തിരിച്ച് പ്രതികരിക്കാൻ സാധിക്കില്ല എന്നതുകൊണ്ട് തന്നെ മൃഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ദിവസവും അനേകായിരം മൃഗങ്ങളാണ് ഇങ്ങനെ മനുഷ്യൻ്റെ  ക്രൂരതകൾക്ക് ഇരയാകേണ്ടിവരുന്നത്. അവരെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടവർ തന്നെ അവരെ നിഷ്കരുണം പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്യുന്നു. ലോകത്തെല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. 

പുതുമയുടെ പേരിൽ ചൈനയിലെ ബെയ്‍ജിംഗില്‍ അത്തരമൊരു ക്രൂരത പരസ്യമായി നടന്നു. അവിടെ കടകളിൽ കടലാമ, മത്സ്യം എന്നിവയെ ജീവനോടെ പിടിച്ച് ചെറിയ പ്ലാസ്റ്റിക് ബാഗുകൾക്കുള്ളിൽ നിറച്ച് കീച്ചെയിനുകളായി വിൽക്കപ്പെടുന്നു. പല നിറങ്ങളുള്ള വെള്ളത്തിലാണ് ഇവയെ നിക്ഷേപിക്കുന്നത്. അവയോടൊപ്പം കൂടുതൽ ആകർഷണീയത തോന്നാൻ മുത്തുകളും, അലങ്കാര വസ്തുക്കളും അതിൽ നിക്ഷേപിക്കുന്നു. അവിടത്തെ ഈ മനുഷ്യത്വരഹിതമായ പ്രവണത പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെയും, ധാതുക്കളുടെയും ഓക്സീകരണം മൂലം മൃഗങ്ങൾക്ക് അതിജീവിക്കാൻ കഴിയുമെന്ന് കടയുടമകൾ അവകാശപ്പെടുമ്പോഴും, സത്യം പക്ഷേ അതല്ല. ഒന്ന് അനങ്ങാൻ കൂടി കഴിയാത്ത അത്തരം പ്ലാസ്റ്റിക് കൂടുകളിൽ കിടന്ന് അവ കുറച്ചു ദിവസം കഴിയുമ്പോൾ ചാവുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഈ മൃഗ കീച്ചെയിനുകളുടെ വില 1.50 ഡോളറാണ് (110 രൂപയില്‍ താഴെ) രൂപ. അതായത് ഒരു ബർഗറിനേക്കാൾ കുറവാണ് അവയുടെ ജീവൻ്റെ വില. ഷാങ്ഹായ് പോലുള്ള മിക്ക ചൈനീസ് നഗരങ്ങളുടെയും ട്രെയിൻ സ്റ്റേഷനുകൾക്ക് പുറത്ത് ഇത് വിൽക്കപ്പെടുന്നുണ്ട്. സ്റ്റഫ് ചെയ്ത മൃഗങ്ങളിൽ ഭൂരിഭാഗവും ഉഭയജീവികളാണ്, അതിനാൽ അവ വെള്ളത്തിൽ കഴിയുന്നത്ര സമയം ഭൂമിയിലും കഴിയേണ്ടത് അത്യാവശ്യമാണ്. വെള്ളത്തിൽ കിടക്കുന്ന മൃഗങ്ങൾക്ക് അതിജീവിക്കണമെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവയെ കൂടുകളിൽ നിന്ന് പുറത്തെടുക്കണം. പക്ഷേ, എത്രപേർ ചെയ്യുമത്. മിക്കവയും ഭക്ഷണവും, വായുവും ഇല്ലാതെ പതിയെ വെപ്രാളപ്പെട്ട് മരിക്കുന്നു. ഇത് മൃഗങ്ങളോട് കാണിക്കുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണെന്നാണ് മൃഗസംരക്ഷണ ഗ്രൂപ്പുകൾ വാദിക്കുന്നത്.

ഈ മനുഷ്യത്വരഹിതമായ ക്രൂരത തടയാൻ നിരവധി നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെതിരെ കാര്യമായ നടപടികൾ ഒന്നും ഭരണകൂടം സ്വീകരിച്ചിട്ടില്ല. ഇപ്പോഴും എല്ലായിടത്തും ഈ മൃഗ കീച്ചെയിനുകൾ വിൽക്കപ്പെടുന്നുവെന്നാണ് അറിയാനാവുന്നത്. ഇത് ഏറ്റവും കൂടുതൽ കൗമാരക്കാർക്കിടയിലാണ് തരംഗമാകുന്നത്. ഇവയുടെ ശ്വസനം ഇവയെ എങ്ങനെ കൊല്ലുമെന്ന് യൂണിവേഴ്സിറ്റി മലേഷ്യയിലെ ഡോ. സാം വാൾട്ടൺ പറയുന്നു. പ്ലാസ്റ്റിക്കിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടെങ്കിലും, മൃഗങ്ങൾ മരിക്കുന്നത് അതിനകത്തുള്ള അമോണിയ മൂലമാണ് എന്നദ്ദേഹം പറഞ്ഞു. താപനിലയിലെ വ്യതിയാനങ്ങൾ ജലജീവികളെ പെട്ടെന്നു ബാധിക്കുന്നു. അതായത് ഇതുപോലുള്ള ഒരു ബാഗിലിരിക്കുന്നത് ഒരുപക്ഷേ അവർക്ക് ഒരു ഹരിതഗൃഹത്തിൽ ആയിരിക്കുന്നതു പോലെയാണ്. അതിനുള്ളിൽ കിടന്ന് അവ പട്ടിണി മൂലമോ, ശ്വാസംമുട്ടിയോ ചാകുന്നു. 

 

ഈ ക്രൂരവുമായ സമ്പ്രദായം നിരോധിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാൽ, വസ്തുക്കളെപ്പോലെ ജീവിച്ചിരിക്കുന്ന മൃഗങ്ങളെ ഇങ്ങനെ പ്ലാസ്റ്റിക് കൂടുകളിൽ ഇടുന്നത് അവയ്ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ദിവസങ്ങളുടെ കഷ്ടപ്പാടുകൾക്കൊടുവിൽ അവ ശ്വാസം കിട്ടാതെ ചാവുന്നു. മനുഷ്യരുടെ സ്വാർത്ഥതാല്പര്യത്തിനും, ക്രൂര വിനോദത്തിനുമായി ചെയ്യുന്ന ഈ പ്രവൃത്തി, പാവം മിണ്ടാപ്രാണികളെയാണ് ദുരിതത്തിലാഴ്ത്തുന്നത്.