'രാജാവും ന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്‍മാര്‍ ദുരാഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നു'(മിക്കാ:7;3).

ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണ്ണന്‍ ഒരുപാട് അര്‍ത്ഥതലങ്ങളില്‍ മഹാഭാരതത്തിലെ കര്‍ണ്ണനെ അനുസ്മരിപ്പിക്കുന്നുണ്ട്. കുന്തീപുത്രനായി ജനിച്ചിട്ടും സ്വന്തം സഹോദരന്മാരായ പാണ്ഡവര്‍ക്കെതിരായി, കൗരവര്‍ നടത്തിയ അധര്‍മ്മ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തീരേണ്ടി വന്ന അത്രമേല്‍ ഹതഭാഗ്യകഥാപാത്രമാണ് കര്‍ണ്ണന്‍. അക്കാലത്തുള്ള ഏറ്റവും മികച്ച ധനുര്‍ധാരികളില്‍ ഒരാളായിരുന്ന കര്‍ണ്ണന്റെ സാമാര്‍ഥ്യം കണ്ടു കൊണ്ടാണ് ദുര്യോധനന്‍ പാണ്ഡവരോട് മത്സരിച്ചത്. കര്ണ്ണന് ജീവിതത്തിലുടനീളം അപമാനവും നീതിയില്ലായ്മയുമാണ് മറ്റുള്ളവരില്‍ നിന്ന് പ്രാപ്തമായത്.സൂതനായി വളരേണ്ടി വന്നതിന്റെ പേരില്‍ അര്‍ഹമായ വിദ്യകളും സ്ഥാനമാനങ്ങളും നിഷേധിക്കപ്പെട്ടു. അധര്‍മ്മിയായ ദുര്യോധനന്‍ എന്ന ദുഷ്‌കഥാപാത്രത്തോടുള്ള ബന്ധമാണ് കര്‍ണ്ണന്റെ ജീവിതത്തെ തെറ്റായ ദിശയിലേക്കു നയിച്ചതെന്ന് കാണുവാന്‍ സാധിക്കും. പെറ്റമ്മയായ കുന്തിയാല്‍ ഉപേക്ഷിക്കപ്പെട്ട കര്‍ണ്ണന്‍ കൗന്തേയനെങ്കിലും രാധേയനായി അറിയപ്പെട്ടു . 

ഇപ്പോള്‍ ജുഡീഷ്യറിയുടെ ഭാഗമായതും, വിരമിച്ചതുമായ 20 ഉന്നതകോടതി ന്യായാധിപര്‍ അഴിമതിക്കാരാണ് എന്ന് തുറന്നടിച്ചുകൊണ്ടുള്ള തുറന്ന കത്ത് ഇക്കഴിഞ്ഞ ജനുവരിമാസം പ്രധാനമന്ത്രിക്ക് നല്‍കിയതോടെയാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അത്രമേല്‍  അസാധാരണമായ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ജസ്റ്റിസ് കര്‍ണ്ണന്‍ ഹേതുവായത്. ഭാരതത്തിന്റെ ഉന്നത നീതിപീഠം വിശദീകരണം ചോദിച്ചുകൊണ്ട് കര്‍ണ്ണന് നോട്ടീസ് നല്‍കി . ഏഴംഗ ന്യായാധിപര്‍ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് കോടതിയലക്ഷ്യ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലേക്ക് വളിച്ചുവരുത്തിയത് കര്‍ണ്ണന്‍ നിഷേധത്തിന്റെ അസാധാരണത്വം കൊണ്ട് നേരിട്ടു. മനോനില പരിശോധിക്കാന്‍ സുപ്രീംകോടതി ഏര്‍പ്പാടാക്കിയ വൈദ്യസംഘം കര്‍ണ്ണന്റെ വീട്ടിലെ ആതിഥേയത്വം ആസ്വദിച്ചു സ്ഥലം വിട്ടു. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് വിദേശ യാത്രാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടും, അഞ്ചുവര്‍ഷ തടവും, പതിനായിരം രൂപ പിഴയും വിധിച്ചുകൊണ്ടും ജസ്റ്റിസ് കര്‍ണ്ണന്‍ തിരിച്ചടിച്ചു. കര്‍ണ്ണന് കോടതിയലക്ഷ്യക്കേസില്‍ ആറുമാസം കല്‍ത്തുറുങ്ക് വിധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതാണ് അസംബന്ധ നാടകത്തിലെ അവസാന രംഗം എത്തിനില്‍ക്കുന്നത്. കര്‍ണ്ണനെ ജയിലിലടച്ച് 'ജുഡീഷ്യറിയെ സംരക്ഷിക്കാന്‍' സര്‍ക്കാര്‍ അഭിഭാഷകന്‍ മുകുള്‍ റത്തോഗിയും, സുപ്രീംകോടതി അഭിഭാഷക അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. 

വേലിതന്നെ വിളവു തിന്നുന്നു
ജനാപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിക്ക് പവിത്രമായ സ്ഥാനമാണ് കല്‍പിച്ചിട്ടുള്ളത്. മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങുമ്പോഴും നീതിന്യായവ്യവസ്ഥയിലാണ് ജനങ്ങള്‍ അവസാന അത്താണി കണ്ടെത്തുന്നത്. എന്നാല്‍ വേലിതന്നെ വിളവു തിന്നുന്ന തലത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതായാണ് പല വെളിപ്പെടുത്തലുകളും ചൂണ്ടിക്കാട്ടുന്നത്. ജുഡീഷ്യറികൂടി അഴിമതിയില്‍ മുങ്ങിയാല്‍ ഭാരതത്തില്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് അധികകാലം വേണ്ടിവരില്ല.

രാജ്യത്തെ ജുഡീഷ്യറിയിലും അഴിമതി പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും ഇത് ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും വലിയ രോഗമാണെന്നും കര്‍ണ്ണനുപുറമേ  ചീഫ് ജസ്റ്റിസ് ആര്‍എം ലോധയും, ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജുവിനെപ്പോലുള്ള ന്യായാധിപരും മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയിലെ ചീഫ്ജസ്റ്റിസുമാരായിരുന്ന വൈ.കെ.സബര്‍ബാള്‍വരെയുള്ള 16 പേരില്‍ പകുതിയും അഴിമതിക്കാരായിരുന്നുവെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് രാജ്യവും നിയമവിദ്യാര്‍ത്ഥികളും രാഷ്ട്രീയ നിരീക്ഷകരും സാമൂഹ്യ ശാസ്ത്രജ്ഞരും ശ്രവിച്ചത് . 

കോടതിയലക്ഷ്യം (Contempt of Court) എന്നത് നീതിന്യായവ്യവസ്ഥ സുഗമമായി മുന്നോട്ടുപോകുന്നതിന് ഭരണഘടന നല്‍കിയ സംരക്ഷണം ആണ്. എന്നാല്‍ ഇതിന്റെ മറവില്‍ പലപ്പോഴും ജുഡീഷ്യറിയെ അഴിമതി ഗ്രസിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വയം വിമര്‍ശനങ്ങളും , തിരുത്തലുകളും നടത്തുവാന്‍ വൈമുഖ്യം കാണിക്കുന്ന ഇന്ത്യന്‍ ജുഡീഷ്യറിക്ക് കോടതിയലക്ഷ്യം സ്വയം പ്രതിരോധിക്കാനുള്ള  വിവേകരഹിതമായ ഒരു പരിച മാത്രമായി മാറുന്നുണ്ട് പലപ്പോഴും . ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളിലും , നിയമശാസ്ത്രത്തിലും കോടതിയലക്ഷ്യമെന്നത് കാലഹരണപ്പെട്ട ഒരു സങ്കല്പം പോലുമാകുന്നുണ്ടെന്നത് ജനാധിപത്യപരമായി നിയമശാസ്ത്രത്തെ ആധുനീകരിച്ച രാഷ്ട്രങ്ങളെ നോക്കിയാല്‍ മനസ്സിലാകും.   

ആരോപണങ്ങള്‍ ആദ്യമായല്ല
ജസ്റ്റിസ് സികെ പ്രസാദിനെതിരായ അഴിമതി ആരോപണത്തില്‍ (നെവി മുംബൈയിലെ ഭൂമികുംഭകോണക്കേസ്) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അഭിഭാഷകന്‍ ശാന്തി ഭൂഷണിന്റെ പരാതി തള്ളിയ ഉന്നത കോടതി, ഗൗരവമേറിയ വാദങ്ങള്‍പോലും തള്ളിക്കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ കേസ് തീര്‍പ്പാക്കി സ്വന്തം അംഗങ്ങള്‍ക്കിടയിലെ അഴിമതിയാരോപണത്തെ പരവതാനിക്കുള്ളില്‍ മൂടുകയാണ് ചെയ്തത് .  വാസ്തവത്തില്‍ ലളിതകുമാരി വേഴ്‌സസ് യുപി സര്‍ക്കാര്‍ കേസില്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അത്ഭുതകരമാം വിധം ലംഘിക്കുയാണ് ഉന്നതകോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള മുഴുവന്‍ പരാതികളിലും ചെയ്തത്.  ഇത്തരം കേസുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണെന്ന് സ്പഷ്ടമാക്കുന്നതായിരുന്നു (വിധിയിലെ ഖണ്ഡിക 111) ആ വിധി. ഏറ്റവുമൊടുവില്‍ ജസ്റ്റിസ് കര്‍ണ്ണന്റെ കാര്യത്തിലാകട്ടെ, ആരോപണം ഉന്നയിച്ചയാളുടെ (അതും ഒരു ഹൈക്കോടതി ജസ്റ്റിസ്) മനോനില പരിശോധിക്കാന്‍ ഉത്തരവിടുകയും , കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുകയുമാണ് ചെയ്തിരിക്കുന്നത് . ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മര്‍ലപലെ പറഞ്ഞത് ദുഷ്യന്ത് ദേവ് (DGP സെന്‍കുമാര്‍ കേസിന്റെ അഭിഭാഷകരില്‍ ഒരാള്‍ ) ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയ്ക്ക്  അയച്ച കത്തിലെ വിവരങ്ങള്‍ ശരിയാണെങ്കില്‍ നാണിച്ച് തലകുനിക്കുമെന്നായിരുന്നു. 

നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ടു വന്നവരിലേറെയും മുതിര്‍ന്ന ന്യായാധിപന്മാര്‍ തന്നെയാണ്. എന്നാല്‍ ഇതിന് പരിഹാരനിര്‍ദേശം മുന്നോട്ടുവെക്കാന്‍ ആരും തയ്യാറായിട്ടില്ലെന്നതാണ് രസകരം. 2015ല്‍ പഞ്ചാബ്  ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഹയര്‍ ജുഡീഷ്യറിയില്‍ 50 ശതമാനത്തത്തിലേറെ പേരും അഴിമതിക്കാരാണെന്നാണ് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ്‌കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞത്. സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസായ എസ്.എച്ച്. കപാഡിയയും പലവേള ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിരമിച്ച  ചീഫ് ജസ്റ്റിസ് ടി. എസ്. താക്കൂര്‍ ജുഡീഷ്യറിയില്‍ അഴിമതി വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

എന്തോ ചീഞ്ഞുനാറുന്നു
മാലിന്യമുള്ളിടത്താണ് ശുദ്ധീകരണം വേണ്ടത്. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നാണ് ഷേക്‌സ്പിയര്‍ ഹാംലറ്റ് നാടകത്തില്‍ പറഞ്ഞത്. മുന്‍പ് , അത് ഓര്‍മിപ്പിച്ച് അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ചൂണ്ടികാട്ടികൊണ്ട്   സുപ്രീംകോടതി തന്നെയായിരുന്നു . ജസ്‌റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ജ്ഞാന്‍സുധാ മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അലഹാബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാരുടെ സത്യസന്ധതയെ ചോദ്യംചെയ്യുക മാത്രമല്ല, ആ കോടതിയില്‍ ശുദ്ധീകരണ പ്രക്രിയ ആവശ്യമാണെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. സുന്നി വഖഫ്‌ബോര്‍ഡിന്റെ ബെഹ്‌റെയിച്ചിലെ കുറെ സ്ഥലം സര്‍ക്കസ് മേളയ്ക്കായി വിട്ടുകൊടുക്കണമെന്ന അലാഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജുഡീഷ്യറിയെ ബാധിച്ച ഗുരുതര രോഗത്തിലേക്ക് പരമോന്നത കോടതി വിരല്‍ചൂണ്ടിയത്. നീതിരഹിതമായ ഉത്തരവുകള്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉലയ്ക്കുമെന്ന് സുപ്രീംകോടതി ചുണ്ടിക്കാട്ടിയത് ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ് . 

ആ കേസ് പരിഗണിച്ച വേളയില്‍  അടിയന്തര ചികിത്സയാണ് നിര്‍ദേശിച്ചിരുന്നത് . ഹൈക്കോടതി ചീഫ് ജസ്‌റിസ് പ്രശ്‌നത്തില്‍ ഇടപെട്ട്, അനാശാസ്യ പ്രവണതകള്‍ തടയണം. എന്നിട്ടും നേരെയാവാത്തവര്‍ക്കെതിരെ കടുത്ത നടപടിവേണം എന്ന് കോടതി നിരീക്ഷിച്ചു . ജഡ്ജിമാരും അതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരും തമ്മിലുള്ള പരസ്പര ധാരണയെക്കുറിച്ചും 12 പേജ് ഉത്തരവില്‍ സുപ്രീംകോടതി കര്‍ക്കശമായ ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു . പരിചയക്കാരായ അഭിഭാഷകര്‍ വാദിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ അനുകൂല വിധി പറയുന്നതിന്റെ അപകടത്തെയും സുപ്രീംകോടതി ഗൌരവത്തോടെ കാണുന്നുവെന്നു  നിരീക്ഷിക്കുകയുണ്ടായി . ചില ജഡ്ജിമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒരേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അത്തരക്കാര്‍(ജഡ്ജിമാരുടെ മക്കളും മറ്റു ബന്ധുക്കളും) അതിവേഗം കോടീശ്വരന്മാരായി മാറുന്നു. വലിയ നിക്ഷേപങ്ങളും ബംഗ്‌ളാവുകളും സ്വന്തമാക്കി സുഖലോലുപ ജീവിതം നയിക്കുകയാണവര്‍ സുപ്രീംകോടതി തുറന്നടിച്ചു. എല്ലാവരും ഇത്തരക്കാരാണെന്ന അഭിപ്രായമില്ല. അല്ലാത്ത, മാന്യമായ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവരെ ഒഴിവാക്കിത്തന്നെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ വന്നത്. ഭൂതകാലത്ത്, നീതിന്യായ സംവിധാനത്തിലെ   പുഴുക്കുത്തുകള്‍ക്കെതിരെ  പരമോന്നത കോടതി തന്നെ സ്വയം വിമര്‍ശനങ്ങളും , തിരുത്തല്‍ പ്രക്രിയകളും കൈക്കൊണ്ടിരുന്നു എന്നതിന് മുകളിലെ സംഭവങ്ങള്‍  ഉദാത്ത ദൃഷ്ടാന്തങ്ങളാണ്.   

വിസ്മരിക്കപ്പെട്ട അടിസ്ഥാന തത്വം
ഈ വസ്തുതകള്‍ക്കൊക്കെ ഒരു മറുവശമുണ്ട്. അതായത് അത്യന്തം ജുഗുപ്‌സാവഹമായ രീതിയിലാണ് ജസ്റ്റിസ് കര്‍ണ്ണന്‍ ജുഡീഷ്യറിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നതാണ് . ഉന്നതസ്ഥാനത്തിരിക്കുന്ന അദ്ദേഹത്തെപ്പോലൊരാള്‍, ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും , സ്വയം സമാന്തര കോടതിയായി പ്രവര്‍ത്തിക്കുന്നത് പോലുള്ള അസാധാരണത്വങ്ങള്‍ ചെയ്യുമ്പോഴും വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളെ അവലംബിച്ചില്ല എന്നത് അദ്ദേഹത്തിന്റെ വാദങ്ങളുടെ ഉദ്ദേശശുദ്ധിയെ ദുര്ബ്ബലമാക്കുന്നുണ്ട്. സുപ്രീംകോടതി ജസ്റ്റിസ് കര്‍ണ്ണനെതിരെയും, കര്‍ണ്ണന്‍ സുപ്രീംകോടതി ന്യായാധിപര്‍ക്കെതിരെയും പുറപ്പെടുവിച്ചിട്ടുള്ള 'വിധികള്‍' അടിസ്ഥാന നിയമശാസ്ത്രതത്വങ്ങള്‍പോലും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് എന്നത് ഞെട്ടിക്കുന്നതാണ്.  

ഒടുവില്‍  ജസ്റ്റിസ് കര്‍ണ്ണനെ കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവിന് ശിക്ഷിച്ചിരിക്കുന്നു . ലാറ്റിന്‍ ഭാഷയിലുള്ള Audi alteram partem എന്ന നിയമസംജ്ഞയുടെ ആംഗലേയ അര്‍ത്ഥം 'listen to the other side' എന്നതാണ് . എന്നുവച്ചാല്‍ ഓരോരുത്തര്‍ക്കും പറയുവാനുള്ള അവസരം നല്‍കുകയും , മതിയായ വിചാരണക്ക് അവസരം നല്‍കുകയും ചെയ്യുക എന്നതാണ് ലളിതാര്‍ത്ഥം. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കര്‍ണ്ണന്റെ കാര്യത്തില്‍ നിയമശാസ്ത്രത്തിലെ ഈ അടിസ്ഥാന തത്വം വിസ്മരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ആത്യന്തികമായി പ്രസ്താവ്യമായ വസ്തുത . ജുഡീഷ്യറിയിലുമുണ്ടെന്നു അദ്ദേഹം ആരോപിക്കുന്ന ജാതിവ്യവസ്ഥയും , അഴിമതിയും , മറ്റു ഗുരുതരമായ ആരോപണങ്ങളും കോടതികളില്‍ പൌരനുള്ള വിശ്വാസത്തില്‍ അത്രമേല്‍ അപകടകരമായ പരിക്കുകള്‍ ഏല്‍പ്പിക്കുന്നുണ്ട്.

നിയമസംരക്ഷകരെന്നതിലുപരി, ജനാധിപത്യം നിഷ്‌കര്‍ഷിക്കുന്ന അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോള്‍ തിരുത്തല്‍ശക്തിയും സമൂഹത്തിന്റെ കാവലാളുമായി വര്‍ത്തിക്കേണ്ട ജുഡീഷ്യറി അഴിമതിരഹിതമാണെന്ന മിഥ്യാധാരണയൊന്നും പൊതുവിലില്ല. എങ്കിലും താരതമ്യേന അഴിമതി കുറഞ്ഞ സംവിധാനമെന്ന വിശ്വാസം ഇനിയും കൈമോശം വന്നിട്ടുമില്ല. നിയമനിര്‍മ്മാതാക്കളേയും അത് നടപ്പാക്കുന്ന ഉദ്യോഗസ്ഥസംവിധാനത്തേക്കാളുമുപരി പൊതുജനം ഇപ്പോഴും വിശ്വാസം അര്‍പ്പിക്കുന്നതും പ്രതീക്ഷയോടെ കാണുന്നതും ജുഡീഷ്യറിയെയാണ്. ഇതിനേല്‍ക്കുന്ന ഓരോ പുഴുക്കുത്തും സാധാരണക്കാരനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ വിവിധ മേഖലകളെ ബാധിച്ച ജീര്‍ണത സ്വാഭാവികമായും ജുഡീഷ്യറിയേയും ബാധിച്ചിരിക്കാമെന്ന ന്യായീകരണത്തിന് പ്രസക്തിയുണ്ട്. അപകടകരമായ തലത്തിലേക്ക് ഇത് വളരും മുമ്പെ പരിഹാര മാര്‍ഗ്ഗങ്ങള്‍ നേടേണ്ടതുണ്ട്. ജുഡീഷ്യറിയുടെ ഉയര്‍ന്ന തലങ്ങളില്‍ നിന്നു തന്നെയാണ് ഇതിനുള്ള തുടക്കം ഉണ്ടാവേണ്ടത് എന്ന് മാത്രമല്ല ; കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്ന പാര്‍ലമെന്റ് അടക്കമുള്ള ലെജിസ്ലേച്ചര്‍ വിഭാഗവും ഉറക്കം നടിക്കുന്നത് അവസാനിപ്പിക്കുവാന്‍ സമയമായിരിക്കുന്നു . ജുഡീഷ്യറിയുടെ പുഴുക്കുത്തുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലെജിസ്ലേറ്റീവ് ആക്ടിവിസം കാലം ആവശ്യപ്പെടുന്നുണ്ട് ഇന്ത്യയുടെ ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍!