സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു സിസിടിവി ദൃശ്യത്തിൽ, ഒരു സ്ത്രീ തൻ്റെ പിഞ്ചുകുഞ്ഞിനെ നടുറോഡിൽ ഉപേക്ഷിച്ച് പോകുന്നതായി കാണാം. ഈ വീഡിയോ വലിയ പ്രതിഷേധത്തിന് കാരണമാവുകയും, ഒരു അമ്മയ്ക്ക് എങ്ങനെ ഇത്ര ക്രൂരമായി പെരുമാറാൻ കഴിയുമെന്ന് പലരും ചോദിക്കുകയും ചെയ്തു.
കുട്ടികളുടെ കാര്യത്തിൽ അച്ഛന്മാരെക്കാൾ അമ്മമാരാണ് കൂടുതൽ സംരക്ഷണം നല്‍കുന്നതെന്നാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ആ ധാരണയെ തകിടം മറിക്കുന്നു. മോപ്പഡ് പോലൊരു വാഹനത്തിൽ രണ്ട് കുട്ടികളുമായെത്തിയ ഒരു സ്ത്രീ കൊച്ച് കുഞ്ഞിനെ നടുറോഡിൽ ഉപേക്ഷിച്ച് തിരിഞ്ഞ് പോലും നോക്കാതെ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ. വീഡിയോ വലിയ തോതിലുള്ള പ്രതിഷേധം വിളിച്ച് വരുത്തി.
സിസിടിവി ദൃശ്യം
ഏതോ കിഴക്കനേഷ്യൻ രാജ്യത്ത് നിന്നുള്ള വീഡിയോയാണെന്ന സംശയം സിസിടിവി ദൃശ്യം കാണുമ്പോൾ തോന്നാമെങ്കിലും എവിടെ നിന്ന് എപ്പോഴത്തെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് വ്യക്തമല്ല. നിരന്തരം ബൈക്കുകൾ പോകുന്ന ഒരു ചെറിയ റോഡിലൂടെ പിന്നീൽ മൂത്ത കുട്ടിയുമായി മോപ്പഡ് പോലൊരു വാഹനത്തിൽ ഒരു സ്ത്രീ വരുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം.
പിന്നാലെ ഇവർ റോഡിന് നടുവിൽ വാഹനം നിർത്തുകയും ഒരു കൊച്ച് കുഞ്ഞിനെ റോഡിന് നടുവിൽ ഇറക്കി നിർത്തി തിരിഞ്ഞ് പോലും നോക്കാതെ വാഹനവുമായി കടന്ന് കളയുകയും ചെയ്യുന്നു. ഈ സമയം അതുവഴി പോയ മറ്റൊരു സ്ത്രീ സംഭവം കണ്ട് വാഹനം നിർത്തുമ്പോൾ കൊച്ച് കുഞ്ഞ് മുട്ടിലിഴഞ്ഞ് ആ സ്ത്രീയുടെ അടുത്തേക്ക് വരുന്നതും ഈ സമയം റോഡിലുണ്ടായിരുന്നവരും കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
വ്യാപകമായ പരാതി
വീഡിയോ വൈറലായതിന് പിന്നാലെ വ്യാപക പരാതിയാണ് ഉയർന്നത്. ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിക്കാൻ എങ്ങനെ കഴിയും? ഇത് വെറും അവഗണനയല്ല, ക്രൂരതയാണ്. സാഹചര്യങ്ങൾ എന്ത് തന്നെയായാലും, സഹായം തേടാൻ സുരക്ഷിതവും മനുഷ്യത്വപരവുമായ മാർഗങ്ങളുണ്ട്. ഇത് ഒരിക്കലും "സാധാരണ" ഒന്നായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ നമുക്ക് ശക്തമായ അവബോധവും മറ്റ് സംവിധാനങ്ങളും ആവശ്യമാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. നിരവധി പേർ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് ചോദിച്ചു. മറ്റ് ചിലര്‍ അത് ആ സ്ത്രീയുടെ കുട്ടിയായിരിക്കില്ലെന്നാണ് കുറിച്ചത്.


