റണാകുളം പോക്സോ കോടതിയിൽ നിന്നും ഒരു പീഡനക്കേസിലെ പ്രതിയെയും കൂട്ടിയിറങ്ങുകയായിരുന്നു സെൻട്രൽ സ്റ്റേഷൻ സി ഐ അനന്തലാൽ. വാഹനം പൊലീസ് ക്ലബിനടുത്ത് എത്തിയപ്പോള്‍ ജില്ലാ കോടതിയിലുണ്ടായിരുന്ന ഷാഡോ പൊലീസുകാരൻറെ ഫോൺ വിളിവന്നു.

"സാർ.. അബദ്ധമായി.... കണ്ണുവെട്ടിച്ച് പൾസർ സുനി കോടതിയുടെ അകത്തേക്ക് ഓടിക്കയറിയിരിക്കുന്നു....."

കഴിഞ്ഞ അഞ്ചു ദിവസം ഊണും ഉറക്കവുമില്ലാതെ അന്വേഷിച്ച പ്രതി സുരക്ഷിതകേന്ദ്രത്തിലെത്തിയിരിക്കുന്നു. രാവിലെ മുതൽ പല കേന്ദ്രങ്ങളിലും തേടി നടന്ന പള്‍സര്‍ സുനി കോടതിക്കകത്ത്. ആലോചിക്കാൻ സമയമില്ല. പ്രതികള്‍ സുരക്ഷിതമായി കീഴടങ്ങിയാൽ അത് കേരള പൊലീസിന് മേൽ തീരാകളങ്കമായി മാറും. കഴിഞ്ഞ അഞ്ചു ദിവസം താനുള്‍പ്പെടെയുള്ള പൊലീസുകാർ ഒഴുക്കിയ വിയർപ്പിന് വിലയുണ്ടാകണം.

ചിന്തകള്‍ കടന്നുപോകുന്നതിനിടെ അനന്തലാൽ തീരുമാനമെടുത്തു. ഒരു സ്ത്രീയെ അപമാനിച്ചവൻ അങ്ങനെ സുഖമായി പോകേണ്ട. ഒപ്പമുണ്ടായിരുന്ന പ്രതിയെയും ഒരു പൊലീസുകാരെനയും റോഡിലിറക്കിയ ശേഷം മറ്റ് മൂന്നു പൊലീസുരെയും കൂട്ടി ജീപ്പു നേരെ കോടതി സമുച്ചയത്തിലേക്ക് ഇരമ്പി.

സമയം... 12.55

സിഐയുടെ ജീപ്പ് പാഞ്ഞെത്തുമ്പോള്‍ കോടതിയിൽ നിയോഗിച്ചിരുന്ന ഷാഡോ പൊലീസുകാർ നിരന്നു നിൽക്കുന്നു. വരും വരായ്കകളെക്കുറിച്ചൊന്നും ആലോചിക്കാൻ നിന്നില്ല , ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാൻ സമയവുമില്ല .

കോടതിമുറിക്കകത്തെ പ്രതികൂട്ടിൽ കയറി നിന്ന പ്രതികള്‍ക്കു നേരെ പാഞ്ഞു കയറി. സിഐക്കു പിന്നാലെ പൊലീസുകാരും. അപ്പോഴേക്കും ചിലർ വാതിൽ അടച്ച് പോലീസുകാരെ തടയാൻ ശ്രമിച്ചു. ഇരമ്പിക്കയറിയ പോലീസ് സംഘം പ്രതികൂട്ടിനിന്നും ആദ്യം പിടിച്ചിറക്കാൻ ശ്രമിച്ചത് സുനിയെ. ജനാല കമ്പനിയിൽ പിടിച്ച് സുനി പ്രതിരോധിക്കാൻ ശ്രമിച്ചു. ചില അഭിഭാഷകരും പൊലീസിനെ തടയാൻ ശ്രമിച്ചു. കോടതിമുറിക്കകത്തെ അപ്രതീക്ഷിത നീക്കം കണ്ട് ചിലർ അമ്പരപ്പോടെ നിന്നു. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ പോലീസുകാർക്കൊപ്പം സിഐ അനന്തലാൽ സുനിയെ പൊക്കിയെടുത്ത് ജീപ്പിൽ കയറ്റി. ഒപ്പമുണ്ടായിരുന്ന വിജീഷിനെയും പൊലീസുകാർ കീഴടക്കിയിരുന്നു.

സുരക്ഷിതമായി കീഴടങ്ങാമെന്ന് കരുതിയ പ്രതികൾ പോലീസിന്‍റെ പിടിയിലായി. പിന്നെ പ്രതികളുമായി സംഘം ആലുവ പൊലിസ് ക്ലബ്ബിലേക്ക്.

ആദ്യംപ്രതിരോധവും ബഹളവുമുണ്ടാക്കിയ സുനിയും കൂട്ടാളിയും നിശബ്ദരായി മുഖം കുനിച്ച് ജീപ്പിലിരുന്നു. പൊലീസിൽ നിന്ന് ഇത്തരമൊരു സർജിക്കൽ സ്ട്രൈക്ക് പ്രതികള്‍ പ്രതീക്ഷിച്ചിരുന്നില്ല. പൊലീസുകാരുടെ പൊതുവികാരമായിരുന്നു മനസ്സിൽ... അത് ചെയ്തു. 

എന്നോടൊപ്പനിന്ന പൊലീസുകാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അതിലുപരി നീതിപീഠത്തിനും നന്ദി. അനന്തലാലിന്‍റെ പ്രതികരണം ഇത്രമാത്രം.

കൊച്ചിയിലെ സിറ്റി ഷാ‍ഡോ പൊലീസിൻറെ ചുമതലക്കാരായിരുന്ന അനന്തലാലിൽ നിന്നും ഇത്തരം ഓപ്പറേഷനുകള്‍ നേരത്തെയും കൊച്ചിക്കാർ കണ്ടിട്ടുള്ളതാണ്. കഞ്ചാവും ലഹരിയും നുരയുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലേയും ആഡംബരനൗകകളിലെയും പാർട്ടികളിലേക്ക് നുഴഞ്ഞു കയറി ലഹരിമാഫിയ്ക്കെതിരെ വൻ ഓപ്പറേഷൻ നടത്തിയിട്ടുണ്ട് ഈ ആക്ഷൻ ഹീറോ.

ഇനി രണ്ടാമത്തെ ആക്ഷൻ ഹീറോയെ കുറിച്ച്
മാധ്യമങ്ങളിലും ഓണ്‍ലൈനികളും പ്രതികളെ കീഴടക്കുന്ന ദൃശ്യങ്ങള്‍ പടർന്നു കയറിയപ്പോള്‍ ഒരാളെ ജനം ശ്രദ്ധിച്ചു. ചിലർ ചുവപ്പ് വട്ടമിട്ട് ഇതാരാണെന്ന് ചോദിച്ചു. ജനൽ കമ്പനിയിൽ പിടിച്ച് പൊലീസിനെ എതിർക്കാൻ ശ്രമിച്ച സുനിയെ പൊക്കിയെടുത്ത ഒരു നീല ടീ ഷർട്ടുകാരൻ. ഇതാണ് കൊച്ചി ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ ജോമോൻ. പള്‍സർ സുനിലും കൂട്ടാളിയും കോടതിയിൽ കീഴടങ്ങുമെന്നു സൂചന ലഭിച്ചതിനാൽ നിരീക്ഷിക്കാൻ നിയോഗിച്ചതിൽ ജോമോനുമുണ്ടായിരുന്നു.

മതിൽചാടി ഓടിയെത്തിയ പ്രതികള്‍ ചില അഭിഭാഷകരുടെ സഹായത്തൊടെ കോടതിയിലേക്ക് ഓടി കയറുന്നത് തടയാൻ കഴിയാത്തതിലെ നിരാശയിലായിരുന്നു ജോമോനും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും. ജഡ്ജിമാർ കയറുന്ന വഴിയേയായിരുന്നു പ്രതികള്‍ കോടതിക്കുള്ളിലേക്ക് കടന്നത്. കൈയെത്തും ദൂരത്ത് പ്രതികള്‍. ഇനിയെന്തുചെയ്യുമെന്നറിയാതെ നിൽക്കുമ്പോഴാണ് സിഐയുടെ വരവ്. കോടതിയിലേക്ക് പാഞ്ഞു കയറാൻ നിർദ്ദേശം ലഭിച്ചപ്പോള്‍ പിന്നെയൊന്നും ചിന്തിച്ചില്ലെന്ന് ജോമോൻ പറയുന്നു .

പ്രതിയെ എന്തുവില കൊടുത്തും കീഴടക്കുക എന്നത് മാത്രമായിരുന്നു ഈ ബോഡിബിൽഡറുടെ മനസ്സിൽ. കോളേജ് കാലത്ത് കഷ്ടപ്പെട്ടുണ്ടാക്കിയ മസ്സിലുകൊണ്ട് ഇപ്പോഴാണ് ഉപകാരമുണ്ടായത്. സെന്റ് ആൽബർട്സ് കോളേജിൽ ശരീര സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ജോമോൻ സർവ്വീസിലെത്തിയിട്ടും ജിമ്മിലെ സന്ദർശനം മുടക്കാറില്ല.

കോടതി വളപ്പിലെ സിനിമാ സ്റ്റൈല്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങളിൽ വന്നതുമുതൽ ജോമോന്‍റെ ഫോണിന് വിശ്രമമില്ല. "അങ്ങിനെ തന്നെ വേണം, നന്നായി," അതായിരുന്നു എല്ലാവരുടേയും പ്രതികരണം.

പക്ഷെ അഭിനന്ദന പ്രവാഹത്തിന്‍റെ ഹാംഗോവറിൽ നിൽക്കാൻ പോലീസുകാരനെവിടെ സമയം. അനന്തലാലും ജോമോനും സംഘവും വീണ്ടും വിശ്രമമില്ലാതെ നീങ്ങുന്നു. അടുത്ത ദൗത്യത്തിനായി.