Asianet News MalayalamAsianet News Malayalam

കന്യകാത്വം ആരുടെ ആവശ്യമാണ്?

Asha Suzan on virginity
Author
Thiruvananthapuram, First Published Jan 2, 2018, 6:55 PM IST

അല്ലെങ്കില്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ കന്യകാത്വം കാത്തുസൂക്ഷിക്കുന്നതു കൊണ്ട് അവള്‍ക്കോ സമൂഹത്തിനോ ഉള്ള പ്രയോജനമെന്ത്? അത്തരം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നു പുരുഷന്‍ ആഗ്രഹിക്കാനുള്ള കാരണം? പുരുഷനില്ലാത്ത കന്യകാത്വ പേടി പെണ്‍കുട്ടികളെന്തിനു ചുമക്കുന്നു? കന്യകനും ചാരിത്ര്യവാനുമില്ലാതെ എങ്ങനെയാണ് ഈ തുലാസ് ബാലന്‍സാവുന്നത് ?

Asha Suzan on virginity

സമൂഹ മാധ്യമങ്ങളില്‍ ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പെണ്ണിന്റെ കന്യകാത്വവും ആദ്യമായി കിനിയുന്ന ചോരയുടെ കൗതകവുമെല്ലാം. അതില്‍ മിക്ക മാന്യന്മാരും പറയുന്നൊരു ഡയലോഗുണ്ട്; 'വളരെ നേര്‍ത്ത ഒരു പാട പോലെയുള്ള ചര്‍മ്മം പൊട്ടാന്‍ ഒന്ന് സൈക്കിള്‍ ചവിട്ടിയാല്‍ മതിയെന്നറിയാത്ത പൊട്ടന്മാരുണ്ടോ? കഷ്ടം തന്നെ, ഇന്നത്തെ കാലത്തും ഇതൊക്കെ നോക്കുന്നവരുണ്ടോ?'

കേള്‍ക്കുമ്പോള്‍ തന്നെ കുളിരു കോരുന്നല്ലേ? പക്ഷെ അവര്‍ പറയാതെ പറയുന്ന ഒന്നുണ്ട്. അതായത്, മരത്തില്‍ കയറിയും ജിമ്മില്‍ പോയുമത് പൊട്ടിയാല്‍ ഞങ്ങ സഹിച്ചു, പക്ഷെ വിവാഹത്തിന് മുമ്പ് മറ്റൊരുവനോടൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാണ് അതു നഷ്ടമായതെന്ന് പറയരുത്, അത് ഞങ്ങ വെച്ച് പൊറുപ്പിക്കില്ല.

അത്തരം പോസ്റ്റുകളിലൂടെ കണ്ണോടിച്ചാല്‍ പുരോഗമനത്തിന്റെ മുഖം മൂടിയണിഞ്ഞ പക്കാ സദാചാരവാദികളെ കണ്ടെത്താം. ഞാന്‍ കന്യകയാണെന്നു പറയുന്ന പെണ്‍കുട്ടിക്ക് പിന്തുണയും അതേ അഭിപ്രായം പറയുന്ന ആണ്‍കുട്ടിക്ക് പുച്ഛവും കൊടുക്കും. എന്ന് വെച്ചാല്‍ ഒരു പെണ്ണ് ഇതൊന്നും ആസ്വദിക്കരുത്, അത് അച്ചടക്കവും അതേ അച്ചടക്ക ലംഘനം ആണൊരുത്തന്‍ നടത്താത്തത് അവന്റെ കഴിവു കേടുമായാണ് വിലയിരുത്തപ്പെടുന്നത്. 

അരുതാത്തതു വല്ലതും സംഭവിച്ചോ?
ഒരു പ്രണയം തകര്‍ന്നു വിഷാദമൂകയായി വീട്ടിലിരുന്നാല്‍ അവരുടെ ആദ്യ ചോദ്യം 'അരുതാത്തതു വല്ലതും സംഭവിച്ചോ' എന്നായിരിക്കും. അവരോട് ഞാനാരെയും കൊന്നിട്ടില്ല, പീഡിപ്പിച്ചിട്ടില്ല, മോഷ്ടിച്ചിട്ടില്ല എന്നൊക്കെ ഉത്തരം കൊടുത്താല്‍ കേള്‍ക്കാം അതല്ല ഞാന്‍ ഉദ്ദേശിച്ചതെന്ന്. എന്ന് വെച്ചാല്‍ ഇതൊക്കെ ഒരു അരുതായ്കയേയല്ല, അതിലും വലുതാണ് ശരീരം പങ്കു വെച്ച തെറ്റെന്നു ചുരുക്കം. പക്ഷേ അതേ ചോദ്യം ഒരു ആണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്നില്ലെന്നുള്ളിടത്താണ് ഇതിന്റെ ഇരട്ടത്താപ്പ് കിടക്കുന്നത്. അതായത് പീഡിപ്പിച്ചവനും കള്ളനും കൊലപാതകിക്കും മതത്തില്‍ സ്ഥാനമുണ്ട്, പക്ഷെ അന്യമതത്തില്‍ നിന്ന് വിവാഹം ചെയ്തവര്‍ പടിക്ക് പുറത്തു കടക്കുകയെന്ന അതേ ന്യായം തന്നെ.

ഇത്തരം വിഷയത്തില്‍ അഭിപ്രായം പറയുന്ന പെണ്‍കുട്ടികളോട് താങ്കള്‍ വിവാഹിതയാണോ? വിവാഹത്തിന് മുന്‍പ് ഭോഗിച്ചിട്ടുണ്ടോ, കന്യകയാണോ എന്നൊക്കെ ചോദിക്കുന്നതെന്തിനെന്ന് എനിക്കിനിയും മനസ്സിലാവുന്നില്ല. അത് മറ്റൊരാള്‍ അറിയേണ്ട കാര്യമാണോ? അല്ലെങ്കില്‍ അറിഞ്ഞിട്ട് എന്താണ് പ്രയോജനം? അതു വെച്ചിട്ടാണോ ഒരാള്‍ നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത്? എന്തിന്റെ മാനദണ്ഡമായാണ് ഇതിനെ കാണുന്നത്?

പുരുഷനില്ലാത്ത കന്യകാത്വ പേടി 
പെണ്‍കുട്ടികളെന്തിനു ചുമക്കുന്നു?

സത്യത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് ശരിയായ ഉത്തരം കൊടുക്കേണ്ടതേയില്ല. ഒരാളെന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് പോലെ മാത്രമാണ് ഇതും. ഏര്‍പ്പെടുന്ന ആളുകളുടെ മാത്രം സ്വകാര്യതയാണ് സെക്‌സ്. അത്തരം സ്വകാര്യതകള്‍ പങ്കു വെക്കണം എന്നാഗ്രഹിക്കുന്ന ഒരു ഇടുങ്ങിയ ചിന്താഗതിക്കാരനൊപ്പം ജീവിതം നയിക്കുന്നതിലും നല്ലതു ഒറ്റക്ക് ജീവിക്കുന്നതാണ്. 

അല്ലെങ്കില്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ കന്യകാത്വം കാത്തുസൂക്ഷിക്കുന്നതു കൊണ്ട് അവള്‍ക്കോ സമൂഹത്തിനോ ഉള്ള പ്രയോജനമെന്ത്? അത്തരം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നു പുരുഷന്‍ ആഗ്രഹിക്കാനുള്ള കാരണം? പുരുഷനില്ലാത്ത കന്യകാത്വ പേടി പെണ്‍കുട്ടികളെന്തിനു ചുമക്കുന്നു? കന്യകനും ചാരിത്ര്യവാനുമില്ലാതെ എങ്ങനെയാണ് ഈ തുലാസ് ബാലന്‍സാവുന്നത് . .

വിവാഹത്തെ ലൈംഗികതയുടെ ലൈസന്‍സായി മുദ്രകുത്തിയിരിക്കുന്ന നമ്മുടെ നാട്ടില്‍ കൗമാരത്തില്‍ ആരംഭിക്കുന്ന ലൈംഗിക ത്വര ശമിപ്പിപ്പിക്കാന്‍ വീണ്ടുമിതിന്റെ ഇരട്ടിയും അതില്‍ കൂടുതലും വര്‍ഷങ്ങളും കാത്തിരിക്കേണ്ടി വരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷം താല്‍പര്യമുള്ള വ്യക്തിയോടൊപ്പം പൂര്‍ണ്ണ സമ്മതത്തോടെ ചെയ്യുന്ന സെക്‌സ് തൃപ്തികരവും ആസ്വാദ്യവുമാണെങ്കില്‍ അതില്‍ നിന്ന് കിട്ടുന്ന ഗുണങ്ങള്‍ പലതാണ്. 

പെണ്‍കുട്ടികളോട് പറയാനുള്ളത് 
അന്നു വരെയും തലയില്‍ ചുമന്നു നടന്ന പല വികലമായ കാഴ്ചപ്പാടുകളെയും, ഭയത്തെയും, തെറ്റിധാരണകളെയും, ഉത്കണ്ഠയേയും എടുത്തു കിണറ്റിലിടാന്‍ ഇത് സഹായിക്കും. പിന്നീടുള്ള അവസരങ്ങളില്‍ കൂടുതല്‍ താല്പര്യത്തോടെ ലൈംഗികതയെ സമീപിക്കാനും ശരീരത്തെയും ലൈംഗികതയെയും കുറിച്ചുള്ള അനാവശ്യ മഹത്വവല്‍ക്കരണത്തെ പുറം കാലുകൊണ്ട് തട്ടിതെറിപ്പിക്കാനുമാവും.

ലൈംഗികത എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഏറ്റവും പച്ചയായ സ്‌നേഹ പ്രകടനം മാത്രമാണ്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികളോട് പറയാനുള്ളത് എന്താച്ചാ, നിങ്ങള്‍ കൈകോര്‍ത്തു പ്രണയിക്കുന്നവരെ പിരിയുമ്പോളുണ്ടാവുന്ന അതേ സങ്കടമേ സെക്‌സ് ചെയ്തു പ്രണയിച്ചവരെ പിരിയുമ്പോളും ഉണ്ടാവേണ്ടതുള്ളൂ. 

അതായത് എനിക്കെന്തോ ഭീകരമായ നഷ്ടം സംഭവിച്ചുവെന്നോ എന്നില്‍ നിന്ന് എന്തോ അവന്‍ കവര്‍ന്നെടുത്തെന്നോ നിങ്ങള്‍ ചിന്തിക്കരുത്. അവനു നഷ്ടപ്പെടാത്ത ഒന്നും നിനക്കും നഷ്ടപ്പെടുന്നില്ല. ശരീരം പങ്കുവെച്ചതിന്റെ പേരില്‍ ഒരിക്കലുണ്ടായിരുന്ന പ്രണയം നഷ്ടപ്പെട്ട ജീവിതത്തിനു വേണ്ടി വാശി പിടിച്ചു ബാക്കിയുള്ള ജീവിതവും ജീവനും നശിപ്പിക്കരുത്.

Follow Us:
Download App:
  • android
  • ios