുന്നു. ഹോട്ടൽ ഭക്ഷണം വിട്ട്, വീട്ടിലെ ആഹാരം കഴിക്കാൻ നമ്മൾ ഇന്ന് ഇഷ്ടപ്പെടുന്നു. ഉള്ള സ്ഥലത്ത് പച്ചക്കറി നട്ട് വളർത്താൻ നാം തയ്യാറാണ്. നമുക്ക് ജീവിക്കാൻ ഒരുപാടൊന്നും വേണ്ട എന്ന തിരിച്ചറിവാണ് ഇത് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ ഒരു കാലഘട്ടത്തിൽ തീർച്ചയായും പരാമർശിക്കേണ്ട ഒരു പേരാണ് റോബ് ഗ്രീൻഫീൽഡ്. 

ആരാണ് റോബ് ഗ്രീൻഫീൽഡ്? ഒരു പരിസ്ഥിതി പ്രവർത്തകനായ ഗ്രീൻഫീൽഡ് കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തിന് ആവശ്യത്തിനുള്ള ആഹാരം സ്വയം ഉണ്ടാക്കുകയാണ്. അദ്ദേഹത്തിന്റെ ഈ ജീവിതത്തിന്റെ ഗുണങ്ങൾ പലതായിരുന്നു. പലചരക്ക് കടകളിലോ, പച്ചക്കറി വാങ്ങാനോ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നില്ല. ഒരു ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ അദ്ദേഹത്തിന് സ്വന്തമായിട്ടില്ല. കാരണം പണത്തിന്റെ ഉപയോഗം തന്നെ തീരെ കുറവ്. ഇതൊന്നും പോരാതെ അയാൾക്ക് ഈ കാലത്തിനിടയിൽ ഒരു ജലദോഷം പോലും വന്നിട്ടില്ല. അതുകൊണ്ട് തന്നെ മരുന്നുകൾ വാങ്ങാൻ ഒരു ഫാർമസിയിലും പോകേണ്ടി വന്നിട്ടില്ല. കഴിഞ്ഞ രണ്ടുവർഷമായി അദ്ദേഹം കഴിച്ചതെല്ലാം അദ്ദേഹം തന്നെ നട്ടുവളർത്തിയതാണ്. കൂടുതൽ സന്തോഷത്തോടും ആരോഗ്യത്തോടും സുസ്ഥിരതയോടും കൂടി എങ്ങനെ ജീവിക്കാമെന്നു അദ്ദേഹം തന്റെ ജീവിതത്തിലൂടെ കാണിച്ചു തരുന്നു. ഫ്രാൻസ് 2 ടിവി, 'ദി ഫോറസ്റ്റ് ഗമ്പ് ഓഫ് ഇക്കോളജി' എന്നും, 'ആധുനിക കാലത്തെ റോബിൻ ഹുഡ്' എന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചു. നാഷണൽ ജിയോഗ്രാഫിക്, ബിബിസി, ന്യൂയോർക്ക് ടൈംസ്, ദി ഗാർഡിയൻ, ഡിസ്കവറി ചാനൽ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ജീവിതം വാർത്തയാക്കിയിരുന്നു.

എന്നാൽ, അദ്ദേഹം 2013 വരെ ഒരു സാധാരണ ജീവിതമാണ് നയിച്ചിരുന്നത്.  അതിനുശേഷം അദ്ദേഹം പ്രകൃതിയെയും, ആഹാരരീതികളെയും കൂടുതൽ അടുത്ത് അറിയാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ വളരെ കാലമായി നിലനിന്നിരുന്ന ഒരു സംശയമായിരുന്നു ആഗോളവത്കരണത്തെ ആശ്രയിക്കാതെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ സാധിക്കുമോ എന്നത്. ഒടുവിൽ അദ്ദേഹം അത് സ്വന്തം ജീവിതത്തിൽ തന്നെ പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു. ഈ പദ്ധതിക്കായി അദ്ദേഹം ഗ്രീൻ‌ഫീൽഡ് ഒർലാൻഡോയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സ്വന്തമായി സ്ഥലമോ തോട്ടമോ ഇല്ലായിരുന്നു. എന്നാൽ, അവിടെയുള്ള ആളുകളോട് സംസാരിച്ച് അവരുടെ പൂന്തോട്ടം പച്ചക്കറി കൃഷിക്കായി തരാമോ എന്ന് ചോദിച്ചു. ആറുമാസത്തിനുള്ളിൽ അദ്ദേഹം സമീപത്ത് ആറ് ചെറിയ തോട്ടങ്ങളിൽ ഇതുപോലെ പച്ചക്കറി കൃഷി ആരംഭിച്ചു. ഉടമകൾക്ക് ആവശ്യമുള്ളത്ര സാധങ്ങൾ അവിടെ നിന്ന്  കൊണ്ടുപോകാമെന്നായിരുന്നു കരാർ. 12 മാസത്തെ ഒരു പദ്ധതിയാണ് ഗ്രീൻഫീൽഡ് ആദ്യം ഉദ്ദേശിച്ചത്.  

ഇന്ന് അദ്ദേഹത്തിന്റെ സ്വന്തം തോട്ടത്തിൽ നൂറോളം വ്യത്യസ്‍ത പഴങ്ങളും, പച്ചക്കറികളും അദ്ദേഹം വളർത്തുന്നു. അതും യുഎസിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ഒർലാൻഡോയിലെ ഒരു വീട്ടുമുറ്റത്താണ് അദ്ദേഹം ഇത് വളർത്തുന്നത് എന്നത് അതിശയം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പുനഃരുപയോഗ വസ്തുക്കളിൽ നിന്ന് നിർമ്മിച്ച 100 ചതുരശ്രയടിയുള്ള ഒരു വീടാണ് അദ്ദേഹത്തിന്‍റേത്. സൗരോർജ്ജത്തിലാണ് ആ ചെറിയ വീട് പ്രവർത്തിക്കുന്നത്. അമേരിക്കയിലുടനീളം ഒരു മുള സൈക്കിളിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. ഒരു കോടീശ്വരനായ അദ്ദേഹം ഇപ്പോൾ പണം അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് പാരിസ്ഥിതിക കാരണങ്ങൾക്ക് വേണ്ടി അദ്ദേഹം സംഭാവന ചെയ്യുന്നു.

 

മരത്തിന്റെ കമ്പുപയോഗിച്ചാണ് അദ്ദേഹം പല്ലുതേക്കുന്നത്. ട്രോലൈറ്റ് പേപ്പറിന് പകരം ഇലയാണ് ഉപയോഗിക്കുന്നത്. വസ്ത്രങ്ങൾ വെറും മൂന്നോ നാലോ ജോഡി മാത്രം. കടലിൽ പോയി ഉപ്പും, മത്സ്യവും ശേഖരിക്കുന്നു, ബീച്ചിൽ നിന്ന് നാളികേരവും. ശുദ്ധമായ തേനിനായി തേനീച്ച കൃഷിയും അദ്ദേഹം നടത്തുന്നു. അദ്ദേഹം പേരിനും പണത്തിനും വേണ്ടിയല്ല ഇതെല്ലാം ചെയ്യുന്നത്. ഇതിനു മുൻപ് അദ്ദേഹത്തിന്റെ മാസവരുമാനം നാല് ലക്ഷമായിരുന്നു. നമ്മൾ കഴിക്കുന്ന ആഹാരം എവിടെ നിന്ന് വരുന്നുവെന്നും, നമുക്ക് സുഖമായി ജീവിക്കാൻ ഒരുപാടൊന്നും വേണ്ടെന്നും ആളുകളെ ബോധ്യപ്പെടുത്താനായിട്ടാണ് അദ്ദേഹം ഈ പദ്ധതിക്ക് രൂപം കൊടുത്തത്. ഇന്ന് നൂറിൽപരം കമ്മ്യൂണിറ്റി ഗാർഡനുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആളുകൾ ആരംഭിച്ചിട്ടുണ്ട്.