അനൂപിന്റെയും നിഷയുടെയും അസാധാരണ പ്രണയത്തെക്കുറിച്ചുള്ള കുറിപ്പ് ഇതാണ്: 
ഇങ്ങനെയൊരു വിവാഹ വാര്‍ഷികം ഒരു മലയാളിയും ആഘോഷിച്ചിട്ടുണ്ടാവില്ല

അടരുവാന്‍ വയ്യ നിന്‍
ഹൃദയത്തില്‍നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും 
ഉരുകി നിന്നാത്മാവിനാ-
ഴങ്ങളില്‍ വീണു
പൊഴിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം
നിന്നിലലിയുന്നതേ നിത്യ സത്യം

മധുസൂദനന്‍ നായര്‍

കത്തുകളുടെ ഒരു പ്രണയകാലം ഉണ്ടായിരുന്നു, ഞങ്ങള്‍ക്ക്. കത്തുകളുടെ ആ വസന്ത കാലത്തെ പറ്റി ഓര്‍ക്കുമ്പോള്‍ തപാല്‍ സ്റ്റാമ്പിന്റെ ഗന്ധവും , കാത്തിരിപ്പിന്റെ സുഖവും ഒക്കെ മനസ്സില്‍ ഓടി എത്തും. കൈയക്ഷരത്തിലെ കുഞ്ഞു മാറ്റങ്ങള്‍ കണ്ടാല്‍ പ്രണയവും, വിരഹവും, നന്മയും എല്ലാം നമുക്ക് മനസ്സിലാകും. 

സ്വന്തം കൈപ്പടയില്‍ എഴുതുന്നതു കൊണ്ട് അവള്‍ എന്നോട് നേരിട്ടു വന്നു സംസാരിക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്ത, എന്തിന് ഒരു ഫോടോ പോലും കണ്ടിട്ടില്ലാത്ത അവളുടെ മുഖം ആ കത്തുകളില്‍ തെളിഞ്ഞു വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . അവള്‍ക്കും അങ്ങനെ തന്നെ തോന്നി . അതുകൊണ്ടു പരസ്പരം കാണണമെന്നോ ഫോട്ടോ കൈമാറണമെന്നോ ഞങ്ങള്‍ക്ക് തോന്നിയില്ല. 

കത്തുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. പോസ്റ്റ്മാന്റെ കാലൊച്ച കാത്ത് വഴിയില്‍ മണിക്കൂറുകളോളം നിന്നിട്ടുണ്ട്. നേരിട്ടു കാണാതെ , ഒരു ഫോട്ടോ പോലും കാണാതെ ഒരാളെ എങ്ങനെ പ്രണയിക്കും എന്നു ചിലര്‍ ചോദിച്ചിട്ടുണ്ട് .

എന്നാല്‍ അക്ഷരങ്ങള്‍ കുറുകുന്ന കത്തുകളാല്‍ ഞാനും നീയും ഇല്ലാതാകുന്ന പ്രണയാനുഭവം പുതു തലമുറക്കുണ്ടോ? ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും പ്രണയിക്കുന്നവരുടെ ഹൃദയത്തിന്റെ ഭാഗത്ത് യന്ത്രങ്ങള്‍ ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ടെക്‌നോളജിയുടെ വെള്ള പാച്ചിലില്‍ നമ്മള്‍ പ്രണയിക്കാന്‍ മറന്നു പോവുകയല്ലേ ചെയ്യുന്നത്. 

ലോകത്തില്‍ എഴുതിയിട്ടുള്ള അക്ഷരങ്ങളില്‍ പകുതിയും പ്രണയത്തെ കുറിച്ചായിട്ടും പ്രണയത്തെ നിര്‍വചിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അറിയാത്ത കഥകള്‍ എല്ലാം കേട്ടുകഥകള്‍ എന്നു നിങ്ങള്‍ക്ക് തോന്നിയേക്കാം. 

എന്നാല്‍ അക്ഷരങ്ങള്‍ കുറുകുന്ന കത്തുകളാല്‍ ഞാനും നീയും ഇല്ലാതാകുന്ന പ്രണയാനുഭവം പുതു തലമുറക്കുണ്ടോ? ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും പ്രണയിക്കുന്നവരുടെ ഹൃദയത്തിന്റെ ഭാഗത്ത് യന്ത്രങ്ങള്‍ ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ടെക്‌നോളജിയുടെ വെള്ള പാച്ചിലില്‍ നമ്മള്‍ പ്രണയിക്കാന്‍ മറന്നു പോവുകയല്ലേ ചെയ്യുന്നത്. 


ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ
കരളല്ലെ നീ എന്റെ ജീവനല്ലേ

എന്ന തീവ്രമായ പ്രണയം കുറിക്കുന്ന വരികള്‍ എഴുതാന്‍ കഴിയാത്തത് പുതു തലമുറയുടെ ഹൃദയത്തിന്റെ ഭാഗത്ത് യന്ത്രങ്ങള്‍ ആയത് കൊണ്ടാണെന്ന് തോന്നുന്നു.

ടെക്‌നോളജിയുടെ വെള്ള പാച്ചിലില്‍ പഴമയുടെ നന്മകള്‍ നമ്മള്‍ മറക്കരുത്. നിങ്ങള്‍ അമ്മയ്‌ക്കോ അച്ഛനോ സുഹൃത്തിനോ പ്രണയിക്കുന്ന ആളിനോ ഒരു കത്ത് എഴുതി തപാല്‍ മാര്‍ഗം അയക്കൂ. നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനം അതായിരിക്കും.

(ഈ കുറിപ്പിനോടുള്ള വായനക്കാരുടെ മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പ്രതികരണങ്ങള്‍ webteam@asianetnews.inഎന്ന വിലാസത്തില്‍ അയക്കുക. സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതണം)