ഫോൺ കാൾ സ്വീകരിച്ചത് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയി വെറും രണ്ടുമാസം മാത്രം പരിചയമുള്ള കെ.റോജ ആണ്. റോജയും ആംബുലൻസ് ഡ്രൈവർ എം.അരുൺ കുമാറും കൂടി ഉടനടി ഗന്ധവയലിലേക്ക് പുറപ്പെട്ടു.
കോയമ്പത്തൂര്‍: ഒരു ആശുപത്രി സ്റ്റാഫും ചെയ്യാത്ത കാര്യങ്ങളായിരിക്കും ഒരുപക്ഷെ, ഇവര്‍ ചെയ്തിരിക്കുക. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായ റോജയും, ആംബുലന്‍സ് ഡ്രൈവറായ അരുണ്‍ കുമാറും. ആംബുലന്‍സ് പോകാത്ത വഴിയില്‍ നിന്നും കൊട്ടവഞ്ചിയില്‍ കയറി അത്യാവശ്യമായി ആരോഗ്യപരിചരണം വേണ്ട സ്ഥലത്ത് എത്തിയവരാണ് രണ്ടുപേരും.
ഇങ്ങനെയാണ് സംഭവം: കോയമ്പത്തൂരിനടുത്ത് ഗന്ധവയലില്‍ നഞ്ചപ്പന്‍റെ ഭാര്യക്ക് പ്രസവവേദന തുടങ്ങിയത് ഞായറാഴ്ച രാവിലെ 5.15 നാണ്. ഭാര്യയെ ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസിനു വേണ്ടി 108 എന്ന എമർജൻസി നമ്പറിൽ നഞ്ചപ്പന്‍ വിളിച്ചു.
ഫോൺ കാൾ സ്വീകരിച്ചത് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയി വെറും രണ്ടുമാസം മാത്രം പരിചയമുള്ള കെ.റോജ ആണ്. റോജയും ആംബുലൻസ് ഡ്രൈവർ എം.അരുൺ കുമാറും കൂടി ഉടനടി ഗന്ധവയലിലേക്ക് പുറപ്പെട്ടു. എന്നാൽ, പോകും വഴി ഗ്രാമത്തിലേക്കുള്ള പാലം കനത്തമഴയിൽ മുങ്ങിയിരിക്കുന്നതാണ് അവർ കണ്ടത്. ഗന്ധവയലിലേക്കുള്ള മറ്റൊരു വഴി വളരെയധികം സമയം എടുത്ത് ചുറ്റി മാത്രം പോകാൻ കഴിയുന്ന ഒന്നാണ്. അടിയന്തിരമായി മെഡിക്കൽ അസിസ്റ്റൻസ് വേണ്ട സന്ദർഭം ആയതുകൊണ്ട് ആ വഴി തിരഞ്ഞെടുക്കുന്നതിൽ കാര്യമില്ല എന്നു അവർക്ക് മനസ്സിലായി.
തുടർന്ന് റോജയും അരുൺ കുമാറും കൂടി ഒരു കൊട്ടവഞ്ചിയുടെ സഹായത്തോടെ വെള്ളം ഉയർന്ന സ്ഥലങ്ങൾ മറികടക്കുകയും, നദിയുടെ അപ്പുറം എത്തി ഒരു ബൈക്ക് സംഘടിപ്പിച്ച് നഞ്ചപ്പന്‍റെ വീട്ടിൽ എത്തുകയും ചെയ്തു.
അവിടെ എത്തുമ്പോഴേക്കും പ്രസവം നടന്നിരുന്നു എങ്കിലും കുഞ്ഞിന് അത്യാവശ്യമായി മെഡിക്കൽ കെയർ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ റോജ കുഞ്ഞിനെയും കൊണ്ട് വന്നവഴി തന്നെ ആംബുലൻസിൽ എത്തുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
ആംബുലൻസ് ഡ്രൈവർ അരുൺ കുമാർ പറയുന്നു, "ഞങ്ങൾ അബ്‌ളിക്കൽ കോഡ് മുറിച്ച് കുഞ്ഞിനെ വേർപെടുത്തി, പക്ഷെ, കുട്ടിക്ക് ഓക്സിജനും ചൂടും ആവശ്യമുണ്ടെന്ന് മനസ്സിലായി. അപ്പോൾ തന്നെ കുഞ്ഞിനെ മേട്ടുപ്പാളയം ഗവണ്‍മെന്‍റ് ഹോസ്പിറ്റലിൽ എത്തിക്കാനായി. കുഞ്ഞിന്‍റെ അമ്മയെ മറ്റൊരു വാഹനത്തിൽ രണ്ടാമത്തെ വഴിയിലൂടെ ആശുപത്രിയിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തു."
ആ കുഞ്ഞിനെ രക്ഷിക്കാനായതില്‍ അഭിമാനമുണ്ടെന്ന് റോജയും പറയുന്നു. ഏതായാലും ഇവരുടെ ആത്മാര്‍ത്ഥതയില്‍ ചുറ്റുമുള്ളവര്‍ അഭിനന്ദനമറിയിക്കുകയാണ്.
(കടപ്പാട്: ദെ ബെറ്റര്‍ ഇന്ത്യ)
