Asianet News MalayalamAsianet News Malayalam

യുവാക്കളുടെ കടം ഏറ്റെടുത്ത് ഈ നഗരം, അവരുടെ ദുരിതം കാണാന്‍ വയ്യാത്തതുകൊണ്ടാണെന്ന് അധികൃതര്‍...

കടാശ്വാസ പദ്ധതിയിൽ ചേർന്ന ചെറുപ്പക്കാർക്ക് ഒരു പ്രവർത്തന പദ്ധതി ഉണ്ടാക്കും. ആ പദ്ധതിയിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ അവർ നിറവേറ്റുകയാണെങ്കിൽ, ബാങ്ക് ആ കടത്തിൻ്റെ ഒരു ഭാഗം എഴുതിത്തള്ളും. 

Amsterdam plans to buy off debts of young adults
Author
Amsterdam, First Published Jan 22, 2020, 1:01 PM IST

നമ്മുടെ നാട്ടിൽ ദാരിദ്ര്യം മൂലം പഠനം പൂർത്തിയാക്കാൻ കഴിയാത്ത അനേകമാളുകളുണ്ട്. പലപ്പോഴും ഉന്നത വിദ്യാഭ്യാസത്തിനാവശ്യമുള്ള ഭീമമായ തുകകൾ നൽകാൻ സാധുക്കൾക്ക് കഴിയാറില്ല എന്നതാണ് സത്യം. ഇനി ലോൺ എടുക്കാമെന്ന് വച്ചാലും, വിചാരിച്ച സമയത്ത് അത് തിരിച്ചടക്കാൻ പറ്റിയെന്നും വരില്ല. ഇത് ഒരുപക്ഷേ, ഇന്ത്യയിൽ മാത്രമല്ല എല്ലായിടത്തും ഉള്ള ഒരു പ്രശ്‌നമാണ്. വിദ്യാർത്ഥികൾ പഠനത്തിനായി എടുക്കുന്ന വായ്പകൾ പലപ്പോഴും അവർക്ക് തിരിച്ചടക്കാൻ കഴിയാറില്ല. 

എന്നാൽ, യുവാക്കളുടെ ദുരിതം കണ്ട് മിണ്ടാതിരിക്കാൻ ആംസ്റ്റർഡാം നഗരം തയ്യാറല്ല. വിദ്യാർത്ഥികളുടെ കടബാധ്യത കുറക്കാനായി നഗരം ഒരു ട്രയൽ പ്രോജക്റ്റ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ആ പദ്ധതിപ്രകാരം ചെറുപ്പക്കാരുടെ കടങ്ങൾ സർക്കാർ ഏറ്റെടുക്കും. കോളേജിലെ വിദ്യാഭ്യാസ ചിലവുകൾ, പലപ്പോഴും വിദ്യാർത്ഥികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാറുണ്ട്. അതുപോലെ തന്നെയാണ് ജോലിയിലും പ്രതിസന്ധി നേരിടുന്ന ചെറുപ്പക്കാരുടെ കാര്യവും. അതുകൊണ്ട് തന്നെ യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും കടങ്ങൾ ആംസ്റ്റർഡാം നഗരം ഏറ്റെടുക്കാൻ പോവുകയാണ്. 

പദ്ധതി പ്രകാരം, യുവാക്കളുടെ നിലവിലുള്ള കടങ്ങൾ ഒരു മുനിസിപ്പൽ ക്രെഡിറ്റ് ബാങ്ക് വാങ്ങും. അതിനുശേഷം അത് യുവാക്കൾക്ക് ഒരു വായ്പ വാഗ്ദാനം ചെയ്യും. ആ വായ്പ സ്വീകർത്താവിൻ്റെ വരുമാനത്തിന് അനുസൃതമായ തുകകളിൽ തിരിച്ചടയ്ക്കണം. വായ്പ സ്വീകരിക്കുന്ന വ്യക്തി തൊഴിൽരഹിതനോ, അതോ വിദ്യാർത്ഥിയോ ആണെങ്കില്‍ കൂടുതൽ കടം റദ്ദാക്കുകയോ, ബാങ്ക് വാങ്ങുകയോ ചെയ്യും. ഇത് കൂടാതെ ബാങ്കുമായി സഹകരിക്കുന്നതിനും, പദ്ധതിയിൽ പങ്കാളിയാകുന്നതിനും കടക്കാർക്ക് 77 ,000 രൂപ വീതം നൽകും. 

“കടങ്ങൾ യുവാക്കളിൽ വളരെയധികം സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ഇത് അവരുടെ ഭാവിയെ തന്നെ മോശമായ രീതിയിൽ ബാധിക്കാം” ആംസ്റ്റർഡാമിലെ ഡെപ്യൂട്ടി മേയർ മാർജോലിൻ മൂർമാൻ പറഞ്ഞു. യുകെ ഉൾപ്പെടെ യൂറോപ്പ്യൻ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഇവിടെയാണ് ഏറ്റവും കൂടുതൽ യുവാക്കൾ ജോലിക്കായും, പഠനത്തിനായും വായ്പകൾ എടുക്കുന്നത്. അതുകൊണ്ടു തന്നെ അവരെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷിക്കാനുള്ളോരു മാർഗ്ഗം എന്ന നിലയ്ക്കാണ് നഗരം ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്. ഇപ്പോൾ ആംസ്റ്റർഡാമിലെ 34 ശതമാനം താമസക്കാരും കടക്കെണിയിലാണ്. വിദ്യാർത്ഥികളാണ് അതിൽ കൂടുതലും. കണക്കുകൾ പ്രകാരം, ഇപ്പോൾ കടമുള്ള വിദ്യാർത്ഥികളുടെ എണ്ണം 388,000 നിന്ന് 1.4 ദശലക്ഷത്തിലെത്തി നിൽക്കുകയാണ്. 

“ഭൂരിഭാഗം ചെറുപ്പക്കാർക്കും കുടിശ്ശിക ഇനത്തിൽ തന്നെ തിരിച്ചടക്കാൻ നല്ലൊരു തുകയുണ്ട്. അത് തിരിച്ചടക്കാൻ മാർഗ്ഗങ്ങളില്ലാതെ, മറ്റാരും സഹായിക്കാനില്ലാതെ അവർ കഷ്ടപ്പെടുകയാണ്. നാണക്കേട് കൊണ്ട് അവർക്ക് പലപ്പോഴും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഇത്തരമൊരു പദ്ധതി കൊണ്ടുവന്നത്. ഇത് അവർക്ക് ഒരു പുതിയ ജീവിതം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" അദ്ദേഹം പറഞ്ഞു. കടാശ്വാസ പദ്ധതിയിൽ ചേർന്ന ചെറുപ്പക്കാർക്ക് ഒരു പ്രവർത്തന പദ്ധതി ഉണ്ടാക്കും. ആ പദ്ധതിയിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ അവർ നിറവേറ്റുകയാണെങ്കിൽ, ബാങ്ക് ആ കടത്തിൻ്റെ ഒരു ഭാഗം എഴുതിത്തള്ളും.   

“എല്ലാ യുവാക്കളും നല്ലൊരു ജീവിതം അർഹിക്കുന്നുണ്ടെന്ന് ആംസ്റ്റർഡാം വിശ്വസിക്കുന്നു. കടങ്ങൾ ജോലിയുടെയും, വിദ്യാഭ്യാസത്തിൻ്റെയും വഴിയിൽ ഒരു വിലങ്ങു തടിയാകരുത്. നിർഭാഗ്യവശാൽ, ഇപ്പോൾ അതാണ് സംഭവിക്കുന്നത്. കൂടുതൽ ചെറുപ്പക്കാരെ കടം വീട്ടാൻ സഹായിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, അതേസമയം തന്നെ അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരവും ഞങ്ങൾ നൽകും” ആംസ്റ്റർഡാം നഗരത്തിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു. 

യുവാക്കൾക്കായി നമ്മുടെ രാജ്യത്തും ഇതുപോലെയുള്ള നൂതനമായ പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ട്. രാജ്യത്തിൻ്റെ പുരോഗതിയിൽ യുവാക്കളുടെ സംഭാവന ചെറുതല്ല. അതുകൊണ്ട് തന്നെ രാജ്യത്തിൻ്റെ നല്ലൊരു ഭാവിക്കായി യുവാക്കളുടെ വിദ്യാഭ്യാസവും, ജോലിയും ഉറപ്പാക്കേണ്ടത് നമ്മുടെ സർക്കാരിൻ്റെ കടമയാണ്. 

Follow Us:
Download App:
  • android
  • ios