എല്‍സി തന്നെയാണ് ഇവിടത്തെ മേയറുടെ ചുമതല നിര്‍വഹിക്കുന്നത്. അവര്‍ സ്വയം നികുതിയടക്കും, നികുതി സ്വീകരിക്കും. സ്വന്തമായി ഉള്ള ചെറിയ ബാറിന് സ്വയം ലൈസന്‍സ് അനുവദിക്കും, പട്ടണത്തിലെ നാല് തെരുവുവിളക്കുകള്‍ക്കായി പ്രതിവര്‍ഷം റോഡ് പ്ലാന്‍ തയ്യാറാക്കും. 

ഒറ്റയ്‌ക്കൊരു നഗരത്തില്‍ എങ്ങനെ താമസിക്കും? അത്ര എളുപ്പമല്ല കാര്യം. എങ്കിലും അങ്ങനെ താമസിക്കുകയാണ് എല്‍സ എന്ന 82കാരി. അമേരിക്കയിലെ നെബ്രാസ്‌കയിലുള്ള മൊനോവി മുനിസിപ്പാലിറ്റിയിലാണ് എല്‍സയുടെ ഏകാന്തവാസം. 

ഒരമേരിക്കന്‍ ഭാഷയില്‍ പൂവ് എന്നാണ് മൊനോവി എന്ന വാക്കിനര്‍ത്ഥം. ഭാഷ ഏതെന്ന് വ്യക്തമല്ല. കഷ്ടിച്ച് 116 വയസ്സായ ഈ പട്ടണം 1902 ലാണ് രൂപംകൊണ്ടത്. ഒരു റെയില്‍പാളത്തിന്റെ അറ്റത്തായിരുന്നു ഈ പട്ടണം. 1967ല്‍ ആ റെയില്‍പാളം ഇല്ലാതെയായി. അതോടെ താമസക്കാരെല്ലാം മറ്റ് പട്ടണങ്ങളോ നഗരങ്ങളോ തേടിപ്പോയി. ഓസ്റ്റിനിലും ഡാലസിലും എയര്‍ലൈനുകളില്‍ ജോലി ചെയ്ത എല്‍സിയും റൂഡിയും തിരിച്ചുവന്ന് ടാവേണ്‍ തുടങ്ങുമ്പോള്‍ ഏതാണ്ട് 100 പേരുണ്ടായിരുന്നു ഇവിടെ. അവരവിടെ താമസിച്ചു കൊണ്ടിരിക്കെ മറ്റുള്ളവരെല്ലാം പടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് പോയി. പോയവര്‍ തിരിച്ചുവന്നില്ല, കടകളെല്ലാം അടച്ചു, കര്‍ഷകര്‍ ഭൂമി വിറ്റു.

2000 ആയപ്പോഴേക്കും ആകെ രണ്ടുപേരായി താമസക്കാര്‍. റൂഡിയും എല്‍സയും മാത്രം. 2004 ല്‍ റൂഡി മരിച്ചു, ഭാര്യ എല്‍സി ഒറ്റക്കായി. 82 കാരിയായ എല്‍സി തന്നെയാണ് ഇവിടത്തെ മേയറുടെ ചുമതല നിര്‍വഹിക്കുന്നത്. അവര്‍ സ്വയം നികുതിയടക്കും, നികുതി സ്വീകരിക്കും. സ്വന്തമായി ഉള്ള ചെറിയ ബാറിന് സ്വയം ലൈസന്‍സ് അനുവദിക്കും, പട്ടണത്തിലെ നാല് തെരുവുവിളക്കുകള്‍ക്കായി പ്രതിവര്‍ഷം റോഡ് പ്ലാന്‍ തയ്യാറാക്കും. 

താമസം ഒരാളെയുള്ളെങ്കിലും 5000 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ടിവിടെ.താന്‍ ഒറ്റക്കല്ല എന്നു പറയുന്നു എല്‍സി. സന്ദര്‍ശകര്‍ പതിവാണ്, ചിലരൊക്കെ എന്നുമെത്തും, എല്‍സിയുടെവിശേഷങ്ങളറിയാന്‍, ചിലര്‍ ഒറ്റയാള്‍ മാത്രമുള്ള പട്ടണം കാണാന്‍ വരുന്നതാണ്. കമ്പ്യൂട്ടറോ സെല്‍ഫോണോ ഇല്ല. 41 രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകരെത്തുമ്പോള്‍ എങ്ങനെ ഒറ്റക്കാവും എന്നാണ് എല്‍സയുടെ ചോദ്യം. പോരാത്തതിന് രണ്ടുമക്കളും ഇടക്കിടെ എത്തും, മകളോടൊപ്പം അരിസോണയില്‍ പോയി താമസിക്കാറുമുണ്ട് എല്‍സി. 

താമസം ഒരാളെയുള്ളെങ്കിലും 5000 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ടിവിടെ.

 

ഇത് മോനോവിയുടെ മാത്രം കഥയല്ല, നെബ്രാസ്‌കയിലെ പല ഉള്‍പ്രദേശങ്ങളിലെയും  പട്ടണങ്ങള്‍ ഇതേപോലെയാണ്, പരന്നുകിടക്കുന്ന ഇരുട്ടില്‍ അങ്ങുമിങ്ങും മിന്നുന്ന ഓരോ തിരിനാളങ്ങളാണ് താമസക്കാരുള്ള സ്ഥലങ്ങള്‍. ഏഴ് കൗണ്ടികളില്‍ ഓരോ ചതുരശ്ര മൈലിലും ഓരോരുത്തര്‍ മാത്രമാണുള്ളത്. പതുക്കെപ്പതുക്കെ ഇല്ലാതാവുകയാണ് ഉള്‍നാടന്‍ പ്രദേശങ്ങള്‍. 

ഉള്‍പ്രദേശങ്ങള്‍ പ്രേതനഗരങ്ങളാകുന്ന സ്ഥിതിവിശേഷത്തിന്റെ ഭീഷണിയിലാണ് ഇറ്റലിയും. ഇറ്റലിയിലെ സാര്‍ഡീനിയയിലെ ഗ്രാമമായ ഒലോലയിയില്‍ ഒരു യൂറോക്ക് വീടുകള്‍ വില്‍ക്കുകയാണ് മേയര്‍. ഒറ്റ വ്യവസ്ഥയുണ്ട്. പാതി തകര്‍ന്ന വീടുകള്‍ മൂന്ന് വര്‍ഷത്തിനകം നന്നാക്കണമെന്ന കരാറിലും ഒപ്പിടണം. അതിന് 25000 ഡോളര്‍ ചെലവുവരും. യുവതലമുറ വലിയ പട്ടണങ്ങളിലേക്ക് പോയതോടെ താമസക്കാരില്ലാതായിരിക്കുന്നു ഈ മനോഹരമായ ഗ്രാമത്തില്‍. ശേഷിക്കുന്ന ആട്ടിടയന്‍മാര്‍ ഇപ്പോഴും പ്രശസ്തമായ ചീസ് ഉണ്ടാക്കുന്നു, കരകൗശല വിദഗ്ധര്‍ കുട്ടകള്‍ നെയ്യുന്നു, പക്ഷേ വല്ലപ്പോഴുമെത്തുന്ന സന്ദര്‍ശകരെക്കൊണ്ട് ഒന്നുമാകില്ലല്ലോ. ഇവിടെ ഒരു വര്‍ഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ രണ്ടോ മൂന്നോ മാത്രം. 

മേയറുടെ പദ്ധതി എന്തായാലും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു, സമീപത്തെ വലിയ പട്ടണങ്ങളില്‍നിന്ന് ചിലരൊക്കെ വീടുകള്‍ വാങ്ങുന്നുണ്ട്, ശുദ്ധവായുവും നല്ല ഭക്ഷണവും നല്ല അയല്‍ക്കാരുമായി സ്വസ്ഥമായി വിശ്രമജീവിതം നയിക്കാമെന്നാണ് വീടുകള്‍ വാങ്ങുന്നവരുടെ പക്ഷം.

പക്ഷേ ഇതേ പ്രശ്‌നം നേരിടുന്ന വേറെയും പ്രദേശങ്ങളുണ്ട്. കാന്‍ഡെല എന്ന പട്ടണത്തിന്റെ മേയര്‍ 2000 യൂറോ സമ്മാനമായി നല്‍കിയാണ് താമസക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ലിറ്റില്‍ നേപ്പിള്‍സ് എന്ന വിളിച്ചിരുന്ന തിരക്കുള്ള പട്ടണത്തില്‍ ഇന്ന് താമസക്കാര്‍ 2700 പേര്‍ മാത്രം. ഭംഗിയുള്ള പാതകളും കെട്ടിടങ്ങളും എല്ലാം ഒഴിഞ്ഞുകിടക്കുന്നു. അതൊന്നു മാറ്റിയെടുക്കാനാണ് മേയറുടെ അവസാനശ്രമം. പക്ഷേ നഗരങ്ങളിലേക്ക് ചേക്കേറിയവരാരും സ്വന്തം മണ്ണ് തേടി തിരിച്ചുവരുന്നില്ല.