പേരിന് എന്താണിത്രമാത്രം പ്രാധാന്യം എന്നു സംശയിക്കണ്ട. ലോക രാഷ്ട്രീയത്തിലും അന്താരാഷ്ട്ര നയതന്ത്രരംഗത്തുമുള്ള പേരിനെ ചുറ്റിപ്പറ്റിയുള്ള കഥകളും കാര്യങ്ങളും അറിഞ്ഞാല്‍ ആ സംശയം തീരും. ചിരിച്ചുപോകുന്ന കഥകളും ഉണ്ട് ഇവയില്‍. 

ഒരു പേരില്‍ എന്തിരിക്കുന്നു? 

അങ്ങനെയൊക്കെ വെറുതേ ചോദിക്കാം. പേരിലെ ഒരക്ഷരം മാറിയാല്‍ അതെന്തിനൊക്കെ വഴിവെയ്ക്കുമെന്ന് ഊഹിക്കാന്‍പോലും പറ്റില്ല. ഒരു പേരിനെച്ചൊല്ലി രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന പോര് അല്‍പം രൂക്ഷമായിരിക്കുന്നു ഇപ്പോള്‍. 

ഇവിടെ മാസിഡോണിയ എന്ന പേരാണ് പ്രശ്‌നം. ഗ്രീസിലുമുണ്ട് ഒരു മാസിഡോണിയ. അതിര്‍ത്തിക്കപ്പുറത്താണ് മസിഡോണിയ എന്ന രാജ്യം. മാസിഡോണിയന്‍ സ്വദേശികളെക്കൂടാതെ അല്‍ബേനിയന്‍ വംശജരുടെയും നാട്. അത് സ്വതന്ത്രമായത് 1991 ലാണ്, അതുവരെ യൂഗോസ്‌ലാവ്യയുടെ ഭാഗമായിരുന്നു. പക്ഷേ സ്വതന്ത്രമായപ്പോള്‍ മാസിഡോണിയ എന്ന പേര് ഗ്രീസിന് പഥ്യമല്ലാതായി. പതുക്കപതുക്കെ മാസിഡോണിയ എന്ന രാജ്യം തങ്ങളുടെ മാസിഡോണിയയിലേക്ക് നുഴഞ്ഞുകയറുമെന്നും അവകാശം സ്ഥാപിക്കുമെന്നും ഗ്രീസ് ഭയക്കുന്നു.

യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ ശ്രമിക്കുന്ന മാസിഡോണിയ  രാജ്യം അവിടെയറിയപ്പെടുന്നത് FORMER YUGOSLAV REPUBLIC OF MACEDONIA എന്നാണ്. പക്ഷേ. തങ്ങളുടെ ജനതയുടെ വേരുകള്‍ അലക്‌സാണ്ടര്‍ രാജാവ് ഭരിച്ചിരുന്ന പുരാതന രാജ്യമായ മാസിഡോണിലാണെന്നും മാസിഡോണിയ എന്ന പേര് തങ്ങള്‍ക്കാണ് ചേരുകയെന്നും അവര്‍ വാദിക്കുന്നു.  അത് പറ്റില്ല, അനുവദിക്കില്ല എന്ന് ഗ്രീസും. 

അലക്‌സാണ്ടര്‍ രാജാവിന്റെ പ്രതിമകള്‍ രാജ്യമെങ്ങും സ്ഥാപിച്ചു, മാസിഡോണിയ. മാത്രമല്ല തലസ്ഥാനമായ സ്‌കോപിയേയില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അച്ഛന്‍ ഫിലിപ്പ് ഓഫ് മാസിഡോണിയയുടെ പ്രതിമയുമുണ്ട്. സ്‌കോപിയേയിലെ വിമാനത്താവളത്തിന് പേര് അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് എന്നാണ്. 

ഇതെല്ലാം ഗ്രീസിനെ അരിശം കൊള്ളിക്കുന്നു. പ്രതിഷേധം ഒരിക്കല്‍ക്കൂടി ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു, തലസ്ഥാനമായ ഏഥന്‍സിലടക്കം.  ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയും സമരക്കാര്‍ക്കൊപ്പമാണ്.  മാസിഡോണിയ മാത്രമായി പറ്റില്ല. പകരം റിപ്പബ്‌ളിക് ഓഫ് മാസിഡോണിയ എന്നോ ന്യ മാസിഡോണിയ എന്നോ ആയിക്കൂടെ എന്നാണ് ചോദ്യം. സമ്മതിക്കില്ല എന്ന് മാസിഡോണിയ. 1991ല്‍ മാസിഡോണിയ സ്വതന്ത്രമായപ്പോള്‍ ഗ്രീസിലുയര്‍ന്ന പ്രക്ഷോഭം അന്നത്തെ പ്രധാനമന്ത്രിയുടെ രാജിയില്‍വരെ എത്തി. പകരമെത്തിയ അന്ദ്രയാ പപന്‍ദ്രയാവു ഗ്രീക്ക് തുറമുഖങ്ങളില്‍ മാസിഡോണിയക്ക് പ്രവേശനം നിഷേധിച്ചു.

തുര്‍ക്കിയിലും ഈയിടെ ഉണ്ടായി അങ്ങനെയൊരു പേരുമാറ്റം. അതൊരു ട്വിറ്റര്‍ യുദ്ധത്തിന്റെ പരിണിതഫലമായിരുന്നു.

ഈ തര്‍ക്കത്തില്‍ രസകരമായ ചിലകാര്യങ്ങളുണ്ട്.  വടക്കന്‍ ഗ്രീസിലെ മാസിഡോണിയ കടന്ന് അതിര്‍ത്തിയിലെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഒരേ പോലത്തെ രണ്ട് ബോര്‍ഡുകളാണ്. മാസിഡോണിയയിലേക്ക് സ്വാഗതം. അപ്പുറത്തും മാസിഡോണിയ ആണല്ലോ. കാര്യമറിയില്ലെങ്കില്‍ കുഴപ്പത്തിലാകും. അങ്ങനെ കുഴപ്പത്തിലായ ഒരാളുണ്ട്, യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.  ഫോര്‍മര്‍ യൂഗോസ്‌ലാവ് റിപ്പബ്‌ളിക് ഓഫ് യൂഗോസ്‌ലാവ്യ എന്നു പറഞ്ഞുപോയി മൂണ്‍. പേര് പ്രശ്‌നം ഉടന്‍ പരിഹരിക്കണം. വട്ടായിപ്പോകുന്നു എന്നായി മൂണ്‍. 

ഇനി ഇതിലെ രസകരമായ മറ്റൊരു കാര്യം. പറയുന്നത് ഒരാളെക്കുറിച്ചാണ്. 24 മണിക്കൂറും ഇതുതന്നെ ആലോചിച്ച് നടക്കുന്ന മാത്യു നിമറ്റ്‌സ്. അദ്ദേഹമാണ് ഈ പേരു തര്‍ക്കങ്ങളുടെ മധ്യസ്ഥന്‍.1994 മുതല്‍ ഇന്നുവരെയുള്ള 23 വര്‍ഷം പേര് മാറ്റം തന്നെയാണ് നിമറ്റ്‌സിന്റെ ചിന്തകളില്‍ കൂടുതല്‍ സമയവും അപഹരിക്കുന്നത്.  യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധികൂടിയാണ് നിമെറ്റ്‌സ്. ലോകത്തെ ഏറ്റവും വിചിത്രമെന്ന് പറയാവുന്ന ഈ ജോലിക്ക്  അദ്ദേഹത്തിന് കിട്ടുന്ന ശമ്പളം ഒരു ഡോളറാണ്. മടുപ്പില്ല എന്നുപറയുന്ന നിമെറ്റ്‌സിന് ഗ്രീസിന്റെ പേടിയും മാസിഡോണിയയുടെ തനത് സംസ്‌കാര സ്‌നേഹവും ഒരുപോലെ മനസ്സിലാകുന്നുണ്ട്.  പല പേരുകള്‍ നിര്‍ദ്ദേശിച്ചു നിമെറ്റ്‌സ്. ചിലത് ഗ്രീസ് അംഗീകരിച്ചു, പക്ഷേ മാസിഡോണിയ എല്ലാം തള്ളിക്കളഞ്ഞു. 

രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന്റെ വക്കുവരെയെത്തിച്ച വംശീയ ഭിന്നതകള്‍ക്കും പേരുറപ്പിക്കല്‍ പരിഹാരമാകുമെന്ന വാദത്തോട് മാസിഡോണിയന്‍ നേതാക്കളും യോജിക്കുന്നു.  പേര് നിദ്ദേശിച്ചാല്‍ അതില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്നാണ് നേതാക്കളുടെ നിലപാട്. 

പേരിന് എന്താണിത്രമാത്രം പ്രാധാന്യം എന്നു സംശയിക്കണ്ട. ലോക രാഷ്ട്രീയത്തിലും അന്താരാഷ്ട്ര നയതന്ത്രരംഗത്തുമുള്ള പേരിനെ ചുറ്റിപ്പറ്റിയുള്ള കഥകളും കാര്യങ്ങളും അറിഞ്ഞാല്‍ ആ സംശയം തീരും. ചിരിച്ചുപോകുന്ന കഥകളും ഉണ്ട് ഇവയില്‍. 

വാഷിംഗ്ടണിലെ റഷ്യന്‍ എംബസിയുള്ള തെരുവിന്റെ പേര് വിസ്‌കോണസിന്‍ സ്ട്രീറ്റ് എന്നായിരുന്നു. കഴിഞ്ഞയാഴ്ച അതിന്റെ പേരുമാറി, ബോറിസ് നെമറ്റ്‌സോവ് പ്ലാസ. ബോറിസ് നെമറ്റ്‌സോവ് ആരെന്നറിഞ്ഞാലേ പേരുമാറ്റത്തിന്റെ കാരണം മനസിലാകൂ. റഷ്യന്‍ പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം. 2015ല്‍ ക്രെംലിനുപുറത്ത് കൊല്ലപ്പെട്ടു. അമേരിക്ക നടത്തിയ ഈ പേരുമാറ്റം വൃത്തികെട്ട തമാശയായിപ്പോയെന്ന് കുറ്റപ്പെടുത്തി മോസ്‌കോയിലെ ഒരു രാഷ്ട്രീയനേതാവ്

തുര്‍ക്കിയിലും ഈയിടെ ഉണ്ടായി അങ്ങനെയൊരു പേരുമാറ്റം. അതൊരു ട്വിറ്റര്‍ യുദ്ധത്തിന്റെ പരിണിതഫലമായിരുന്നു. യുഎഇ വിദേശകാര്യമന്ത്രി അബ്ദുല്ല ബിന്‍ സയിദ് അല്‍ നഹ്‌യാന്‍  ഷെയര്‍ ചെയ്ത ഒരു ട്വീറ്റാണ് കുഴപ്പമുണ്ടാക്കിയത്. ഒരു നൂറ്റാണ്ടിനുമുന്പ്  തുര്‍ക്കി ഓട്ടൊമെന്‍ സൈനിക മേധാവി ഫഹറുദ്ദീന്‍ പാഷ അറബ് വംശജരെ പീഡിപ്പിച്ചിട്ടുണ്ടെന്ന ട്വീറ്റാണ്  വിദേശകാര്യമന്ത്രി ഷെയര്‍ ചെയ്തത്. മദീനയിലെ ഗവര്‍ണറായിരുന്നു അന്ന് പാഷ. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്റെ മുന്‍ഗാമികളും അതില്‍ പങ്കാളികളായി എന്നാണ് ട്വീറ്റിന്റെ വാല്‍ക്കഷ്ണം. അതോടെ ഉര്‍ദുഗന്‍ കോപിച്ചു. ഒരു തെരുവിന്റെ പേരുമാറി, . യുഎഇ എംബസി സ്ഥിതിചെയ്യുന്ന തെരുവിന്റെ പേര്  ഫഹറുദ്ദീന്‍ പാഷ എന്നായി. ആ പഴയ തുര്‍ക്കി ഗവര്‍ണറുടെ പേര്. 

ഇതുരണ്ടും 2018ല്‍ നടന്നതാണെന്നും ഓര്‍ക്കണം. 

അതാണ് പേരിന്റെ ശക്തി, പ്രാധാന്യവും. ഒരു കുഞ്ഞിന്റെ പേരുപോലും മാറ്റുന്നത് ഒരുപാട് ചിന്തിച്ചുവേണം

ഇനിയുമുണ്ട്, ഇറാനിലെ ബ്രിട്ടിഷ് എംബസി ഫിര്‍ദൗസി അവന്യൂ എന്ന തെരുവിലാണ്. 1980കളിലാണ് ഇറാന്‍ പേരുകള്‍മാറ്റിത്തുടങ്ങിയത്.
ഇറാനിലെ ഷായുടെ പേരില്‍ അറിയപ്പെട്ടിരുന്ന പല തെരുവുകളും കെട്ടിടങ്ങളും ഇസ്ലാമിക് വിപ്ലവത്തെ ഓര്‍മ്മിപ്പിക്കുന്ന പേരുകളാക്കി മാറ്റി. 
പേരുമാറ്റം തുടങ്ങിവച്ചത് ഒരു സംഘം വിദ്യാര്‍ത്ഥികളാണ്, അതൊരു കുസൃതിയായിരുന്നു, സര്‍ക്കാര്‍ തീരുമാനമായിരുന്നില്ല. 

ബ്രിട്ടിഷ് എംബസി നില്‍ക്കുന്ന തെരുവിന്റെ പേര് അവര്‍ ബോബി സാന്‍ഡ്‌സ് സ്ട്രീറ്റ് എന്നാക്കി. ബ്രിട്ടീഷ് ജയിലില്‍ കിടന്ന് മരിച്ച ഐറിഷ് സ്വാതന്ത്ര്യ പോരാളിയായിരുന്നു ബോബി സാന്‍ഡ്‌സ്. ബ്രിട്ടന്‍ രാജ്യത്തിന്റെ ശത്രുവായി കണക്കാക്കുന്ന പോരാളി. ആ പേരുമാറ്റം ദഹിക്കാതെ ബ്രിട്ടിഷ് എംബസി ജീവനക്കാര്‍ കെട്ടിടത്തിന്റെ പിന്‍വാതിലിലൂടെ ഇറങ്ങാന്‍ തുടങ്ങി, പോസ്റ്റല്‍ വിലാസം അതോടെ മാറി.പിന്നീടാണ് സര്‍ക്കാര്‍ തെരുവിന്റെ പേര് ഫിര്‍ദൗസി എന്നാക്കിയത്.

തെരുവുകളുടെ പേരുമാറ്റം തന്നെ ഇത്ര ഗുരുതരമാണെങ്കില്‍ രാജ്യങ്ങളുടെ പേരുമാറ്റം  അതിലും ഗുരുതരമാകുമല്ലോ. ഫ്രഞ്ച് കോളനിയായിരുന്ന അപ്പര്‍ വോള്‍ട്ട ഇന്ന് സ്വതന്ത്രരാജ്യമായ ബുര്‍കിനോ ഫാസ ആണ്. 

ഇനി ആള്‍ക്കാരുടെ പേരുമാറ്റവും അത്രതന്നെ പ്രധാനമാണ്, കാഷ്യസ് ക്ലേ മതംമാറി  മുഹമ്മദ് അലിയായി. പക്ഷേ അമേരിക്കന്‍ പത്രങ്ങള്‍ മുഹമ്മദലി എന്ന് ആ പേരു മാറ്റാന്‍ പിന്നെയും ആറു വര്‍ഷമെടുത്തു. കാഷ്യസ് ക്ലേ എന്നത് തന്റെ അടിമപ്പേര് എന്നാണ് മുഹമ്മദ് അലി പറഞ്ഞിരുന്നത്. ബ്രസീലീയന്‍ ഫുട്‌ബോളര്‍മാര്‍ അറിയപ്പെടുന്നത് പലപ്പോഴും വട്ടപ്പേരുകളിലാണ്. എഡ്‌സന്‍ അരാന്റിസ് ദോ നാസിമെന്‍േറാ എന്ന പേര് കേട്ടിട്ടുണ്ടോ? ആര്‍ക്കുമറിയില്ല അങ്ങനെയൊരു കളിക്കാരനെ.  പക്ഷേ പെലെ എന്നുപറഞ്ഞാലോ? രണ്ടും ഒരാളാണ്. പെലെയ്ക്ക് പോലുമറിയില്ല പെലെ എന്ന പേര് എങ്ങനെ വന്നുവെന്ന്. 

ഇനിയുമുണ്ട്, മനുഷ്യരുടെ തലത്തില്‍നിന്ന് ദൈവങ്ങളുടെ തലത്തിലേക്ക് ഉയരുന്ന പേരുവിശേഷങ്ങള്‍. ജൂതരുടെ ആചാരമനുസരിച്ച് ജറുസലേം ആരാധനാലയത്തിലെ ഉയര്‍ന്ന പുരോഹിതനുമാത്രമേ ദൈവനാമം ഉച്ചരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു, അതും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം. 
ഈജിപ്ഷ്യന്‍ ദേവതയായ ഇസിസിന് സൂര്യദേവനായ RA യുടെ യഥാര്‍ത്ഥ പേരറിയാന്‍ കഴിഞ്ഞതോടെ RA യുടെ ശക്തികളും പകര്‍ന്നുകിട്ടി.

അതാണ് പേരിന്റെ ശക്തി, പ്രാധാന്യവും. ഒരു കുഞ്ഞിന്റെ പേരുപോലും മാറ്റുന്നത് ഒരുപാട് ചിന്തിച്ചുവേണം എന്നാണ് മനശാസ്ത്രവിദഗ്ധരുടേയും അഭിപ്രായം. രണ്ടുപേരുള്ളവര്‍ക്ക് ഐഡന്റിറ്റി ക്രൈസിസ് ഉണ്ടാകുമെന്നുവരെ പറയാറുണ്ട്, സത്യമായാലും ഇല്ലെങ്കിലും.

ഇത്രയൊക്കെ വേരുകളുള്ള പ്രശ്‌നമാണ് പേരുമാറ്റം, അപ്പോഴാണ് മാസിഡോണിയയുടെ പേരുമാറ്റണം എന്ന് ഗ്രീസ് പറയുന്നത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകുമെന്നാണ് മധ്യസ്ഥനായ നിംറ്റിസ് പറയുന്നത്. ഫോര്‍മര്‍ യൂഗോസ്‌ലാവ്യ റിപ്പബ്ലിക് ഓഫ് മാസിഡോണിയ എന്ന പേരായിരിക്കും മിക്കവാറും ഉറപ്പിക്കുക.