'' കുടിവെള്ളം പോലും നിഷേധിച്ചു. ദിവസേനയെന്നോണം തല്ലിച്ചതച്ചു. അത് വളരെ വേദന നിറഞ്ഞ അനുഭവമാണ്. പതിനേഴ് വര്‍ഷം എന്‍റെ സ്വത്വം വെളിപ്പെടുത്താതെ എനിക്ക് ജീവിക്കേണ്ടി വന്നു. '' ജാഫര്‍ പറയുന്നു. 


ദില്ലി: ആര്‍ട്ടിക്കിള്‍ 377 എടുത്തു കളഞ്ഞിരിക്കുന്നു. വിധി പറയുമ്പോള്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്, ഇത്രയും കാലം സ്വവര്‍ഗാനുരാഗികളോട് ചെയ്ത തെറ്റുകള്‍ക്ക് ചരിത്രം മാപ്പ് പറയണമെന്നാണ്. 

സ്വവര്‍ഗാനുരാഗിയായ ആരിഫ് ജാഫറിനോടും നാം മാപ്പ് പറയണം. സ്വത്വം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്, താനടങ്ങുന്ന സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് ജയിലില്‍ കിടക്കേണ്ടി വന്ന ആളാണ് അദ്ദേഹം. 

''കുടിവെള്ളം പോലും നിഷേധിച്ചു. ദിവസേനയെന്നോണം തല്ലിച്ചതച്ചു. അത് വളരെ വേദന നിറഞ്ഞ അനുഭവമാണ്. പതിനേഴ് വര്‍ഷം എന്‍റെ സ്വതം വെളിപ്പെടുത്താതെ എനിക്ക് ജീവിക്കേണ്ടി വന്നു.'' ജാഫര്‍ പറയുന്നു. 

ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചവരില്‍ ഒരാളാണ് ജാഫര്‍. ലക്നൌ കേന്ദ്രീകരിച്ചുള്ള എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുകളില്‍ ഒരാളാണ് അദ്ദേഹം. എല്‍.ജി.ബി.ടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബറോസ ട്രസ്റ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ജാഫറും സുഹൃത്തുക്കളും. എല്‍ ജി ബി ടി സമൂഹത്തിനാവശ്യമായ അറിവ് നല്‍കുക, കൌണ്‍സലിങ് നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു ട്രസ്റ്റ് നടത്തിയിരുന്നത്. ആര്‍ട്ടിക്കിള്‍ 377 ന് കീഴില്‍ ജാഫര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 2001 ജൂലൈ എട്ടിനാണ്. അറസ്റ്റ് ചെയ്ത ശേഷം പൊതുസ്ഥലത്തിട്ട് അവരെ തല്ലിച്ചതക്കുകയും ചെയ്തു പൊലീസ്. 

'ട്രസ്റ്റ് ഓഫീസ്, പൊലീസ് റെയ്ഡ് ചെയ്തു. സ്വതം, ലൈംഗികത, സുരക്ഷിതമായ ലൈംഗിക ബന്ധം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, ഗര്‍ഭ നിരോധന ഉറകളുടെ പാക്കറ്റുകള്‍ തുടങ്ങിയവയെല്ലാം തെളിവുകളാക്കി. വൈകുന്നേരത്തോടു കൂടി ഇന്ത്യന്‍ ടെലിവിഷനുകളെല്ലാം 'ഗേ സെക്സ് റാക്കറ്റ്' അറസ്റ്റില്‍ എന്ന തരത്തില്‍ വാര്‍ത്ത കൊടുത്തു തുടങ്ങി. പിന്നെയുള്ള ചര്‍ച്ച, ഇന്ത്യയിലെ പുരുഷന്മാരെ ഗേ ആക്കുന്നതിനായി ഞാന്‍ പാകിസ്ഥാനില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നു എന്ന തരത്തിലായിരുന്നു.' വര്‍ഷങ്ങള്‍ക്ക് ശേഷത്തെ നിശബ്ദതയ്ക്ക് ശേഷം ജാഫര്‍ എഴുതുന്നു. 

47 ദിവസം ജാഫര്‍ ജയിലില്‍ കിടന്നു. ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും അതെല്ലാം തള്ളിപ്പോയി. സ്വത്വത്തിന്‍റെ പേരില്‍ മാത്രം പൊലീസ് ഓഫീസര്‍മാര്‍ തങ്ങളോട് വളരെയധികം ക്രൂരത കാണിച്ചുവെന്ന് ജാഫര്‍ പറയുന്നു. 2017 ഏപ്രിലിലാണ് ജാഫര്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കുന്നത്. 

ആര്‍ട്ടിക്കിള്‍ 377 എടുത്തുമാറ്റുമ്പോള്‍, പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും തന്‍റെ സഹപ്രവര്‍ത്തകരും അനുഭവിച്ച ദുരിതങ്ങളാണ് ജാഫര്‍ ഓര്‍ത്തുപോകുന്നത്. നൂറ്റാണ്ടായി എല്‍ ജി ബി ടി സമൂഹം അനുഭവിച്ചതിന് ചരിത്രം മാപ്പ് പറയണമെന്ന് ഇന്ദു മല്‍ഹോത്ര പറഞ്ഞത് അതിനാല്‍ തന്നെ അവരെ സംബന്ധിച്ച് വളരെ അധികം പ്രാധാന്യമുള്ളതാണ്. 

കടപ്പാട്: ബിബിസി