Asianet News MalayalamAsianet News Malayalam

ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചു, പ്രശസ്ത കലാകാരന്‍റെ സ്റ്റുഡിയോ തകര്‍ത്തു കളഞ്ഞു

2006ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റുഡിയോയില്‍ നിന്നാണ് വെയ് വെയ്യുടെ പല മികച്ച കലാസൃഷ്ടികളും പിറന്നത്.2008 ലെ ബെയ്ജിങ്ങ് ഒളിമ്പിക്സിനായി സ്റ്റേഡിയം ഡിസൈന്‍ ചെയ്തത് വെയ് വെയുടെ നേതൃത്വത്തിലായിരുന്നു. 

artist's studio destroyed by Chinese authorities
Author
Beijing, First Published Aug 5, 2018, 12:42 PM IST


ലോകത്താകെ ആവിഷ്കാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും അത് ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉയര്‍ത്തുകയും ചെയ്യുന്നു. അതിനിടയില്‍, ചൈനയിലെ ആര്‍ട്ടിസ്റ്റിന്‍റെ സ്റ്റുഡിയോ മുന്നറിയിപ്പില്ലാതെ അധികൃതര്‍ തകര്‍ത്തുകളഞ്ഞു. പ്രശസ്ത കലാകാരന്‍ ഐ വെയ് വെയുടെ സ്റ്റുഡിയോ ആണ് തകര്‍ത്തു കളഞ്ഞത്. സര്‍ക്കാറിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന ആളായിരുന്നു ഐ വെയ് വെയ്. അതാണ് സ്റ്റുഡിയോ തകര്‍ത്തതിന് പിന്നിലും. ശനിയാഴ്ച വെയ് വെയ് തന്നെയാണ് സ്റ്റുഡിയോ തകര്‍ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ഫെയര്‍വെല്‍... അവരെന്‍റെ ബെയ്ജിങ്ങിലുള്ള സ്റ്റുഡിയോ 'സുവോയുവോ' യാതൊരു മുന്നറിയിപ്പുമില്ലാതെ തകര്‍ത്തു കളഞ്ഞിരിക്കുന്നു' എന്നും വെയ് വെയ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 

 

Continues....

A post shared by Ai Weiwei (@aiww) on Aug 4, 2018 at 1:06am PDT

അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ഗാ റാങ്ങ് പറഞ്ഞത്, 'എല്ലാ ആര്‍ട്ട് വര്‍ക്കുകളും വളരെ പെട്ടെന്ന് മാറ്റാന്‍ കഴിയുമായിരുന്നില്ല. മൂന്നു ദിവസം മുമ്പാണ് വര്‍ക്കുകള്‍ മാറ്റണമെന്ന് പറഞ്ഞത്. മൂന്നു ദിവസം കൊണ്ട് മാറ്റാന്‍ കഴിയാത്തത്രയും കാര്യങ്ങളുണ്ടായിരുന്നു. പല വര്‍ക്കുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. പൊളിക്കുമെന്ന് യാതൊരുതരത്തിലുള്ള മുന്നറിയിപ്പുമുണ്ടായിരുന്നില്ല' എന്നാണ്. 

2008 ലെ ബെയ്ജിങ്ങ് ഒളിമ്പിക്സിനായി പക്ഷിക്കൂടിന്‍റെ ആകൃതിയിലുള്ള സ്റ്റേഡിയം ഡിസൈന്‍ ചെയ്തത് വെയ് വെയുടെ നേതൃത്വത്തിലായിരുന്നു. കൊച്ചി-മുസിരിസ് ബിനാലെയിൽ പങ്കെടുക്കാനായി കൊച്ചി സന്ദർശിക്കാനുള്ള അനുമതി ചൈനീസ് സർക്കാർ വെയ് വെയ്ക്ക് നിഷേധിച്ചിരുന്നു. അദ്ദേഹത്തിന് എത്താനായില്ലെങ്കിലും, ചൈനയിലെ സമകാലിക ജീവിതത്തിലെ നിരാസവും മടുപ്പും കാണിക്കുന്ന, അദ്ദേഹത്തിന്‍റെ വിഡിയോ ഇൻസ്റ്റലേഷൻ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നു.

2006ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റുഡിയോയില്‍ നിന്നാണ് വെയ് വെയ്യുടെ പല മികച്ച കലാസൃഷ്ടികളും പിറന്നത്. പ്രശസ്തനായ ചൈനീസ് കവി ഐ ക്വിങ്ങിന്‍റെ മകനാണ് വെയ് വെയ്. സാംസ്കാരിക വിപ്ലവ കാലത്ത് ലേബർ ക്യാംപിലെ മൂത്രപ്പുരകൾ വൃത്തിയാക്കുന്നതിനായാണ് ഐക്വിങിനെ നിയോഗിച്ചിരുന്നത്.

സര്‍ക്കാരിനെതിരെയുള്ള ശബ്ദം

2008 ലായിരുന്നു ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ വലിയ ഭൂകമ്പം ഉണ്ടായത്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് നിരവധി പേര്‍ മരിച്ചു. വെയ് വെയ് കൊല്ലപ്പെട്ട കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി സംസാരിച്ചു. ആക്ടിവിസ്റ്റും വിമതനുമായി മാറി. അവര്‍ക്കായി കലാസൃഷ്ടികളുണ്ടാക്കി. മനുഷ്യാവകാശങ്ങള്‍ മുതല്‍ അഴിമതിക്കെതിരെ വരെ വിമര്‍ശനങ്ങളുയര്‍ത്തി. 

കലാകാരന്മാര്‍ക്കുനേരെ നടക്കുന്ന കൈകടത്തലുകള്‍ക്കെതിരെയും വെയ് വെയ് സംസാരിച്ചിരുന്നു. 2011 ല്‍ ഒരു സ്വതന്ത്ര ഡോക്യുമെന്‍ററിയില്‍ ആവിഷ്കാരസ്വാതന്ത്രത്തിന് വേണ്ടി സംസാരിച്ചിരുന്നു വെയ് വെയ്. 'നിങ്ങളോട് സര്‍ക്കാര്‍ മോശമായാണ് പെരുമാറുന്നതെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്തണം. നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ആരും ഒന്നുമറിയില്ല. അതുകൊണ്ട് ശബ്ദിക്കണം' എന്നും വെയ് വെയ് പറഞ്ഞു. 

'എന്‍റെ അച്ഛന്‍റെ കാലത്തുണ്ടായിരുന്നവരൊക്കെ പരാജയപ്പെട്ടിരുന്നു. കാരണം അവര്‍ ശബ്ദമുയര്‍ത്തുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. ഇനിയൊരു തലമുറക്ക് കൂടി ആ അവസ്ഥ വരാന്‍ ഞാനാഗ്രഹിക്കുന്നില്ല. എനിക്കെന്തെങ്കിലും ചെയ്യാനാകും. ഇതിനെതിരെ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യും. അങ്ങനെ ക്രമേണ ചൈന ഒരു ജനാധിപത്യ രാജ്യമാകും. യുവാക്കള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും. അവര്‍ക്കവരുടെ അറിവ് പ്രദര്‍ശിപ്പിക്കാനാകും. എല്ലാവര്‍ക്കുമിവിടെ നല്ലൊരു ജീവിതം ലഭിക്കും. അതിന് കുറച്ച് സമയമെടുക്കും. ഇവിടെയുള്ളത് സമയത്തിന്‍റെ പ്രശ്നം മാത്രമാണ്.  ' എന്നും അദ്ദേഹം പറഞ്ഞു.

ആ ഇന്‍റര്‍വ്യൂ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് പൊലീസ് വെയ് വെയുടെ സ്റ്റുഡിയോ സന്ദര്‍ശിക്കുകയും നികുതി വെട്ടിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെ വെയ് വെയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും വര്‍ഷങ്ങളോളം യാത്ര ചെയ്യുന്നതിന് അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു. തന്നെ പോലീസ് ഉപദ്രവിച്ചിരുന്നുവെന്നും വെയ് വെയ് പറഞ്ഞിരുന്നു. അദ്ദേഹത്തെ വീട്ടുതടങ്കലില്‍ വയ്ക്കുകയും വീടിനു പുറത്ത് കാമറകള്‍ സ്ഥാപിക്കുകയും നിരന്തരം അദ്ദേഹത്തെ നിരീക്ഷിക്കുകയും ചെയ്തിരുന്നു പൊലീസ്. 

2015-ൽ ചൈനീസ് അധികാരികൾ പാസ്പോർട്ട് തിരികെ നൽകി. താമസിയാതെ അദ്ദേഹം ബെർലിനിലേക്ക് മാറി. ലോകം മുഴുവൻ അഭയാർഥികളുടെ ദുരന്തത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട് വെയ് വെയ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററി, 'ഹ്യൂമൺ ഫ്ലോ' യുടെ വിഷയവും അതുതന്നെയാണ്. 

വെയ് വെയുടെ സ്റ്റുഡിയോ തകര്‍ത്തതിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios