ആ 'ഭീകരവാദി' വലിയൊരു നടിയായിരുന്നു. നിരവധി ബോംബേറ്, തീവെപ്പ് കേസുകളില്‍ പ്രതി.
അപരിചിതയായ ആ 'ഭീകരവാദി'യുടെ ജീവിതത്തെക്കുറിച്ച് കൂടുതല് അറിയണമെന്ന് അവര്ക്ക് തോന്നി. അങ്ങനെ കിറ്റിയുടെ ജീവിതത്തിലേക്ക് റിഡല് നിരന്തര യാത്രകള് നടത്തി. ഫലം അവിശ്വസനീയമായിരുന്നു. ലോകത്തിന്റെ കണ്ണില് ഭീകരവാദി എന്നറിയപ്പെട്ട കിറ്റി പെണ്പോരാട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അക്കാലത്തെ പ്രശസ്തയായ നടി. ലിംഗ നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ വഴിയിലേക്ക് സ്വയം സമര്പ്പിച്ചിരുന്നില്ലെങ്കില്

ലണ്ടനിലെ മ്യൂസിക് ഹാളിനെ കുറിച്ചുള്ള പഠനത്തിലായിരുന്നു ഫേണ് റിഡല് എന്ന ചരിത്ര ഗവേഷക. അതിനുളള ചില വിവരങ്ങള്ക്കായാണ് അവര് ലണ്ടന് മ്യൂസിയത്തിലെ റെക്കോര്ഡ് സൂക്ഷിപ്പുകാരന് ബവര്ലി കുക്കിനെ സമീപിക്കുന്നത്. അവിടെവെച്ച് അവരൊരു സ്ത്രീയെക്കുറിച്ചറിഞ്ഞു. ചരിത്രം ഭീകരവാദി എന്ന മുദ്രകുത്തിയ കിറ്റി മാരിയോണ് എന്ന പെണ്പോരാളി. 'ഇവരെക്കുറിച്ച് അധികമൊന്നും ആര്ക്കുമറിയില്ല. കാര്യമായി ഒന്നും എഴുതപ്പെട്ടിട്ടില്ല' -ബവര്ലി കുക്ക് റിഡലിനോട് പറഞ്ഞു.
ആ പറച്ചില് റിഡലിന്റെ ഉള്ളിലേക്ക് ജിജ്ഞാസയുടെ അനേകം തീപ്പൊരികള് ഒന്നിച്ചിട്ടു. അപരിചിതയായ ആ 'ഭീകരവാദി'യുടെ ജീവിതത്തെക്കുറിച്ച് കൂടുതല് അറിയണമെന്ന് അവര്ക്ക് തോന്നി. അങ്ങനെ കിറ്റിയുടെ ജീവിതത്തിലേക്ക് റിഡല് നിരന്തര യാത്രകള് നടത്തി. ഫലം അവിശ്വസനീയമായിരുന്നു. ലോകത്തിന്റെ കണ്ണില് ഭീകരവാദി എന്നറിയപ്പെട്ട കിറ്റി പെണ്പോരാട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അക്കാലത്തെ പ്രശസ്തയായ നടി. ലിംഗ നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ വഴിയിലേക്ക് സ്വയം സമര്പ്പിച്ചിരുന്നില്ലെങ്കില്
കിറ്റിയുടെ ലോകം
19 ാം നൂറ്റാണ്ടിന്റെ അവസാനവും 20 ാം നൂറ്റാണ്ടിന്റെ ആദ്യവും യു.കെയില് നടന്ന സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയുള്ള വമ്പിച്ച പോരാട്ടത്തിന്റെ അറിയപ്പെടാത്ത മുഖമായിരുന്നു കിറ്റി. യൗവനാരംഭത്തില് വിക്ടോറിയന് മ്യൂസിക് ഹാളിലെത്തി. നടിയായും നര്ത്തകിയായും ജീവിതം ആരംഭിച്ചു. വ്യക്തിപരമായി നേരിട്ട കയ്പ്പുറ്റ അനുഭവങ്ങള് സ്ത്രീകള് അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി. തൊഴിലിടങ്ങളില് അഭിനേത്രികള് അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങള്ക്കെതിരായ പെണ്കൂട്ടായ്മയില് അവര് എത്തിപ്പെട്ടു.
ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും സഹവാസം അവര്ക്കുള്ളിലെ അഗ്നിയെ ജ്വലിപ്പിച്ചു. സ്വാതന്ത്ര്യത്തെ കുറിച്ചും, അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്ന നിരവധി സ്ത്രീകളുമായി കൂട്ടായ കിറ്റി സ്ത്രീ അവകാശത്തിനുവേണ്ടിയുള്ള നാടകങ്ങളും അവതരണങ്ങളുമായി മുന്നോട്ടുപോയി. സ്ത്രീകള്ക്കു വേണ്ടിയുള്ള പല സംഘടനകളിലും അവര് പ്രവര്ത്തിച്ചു. പിന്നീട് പല നിയമവിരുദ്ധ അവതരണങ്ങളിലും മാര്ച്ചുകളിലും പോരാട്ടപരിപാടികളിലും സ്ഥിരം സാന്നിധ്യമായി. അപ്പോഴേക്കും അവകാശ പോരാട്ടം ഹിംസാത്മകമായി മാറി. നിരവധി ബോംബാക്രമണങ്ങളും തീവെപ്പുകളും നടന്നു. കിറ്റി പല തവണ അറസ്റ്റിലായി. ജയിലിലായി. ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ടു. ആരുമറിയാതെ ചരിത്രത്തിന്റെ ഓരങ്ങളില് മറഞ്ഞു.

അവള് എങ്ങനെ അങ്ങനെയായി?
കാതറീന മരിയ സ്കഫര് എന്ന പെണ്കുട്ടി ലണ്ടനിലെത്തുന്നത് പതിനഞ്ചാമത്തെ വയസിലാണ്. പീഡനം മാത്രമനുഭവിക്കേണ്ടി വന്ന, തന്റെ ജര്മ്മനിയിലെ വീട്ടില് നിന്നുള്ള പലായനം കൂടിയായിരുന്നു അവള്ക്കത്. കിറ്റിക്ക് രണ്ട് വയസുള്ളപ്പോഴാണ് അവളുടെ അമ്മ മരിക്കുന്നത്. സ്നേഹിക്കാനേ അറിയാത്ത, ഉപദ്രവിക്കാന് മാത്രമറിയാവുന്ന ഒരു അച്ഛന്റെയും രണ്ടാനമ്മയുടെയും അടുത്ത് അവള് തനിച്ചായി. അവളോട് സ്നേഹം കാണിക്കാന് തുടങ്ങിയപ്പോള് അവളുടെ നായ്ക്കുഞ്ഞിനെ വരെ അയാള് കൊന്നുകളഞ്ഞു.
പിന്നീടവള് ഈസ്റ്റ് ലണ്ടനിലുള്ള ഇളയമ്മയുടെയും ഇളയച്ഛന്റെയും അവരുടെ മക്കളുടെയും അടുത്തേക്കെത്തി. അവിടെവച്ച് വളരെ പെട്ടെന്നു തന്നെ അവള് ഇംഗ്ലീഷ് പഠിച്ചെടുത്തു. അതിലും വേഗത്തില് വിക്ടോറിയന് മ്യൂസിക് ഹാളിന്റെ ത്രസിപ്പിക്കുന്ന ലോകത്തേക്ക് ആകര്ഷിക്കപ്പെട്ടു. മ്യൂസിക് ഹാളിലെത്തിയതോടെ അവള് തന്നെ അവള്ക്ക് പുതിയ പേരുമിട്ടു 'കിറ്റി മാരിയോണ്'. കാതറീന മരിയ സ്കഫര് അവിടം മുതല് കിറ്റിയെന്ന നടിയായും നര്ത്തകിയായും തന്റെ പുതിയ ജീവിതം ആരംഭിച്ചു.
മ്യൂസിക് ഹാളിലെ ജീവിതം അവളെ വല്ലാതെ വശീകരിച്ചിരുന്നു. അതിന്റെ ത്രസിപ്പിക്കുന്ന ലോകത്ത് അവള് തന്നെത്തന്നെ കണ്ടെത്താന് തുടങ്ങി. ലണ്ടനിലെ കലയുടെ ലോകമായിരുന്നു മ്യൂസിക് ഹാള്. ജോലി ചെയ്യുന്ന സ്ത്രീകള്, മതം മാറിയുള്ള വിവാഹം എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന, പുരോഗമന ചിന്തകള് ആവേശം കൊള്ളിക്കുന്ന ആ ലോകത്ത് അവള് ജീവിച്ചു തുടങ്ങി. വ്യത്യസ്തമായ സൗഹൃദത്തിന്റെ ലോകമായിരുന്നു അത്. അവിടെ വച്ച് ഒരു നയതന്ത്രജ്ഞന്റെ മകന് കിറ്റിക്ക് അവളുടെ ജീവിതത്തിലെ ആദ്യത്തെ സിഗരറ്റ് നല്കി. സ്വാതന്ത്ര്യത്തെ കുറിച്ചും, അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്ന നിരവധി സ്ത്രീകളുമായും കിറ്റി വളരെ എളുപ്പത്തില് കൂട്ടായി.

ആ മീ റ്റൂ നിമിഷം
കിറ്റിക്കുമുണ്ടായിരുന്നു എല്ലാ സ്ത്രീകളെയും പോലെ ജീവിതത്തില് ഒരു 'മീ റ്റൂ നിമിഷം'. അതവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. തന്റെയും തന്നെപ്പോലുള്ളവരുടെയും അവകാശത്തെ കുറിച്ച് അതവളെ ബോധ്യപ്പെടുത്തി. മ്യൂസിക് ഹാള് ഏജന്റുമാരിലൊരാള് അവളെ ലൈംഗികമായി ചൂഷണം ചെയ്യാന് തുനിഞ്ഞു. പുരുഷന് നിയന്ത്രിക്കുന്ന ഒരു ലോകത്താണ് താന് ജോലി ചെയ്യുന്നതെന്ന ചിന്ത അവളെ നിരാശയാക്കി. സ്ത്രീകളുടെ അവകാശങ്ങള്ക്കു വേണ്ടി പോരാടാന് അതവരെ പ്രേരിപ്പിച്ചു. അനുവാദമില്ലാതെ സ്പര്ശിക്കുന്നതും, ചുംബിക്കുന്നതുമെല്ലാം അവകാശമാണെന്ന് ചിന്തിക്കുന്ന സ്ത്രീകള് മാത്രമാണ് ആദ്യമായി സ്വന്തം ശരീരത്തിനുനേരെ നടക്കുന്ന കയ്യേറ്റശ്രമം മറക്കുകയെന്നവര് വിശ്വസിച്ചു. യാത്ര ചെയ്യുന്ന ഒരു നടിയെന്ന നിലയില് സഹപ്രവര്ത്തകരില് നിന്നും മറ്റുമായി പിന്നെയും ഒരുപാട് പീഡനകഥകള് കിറ്റിക്ക് കേള്ക്കേണ്ടി വന്നു. ഇത് തന്റെ മാത്രം അനുഭവമല്ലെന്നവള് തിരിച്ചറിയുന്നത് അങ്ങനെയാണ്.
ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷിതയായിരിക്കുകയെന്നത് തന്റെയും എല്ലാ സ്ത്രീകളുടെയും അവകാശമാണെന്ന് കിറ്റി ഉറച്ചുവിശ്വസിച്ചു. ജോലി ചെയ്യാന് ശരീരം കൊണ്ട് ആരും ത്യാഗം ചെയ്യേണ്ടതില്ലെന്നും... അവിടം മുതല് അവര് സ്വയമൊരു പോരാളിയായി. ആക്ട്രസ് ഫ്രാഞ്ചിയസ് ലീഗില് ചേര്ന്നു പ്രവര്ത്തിക്കാന് തീരുമാനിച്ചു. അവകാശത്തെ കുറിച്ച് സംവദിക്കുന്ന നാടകങ്ങളും അവതരണങ്ങളുമായി അവര് മുന്നോട്ടുപോയി, സത്രീകള്ക്കു വേണ്ടിയുള്ള സംഘടനകളിലും, അവകാശങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന പല സംഘടനകളിലും പ്രവര്ത്തിച്ചു. പിന്നീട് നിയമവിധേയമെന്ന് വിളിക്കപ്പെട്ട പല അവതരണങ്ങളിലും മാര്ച്ചുകളിലും പോരാട്ടപരിപാടികളിലും കിറ്റി സ്ഥിരം സാന്നിധ്യമായി.
ആദ്യമായി കിറ്റി ജയിലിലടക്കപ്പെടുന്നത് പ്രക്ഷോഭത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസിന്റെ ജനല്ച്ചില്ലുകള് എറിഞ്ഞ് തകര്ത്തതിനാണ്. ജയിലിലെ പോരാളികളുടെ കൂടെ കിറ്റി നിരാഹാരം കിടന്നു. ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കാന് ശ്രമിച്ചപ്പോഴൊക്കെ തനിക്കാവും പോലെ എതിര്ത്തു. ജയിലില് നിന്നിറങ്ങിയെങ്കിലും പിന്നീടും പലതവണ അവര് ജയിലിലായി. ജനാലകള് തകര്ക്കല്, തീവെപ്പ് കേസുകളിലായിരുന്നു മിക്കവാറും ജയിലില് പോവേണ്ടി വന്നത്.
1913 ജൂണ് 13ന് രാത്രിയില് കിറ്റിയും കൂടെയുണ്ടായിരുന്ന പ്രവര്ത്തകയും ചേര്ന്ന് ഒരു കുതിര പന്തയസ്ഥലത്തിന് തീയിട്ടു. തൊട്ടുമുന്പ് നടന്നൊരു സമരത്തില്, കൂടെ പ്രവര്ത്തിച്ചിരുന്ന എമിലി വൈല്ഡിങ് ഡേവിസണ് എന്ന പ്രവര്ത്തകയെ കുതിര കയറ്റിക്കൊന്നതിനെതിരെയുള്ള പ്രതികാരമായിട്ടായിരുന്നു അത്. കേസില് അറസ്റ്റിലായ കിറ്റി നിരാഹാരം കിടന്നു. ഒരു ദിവസത്തില് 232 തവണയാണ് കിറ്റിയെ നിര്ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാന് ശ്രമിച്ചത്. അതും ക്രൂരമായി, വേദനിപ്പിക്കുന്ന തരത്തില്.

പെണ് തീവ്രവാദികള്
1913 ന്റെ തുടക്കത്തില് തന്നെ സമ്മതിദാനാവകാശ പോരാളികള് തീവ്രവാദസ്വഭാവമുള്ളവരായി മാറിയിരുന്നു. 1913 മേയ് മാസത്തില് മാത്രം 52 ആക്രമണങ്ങളാണ് ഇവര് നടത്തിയത്. അതില് 29 ബോംബേറും 15 തീവെപ്പുകളും ഉള്പ്പെടുന്നു. വീട്ടില് നിന്നുണ്ടാക്കുന്ന തരം ബോംബുകളാണ് ഇവര് ഉപയോഗിച്ചിരുന്നത്. പല സ്ഥലങ്ങളിലും ബോംബേറുകള് നടത്തുന്നതിന് മുന്പ് ജനങ്ങള്ക്ക് രക്ഷെപ്പെടാനുള്ള സമയം അവര് അനുവദിച്ചിരുന്നു.
താന് പങ്കെടുത്ത തീവെപ്പുകളുടെ പത്രങ്ങളില് വന്ന ചിത്രങ്ങള്, ആര് ചെയ്തുവെന്നറിയാത്ത ബോംബേറുകളുടെ ചിത്രങ്ങള് എന്നിവയെല്ലാം ഒരു കൈപ്പുസ്തകത്തില് കിറ്റി ശേഖരിച്ചുവച്ചു. പ്രവര്ത്തകര് പരസ്പരമെഴുതിയ കത്തില് നിന്ന് ആ ബോംബേറുകളുടെ പിന്നില് കിറ്റിയുമുണ്ടായിരുന്നുവെന്നു വ്യക്തമാണ്.
കിറ്റി അവസാനമായി അറസ്റ്റ് ചെയ്യപ്പെടുന്നത് യു.കെയില് വച്ചാണ്. കുതിരപ്പന്തയസ്ഥലത്ത് തീയിട്ടതിനാണത്. ഈ കേസില് കിറ്റിയെ മൂന്നു വര്ഷത്തെ തടവിന് വിധിച്ചു. തടവില് നിരാഹാരം നടത്തി ആരോഗ്യനില മോശമായവരെ തടവുകാലത്തിന് മുന്പ് മോചിപ്പിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല് ഒന്നാം ലോകമഹായുദ്ധ സമയമായതിനാല് കിറ്റിയുടെ കാര്യത്തില് അതും നടന്നില്ല. ജര്മ്മന് ചാരനാകാനുള്ള സാഹചര്യമുണ്ടെന്ന് കാണിച്ച് കിറ്റിയെ തിരികെ വിളിക്കുകയാണുണ്ടായത്. എന്നാല് സുഹൃത്തുക്കളെല്ലാം ചേര്ന്ന് അവരെ അമേരിക്കയിലെത്താന് സഹായിച്ചു. അമേരിക്കയിലെത്തിയ കിറ്റി തന്റെ പ്രവര്ത്തനങ്ങള് അവസാനിപ്പിച്ചില്ല. അമേരിക്കയിലെ ജനന നിയന്ത്രണ പ്രസ്ഥാനത്തിലും കിറ്റി മുന്നിരയില് നിന്നു.
സമ്മതിദാനാവകാശത്തിനു വേണ്ടി ഇത്രയേറെ പോരാടിയൊരു സ്ത്രീ, അമേരിക്കയിലെ ജനന നിയന്ത്രണത്തിനു വേണ്ടി പോരാടിയൊരു സ്ത്രീ അവര് ചരിത്രത്തിലെവിടെയും ചേര്ക്കപ്പെട്ടിട്ടില്ലെന്നത് അനീതിയായിരുന്നു. ആ തോന്നലാണ് ചരിത്ര ഗവേഷകയായ റിഡലിനെ വേദനിപ്പിച്ചത്. അതാണ് കിറ്റിയെ കുറിച്ചെഴുതാന് റിഡലിനെ പ്രേരിപ്പിച്ചത്. 'ഡെത്ത് ഇന് ടെന് മിനിട്ട്സ്' എന്ന പേരില് കിറ്റിയെ കുറിച്ച് റിഡല് പുസ്തകമെഴുതി. മാരിയോണിന്റെയും സുഹൃത്തുക്കളുടെയും ജീവിതവും സമരവും അതിലുണ്ട്.
ഇതിനൊക്കെ റിഡലിന് ഒറ്റ വിശദീകരണം മാത്രമേയുള്ളൂ. ആരെങ്കിലുമൊക്കെ തീവ്രവാദികളായതുകൊണ്ടാണ്, മനുഷ്യന്റെ അവകാശം സംരക്ഷിക്കപ്പെട്ടുപോരുന്നത്. അവരെ പോരാളികളെന്ന് തന്നെയാണ് വിളിക്കേണ്ടത്!
ചരിത്രത്തില് എല്ലാക്കാലത്തും സ്ത്രീകളുടെ സാന്നിധ്യം മനപ്പൂര്വം മറച്ചുവയ്ക്കപ്പെട്ടിരുന്നു. സമരങ്ങളും പോരാട്ടങ്ങളും അതിന്റെ വിജയങ്ങളും പുരുഷന്മാര് സ്വയം ഏറ്റെടുത്തു. വോട്ടവകാശത്തിനുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം പോലും ശരിയായ രീതിയില് എഴുതപ്പെട്ടില്ല. അങ്ങനെയൊരു ചരിത്രത്തിലേക്കാണ് റിഡല് എന്ന ചരിത്ര ഗവേഷക അറിയാതെ എത്തപ്പെട്ടത്.
കടപ്പാട്: ബിബിസി
