ഇതാണ് രാജനന്ദിനിയുടെ പോസ്റ്റ്:
ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമില്ലെ? അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മൂടി വച്ച് കഴിയാണമെന്നാണോ?എന്താണ് ഇവിടത്തെ ചില പുരുഷന്മാര്‍ ധരിച്ചു വച്ചിരിക്കുന്നത്? ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളൊക്കെ പിഴകളാണെന്നോ?എന്റെ അനുഭവം നിങ്ങളോട് ചോദിക്കുന്നത് അതാണ്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി ഒമ്പത് മണിക്കുള്ള ബികാനിര്‍ എക്‌സ്പ്രസില്‍ പോകാനായി എത്തിയ എന്നോട് പ്ലാറ്‌ഫോമിലൂടെ നടന്നുപോകുമ്പോള്‍,ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ ചോദിക്കുകയാണ് ഇന്ന് രാത്രി അയാളുടെ കൂടെ കഴിഞ്ഞൂടെ എന്ന്.കാതുകള്‍ വിശ്വസിക്കാന്‍ എനിക്കാദ്യം കഴിഞ്ഞില്ല.നടുക്കം മാറിയപ്പോള്‍ ഞാനയാളുടെ ചെകിടത്തു ഒന്ന് പൊട്ടിച്ചു.തടയാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ തിരിഞ്ഞോടി.അത്രയും നേരമുള്ള എന്റെ മല്‍പിടുത്തം നോക്കി നിസ്സംഗരായി നില്‍ക്കുകയായിരുന്നു ജനക്കൂട്ടം.സ്ത്രീകള്‍ക്കെങ്കിലും മുന്നോട്ടു വരാമായിരുന്നു.ആരും അനങ്ങിയില്ല.അയാളുടെ പിന്നാലെ ഓടിയെത്താന്‍ കഴിയാതെ കാഴ്ചക്കാരോട് ഞാന്‍ വിളിച്ച് അഭ്യര്ഥിച്ചപ്പോള്‍,രണ്ടുപേര്‍ മുന്നോട്ടു വന്ന് അയാളെ പിടിച്ചു തൊട്ടടുത്തുണ്ടായിരുന്ന പോലീസിലേല്പിച്ചു.എന്നാല്‍ പോലീസിന്റെ തണുത്ത പ്രതികരണം ഇങ്ങനെയായിരുന്നു.ഓ...അയാള്‍ കള്ളുകുടിച്ചിട്ടായിരിക്കും.
അപ്പോള്‍ കള്ള് കുടിച്ച് പെണ്ണിനെ പീഡിപ്പിക്കുന്നതില്‍ വലിയ ഗൗരവമൊന്നും ഇല്ലെന്നാണോ?അതോടൊപ്പം തന്നെ കാഴ്ചക്കാരായി എത്തിയ ജനങ്ങളെ എല്ലാം വിരട്ടിയോടിച്ച കൊണ്ട് പോലീസ് അയാളെ സുരക്ഷിത സ്ഥാനത്ത് ആരും കാണാതെ ഇരുത്തിയത് എന്തിനാണ്?ഇത്തരം കുറ്റവാളികളെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കാട്ടിക്കൊടുക്കുകയാണ് വേണ്ടത്.അയാളുടെ മുഖം ലോകം കാണട്ടെ.അയാളുടെ ബന്ധുക്കള്‍ അറിയട്ടെ.അല്ലാതെ ഒളിപ്പിച്ചു വച്ച് സംരക്ഷിക്കുകയല്ല വേണ്ടത്.
ഇങ്ങനെ പ്രതിക്ക് നേരെ നിസ്സംഗരാവുന്ന പോലീസും ജനങ്ങളും ഏതു പെണ്ണിന്റെ രക്ഷയാണ് ഉറപ്പു വരുത്തുന്നത്?പെണ്ണിനായി ഒരുക്കിയ നിയമങ്ങളൊക്കെ എങ്ങനെയാണാവോ പാലിക്കപ്പെടാന്‍ പോകുന്നത്?ഒറ്റക്ക് സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുന്ന എന്നോട് ഇതാണ് അവസ്ഥയെങ്കില്‍,മറ്റുള്ള സ്ത്രീകള്‍ എങ്ങനെ ഈ സമൂഹത്തില്‍ ജീവിക്കും?നിയമം ഉണ്ടാക്കിയാല്‍ മാത്രം മതിയോ?അതെങ്ങനെ പാലിക്കപ്പെടുമെന്നും,സമൂഹത്തിനു അതില്‍ എത്രത്തോളം ബാധ്യതയുണ്ടെന്നും മനസിലാക്കണ്ടേ?
സൗമ്യയുടെ നിലവിളി കേട്ടിട്ടും കേള്‍ക്കാതെ പോയ നമ്മള്‍ അവള്‍ മരിച്ചു വീണപ്പോള്‍ കരയുന്നു.സര്‍ക്കാര്‍ ഇടപെടുന്നു.ജീവന് വിലയിടുന്നു.ജിഷയുടെ സ്ഥിതിയും മറിച്ചല്ല.ജീവന് വിലനല്കി പരിഹരിക്കാന്‍ നോക്കുന്നു.എത്ര വില കൊടുത്താലും പരിഹരിക്കപ്പെടാതെ പോകുന്ന ചില നഷ്ടങ്ങള്‍ ബാക്കി വച്ചിട്ടാണ് ഓരോ ജീവനും പൊലിഞ്ഞിട്ടുണ്ടാവുക. അവരുടെ സ്വപ്നങ്ങള്‍ ജീവിക്കാനുള്ള അവകാശം എല്ലാം നിഷേധിക്കുന്നത് നമ്മളാണ്.ഒരു നിമിഷം ഒന്ന് ഓടിയെത്തിയെങ്കില്‍...ഒന്ന് കൈനീട്ടിയെങ്കില്‍...അവരൊക്കെ ഇന്നും നമ്മളോടൊപ്പം ഉണ്ടാകുമായിരുന്നു.എന്നിട്ടും നമ്മള്‍ വേട്ടക്കാരനു വേണ്ടിയും മുറവിളി കൂട്ടുന്നു.പണമെറിഞ്ഞു തിന്മയെ വിളയിച്ചെടുക്കാന്‍ കൂട്ട് നില്‍ക്കുന്നു. അധര്‍മ്മത്തിനെതിരെ പോരാടുന്ന മനുഷ്യ നന്മയെ വരണ്ടുണങ്ങാതെ കാക്കാന്‍ നമുക്കെന്താണ് സാധിക്കാത്തത്?അവകാശങ്ങളെക്കാളും നിയമങ്ങളെക്കാളും ശക്തിയുള്ളതാണ് ഒറ്റക്കെട്ടായ ജന സമൂഹം.ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും കേറി പ്രതികരിക്കുക മാത്രമല്ല വേണ്ടത്.പച്ചയായ യാഥാര്‍ഥ്യങ്ങളെ സധൈര്യം നേരിടാന്‍ പ്രാപ്തമാക്കേണ്ടതുണ്ട്.ധൈര്യമായി മുന്നോട്ടു പോകുന്നവരെ തളര്‍ത്താതിരിക്കാനുള്ള ഉത്തര വാദിത്വമുണ്ട്.
മാധ്യമങ്ങളും അതിന് സന്നദ്ധരായി മുന്നോട്ടു വന്നാല്‍...... ഒരു സ്ത്രീമനസ്സെങ്കിലും അതിലൂടെ ശക്തി പ്രാപിച്ചാല്‍..അനേകം സ്ത്രീകളുടെ ബോധത്തിലേക്ക് ആ ചെറുത്തു നില്‍പ്പിന്റെ തീ പടരാനായി നിങ്ങളുടെ വാര്‍ത്തകള്‍ക്ക് കഴിഞ്ഞെങ്കില്‍...പീഡനങ്ങളെ പ്രോത്സാഹിപ്പിക്കാതെ ചെറുത്തു നില്‍പ്പുകള്‍ക്കായി നമുക്കവരെ പിന്തുണച്ചു കൂടെ? പിടിച്ചു കയ്യില്‍ തരുമ്പോളെങ്കിലും രണ്ടു പൊട്ടിച്ചൂടെ എന്ന് പോലീസിനോട് ചോദിച്ചപ്പോള്‍ ,അത്തരം സാഹസം കാട്ടി പ്രതിയെ ആക്രമിച്ച പ്രതിയായി ജീവിതം തുലക്കാന്‍ ഒരു പോലീസുകാരനും തയ്യാറാവില്ല എന്നായിരുന്നു മറുപടി.
പ്രതിയുടെ മനുഷ്യാവകാശം ഇരയുടേതിനെക്കാള്‍ മുകളിലാണെന്ന് പുത്തുര്‍ ഷീല വധക്കേസ് പരിശോധിച്ചാല്‍ മതി.അപ്പോള്‍ മനുഷ്യാവകാശക്കമ്മീഷന്‍ സ്ത്രീകളെ വളര്‍ത്താനോ തളര്‍ത്താനോ? എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്?സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം എങ്ങനെ സാധ്യമാകും? നിയമങ്ങള്‍ കൊണ്ട് ഒരു കാര്യവുമില്ലെന്നു ഇതിനകം തന്നെ നമ്മള്‍ മനസിലാക്കിക്കഴിഞ്ഞു.
ഇനി നമ്മളാണ് ഉണരേണ്ടത് ഉണര്‍ന്നേ മതിയാവൂ.
