ലോകത്തെ മേലേക്കിട അമ്പതു ബാങ്കുകളില്‍ ഒന്നായി മാറാനായി അഞ്ച് അസോസിയേറ്റ് ബാങ്കുകളെ വിഴുങ്ങി വലുതായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നത്തെ പ്രഖ്യാപനം ഇടിത്തീ പോലെയാണ് മിക്ക ഇടപാടുകാര്‍ക്കും അനുഭവപ്പെട്ടത്. പൊടുന്നനെ വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. അതിന്റെ രോഷച്ചൂട് തണുപ്പിക്കാനായി വൈകുന്നേരമാവുമ്പൊഴേക്ക് ബാങ്കിന് തിരുത്തല്‍ക്കുറിപ്പിറക്കേണ്ടി വന്നു.

ന്യായീകരണത്തൊഴിലാളികള്‍ ചാനലുകളില്‍ നിറഞ്ഞു നിന്ന് ബാങ്കിന് പറ്റിയ കൈത്തെറ്റാണ് അതെന്ന് വാദിച്ചുറപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടാണ് ചാര്‍ജ് വര്‍ദ്ധന പിന്‍വലിപ്പിച്ചതെന്ന് ഭരണകക്ഷി നേതാക്കള്‍ ചര്‍ച്ചകളില്‍ സമര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ഇത്തരമൊരു ചാര്‍ജ് വര്‍ദ്ധന ഒട്ടും അപ്രതീക്ഷിതമല്ല. അതൊരു കൈത്തെറ്റായി വന്നു പോയ ഒരു പിശകുമല്ല.

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ ഒരു ത്രികക്ഷിചര്‍ച്ചയുടെ തലക്കെട്ട് 'ധനകാര്യ മേഖലയില്‍ ലയനങ്ങളും ഏറ്റെടുക്കലുകളും ഉണ്ടാക്കുന്ന തൊഴില്‍പരമായ പ്രത്യാഘാതങ്ങള്‍' (The employment impact of mergerട and aquisitions in the banking and financial Service Sector) എന്നായിരുന്നു. അര്‍ത്ഥശങ്കക്കിടയില്ലാത്ത രീതിയില്‍ ആ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് ഒരു കാര്യം വ്യക്തമാക്കി.

തങ്ങളുടെ സഹജീവികള്‍ ചുമത്തുന്നതിനെക്കാള്‍ ഉയര്‍ന്ന ഫീസാണ് ലയനത്തിലൂടെ വലുതായി മാറുന്ന സ്ഥാപനങ്ങള്‍ ഇടപാടുകാരില്‍ നിന്നീടാക്കുക. ധനകാര്യ സ്ഥാപനങ്ങളുടെ വലുപ്പവും ചെറുകിട ഇടപാടുകാര്‍ക്ക് അവ നല്‍കുന്ന വായ്പയും തമ്മില്‍ വിപരീതാനുപാതമാണ് പ്രകടമാവുക.(Studies have indeed revealed that larger financial institutions tend to charge more and higher fees than their Counter parts and note an inverse relationship between the sizes of financial institutions and their loan portfolios to Small business.)

ഇത്തരമൊരു ചാര്‍ജ് വര്‍ദ്ധന ഒട്ടും അപ്രതീക്ഷിതമല്ല. അതൊരു കൈത്തെറ്റായി വന്നു പോയ ഒരു പിശകുമല്ല.

ലയനത്തിന്റെ ഗുണഗണങ്ങളെപ്പറ്റിയുള്ള പെരുമ്പറയടികള്‍ക്കിടയില്‍ ഇത്തരം അനുഭവകഥകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നല്ലോ. പക്ഷേ കാര്യബോധമുള്ളവര്‍ക്ക് ഈ ചാര്‍ജ് വര്‍ദ്ധന ഒട്ടും അപ്രതീക്ഷിതമായി തോന്നില്ല. സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്നേ നടന്നുള്ളൂ. വലിയ രോഷപ്രകടനങ്ങള്‍ക്കിടയാക്കുന്ന ഒന്നായി മാറി ആ തീരുമാനം എന്ന് കണ്ട് തല്‍ക്കാലം വര്‍ദ്ധന വേണ്ടെന്നു വെക്കുക മാത്രമാണ് ചെയ്തത്. അതു വഴി പ്രതീക്ഷിച്ച വരുമാനം ചില്ലറയല്ല. 

കഴിഞ്ഞ മാസം എസ് ബി ഐയില്‍ നടന്ന എ ടി എം ഇടപാടുകള്‍ 36 കോടിയാണ്. ഒരിടപാടിന് 25 രൂപ വെച്ച് ഒറ്റക്കൊല്ലം കൊണ്ട് കിട്ടുമായിരുന്ന വരുമാനം 10,800 കോടിക്കടുത്താണ്. സ്‌റ്റേറ്റ് ബാങ്കിനാണെങ്കില്‍ ലാഭം കുറഞ്ഞു വരികയാണ്. നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷം കുമിഞ്ഞുകൂടിയ നിക്ഷേപങ്ങള്‍ അനാഥമായങ്ങനെ മുടക്കാച്ചരക്കായി പലിശയൂറ്റിക്കൊണ്ടിരുന്നത് ഒരു കാരണം. അതിലും വലുതാണ് കിട്ടാക്കടത്തിനുള്ള നീക്കിയിരിപ്പിനായി വന്‍ തുക കണ്ടെത്തേണ്ടി വന്നത്. നവംബര്‍ 8 മുതലുള്ള അഞ്ചാറു മാസം ബാങ്കുകളില്‍ കറന്‍സി ഇടപാടല്ലാതെ മറ്റൊന്നും നടന്നിരുന്നില്ലല്ലോ. കിട്ടാക്കടത്തിന്റെ ഭാരത്തിനൊപ്പം മൃതനിക്ഷേപങ്ങളുടെ ജഡ ഭാരം കൂടിയായപ്പോള്‍ സ്വാഭാവികമായും ബാങ്കുകള്‍ ആടിയുലയും. ലയിപ്പിച്ച് വലുതാക്കി കൊഴുപ്പിച്ച് തൂക്കി വില്‍ക്കുന്നതിനായി നടത്തിയ തയാറെടുപ്പിന്റെ ഭാരം വേറെയും. സ്വാഭാവികമായും വിശ്വോത്തര ബാങ്കായി മുന്നേറിയിട്ടു വേണം സ്വയം വില്‍പ്പനച്ചരക്കാകാന്‍. അതിനുള്ള ഒരെളുപ്പവഴിയെന്ന നിലക്ക് തന്നെയാവണം ഒറ്റയടിക്ക് 10,800 കോടി എ ടി എം വഴി ഇടപാടുകാരില്‍ നിന്ന് തട്ടിയെടുക്കാനുള്ള തീരുമാനത്തിലെത്തുന്നത്. സമാനമായ സംഖ്യകള്‍ പഴയ നോട്ട് മാറ്റിക്കൊടുക്കുന്നതിനും മറ്റു സേവനങ്ങള്‍ നടത്തുന്നതിനുമൊക്കെയുള്ള ഫീസായും ഈടാക്കാനായാല്‍ ഒരു വിധം കിട്ടാക്കടമൊന്നും തങ്ങളെ ബാധിക്കില്ല എന്നു തന്നെയാവണം മലര്‍പ്പൊടിക്കാരുടെ സ്വപ്നം. 

പിന്‍വലിച്ച ചാര്‍ജ് വര്‍ദ്ധന ഏതു നിമിഷവും തിരിച്ചു വരാം

അതിനെയപ്പടി മറിച്ചിടാന്‍ ജനകീയ രോഷത്തിന് കഴിഞ്ഞു എന്നത് നല്ലൊരു ലക്ഷണം തന്നെ. പക്ഷേ തല്‍ക്കാലം പിന്‍വലിച്ച ചാര്‍ജ് വര്‍ദ്ധന ഏതു നിമിഷവും തിരിച്ചു വരാം. വരുത്തിയ ഫീസ് വര്‍ദ്ധനവില്‍ ഒന്നു മാത്രമേ പിന്‍വലിച്ചിട്ടുള്ളൂ താനും.

എ ടി എം ഉപയോഗത്തിന് 25 രൂപ എന്ന ചാര്‍ജ് തങ്ങളുടെ മൊബൈല്‍ വാലറ്റ് വഴി കാശ് പിന്‍വലിക്കുന്നവര്‍ക്ക് മാത്രമേ ബാധകമാവൂ എന്നാണ് ഒരു നീണ്ട പകലിന്റെ അവസാനമിറക്കിയ പ്രസ്താവനയില്‍ ബാങ്ക് പറഞ്ഞത്. മെട്രോ നഗരങ്ങളിലെ എല്ലാ സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും 8 തവണത്തെ സൗജന്യ എ ടി എം സേവനം കിട്ടുമത്രെ. മറ്റിടങ്ങളില്‍ ഇത് 10 തവണ വരെ സൗജന്യമാണ്. (SBIഎ ടി എമ്മില്‍ അഞ്ച് മറ്റു എടിഎമ്മില്‍ അഞ്ച്)

പക്ഷേ ചെക്ക് ബുക്ക്, എ ടി എം കാര്‍ഡ് തുടങ്ങിയവയുടെ സര്‍വീസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 10 താളുകള്‍ മാത്രമുള്ള ചെക്ക് ലീഫ് മതിയെങ്കില്‍ 30 രൂപയും അതിനുള്ള സേവന നികുതിയും കൊടുത്താല്‍ മതി. 25 താളുള്ളതു വേണോ 75 രൂപ ചാര്‍ജും അതിനു പുറമെ സേവന നികുതിയും നല്‍കണം.
ഒരു മാസം നാലില്‍ കൂടുതല്‍ തവണ ബാങ്കില്‍ ചെന്ന് കാശു പിന്‍വലിച്ചാല്‍ 50 രൂപയും കേന്ദ്രസര്‍ക്കാറിനുള്ള സേവന നികുതിയും കൊടുക്കണം.

മുഷിഞ്ഞ നോട്ട് മാറ്റിക്കൊടുക്കുന്നതിന് ഫീസീടാക്കുന്ന നടപടി തുടരും. ഏറ്റവും ഹീനമായ ഒരു തട്ടിപ്പറിക്കല്‍ അവിടെയാണ് നടക്കുന്നത്.നോട്ടു റദ്ദാക്കല്‍ നടപടിക്ക് ശേഷമുണ്ടായ കറന്‍സി ദാരിദ്യത്തെ മറികടക്കാന്‍ ബാങ്കുകള്‍ കറന്‍സി ചെസ്റ്റുകളില്‍ ലഭ്യമായിരുന്ന കീറിയതും മുഷിഞ്ഞതുമായ എല്ലാ നോട്ടുകെട്ടുകളും പുറത്തെടുത്തിരുന്നു. കത്തിച്ചു കളയാനായി റിസര്‍വ് ബാങ്കിലേക്ക് അയക്കാനായി മാറ്റി വെച്ച നോട്ടുകളടക്കം സ്വീകരിക്കാന്‍ ഇടപാടുകാര്‍ നിര്‍ബന്ധിതരായിരുന്നു. സ്‌റ്റേറ്റ് ബാങ്കടക്കമുള്ള ബാങ്കുകള്‍ ഇങ്ങനെ പ്രചാരത്തിലാക്കിയ ആ നോട്ടുകള്‍ വീണ്ടും മാറ്റിക്കിട്ടാന്‍ ഇടപാടുകാര്‍ക്ക് വേറെന്തുണ്ട് മാര്‍ഗം? ഈയൊരു നിസ്സഹായാവസ്ഥ മുതലെടുത്തു കൊണ്ട് കഴുത്തറുക്കാന്‍ തഞ്ചം പാര്‍ക്കുകയാണ് സ്റ്റേറ്റ് ബാങ്ക്.

മിനിമം ബാലന്‍സ് നിലനിര്‍ത്താനാവാത്ത അക്കൗണ്ടുകളെ പാഠം പഠിപ്പിക്കാന്‍ കനത്ത പിഴ ഈടാക്കുന്നതും ദയാരഹിതമായ കാടന്‍ നടപടിയാണ്. പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരില്‍ നിന്നല്ലേ നിയോലിബറല്‍ കാലത്ത് ഇങ്ങനെയൊരു പിഴിഞ്ഞൂറ്റല്‍ നടത്താനാവൂ!

ഇങ്ങനെ ഫീസീടാക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് ചെറിയ നേട്ടമല്ല ഉണ്ടാക്കിക്കൊടുക്കുക.

സേവനങ്ങള്‍ക്കൊക്കെ ബാങ്കുകള്‍ ഇങ്ങനെ ഫീസീടാക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് ചെറിയ നേട്ടമല്ല ഉണ്ടാക്കിക്കൊടുക്കുക. സ്വച്ഛ ഭാരത സെസ്സും വിദ്യാഭ്യാസ സെസ്സും ഏറ്റവുമൊടുവിലത്തെ കൃഷി കല്യാണ്‍ സെസ്സുമടക്കം ഒറ്റയടിക്ക് സര്‍ക്കാരിന് കിട്ടുക ബാങ്കിന് കിട്ടുന്ന സംഖ്യയുടെ 15 ശതമാനമാണ്. 

ഇപ്പോള്‍ വേണ്ടെന്നു വെച്ച എ ടി എം ചാര്‍ജ് പ്രതിഷവം 10,800 കോടിയുടെതാണല്ലോ. അത് വേണമെന്നു തന്നെ വെച്ചിരുന്നെങ്കില്‍ ഒറ്റയടിക്ക് കേന്ദ്ര ഖജനാവില്‍ ചെന്നു വീഴുക 1620 കോടി രൂപയാണ്. ചെറുതല്ല സര്‍ക്കാറിനുണ്ടായ നഷ്ടം. സ്വാഭാവികമായും തത്തുല്യമായ സംഖ്യ സമീപകാലത്തു തന്നെ ഈടാക്കാനുള്ള വഴികള്‍ തേടാതിരിക്കില്ല. ചാര്‍ജ് വര്‍ദ്ധനവിന്റെ ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല എന്നു തന്നെ കാണണം.

വന്‍കിടക്കാരില്‍ നിന്ന് കനത്ത നികുതി ചുമത്തിക്കൊണ്ട് വേണ്ട കാശ് കണ്ടെത്താം എന്നത് ഒരു ഗതകാല സ്വപ്നമാണ്. വന്‍കിടക്കാര്‍ ആഗോളവല്‍കൃത സാഹചര്യത്തില്‍ മൂലധനവുമായി പറന്നകലാതിരിക്കാന്‍ അവരെ മുഷിപ്പിച്ചു കൂടാ എന്നതാണല്ലോ പ്രമാണവാക്യം. അങ്ങനെ വരുമ്പോള്‍ ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുക?

നോ ഫ്രീ മീല്‍സ് എന്നാണല്ലോ നിയോലിബറല്‍ കാലത്തെ പുതിയ പ്രമാണം. അതിപ്പോള്‍ ഒന്നുകൂടി പുതുക്കിയിരിക്കുന്നു. ഫ്രീ മീല്‍സ് ഓണ്‍ലി ഫോര്‍ ദ റിച്ച്. സൗജന്യക്കഞ്ഞി ധനികര്‍ക്ക് മാത്രം. 

അത്തരമൊരു കാലത്ത് ഇതും ഇതിനപ്പുറവും സംഭവിക്കും. അത് തിരിച്ചിടീക്കാന്‍ ജന രോഷത്തിന് കഴിയും എന്ന പാഠം കൂടി നല്‍കുന്നുണ്ട് എസ്.ബി.ഐ സംഭവം.