1979ലെ ഇറാനിയന്‍ എംബസിയിലെ അമേരിക്കന്‍ ബന്ദിപ്രശ്‌നത്തെത്തുടര്‍ന്ന് അമേരിക്ക ഇറാനുമായുള്ള ബന്ധം വിഛേദിച്ചപ്പോള്‍ വാണിജ്യകൃഷിക്ക് തിരിച്ചടി തുടങ്ങി. പിസ്ത ആവശ്യക്കാര്‍ക്ക് കയറ്റി അയക്കാന്‍ കഴിയാതെയായി. ആ സമയത്ത് അമേരിക്കയുടെ പിസ്ത കൃഷിയും കയറ്റുമതിയും ആധിപത്യമുറപ്പിച്ചു

ലോകത്തെ അധികം സംഘര്‍ഷങ്ങളും അധികാരത്തിന്റെ പേരിലാണ്, പക്ഷേ അമേരിക്ക ഇറാന്‍ സംഘര്‍ഷത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. പിസ്ത, അഥവാ പിസ്താഷിയോ. പരിചിതമായ ഈ പേര് പേര്‍ഷ്യന്‍ ഭാഷയിലെ പിസ്ത എന്ന വാക്കില്‍ നിന്നാണ്. ഇറാനിയന്‍ ജീവിതത്തിന്റെയും സാഹിത്യത്തിന്റേയും ഭാഗമാണ്, പച്ച ബദാം എന്നും ഇതിന് പേരുണ്ട്. 

ഇറാന്‍കാര്‍ക്ക് പിസ്തയില്ലാതെ ഒന്നുമില്ല. ആഘോഷങ്ങള്‍ക്കെല്ലാം പിസ്ത അവിഭാജ്യഘടകമാണ്. ബദാമും, മുന്തിരിങ്ങയും വാള്‍നട്ട്‌സും ഒക്കെയുണ്ടാവും. പക്ഷേ പിസ്തക്ക് ഒരു പ്രത്യേക സ്ഥാനമാണ്. പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നത് പിസ്ത കഴിച്ചുകൊണ്ട്. എന്ത് പ്രത്യേക വിഭവമുണ്ടാക്കിയാലും പിസ്തകൊണ്ട് അലങ്കരിക്കും. ഇറാനിയന്‍ പിസ്തക്ക് പ്രത്യേക രുചിയുമാണെന്ന് അംഗീകരിക്കുന്നു ഭക്ഷണപ്രിയര്‍.  ഇറാനിലെ കെര്‍മ്മന്‍ പ്രവിശ്യയാണ് പിസ്താഷിയോ വളത്തുന്ന പ്രധാനകേന്ദ്രം. ആഗോളതലത്തിലെ പിസ്തകൃഷിയില്‍ 50 ശതമാനവും ഇറാനിലാണ്. ഏതാണ്ട്,  4 ലക്ഷം ഹെക്ടറിലാണ് കൃഷി. കൃഷിചെയ്യുന്ന പ്രദേശങ്ങളുടെ പ്രത്യേകതകളനുസരിച്ച് പിസ്തയുടെ രൂപം  മാറും, പേരുകളും. എന്തായാലും ഇറാനിയന്‍ പിസ്തയെ വെല്ലാന്‍ മറ്റൊന്നില്ല ലോകത്ത്. 

രാജ്യത്തിന്റെ പ്രധാനവരുമാനമാര്‍ഗം കൂടിയാണ് പിസ്ത. ഒരു വര്‍ഷം കയറ്റിയയ്ക്കുന്നത് 2 ലക്ഷം ടണ്‍വരെ.  ലോകത്ത് പിസ്ത പ്രിയര്‍ കൂടിവരികയാണ്. അതിനനുസരിച്ച് കയറ്റുമതിയും.  കോടിക്കണക്കിന് ഡോളറുകളുടെ വ്യാപാരമാണ് പിസ്ത.  അതില്‍ പ്രധാനികളില്‍ അമേരിക്കയും ഇറാനുമാണ്. എന്നാല്‍ അമേരിക്ക- ഇറാന്‍ സംഘര്‍ഷം പിസ്ത വ്യാപാരത്തിനും തിരിച്ചടിയായിരിക്കുന്നു. 

നേരത്തെയും ഉപരോധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്നൊന്നും പിസ്ത ഉപരോധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ധനവിനിമയത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ഇറാനിലെ കര്‍ഷകരെയും ബാധിക്കുകയാണ്.  2016ലെ ഇറാന്‍ -അമേരിക്ക ആണവ കരാറോടെയാണ് എല്ലാറ്റിനും മാറ്റം വന്നത്. ഉപരോധങ്ങള്‍ തീര്‍ന്നു. ഇറാനിയന്‍ എണ്ണ ലോകവിപണിയിലേക്കൊഴുകി. ഒപ്പം പിസ്താഷിയോയും.

പക്ഷേ ട്രംപ് കരാറിനുള്ള അംഗീകാരം പിന്‍വലിച്ചു. കരാര്‍ ഇറാന്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതല ട്രംപ് കോണ്‍ഗ്രസിനെ അടിച്ചേല്‍പ്പിച്ചു.  കരാറിലൂടെ ഇറാന് കിട്ടിയ പ്രയോജനങ്ങലെല്ലാം ഇല്ലാതെയായി. അതിന്റെ പ്രയോജനം കിട്ടുക അമേരിക്കക്കാണ്. കാരണം അമേരിക്കയാണ് പിസ്താഷിയോ കൃഷിയില്‍ ഇറാന്റെ എതിരാളി. ഇറാനിലെ പിസ്താഷിയോ കൃഷി ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതാണെങ്കില്‍ അമേരിക്ക 1930കളിലാണ് പിസ്താഷിയോ കൃഷി തുടങ്ങിയത്. അതും പേര്‍ഷ്യന്‍ വിത്തുകള്‍ ഉപയോഗിച്ച്.  

1979ലെ ഇറാനിയന്‍ എംബസിയിലെ അമേരിക്കന്‍ ബന്ദിപ്രശ്‌നത്തെത്തുടര്‍ന്ന് അമേരിക്ക ഇറാനുമായുള്ള ബന്ധം വിഛേദിച്ചപ്പോള്‍ വാണിജ്യകൃഷിക്ക് തിരിച്ചടി തുടങ്ങി. പിസ്ത ആവശ്യക്കാര്‍ക്ക് കയറ്റി അയക്കാന്‍ കഴിയാതെയായി. ആ സമയത്ത് അമേരിക്കയുടെ പിസ്ത കൃഷിയും കയറ്റുമതിയും ആധിപത്യമുറപ്പിച്ചു. കാലിഫോര്‍ണിയയാണ് അമേരിക്കയിലെ പിസ്ത കൃഷിയുടെ കേന്ദ്രം. 2014ലാണ് ഇതിനൊരു ഇടിവ് തട്ടിയത്. അതും വരള്‍ച്ച കാരണം.2016ല്‍ ആ പ്രശ്‌നം പരിഹരിച്ചു.  2002നുശേഷം പിസ്ത വില കൂടിവരികയാണ്. ചൈനയാണ് അമേരിക്കന്‍ പിസ്തയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. 

പക്ഷേ ഇറാന്റെ തന്ത്രപ്രധാനമായ സ്ഥാനം അവര്‍ക്ക് സഹായകരമാണ്. ഇറാനും അമേരിക്കയും ടര്‍ക്കിഷ് പിസ്തയാണ് കൃഷിചെയ്യുന്നതെങ്കിലും ഇറാനിലെ പിസ്തക്ക് രുചി കൂടുതലാണ്. പ്രശ്‌നം വെള്ളത്തിന്റെ ദൗര്‍ലഭ്യമാണ്. എങ്കിലും ഇറാന്‍ പിന്നോട്ടില്ല. പിസ്തയുടെ കാര്യത്തിലും അമേരിക്കയോട് തോറ്റുകൊടുക്കാന്‍ ഒരുക്കവുമല്ല. ലോകമെങ്ങും പിസ്ത പ്രേമികള്‍ കൂടിവരികയാണ്, വിലകൂടി അല്‍പം കുറഞ്ഞെങ്കില്‍ അവര്‍ക്കും ആഘോഷിക്കാനൊരു കാരണമായേനെ.