അരിസോണയിലെ ഗ്രാന്‍ഡ് കാന്യന്റെ പടം ആദ്യമായി കണ്ടത് ഇരുപതു വര്‍ഷമെങ്കിലും മുമ്പാണ്. ഇത് പെയിന്റിംഗ് ഒന്നുമല്ല, അമേരിക്കയിലുള്ള ഒരു സ്ഥലമാണെന്ന് അന്തിച്ചങ്ങനെ ഇരുന്നു പോയി. കാനഡ കിഴക്കെയറ്റം മുതല്‍ പടിഞ്ഞാറേ അതിര്‍ത്തി വരെ ഞങ്ങള്‍ ഡ്രൈവ് ചെയ്തു കണ്ടു. കാനഡയില്‍ നിന്നും തെക്കോട്ട് അമേരിക്കയുടെ കീ വെസ്റ്റ് പാദത്തോളം രണ്ടു പ്രാവശ്യം കാറോടിച്ചു പോയിക്കണ്ടു. പക്ഷെ മെക്‌സിക്കോയോട് ഒട്ടിക്കിടക്കുന്ന അരിസോണ സംസ്ഥാനം മാത്രം ഓരോരോ കാരണങ്ങള്‍കൊണ്ട് പിടിതരാതെ നിന്നു. ഈ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ നൂറുവട്ടം അരിസോണക്ക് പോകുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നെങ്കിലും പോക്കു മാത്രം നടന്നില്ല. ഒടുവില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ചര്‍ച്ചയും പ്ലാനിങ്ങും ഇല്ലാതെ ഛടെന്ന് ഒരു ദിവസം അരിസോണക്ക് പുറപ്പെട്ടു.

അരിസോണ പ്രധാനമായും ഒരു റിപ്പബ്ലിക്കന്‍ സംസ്ഥാനമാണ്. രണ്ടായിരത്തി എട്ടില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒബാമക്കെതിരെ മത്സരിച്ച ജോണ്‍ മക്‌കെയിന്റെ നാടാണിത്. അമേരിക്കയില്‍ ഗോത്രവര്‍ഗക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്ന്. ഇവിടെ അംഗീകരിക്കപ്പെട്ട ഇരുപത്തിയൊന്നു അമരിന്ത്യന്‍ ഗോത്രങ്ങളുണ്ട്. അരിസോണ എന്ന വാക്കിന്റെ അര്‍ത്ഥം (യൂട്ടോ ആസ്റ്റക്കന്‍ ഭാഷകളിലെ ടോഹോനോഓടം ഭാഷയില്‍) കുഞ്ഞരുവി എന്നാണ്. മരുഭൂമികള്‍ ഉള്‍പ്പെട്ട അരിസോണയുടെ ഉയരം കൂടിയ വടക്കു ഭാഗത്ത് തണുപ്പ് കാലത്ത് മഞ്ഞു വീഴ്ചയുണ്ടാവും. സ്‌കീയിംഗും മരുഭൂമിയുമുള്ള ഒരേ ഒരു സംസ്ഥാനം ഇതായിരിക്കണം.

ഇത് പെയിന്റിംഗ് ഒന്നുമല്ല, അമേരിക്കയിലുള്ള ഒരു സ്ഥലമാണെന്ന് അന്തിച്ചങ്ങനെ ഇരുന്നു പോയി.

ഫീനിക്‌സിലെ രാത്രി
അരിസോണയിലെ ഫീനിക്‌സില്‍ എത്തിയ രാത്രി ചാന്‍ഡലറിലുള്ള കസിന്റെ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചത്. അവിടെ നിന്നും സ്വാദിഷ്ടമായ ഊണ്, സ്‌നേഹം, തമാശകള്‍, സുഖമായ ഉറക്കം, കുളി, ഇടിയപ്പം, പൊതിച്ചോറ്, വെള്ളവും പഴങ്ങളും സൂക്ഷിക്കാന്‍ കൂളര്‍ ഒക്കെയായി ആഡംബരമായിട്ടാണ് യാത്ര തുടങ്ങിയത്.

ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന ഒരു വാള്‍മാര്‍ട്ടുണ്ട് ഫീനിക്‌സിലെ ചാന്‍ഡലറില്‍. ഞങ്ങളുടെ ആദ്യത്തെ പോയന്റ് അതായിരുന്നു. 48 കുപ്പിവെള്ളം, കപ്പലണ്ടി, ഓറഞ്ച്, പഴം, ആപ്പിള്‍ തുടങ്ങി ആരോഗ്യകരമായ അല്‍പാഹാരങ്ങളും, പിന്നെ ഇതൊരു പാര്‍ട്ടിയല്ലേ ആഘോഷമാക്കണമല്ലോ എന്ന തിരിച്ചറിവില്‍ രണ്ടു പാക്കറ്റ് പൊട്ടറ്റോ ചിപ്‌സും അവിടെ നിന്നും വാങ്ങിയത് യാത്ര മുഴുവന്‍ ഉപകരിച്ചു. 

പാറകള്‍ക്കിടയില്‍ ഒരു കിളിവാതില്‍
പാറയിലൊരു ദ്വാരം (Hole in the Rock) അതാണ് ആദ്യത്തെ ലക്ഷ്യം. ഇത് ആരും ഉണ്ടാക്കിയതല്ല. പ്രകൃതിതന്നെ മെനഞ്ഞെടുത്ത ഈ പാറക്കൂട്ടം ഫീനിക്‌സിലെ പാപ്പഗോ പാര്‍ക്കിലാണ്.

ആറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മേല്‍ പഴക്കമുള്ള ഈ ദ്വാരങ്ങള്‍ മണ്ണൊലിപ്പു കൊണ്ട് ഉണ്ടായതാണ് ഉയരത്തിലുള്ള പാറകള്‍ക്കിടയില്‍ ഒരു കിളിവാതില്‍. ഇതിനു പിന്നിലൂടെയുള്ള വഴിയെ മുകളിലേക്കുള്ള കയറ്റം എളുപ്പമാണ്. പാറകള്‍ക്കിടയിലെ അണ്ഡകാരമായ വിടവിലൂടെ മറുവശത്തേക്ക് ഇറങ്ങിയാല്‍ നഗരം കാണാം. 

അന്ധവിശ്വാസ പര്‍വ്വതം
അവിടെ നിന്നും അരിസോണയുടെ നടുവിലായിട്ടുള്ള അപ്പാച്ചി ട്രെയിലിലെ സൂപ്പര്‍സ്റ്റിഷന്‍ മൗണ്ടനിലേക്കാണ് പോയത്. അപ്പാച്ചി ഗോത്രക്കാര്‍ നടന്നു തെളിച്ച വഴിയായതുകൊണ്ടാണ് ഇതിനു അപ്പാച്ചി ട്രെയില്‍ എന്നു പേരുവന്നത്. മുമ്പ് കണ്ടിട്ടില്ലാത്ത തരം പല കള്ളിമുള്‍ച്ചെടികള്‍ കണ്ടു നിന്നുപോയി.

മരത്തിന്റെ ഛായയില്‍ ഉയരത്തില്‍ ശിഖരങ്ങളുമായി നില്‍ക്കുന്ന ജംബിംഗ് ചോള്ളിയ (ചോയ എന്ന് സ്പാനിഷ്) ചെടിയെ കൗതുകത്തോടെ അടുത്തു ചെന്ന് നോക്കി. ചോള്ളിയ ഇനത്തിലെ ഏറ്റവും വലിയ ചെടിയാണിത്.

പത്തടിവരെ ഉയരം വെയ്ക്കാം. കാഴ്ചയൊക്കെ കഴിഞ്ഞു കാറില്‍ കയറിക്കഴിഞ്ഞപ്പോഴാണ് ചെടി കുറച്ചു മുള്ളുകളും കൈയില്‍ വെച്ചു തന്നിട്ടുണ്ടെന്ന് അറിയുന്നത്. ചോള്ളിയ ചെടിയുടെ മുള്ളുകള്‍ ചാടിപ്പിടിക്കുന്ന സ്വഭാവക്കാരായത് കൊണ്ടാണത്രേ ചാടുന്ന ചോള്ളിയ എന്ന പേരുവന്നത്. മുള്ളാണെങ്കില്‍ ചൂണ്ടപോലെയാണ്, കേറിപ്പിടിച്ചാല്‍ കുറച്ചു മുറിച്ചല്ലാതെ തിരിച്ചെടുക്കാനാവില്ല.

 എന്തായാലും മാരകമായ പരിക്കുകളില്ലാതെ കൈ വെള്ളയിലെ മുള്ളുകള്‍ മാറ്റി. അപ്പാച്ചി ജംഗ്ഷനില്‍ നിന്നും ചുരം കയറിയുള്ള യാത്ര കണ്ണുകള്‍ക്കും ക്യാമറക്കും ഉള്‍ക്കൊള്ളാവുന്നതിലും ഭീമവും ബൃഹത്തുമാണ്. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ് അറുപത്തിയഞ്ചു കിലോമീറ്റര്‍ ആഴത്തിനരികിലൂടെയാണെന്നോര്‍ക്കണം. 

വെസ്‌റ്റേണ്‍ സിനിമയില്‍ നമ്മള്‍ കണ്ടിട്ടുള്ള കാഴ്ചകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ ട്രെയിലിനു അരികിലായി ഗോസ്റ്റ് ടൌണ്‍ (ghost town) കാണാം. മറിഞ്ഞു കിടക്കുന്ന തുരുമ്പിച്ച വണ്ടികളും തീവണ്ടിപ്പാലവും ഒറ്റപ്പെട്ട വലിയ കള്ളിമുള്‍ച്ചെടിയുമൊക്കെയായി സിനിമ സെറ്റിനു പറ്റിയ സ്ഥലം. 

സ്വര്‍ണ്ണഖനി തേടി 
അന്ധവിശ്വാസമല്ല ഈ സൂപ്പര്‍സ്റ്റിഷന്‍ മൗണ്ടന്‍. ഇതാണ് ഐതിഹ്യം, പണ്ടു പണ്ട് ജേക്കബ് വാള്‍ട്ട് എന്നൊരു ജര്‍മ്മന്‍ സായ്‌വ് ഇവിടെ എവിടെയോ സ്വര്‍ണ അയിരിന്റെ യമണ്ടന്‍ നിക്ഷേപം കണ്ടെത്തി. അദ്ദേഹത്തിനു വയസായപ്പോള്‍ ഒപ്പംനിന്നു ശുശ്രൂഷിച്ച ജൂലിയ തോമസ് എന്നയാള്‍ക്ക് മരണ സമയത്ത് ഈ ഖനിയുടെ സ്ഥാനം ജേക്കബ് പറഞ്ഞു കൊടുത്തു. 1891ലാണ് സംഭവം. അന്നു മുതല്‍ ഈ അടുത്ത കാലം വരെ പലരും സ്വര്‍ണം തേടി, ഈ ഖനിയുടെ സ്ഥാനം കണ്ടുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഖനിയന്വേഷിച്ചു മലകയറിയവരാരും മടങ്ങി വന്നിട്ടില്ല. പലരുടെയും ശരീരാവശിഷ്ടങ്ങള്‍പോലും കണ്ടുകിട്ടിയിട്ടില്ല. നരകവാതില്‍ ഈ അന്ധവിശ്വാസമലയുടെ നടുവിലാണെന്ന് അപ്പാച്ചിഗോത്രത്തില്‍ വിശ്വാസവുമുണ്ട്.


എന്തായാലും നിധിയന്വേഷിച്ചു മലകയറാന്‍ നില്‍ക്കാതെ ഞങ്ങള്‍ വഴിയരികില്‍ കാറിട്ടു കാഴ്ചകണ്ടും പടം പിടിച്ചും തിരികെ വന്നു. പടം പിടിക്കുന്നവരെ മലവിഴുങ്ങില്ല എന്ന് അങ്ങനെ തെളിയിക്കപ്പെട്ടു! 


അപ്പാച്ചി ജംഗ്ഷനില്‍ ലോസ്റ്റ് ഡച്ച്മാന്‍ മ്യൂസിയം ഉണ്ട്. അവിടെനിന്നും ടുസോണ്‍ (Tucson) നഗരത്തിലെ സുനോറാന്‍ (Sonoran) മരുഭൂമിയിലേക്ക് പോയി. 260,000 ചതുരശ്ര കിലോമീറ്ററിലായി വിസ്തരിച്ചു കിടക്കുന്ന ഈ മരുഭൂമിയാണ് ഉത്തര അമേരിക്കയിലെ ഏറ്റവും ചൂടുകൂടിയ മരുഭൂമി. അമേരിക്കയെയും മെക്‌സിക്കോയെയും വേര്‍തിരിക്കുന്ന അതിര്‍രേഖ ഇതിലൂടെയാണ് പോകുന്നത്. ഡോണള്‍ഡ് ട്രംപ് മതിലുകെട്ടാനിരിക്കുന്ന ആ അതിര്‍ത്തി തന്നെ. ഇവിടെയാണ് സവ്വാറോ നാഷണല്‍ പാര്‍ക്ക് (Saguaro National Park).

വിസ്മയിപ്പിക്കുന്ന ഭൂദൃശ്യമാണ് ഇതിലെയുള്ള യാത്ര തരുന്നത്. കണ്ണെത്താവുന്ന ഇടത്തെല്ലാം മലകളും പാറക്കൂട്ടങ്ങളും കള്ളിമുള്‍ച്ചെടികളും. അതിനിടയിലൂടെ കയറ്റയിറക്കങ്ങളായി വളഞ്ഞു പുളഞ്ഞു റോഡ്. 

സവ്വാറോ (Saguaro) ഒരു തരം കള്ളിമുള്‍ച്ചെടിയാണ്. മരത്തിന്റെ പോലുള്ള ശിഖരങ്ങളുള്ള ഈ ചെടി അരിസോണയുടെ ചിഹ്നമായി പലയിടത്തും കണ്ടു. ഇടയിലായി ഓര്‍ഗന്‍ പൈപ്പ് ചെടികളും കണ്ടു. സ്തൂപം പോലെ ശിഖരങ്ങള്‍ പൊട്ടാതെ വളരുന്ന ഓര്‍ഗന്‍ പൈപ്പുകള്‍ 23 അടിപ്പൊക്കം വരെ വളരാം.

അവിടെ നിന്നും വിട്ടപ്പോള്‍ സന്ധ്യ മയങ്ങാന്‍ തുടങ്ങിയിരുന്നു. അധികം വൈകാതെ കിടക്കാനൊരിടം കണ്ടുപിടിക്കാന്‍ ഞങ്ങള്‍ വീണ്ടും ഹൈവേയില്‍ കയറി. ഫീനിക്‌സും കഴിഞ്ഞ് സെഡോണക്കു മുന്‍പ് ഒരു ഹോട്ടലിലെ അവസാനത്തെ മുറി കീഴടക്കിയ സന്തോഷത്തില്‍ ഉറങ്ങി.

(അടുത്ത ഭാഗം നാളെ)