Asianet News MalayalamAsianet News Malayalam

തീ പോലൊരു രാജകുമാരന്‍; തീ കൊണ്ടൊരു രാജകുമാരി!

Aami Alavi column on jameelatha
Author
Thiruvananthapuram, First Published Feb 21, 2018, 6:42 PM IST

ജമീലതാത്ത വല്യമ്മായിയുടെ കയ്യാളാണ്. പതിനെട്ടു  വയസ്സേയുള്ളൂ. നിതംബം മറയുന്നത്രേം കറുത്ത ചുരുണ്ട മുടിയുണ്ട്. മിടുക്കിയെന്നാല്‍ ജമീലാത്തയാണെന്നാ അമ്മായി  പറയുക. ജമീലാത്ത കക്കുകളിയ്ക്കാന്‍ കൂട്ടു  വരും. കുളത്തില്‍ നീന്തി താമര പൊട്ടിച്ചു തരും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും കിലുകിലെ  ചിരിക്കും.. കയ്യിലെ കുപ്പി വളകള്‍ കൂടെ ചിരിക്കും. അപ്പോളവരുടെ  കവിളുകള്‍  ചോക്കും. ഞാനവിടെ ചെല്ലുമ്പോളൊക്കെ ജമീലാത്തയുടെ കൂടെയാണ്  കിടപ്പ്. 

Aami Alavi column on jameelatha

ചില സ്വപ്‌നങ്ങളുണ്ട്! 

ആഹ്ലാദകരം എന്ന്  വിശേഷിപ്പിക്കാവുന്ന ഒന്നും സമ്മാനിക്കാത്തവ. വേദനയും ഭീതിയും സങ്കടവുമല്ലാതെ മറ്റൊന്നും ശേഷിപ്പിക്കാത്തവ. എന്നിട്ടും ആ സ്വപ്നം അത്രമേലിഷ്ടത്തോടെ നമ്മള്‍ ചേര്‍ത്തുപിടിക്കുന്നതെന്തു കൊണ്ടായിരിക്കും?

ആലോചിക്കുമ്പോള്‍ അകാരണമായൊരു ഭീതിയുടെ നിരുന്മേഷകമായ ഓര്‍മ്മകള്‍ പേറുന്നുണ്ട് ബാല്യകാലത്തിലെ ഒരറ. അതിലുണ്ട് ഒരു വീട്. പറഞ്ഞുവരുമ്പോള്‍, വല്യമ്മായിയുടെ ഇളയമകന്റെ  വീട്. അവിടെ വിരുന്നു പാര്‍ക്കാന്‍ പോവുന്നതാണ് അതിലേറ്റവും  തെളിച്ചമുള്ള ഓര്‍മ്മ. 

ഉമ്മയും ഞാനും അനിയനും കൂടി ഇടവഴികളും വയലുകളും താണ്ടി വെയില്‍ മറഞ്ഞു തുടങ്ങുമ്പോഴാണ് അന്ന് ആ വീട്ടിലേക്ക്  കയറിച്ചെന്നത്.  കാതില്‍ നിറയേ ചിറ്റുള്ള വെളുത്തു തുടുത്ത വല്യമ്മായി-എന്റെ   കഥയമ്മായി-കവിളില്‍ ഉമ്മ  വെച്ചു ചേര്‍ത്തു പിടിച്ചത്. മുറുക്കാന്‍ ചവച്ചു ചോപ്പിച്ച ചുണ്ടിലൂടെ കഥകള്‍ ഒഴുകി വരുമ്പോള്‍ സ്വപ്നം പോലെ ഞാന്‍ കഥയ്ക്കൊപ്പം പറന്നു  പൊങ്ങിയിരുന്നത്. 

ചെന്നു കയറുമ്പോള്‍ വല്യമ്മായി പറയും, 'ആമീ.. ഇന്ന്  പോണ്ടാട്ടോ. ഇവിടെ നിന്നോ'

'പറ്റില്ല  ഇത്താത്താ...സ്‌കൂളുണ്ട്, മദ്രസ്സയുണ്ട്...'- ഉമ്മ ആയിരം ന്യായങ്ങള്‍ നിരത്തും.  

മുറ്റം നിറയേ മാവും വലിയ കുളവും നീണ്ട വയലും നാലുമണിപ്പൂക്കളും ഇലഞ്ഞിമണവും ഞാവലുമുള്ള ആ വീട്ടില്‍ താമസിക്കുകയെന്നത് എന്നെയേറെ  ത്രസിപ്പിച്ചിരുന്ന മധുര സ്വപ്നമായിരുന്നു. 

എന്നിട്ടെന്താ ജമീലാത്തനെ രാജകുമാരന്‍ കൊണ്ടു പോവാത്തത്?

യാത്ര പറഞ്ഞു വീട്ടിനുള്ളില്‍നിന്നും വരാന്തയിലേക്കെത്തുമ്പോളേക്കും കരഞ്ഞു വിളിച്ചു അകത്തേക്കോടാന്‍ ശ്രമിക്കുന്ന എന്നെ തടഞ്ഞു, നടക്കാമീ...എന്നുമ്മ കണ്ണുരുട്ടും.  

'ഞാന്‍  വരൂല...' എന്ന് നിലവിളിക്കുന്ന എന്നെ ഉമ്മാ മുറ്റത്തെ ചരലിലൂടെ വലിച്ചിഴയ്ക്കും. 

അപ്പോളേക്കും വല്യമ്മായി ഇടപെടും. ഇന്നോരീസം നില്‍ക്കട്ടെ എന്ന് തറപ്പിച്ചു പറയും. വല്യമ്മായിയെ എതിര്‍ക്കാന്‍ ഭയന്ന് ഉമ്മയുടെ കയ്യയയും. അതേ നിമിഷം  ജമീലതാത്ത ഓടി വന്നെന്നെ  വാരിയെടുക്കും. 

അവരുടെ തോളില്‍ കിടന്നു ഞാനൊരു വിജയച്ചിരി ചിരിക്കും. 

ജമീലതാത്ത വല്യമ്മായിയുടെ കയ്യാളാണ്. പതിനെട്ടു  വയസ്സേയുള്ളൂ. നിതംബം മറയുന്നത്രേം കറുത്ത ചുരുണ്ട മുടിയുണ്ട്. മിടുക്കിയെന്നാല്‍ ജമീലാത്തയാണെന്നാ അമ്മായി  പറയുക. 

ജമീലാത്ത കക്കുകളിയ്ക്കാന്‍ കൂട്ടു  വരും. കുളത്തില്‍ നീന്തി താമര പൊട്ടിച്ചു തരും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും കിലുകിലെ  ചിരിക്കും.. കയ്യിലെ കുപ്പി വളകള്‍ കൂടെ ചിരിക്കും. അപ്പോളവരുടെ  കവിളുകള്‍  ചോക്കും. ഞാനവിടെ ചെല്ലുമ്പോളൊക്കെ ജമീലാത്തയുടെ കൂടെയാണ്  കിടപ്പ്. 

അപ്പോ ഏതേലും രാജകുമാരന്‍ മുടി കണ്ടിഷ്ടമായി കെട്ടിക്കൊണ്ടു പോവും. 

അവസാനമായി അവരെന്റെ കൂടെ ഉണ്ടായിരുന്ന ദിവസം കൃത്യമായും എനിക്കോര്‍മ്മയുണ്ട്. 

നടുമുറ്റത്തോട് ചേര്‍ന്ന് തളത്തിലേക്ക് തുറക്കുന്ന വാതിലുകളുള്ള മുറിയാണ് അന്ന് ഞങ്ങള്‍  കിടന്നത്. പഴകിയ  കശുമാങ്ങാ ഗന്ധവുമായി കാറ്റ് വരുന്നൊരു മുറി. ഒരു പഴഞ്ചന്‍ ഫാന്‍ മുറിയുടെ മൂലയില്‍ മുരണ്ടുകൊണ്ടിരിപ്പുണ്ടായിരുന്നു. പത്തായം പോലുള്ള  അരിപ്പെട്ടിയുടെ മുകളില്‍ പായയും അതിന് മേലൊരു കമ്പിളിയും വിരിയും വിരിച്ചാണ് ഞങ്ങളന്നു കിടന്നത്. 

ജമീലാത്ത കുളി കഴിഞ്ഞ് മുടി വിടര്‍ത്തിയിട്ടിരുന്നു. അതില്‍  ചോന്ന  ചെമ്പകം ചൂടിയിരുന്നു. 

'ഇതെങ്ങിനെയാ ഇത്രേം മുടിയുണ്ടായേ?' ഞാനെന്റെ തോളൊപ്പം മുറിച്ച മുടിയുടെ  അപകര്‍ഷതയുമായി  ചോദ്യമെറിഞ്ഞു. 

എന്നും കഞ്ഞുണ്ണീടെ എണ്ണ കാച്ചി  തേച്ചാല്‍ ആമിക്കും ഇതുപോലെ  മുടിയുണ്ടാവോലോ. 

ശരിക്കും?

ആ ശരിക്കും... അപ്പോ ഏതേലും രാജകുമാരന്‍ മുടി കണ്ടിഷ്ടമായി കെട്ടിക്കൊണ്ടു പോവും. 

ഉവ്വോ.. ? 

ഉവ്വെന്നേ... 

എന്നിട്ടെന്താ ജമീലാത്തനെ രാജകുമാരന്‍ കൊണ്ടു പോവാത്തത്?

അഞ്ചാറ് മാസം  കഴിഞ്ഞാല്‍  എന്നേം  കല്യാണം  കഴിച്ചു  കൊണ്ടു പോകുമല്ലോ. 

സത്യം... ?

'ഉവ്വെടീ പെണ്ണേ... ' അവരുടെ കവിളുകള്‍ കുസൃതിയാല്‍   ചോന്നു.. 

പിന്നെയെന്നെ  ചേര്‍ത്തു പിടിച്ചു ജനലിലൂടെ  മുടി  പുറത്തേക്കിട്ടു രാജകുമാരനെ മുറിയിലേക്ക് കടത്തിയ രാജകുമാരിയുടെ കഥ പറയാന്‍  തുടങ്ങി. 

സ്വയം നഷ്ടപ്പെട്ട  ചില നിമിഷങ്ങള്‍ക്ക്  ശേഷം കണ്മിഴിക്കുമ്പോള്‍ ആരൊക്കെയോ  അരികിലുണ്ടായിരുന്നു. 

അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. 

കൂടെ മിന്നലും കാറ്റും. 

പെട്ടെന്ന്  കറന്റ് പോയി. 

ജമീലാത്ത  ഇരുട്ടെനിക്ക്  പേടിയാ... വിളക്ക് കത്തിക്കോ ? 

വിളക്കിന്റെ മങ്ങിയ  നാളത്തിലേക്ക്  പാഞ്ഞടുക്കുന്ന ഈയാംപാറ്റകളെ  നോക്കി കിടക്കേ ഞാനുറങ്ങിപ്പോയി.  
 
പുലര്‍ക്കാലേ എഴുന്നേറ്റു പണികള്‍ തുടങ്ങാനുള്ള  ഒരുക്കത്തിലായിരുന്നു  ജമീലാത്ത. 

വിളക്കിലെ മണ്ണെണ്ണ ഏകദേശം തീര്‍ന്ന മട്ടായിരുന്നു. 

എന്നെയുണര്‍ത്താതെ വാതില്‍ ചാരി നടുമിറ്റത്തെ തലത്തിലേക്കിറങ്ങി വിളക്ക് കെടുത്താതെ അവരത്തിലേക്കു മണ്ണെണ്ണ  പകര്‍ന്നു. 

മുന്‍പ് പെട്രോള്‍  വാങ്ങി കൊണ്ടു വന്ന ടിന്നില്‍ തന്നെ ആയിരുന്നു മണ്ണെണ്ണയും പകര്‍ത്തി  വെച്ചിരുന്നത്. 

പെട്ടെന്ന് തീ അവരുടെ നൈലോണ്‍ പാവാടയിലേക്കു ആഞ്ഞു  പിടിച്ചു. 

എന്തെങ്കിലും ചെയ്യാനാവും മുന്നേ തീയവരെ  വിഴുങ്ങി. 

ഒച്ചകേട്ടു പാഞ്ഞു  ചെല്ലുമ്പോള്‍ മരയഴികള്‍ മാത്രമുള്ള പാളികളില്ലാത്ത ജനാലയിലൂടെ തീ  വിഴുങ്ങുന്നതിനനുസരിച്ചു പായുന്നൊരു രൂപം ഇപ്പോളും  കണ്മുന്നിലുണ്ട്.  

നിലവിളിയോടെ പിന്നോട്ടായാന്‍  തുടങ്ങവേ മാംസം  കത്തുന്ന തീക്ഷണഗന്ധം. 

അധികനേരം  അലറി വിളിക്കാന്‍  ഏഴെട്ടു  വയസ്സ് മാത്രം  പ്രായമുള്ള  എനിക്കാവില്ലല്ലോ. 

ശ്വാസം മുട്ടുന്നതായി തോന്നുമ്പോളേക്കും കണ്ണിലിരുട്ടു പടര്‍ന്നിരുന്നു. 

സ്വയം നഷ്ടപ്പെട്ട  ചില നിമിഷങ്ങള്‍ക്ക്  ശേഷം കണ്മിഴിക്കുമ്പോള്‍ ആരൊക്കെയോ  അരികിലുണ്ടായിരുന്നു. 

കത്താനിനി  ഒരിഞ്ചു  ബാക്കിയില്ലെന്ന  ആരുടെയോ  പതംപറച്ചില്‍  കേട്ടു. 

അല്ലേലും  അതിന്റെ  കാലന്‍ മുടിയായിരുന്നു... വേറാരുടെയോ കണ്ടുപിടുത്തം.  

പൊള്ളിയടര്‍ന്ന്  ജീവിതത്തിനും  മരണത്തിനുമിടയില്‍  ജമീലാത്ത  മൂന്ന്  ദിവസം  ആശുപത്രിയില്‍  വേദനിച്ചു കിടന്നു.  

നാലാം ദിവസം  പുലര്‍ച്ചയില്‍  കുറേ  സ്വപ്നങ്ങള്‍  ബാക്കിവെച്ചു  വിടവാങ്ങി. 

അന്ത്യചുംബനം പോലും സാധ്യമാവാതെ  അറയുടെ തിണ്ടിലൊരിടത്തിരുന്നു ഞാന്‍  തേങ്ങി. 

ദിവസങ്ങളോളം ശരീരവും മനസ്സും  കിളിയൊഴിഞ്ഞ  കൂട്  പോലായിരുന്നു. 

പിന്നീട്  വളര്‍ച്ചയുടെ  ഓരോ  പടവിലും  ജമീലാത്തയുടെ ഓര്‍മ്മ  ഒരു ദു:സ്വപ്നമായെന്നെ ആവേശിക്കാറുണ്ടായിരുന്നു. 

മൂക്കിന്‍ തുമ്പില്‍  എപ്പോളും കരിയുന്ന  മാംസഗന്ധമായി...  

ഗന്ധങ്ങള്‍  ഓര്‍മ്മകളുടെ  പിന്‍വിളികളാണെന്നു  പറഞ്ഞതാരാണ്? 

ഈ ലോകത്തിന്  ചേരാത്ത  ഒരുവളാണെന്ന  അധമബോധവുമായി സ്വയം ശപിച്ചു  കഴിയുന്ന ദിവസങ്ങളാവും പിന്നീട് .

തിന്നാനോ  കുടിക്കാനോ  ഉറങ്ങാനോ ആവാതെ... 

കുറച്ച്  ദിവസങ്ങള്‍ക്കു  ശേഷം സ്വാസ്ഥ്യം  വീണ്ടുകിട്ടുമ്പോളും പിന്നെയും പിന്നെയും ഞാനാ  സ്വപ്നത്തെ എന്നിട്ടും ആഗ്രഹിച്ചിരുന്നതെന്തിനാണെന്നുമാത്രം  എനിക്കിപ്പോഴും അറിയില്ല.

Follow Us:
Download App:
  • android
  • ios