Asianet News MalayalamAsianet News Malayalam

ക്രാക്കത്തോവയിലെ 'കുപിതബാല'ന്റെ ഗർജ്ജനങ്ങൾ...

ഉത്ഭവകാലം മുതൽക്കുതന്നെ അനക് ക്രാക്കത്തോവ എന്നും ഒരു അർദ്ധസുപ്താവസ്ഥയിലായിരുന്നു. എപ്പോൾ വേണമെങ്കിലും സജീവമാവാം എന്ന അവസ്ഥയിൽ. ഇതിനുമുമ്പും പലവട്ടം അത് പൊട്ടിത്തെറിച്ചിട്ടുണ്ട്. ഓരോ വട്ടം പൊട്ടിത്തെറിച്ച് ലാവ വെളിയിൽ വരുമ്പോഴും അതിന്റെ തലയെടുപ്പ് കൂടിക്കൊണ്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ദ്വീപിൽ ആരും തന്നെ താമസമില്ലെങ്കിലും ടൂറിസ്റ്റുകളുടെയും വോൾകാനോളജി ഗവേഷകരുടെയും പ്രിയസങ്കേതമാണ് അനക് ക്രാക്കത്തോവ. 
 

angry angry child of Krakatoa
Author
Thiruvananthapuram, First Published Dec 24, 2018, 12:54 PM IST

ഇക്കഴിഞ്ഞ ദിവസം ഇന്തൊനീഷ്യയിലെ സുണ്ടാ സ്ട്രെയിറ്റ് തീരദേശമേഖലയിൽ  281  പേരുടെ ജീവനെടുത്ത് സർവനാശം വിതച്ച സുനാമിക്ക് കാരണമായത്  'അനക് ക്രാക്കത്തോവ ' എന്ന് തദ്ദേശീയർ വിളിക്കുന്ന അഗ്നിപർവ്വതത്തിലുണ്ടായ വിസ്ഫോടനങ്ങളിലൊന്നാണ്. ദക്ഷിണ പൂർവ ഏഷ്യയിലെ ഒരു ദ്വീപസമൂഹമാണ് ഇന്തൊനീഷ്യ. ദ്വീപൊന്നിന് ഒരു അഗ്നിപർവതം വെച്ചുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഭാഷകളുമുള്ള നൂറുകണക്കിന് സംസ്കാരങ്ങൾ ഇഴചേർന്നു ജീവിക്കുന്ന ഒരു നാടാണ് ഇന്തൊനീഷ്യ. കൊമോഡോ ഡ്രാഗണുകൾക്കും, കാട്ടാനകളും കടുവകളും ഒറാങ്ങ് ഉട്ടാനുകളും  വിഹരിക്കുന്ന നിത്യഹരിത വനങ്ങൾക്കുമെല്ലാം പ്രസിദ്ധമാണ് ഈ നാട്. സാമാന്യം വിസ്തൃതി കൂടുതലുള്ള ജാവ എന്ന ദ്വീപിലാണ് ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്താ നഗരം സ്ഥിതി ചെയ്യുന്നത്. 

പതിമൂവായിരം ദ്വീപുകളടങ്ങിയ ഒരു ദ്വീപസമൂഹമാണ് (archipelago) ഇന്തൊനീഷ്യ. ആകെ 147 അഗ്നിപർവ്വതങ്ങൾ ഇന്തൊനീഷ്യയിൽ ഉണ്ടെന്നാണ് കണക്ക്. അതിൽ സജീവമായ 126 അഗ്നിപർവതങ്ങൾ ജാവ, ക്രാക്കത്തോവ, സുണ്ട , സുമാത്ര, സെലിബസ് ദ്വീപുകളിലായി സ്ഥിതിചെയ്യുന്നു. ഭൂകമ്പങ്ങൾ കണികണ്ടുണരുന്ന ജപ്പാൻ മുതൽ പസഫിക്ക് ബേസിൻ വരെ നീളുന്ന  'പസഫിക്കിലെ അഗ്നിവളയ' ( Pacific Ring of Fire )ത്തിനുള്ളിലാണ് ഇന്തോനീഷ്യയും.  1928 -ലാണ് ക്രാക്കത്തോവ ദ്വീപിനടുത്തതായി ഒരു പുതിയ അഗ്നിപർവതം പൊട്ടിപ്പുറപ്പെടുന്നത്. സമുദ്രോപരിതലത്തിലേക്ക് കുതിച്ചുയർന്നുവന്ന ലാവ തണുത്തുറഞ്ഞ് പുതിയൊരു ദ്വീപുതന്നെ രൂപമെടുത്തു. അവിടത്തെ ജനങ്ങൾ അതിനെ 'അനക്' ക്രാക്കത്തോവ എന്നുവിളിച്ചു. ബഹാസയിൽ 'അനക്' എന്ന പദത്തിനർത്ഥം 'കുഞ്ഞ്' എന്നാണ്. അനക് ക്രാക്കത്തോവ എന്നുവെച്ചാൽ ക്രാക്കത്തോവയുടെ കുഞ്ഞ്. കോൺ ആകൃതിയിൽ ഒരു അഗ്നിപർവത ദ്വീപായി നിലകൊളളുന്ന അനക് ക്രാക്കത്തോവയ്ക്ക് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 300 മീറ്ററോളം ഉയരമുണ്ട്. 

ഉത്ഭവകാലം മുതൽക്കുതന്നെ അനക് ക്രാക്കത്തോവ എന്നും ഒരു അർദ്ധസുപ്താവസ്ഥയിലായിരുന്നു. എപ്പോൾ വേണമെങ്കിലും സജീവമാവാം എന്ന അവസ്ഥയിൽ. ഇതിനുമുമ്പും പലവട്ടം അത് പൊട്ടിത്തെറിച്ചിട്ടുണ്ട്. ഓരോ വട്ടം പൊട്ടിത്തെറിച്ച് ലാവ വെളിയിൽ വരുമ്പോഴും അതിന്റെ തലയെടുപ്പ് കൂടിക്കൊണ്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ദ്വീപിൽ ആരും തന്നെ താമസമില്ലെങ്കിലും ടൂറിസ്റ്റുകളുടെയും വോൾകാനോളജി ഗവേഷകരുടെയും പ്രിയസങ്കേതമാണ് അനക് ക്രാക്കത്തോവ. 

1883 -ൽ അനക്കിന്റെ മാതൃദ്വീപായ ക്രാക്കത്തോവ ഉത്ഭവിച്ച അഗ്നിപർവത വിസ്ഫോടനം,ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്ര ശക്തമായ ഒരു സംഭവമായിരുന്നു. അന്ന് 20  കിലോമീറ്ററോളം ഉയരത്തിൽ ചാമ്പലും ലാവയും മറ്റും കുതിച്ചുപൊങ്ങി. ഓസ്‌ട്രേലിയയിലും, 4500  കിലോമീറ്റർ അകലെയുള്ള മൗറീഷ്യസ് ദ്വീപുകളിൽ വരെയും കേട്ട സ്ഫോടനങ്ങളുടെ ഒരു പരമ്പര തന്നെ അന്നുണ്ടായി. ചക്രവാളങ്ങളിൽ നിറഞ്ഞുനിന്ന ചാമ്പൽ  ലോകത്തിന്റെ പലഭാഗങ്ങളിളെയും ഉദയാസ്തമയങ്ങളിൽ നിറങ്ങൾ ചാലിച്ചു. പലയിടങ്ങളിലെയും കാലാവസ്ഥാക്രമങ്ങളെത്തന്നെ മാറ്റിമറിച്ചു. അന്ന് കടലിനടിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട സുനാമി 36,000 പേരുടെ ജീവനെടുത്ത ലോകത്തിലെ ഏറ്റവും ഭീതിദമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു. മൂന്ന് കോണ്ടിനെന്റൽ പ്ളേറ്റുകളുടെ സംഗമസ്ഥാനവുമായി ഇന്തോനേഷ്യയ്ക്കുള്ള ഭൂമിശാസ്ത്രപരമായ അടുപ്പമാണ്  അതിനെ ഇത്തരത്തിൽ ഭൂകമ്പങ്ങളുടെയും അഗ്നിപർവതവിസ്ഫോടനങ്ങളുടെയും  തത്‌ഫലമായുണ്ടാവുന്ന സുനാമികളുടേയുമൊക്കെ പ്രഭവകേന്ദ്രമാക്കി മാറ്റുന്നത്. 

കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ  ഇന്തോനീഷ്യയിലുണ്ടായിട്ടുള്ള  പ്രധാന സുനാമികൾ  : 

2004: സുമാത്രാ ദ്വീപിൽ റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിൽ പൊട്ടിപ്പുറപ്പെട്ട സുനാമി അന്ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിലുളള പതിനാലു രാജ്യങ്ങളിലായി  2,26,000  പേരുടെ ജീവനെടുത്തു. 

2005: സുമത്രയിൽ തന്നെ ഏപ്രിൽ മാസത്തിലുണ്ടായ സുനാമിയിൽ നിയാസ് ദ്വീപിലെ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. 

2006:: ജാവാ ദ്വീപിലുണ്ടായ റിക്ടർ സ്കെയിലിൽ 6.8  രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമിയിൽ  ഏകദേശം 700  പേരോളം കൊല്ലപ്പെട്ടു. 

2009:  സുമാത്രയിലെ പടാങ്ങ്‌  പട്ടണത്തിലുണ്ടായ  റിക്ടർ സ്കെയിലിൽ7.6  രേഖപ്പെടുത്തപ്പെട്ട ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമിയിൽ ഏകദേശം 1100 പേർ കൊല്ലപ്പെട്ടു. 

2010: സുമാത്രയിലെ തന്നെ മെന്റാവായ്‌ പട്ടണത്തിലുണ്ടായ  റിക്ടർ സ്കെയിലിൽ  7.5 രേഖപ്പെടുത്തപ്പെട്ട ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമിയിൽ ഏകദേശം 300 പേർ കൊല്ലപ്പെട്ടു.  

2018: ലോമ്പോക്കിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ അഞ്ഞൂറുപേർ കൊല്ലപ്പെട്ടു. 

2018:  സെപ്റ്റംബറിൽ സുലാവേസിയിൽ  ഉണ്ടായ സുനാമിയിൽ  ഏകദേശം 2000  പേർ കൊല്ലപ്പെട്ടു.


 

Follow Us:
Download App:
  • android
  • ios