Asianet News MalayalamAsianet News Malayalam

ഒരു സ്ത്രീ സ്വന്തംകാലില്‍ നില്‍ക്കുമ്പോള്‍ സംഭവിക്കുന്നത്

എല്ലാ ഉടമകളുടെയും ആയുസ്സെന്നത് അടിമയുടെ കൈയ്യിലാണെന്നു മാത്രം. അതായത് അടിമ എന്നാണോ താന്‍ ആരുടേയും അടിമയല്ലെന്നു പ്രഖ്യാപിക്കുന്നത്, അന്നു വരെയേ അടിമയും ഉടമയും നിലനില്‍ക്കൂ.

Asha Susan on women life
Author
Thiruvananthapuram, First Published Mar 8, 2018, 9:35 PM IST

എല്ലാ ഉടമകളുടെയും ആയുസ്സെന്നത് അടിമയുടെ കൈയ്യിലാണെന്നു മാത്രം. അതായത് അടിമ എന്നാണോ താന്‍ ആരുടേയും അടിമയല്ലെന്നു പ്രഖ്യാപിക്കുന്നത്, അന്നു വരെയേ അടിമയും ഉടമയും നിലനില്‍ക്കൂ. പക്ഷെ അതിനു താന്‍ അടിമയാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാവണമെന്നു മാത്രം. അതിന് ഏറ്റവുമാദ്യം വേണ്ടത് പുരുഷന്റെ കാലില്‍ ചവിട്ടി നടക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനും നടക്കാനും പഠിക്കണമെന്നതാണ്.

Asha Susan on women life

ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് തുല്യതയും ലിംഗസമത്വവും ഉറപ്പു തരുന്നുണ്ടെങ്കിലും പുരുഷനെ ഒന്നാം ലിംഗമായും സ്ത്രീയെ രണ്ടാം ലിംഗമായും മുദ്രകുത്തുന്ന സമ്പ്രദായം നമ്മുടെ സമൂഹത്തില്‍ ഇന്നും അലിഖിതമായി തന്നെ നിലനില്‍ക്കുന്ന ഒന്നാണ്. ഇതില്‍ നല്ലൊരു പങ്കു മതങ്ങളുടെ സംഭാവനയാണെങ്കിലും കാലാകാലങ്ങളായി എന്തിനും ഏതിനും പുരുഷന്റെ തണലില്‍ അഭയം തേടുന്ന സ്ത്രീ സ്വഭാവവും അവളെ ഇല്ലാത്ത രണ്ടാം ലിംഗ പദവിയിലേക്ക് സ്വയം ചവിട്ടി താഴ്ത്തി.

സ്ത്രീജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുരുഷനെ അവളുടെ 'പോറ്റി' പുലര്‍ത്തുകാരനാക്കി മാറ്റിയപ്പോള്‍ അവനില്‍ അധീശത്വഭാവവും അവളില്‍ അടിമത്തഭാവവും ഉടലെടുത്തു. രക്ഷിക്കുന്നവന് ശിക്ഷിക്കാന്‍ അധികാരമുണ്ടെന്ന പഴമൊഴി അന്വര്‍ത്ഥമാക്കും വിധത്തില്‍ രക്ഷാധികാരിയായ പുരുഷനില്‍ എന്നുമൊരു ഉടമ സ്വഭാവം കാണാനാവും.

എല്ലാ ഉടമകളുടെയും ആയുസ്സെന്നത് അടിമയുടെ കൈയ്യിലാണെന്നു മാത്രം. അതായത് അടിമ എന്നാണോ താന്‍ ആരുടേയും അടിമയല്ലെന്നു പ്രഖ്യാപിക്കുന്നത്, അന്നു വരെയേ അടിമയും ഉടമയും നിലനില്‍ക്കൂ. പക്ഷെ അതിനു താന്‍ അടിമയാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാവണമെന്നു മാത്രം. അതിന് ഏറ്റവുമാദ്യം വേണ്ടത് പുരുഷന്റെ കാലില്‍ ചവിട്ടി നടക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനും നടക്കാനും പഠിക്കണമെന്നതാണ്.

ഒരു പെണ്‍കുഞ്ഞിന്റെ ജനനം മുതലുള്ള കാര്യങ്ങള്‍ക്ക് നിലവിലെ സാമൂഹികസാഹചര്യത്തില്‍ വളരെയധികം മാറ്റം വരുത്തേണ്ടതുണ്ട്. ദൈവങ്ങള്‍ക്ക് നേര്‍ന്നു വിടുന്ന വളര്‍ത്തുമൃഗങ്ങളെ പോലെയാണ് ഓരോ പെണ്‍കുട്ടികളെയും വളര്‍ത്തുന്നത്. ഭര്‍ത്തൃഗൃഹത്തില്‍ എങ്ങനെയൊരു നല്ല ഭാര്യയും മരുമകളുമാവാമെന്നാണ് അമ്മമാര്‍ അവരെ പരിശീലിപ്പിക്കുന്നത്. 

ഒരു പക്ഷേ ഒരു നാലഞ്ചു വര്‍ഷങ്ങള്‍ മുന്നേ വരെ പൊതുവേ സ്ത്രീകളോട് ചോദിക്കാത്തതും പുരുഷന്മാര്‍ മാത്രം അഭിമുഖീകരിക്കേണ്ടതുമായ ഒരു ചോദ്യമായിരുന്നു 'എന്ത് ചെയ്യുന്നു' എന്നത്.

എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. ഇന്ന് ലിംഗഭേദമെന്യേ എല്ലാവരും എല്ലാവരോടും ചോദിക്കുന്ന ഒന്നായി മാറിയതു (ശുഭകരമായ കാര്യം തന്നെ.) പലരും വീട്ടമ്മ ആയി ജോലി ചെയ്യുന്നു എന്നു പറയുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. ഈ അവസ്ഥ നമ്മുടെ പെണ്‍കുട്ടികളിലേക്ക് പടരരുത്. നീയൊരു പെണ്ണാണ്, പെണ്ണാണ് എന്ന മന്ത്രമോതി അമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് ചുറ്റും സദാചാരത്തിന്റെ മന്ത്രക്കളങ്ങള്‍ തീര്‍ത്ത് 'നല്ല കുട്ടി' എന്ന കാക്കപ്പൊന്നിനു വേണ്ടി പ്രതികരണ ശേഷിയെ തല്ലിക്കെടുത്തി, കുടുംബമെന്ന ചുമട് എങ്ങനെ അനായാസം ചുമക്കാമെന്നും, രണ്ടു കൈകള്‍ കൊണ്ട് പതിനാറു കൈകളുടെ ജോലി എങ്ങനെ ചെയ്യാമെന്നുമൊക്കെയുള്ള കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് പതിവ്. ഇതിന്റെ ഫലമോ പെണ്‍കുട്ടികളുടെ ജീവിതം ഒരു മെഴുകുതിരി പോലെയാവുന്നു.

ഇത്തരത്തില്‍ പെണ്‍കുട്ടികളെ വാര്‍ത്തെടുക്കുന്നതിനിടയില്‍ പറയുന്ന പഴംചൊല്ലാണ് 'അപ്പന്‍ തരുന്നത് എത്തിപ്പോവും, അമ്മ തരുന്നത് തീരില്ല' എന്നത്. കൂടുതല്‍ വിശദീകരിച്ചാല്‍ അപ്പന്‍ തരുന്ന സ്ത്രീധനം വേഗത്തില്‍ തീരും, അമ്മ പഠിപ്പിച്ച വീട്ടുജോലികള്‍ മരണം വരെ കൂട്ടുണ്ടാവുമെന്ന്. ഇവയെയൊക്കെ കിണറ്റിലെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അപ്പന്റെ സ്ത്രീധനമോ അമ്മയുടെ അടുക്കള ഭരണ ബിരുദവുമല്ല വേണ്ടത്, പകരം അച്ഛനും അമ്മയും തരുന്ന വിദ്യാഭ്യാസം കൊണ്ട് ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്തി സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാനും, സ്വന്തം വ്യക്തിത്വത്തെ മുറുകെ പിടിക്കാനുമാണ് നമ്മളവരെ പഠിപ്പിക്കേണ്ടത്.

പത്തു പൈസയുടെ പ്രയോജനമുണ്ടോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കാത്ത തൊഴില്‍ രഹിത അമ്മമാര്‍ വളരെ വിരളമായിരിക്കും.

അച്ഛനു കൊടുക്കാനുള്ള സ്ത്രീധനമെന്നതു കുട്ടിയെ സ്വയം പര്യാപ്തയാക്കി മാറ്റുക എന്നതാവണം. കെട്ടിക്കേറുന്ന വീട്ടില്‍ അച്ഛന്റെ വിയര്‍പ്പിന്റെ വിലയിലാവരുത് പെണ്ണിന്റെ മാനം തൂക്കേണ്ടത്. പിന്നെയോ, സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ക്ക് ഭര്‍ത്താവിനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഒരുമിച്ചു കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഓരോ പെണ്‍കുട്ടിയും അഭിമാനിക്കേണ്ടത്. വിവാഹ ജീവിതം പരാജയപ്പെട്ടാലും 'തൊണ്ടയില്‍ പുഴുത്താല്‍ കീഴ്‌പ്പോട്ട് ഇറക്കണം' എന്ന തോന്ന്യവാസത്തെ അക്ഷരംപ്രതി പാലിക്കേണ്ടി വരുന്നതും സ്ത്രീകള്‍ സ്വയംപര്യാപ്തത നേടാത്തതുകൊണ്ട് മാത്രമാണ്. 

പത്തു പൈസയുടെ പ്രയോജനമുണ്ടോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കാത്ത തൊഴില്‍ രഹിത അമ്മമാര്‍ വളരെ വിരളമായിരിക്കും. പകലന്തിയോളം കൂലിയില്ലാ വീട്ടുജോലി ചെയ്തു തളര്‍ന്നിരിക്കുന്ന ശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി ആഴത്തില്‍ കീറിമുറിക്കുന്ന അത്തരം ചോദ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് മുന്നിലേക്ക് തൊടുക്കപ്പെടാന്‍ ഇടയാവരുത്.

ജോലി നേടണമെന്നും സ്വയം സമ്പാദിക്കണമെന്നും പറയുമ്പോള്‍ പണമാണോ കുടുംബബന്ധങ്ങളുടെ അടിത്തറ എന്നൊരു ചോദ്യം ഉയരും. പണമാണ് എല്ലാം എന്നൊരു അഭിപ്രായമില്ല. പക്ഷെ സാമ്പത്തീക സുരക്ഷിതത്വം ഉള്ളിടത്തേ പരസ്പര ബഹുമാനവും ജനാധിപത്യ സംസ്‌ക്കാരവും ഉണ്ടാവൂ. സ്വയം പര്യാപ്തതയിലൂടെ മാത്രമേ വിധേയത്വത്തിന്റെ ഭാഷ വഴി മാറൂ. 

പുരുഷന്റെ പിന്നിലൊളിക്കുന്ന സ്ത്രീയില്‍ നിന്ന് സമൂഹത്തിനോ ഭാവി തലമുറക്കോ യാതൊന്നും പ്രതീക്ഷിക്കാനില്ല, സ്വന്തം സ്വാതന്ത്ര്യത്തിനു പോലും പിച്ചയിരക്കേണ്ട ഗതികേടാവും ഫലം. യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ നമ്മള്‍ ചുമന്ന ചട്ടിയില്‍ എന്താണെന്ന് പോലും നോക്കാതെ അത് അതേപടി കുഞ്ഞുങ്ങളിലേക്ക് പകരാറുമുണ്ട്. അതവസാനിപ്പിക്കാനുള്ള സമയമൊക്കെ അതിക്രമിച്ചു കഴിഞ്ഞു. ഇതാവട്ടെ ആ പാരമ്പര്യത്തിന്റെ അവസാനകണ്ണി.

ചരടില്‍ കോര്‍ത്ത പാവയെപോലെ ആര്‍ക്കും വലിക്കാവുന്ന, വലിക്കുന്നവരുടെ ഇഷ്ടത്തിന് ആടുന്ന നിഴല്‍പാവയാവരുത് പെണ്ണ്. സ്വന്തം കാലില്‍ സ്വയം നില്‍ക്കാന്‍ പഠിക്കണം, വരും തലമുറയെ പഠിപ്പിക്കണം.

സ്വയം പര്യാപ്തയായ സ്ത്രീക്ക് സ്വന്തം കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിലപാടുകളും സ്വയം തിരഞ്ഞെടുപ്പിനുള്ള ധൈര്യവും സ്വാതന്ത്രബോധവും അവകാശ ബോധവും ഉണ്ടാവും.  അങ്ങനെ നാളെയുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകള്‍ ഉള്‍പ്പെടുന്ന പൊതുവിടങ്ങളെല്ലാം സ്ത്രീ സാന്നിധ്യത്തില്‍ തുല്യാനുപാതത്തില്‍ എത്തട്ടെ.

Follow Us:
Download App:
  • android
  • ios