ചെക്കന്മാരേ നിങ്ങൾ റേപ്പ് ചെയ്തോളൂ, നിങ്ങൾ കൊന്നോളൂ , നിങ്ങൾ ആരെയാണ് ഭയക്കുന്നത്? എന്തായാലും ഇവിടുത്തെ കോടതിയെ അല്ല , പോലീസിനെ തീരെയല്ല ! എന്ത് കൊണ്ട് സൗമ്യമാരും ജിഷമാരും ഉണ്ടാകുന്നു എന്ന് അറിയണമോ? ഇവിടുത്തെ നീതി ന്യായ വ്യവസ്ഥകളുടെ അനാസ്ഥ കൊണ്ട് മാത്രം! കൈകരുത്തുള്ളവൻ ആരെയും പേടിക്കണ്ട എന്നാണ് വീണ്ടും വീണ്ടും ഈ നാട് തെളിയിച്ചു കൊണ്ടിരിക്കുന്നത്!

വഴിയിൽ ഇറങ്ങി നടക്കാൻ അധികാരമില്ലാത്ത ഭാരതത്തിലെ ഒരു പൗരയാണ് ഞാൻ. ഏതാനും ദിവസം മുൻപ് ഒന്ന് നടന്നപ്പോൾ കിട്ടിയത് ഉറക്കമില്ലാത്ത രാത്രികളും, മാനക്കേടും, മനസ്സിലെ ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമാണ്.

റോഡ് മുറിച്ചു കടക്കാനായി കാത്തുനിന്ന എനിക്കും ശംഭുവിനും ഉണ്ടായതു നിങ്ങള്ക്ക് ആർക്കും സംഭവിക്കാവുന്ന ഒന്നാണ് ; സുഹൃത്തുക്കളുമായി പോകുമ്പോഴോ, ഭാര്യയുമായി പോകുമ്പോഴോ കുഞ്ഞുങ്ങളുമായിപോകുമ്പോഴോ ഇത് സംഭവിക്കാം! മദ്യപന്മാർ ഓടിച്ച എതിരെ വന്ന കാർ ഞങ്ങളെ ഇടിക്കാൻ വരുകയും അത് ചോദ്യം ചെയ്തു നടന്നു നീങ്ങിയ ഞങ്ങളെ 100 മീറ്ററോളം പിന്തുടർന്ന് കേട്ടാൽ അറയ്ക്കുന്ന ചീത്ത വിളിക്കുകയും എന്റെ മാറിടത്തിൽ കയറിപിടിക്കാൻ ശ്രമിച്ച അക്രമികളെ തടഞ്ഞ ശംഭുവിന്റെ കൈയിൽ മൂർച്ചയേറിയ എന്തോ സാധനം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാർ നോക്കി നിൽക്കെ സിനിമാസ്റ്റൈലിൽ നടന്നു നീങ്ങിയ അവരെ ഞങ്ങളുടെ പരാതിയെ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ നോക്കി അറസ്റ്റ് ചെയ്തു. പിന്നീട് കേൾക്കുന്ന വാർത്ത രണ്ടു ദിവസത്തെ റിമാൻഡിനുശേഷം ഇവരെ ജാമ്യത്തിൽ വിട്ടു എന്നാണ്!

ഉറങ്ങാൻ കഴിയുന്നില്ല ഇത് കേട്ടിട്ട്. ഒരു മനുഷ്യന് ഒരിക്കലും വരാൻപാടില്ലാത്തത്ര കലിയിൽ ആണ് അന്ന് അവൻ നടുറോഡിൽ താണ്ഡവം ആടിയത്! അണപൊട്ടി ഒഴുകുന്ന പോലെ അക്രമം അഴിച്ചു വിട്ട ഇവരെ ഈ സമൂഹത്തിനു ആവശ്യമോ?

ഒരു പെണ്ണിനെ മിണ്ടാതെയാക്കാൻ അവളുടെ മാറിടത്തിൽ പിടിച്ചാൽ മതി എന്ന് അവനെയും വളർന്നു വരുന്ന ഈ തലമുറയേയും പഠിപ്പിച്ചത് ആരാണ്?

ഒരു ആയുധവുമായി നടക്കാനും, അത് ഒരാളുടെ കൈയിൽ 9 തുന്നികെട്ടുകൾ വരെ ഇടേണ്ടിവന്ന ആഴത്തിൽ മുറിവുകൾ ഉണ്ടാക്കാനായി ഉപയോഗിക്കാൻ അവനു ധൈര്യം കൊടുത്തത് എന്താണ്?

എന്താണ് നമ്മുടെ ഈ സമൂഹം ആ അക്രമികളോട് പറയാൻ ശ്രമിക്കുന്നത്? പട്ടാപകൽ ഒരു പെണ്ണിനെ പിടിച്ചാലും നിനക്കൊന്നും ഭയക്കാനില്ലന്നോ? അതോ ഒരുത്തനെ വെട്ടിക്കൊന്നാലും നിനക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുമെന്നോ? എനിക്ക് അറിയില്ല.

പക്ഷേ എന്നോട് എന്താണ് ഈ സമൂഹം പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. നീ സുരക്ഷിത അല്ല ഈ നാട്ടിൽ. രാത്രിയെന്നല്ല, പകലുപോലും!

500 രൂപയുടെ ചെരുപ്പ് മാറ്റിവാങ്ങാൻ പോയ ഞങ്ങൾക്ക് നഷ്ടപെട്ടത് പതിനായിരങ്ങൾ ആണ്. ആശുപത്രി ചിലവും, യാത്ര ചിലവും, ശംഭുവിനു അവിടുന്ന് പേടിച്ചു വീട് മാറേണ്ടി വന്ന ഇനത്തിലും നഷ്ടങ്ങൾ ഞങ്ങൾക്ക് മാത്രം.

അല്ലെങ്കിലും നഷ്ടങ്ങൾ എന്നും ഇരയാക്കപ്പെടുന്നവരുടെ മാത്രമാണ്. ഈ നഷ്ടങ്ങൾ ഏറ്റുവാങ്ങി, നിയമമെന്ന ഉരാക്കുരുക്കിൽ ഇറങ്ങാതെ ജീവിക്കാനാണ് ഈ സമൂഹം എന്നോട് പറയാതെ പറയുന്നത്. ഞാൻ അത് കേൾക്കുന്നു. പിന്നെയും പിന്നെയും അത് മാത്രം കേൾക്കുന്നു.

അശ്വനിയും സുഹൃത്തും ക്രൂരമായി ആക്രമിക്കപ്പെട്ട വാര്‍ത്ത വായിക്കാം