ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സീരിയൽ കില്ലർമാരിൽ ഒരാളായിരുന്നു ഇവാൻ മിലാത്ത്. വളരെ ക്രൂരവും ഭയാനകവുമായിരുന്നു മിലാത്തിൻ്റെ കൊലപാതകങ്ങൾ. അയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു സിനിമ തന്നെ നിർമ്മിക്കപ്പെട്ടു.1944 -ൽ ഓസ്‌ട്രേലിയയിൽ ജനിച്ച മിലാത്തിൻ്റെ ജീവിതത്തിലെ ഭയാനകമായ വിശദാംശങ്ങൾ വോൾഫ് ക്രീക്ക് എന്ന ഹൊറർ സിനിമയ്ക്ക് പ്രചോദനമായി.

1989 -നും 1992 -നും ഇടയിൽ, 19 -നും 22 -നും ഇടയിൽ പ്രായമുള്ള ഏഴ് പേരെയെങ്കിലും അയാള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ട്. അതിൽ മൂന്ന് ജർമ്മൻകാരും, രണ്ട് ബ്രിട്ടീഷുകാരും, രണ്ട് ഓസ്‌ട്രേലിയക്കാരും ഉൾപ്പെടുന്നു. അയാള്‍ കൊലപ്പെടുത്തിയവരിൽ കൂടുതലും സഞ്ചാരികളായിരുന്നു. സിഡ്‌നിക്കും മെൽബണിനും ഇടയിലുള്ള ഒരു നീണ്ട റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അയാൾ അവരെ മിക്കവാറും കൊന്നത്. ഒറ്റക്കും, ജോഡികളായും നടന്നവരെ അയാൾ നിർദ്ദയം കൊന്നുതള്ളി. ന്യൂ സൗത്ത് വെയിൽസിലെ Belanglo State Forest -ലാണ് അയാൾ കഴിഞ്ഞിരുന്നത്. ഓസ്‌ട്രേലിയയുടെ തെക്ക് ഭാഗത്തുള്ള സിഡ്‌നിക്കും കാൻബെറയ്ക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്യാമ്പിംഗ് സ്ഥലങ്ങൾ, മത്സ്യബന്ധനത്തിനുള്ള സ്ഥലങ്ങൾ, വീതിയുള്ള പാതകൾ എന്നിവയാൽ മനോഹരമായ ഒരു ജനങ്ങള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണിത്. ഏഴുപേരെയും മിലാത്ത് കണ്ടുമുട്ടുകയും കൊലപ്പെടുത്തുകയും ചെയ്തത് ഈ വനത്തിലാണ്. അതില്‍ മിക്കവരും സഞ്ചാരികളായിരുന്നു. 

കൊലകള്‍ ആനന്ദത്തിനുവേണ്ടി? 

ഇരകളിൽ ഭൂരിഭാഗവും ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീകളുടെ ഉടുപ്പും അടിവസ്ത്രവും തോളിലേയ്ക്ക് നീങ്ങിക്കിടന്നിരുന്നു. ഇത്, അവർ ഉപദ്രവിക്കപ്പെട്ടിരിക്കാമെന്ന് സൂചിപ്പിക്കുന്നു. ഇരകളായ ചില സ്ത്രീകൾക്ക് അടിവസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇരകളെ എല്ലാവരെയും പീഡിപ്പിക്കുകയും അവരെ അയാളുടെ നിയന്ത്രണത്തിൽ നിർത്തുകയും ചെയ്തിരുന്നു. പല സീരിയൽ കില്ലർമാരിൽ നിന്നും വ്യത്യസ്തമായി മിലാത്ത് ഒരു കൊലപാതക രീതി മാത്രമല്ല ഉപയോഗിച്ചിരുന്നത്. കത്തിയും, തോക്കും, കൈകളും അയാൾ ഇരകളെ കൊല്ലാനായി ഉപയോഗിച്ചിരുന്നു. അയാളുടെ കൈയിൽ അകപ്പെട്ട രണ്ടുപേരെ കൊല്ലാൻ രണ്ട് രീതിയാണ് അയാൾ പ്രയോഗിച്ചിരുന്നത്.

ബ്രിട്ടീഷ് യാത്രക്കാരായ കരോലിൻ ക്ലാർക്കും ജോവാൻ വാൾട്ടേഴ്‌സിന്റെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. 1992 സെപ്റ്റംബറിൽ ഇവരുടെ മൃതദേഹങ്ങൾ ഫോറസ്റ്റിലെ എക്സിക്യൂഷനേഴ്‌സ് ഡ്രോപ്പ് എന്ന സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രണ്ടുപേരുടെ ശരീരത്തിലും ആഴത്തിലുള്ള നിരവധി മുറിവുകൾ കാണാൻ ഇടയായി. 'ഭ്രാന്തമായ ആക്രമണം' എന്നാണ് പോലീസുകാർ ഇതിനെ പറഞ്ഞത്. ജോവാൻസിൻ്റെ നെഞ്ചിൽ ഇരുവശത്തുമായി കത്തികൊണ്ട് ആഴത്തിലുള്ള ആറേഴു കുത്തുകളുണ്ടായിരുന്നു. ഇതുകൂടാതെ ശരീരമാസകലം മുറിവേറ്റിരുന്നു. ആകെ പതിനാല് മുറിവുകളാണ് ആ ശരീരത്തിൽ കണ്ടെത്തിയത്. കുത്തേറ്റ മുറിവുകളിൽ അഞ്ചെണ്ണം നട്ടെല്ല് തകർത്തിരുന്നതായി ആഭ്യന്തര പരിശോധനയിൽ വ്യക്തമായി. ഇരയെ തീർത്തും നിസ്സഹായനാക്കുംവിധം ക്രൂരമായിട്ടാണ് ആക്രമണം ഉണ്ടായത്. രണ്ട് വാരിയെല്ലുകൾ പൂർണ്ണമായും ഛേദിക്കപ്പെട്ടു. കൂടെയുണ്ടായിരുന്ന കരോലിൻ എന്നാൽ വെടിയുണ്ടകളേറ്റാണ് കൊല്ലപ്പെട്ടത്. കരോലിൻ ക്ലാർക്ക്സിൻ്റെ കൈകൾ തലയ്ക്ക് മുകളിലായി ഒരു ചുവന്ന തുണികൊണ്ട് കെട്ടിയിട്ടുണ്ടായിരുന്നു. അഴുകിയ തുണിയിൽ ബുള്ളറ്റ് ദ്വാരങ്ങൾ വ്യക്തമായി കാണാമായിരുന്നു. പത്ത് ബുള്ളറ്റ് ദ്വാരങ്ങൾ തലയോട്ടിയിൽ മാത്രം കണ്ടെത്തിയിരുന്നു. മുഖത്തിൻ്റെ  മുൻഭാഗവും താടിയെല്ലും തകർന്നിരുന്നു.

ബാക്കിയുള്ളവരെയും അയാൾ ഇതേ ക്രൂരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ആളുകളെ വേദനിപ്പിച്ച് കൊല്ലുന്നതിൽ അയാൾ രസം കണ്ടെത്തി. ചിലരുടെ തലയറുത്തും, ചിലരുടെ തലയോട്ടി അടിച്ച് തകർത്തും അയാളുടെ രക്തദാഹം അയാൾ തീർത്തു. ഒരു പേ പിടിച്ച ചെന്നായയെ പോലെ തൻ്റെ ഇരയ്ക്കായി ആ കാടുകളിൽ പതുങ്ങിയിരുന്നു. അവസരം വരുമ്പോൾ അവരുടെ മുന്നിൽ ഒരു നല്ലവനെ പോലെ പ്രത്യക്ഷപ്പെട്ട് ഒടുവിൽ ഒരു രാക്ഷസനെപോലെ അവരുടെ ജീവനെടുക്കും. കൊല്ലുന്ന രീതി  മാത്രമല്ല ശവശരീരങ്ങൾ അടക്കുന്ന രീതിയിലുമുണ്ട് പ്രത്യേകതകൾ.    

പല സീരിയൽ കില്ലർമാരിൽ നിന്ന് വ്യത്യസ്തമായി, മിലാത്ത് ആളുകളെ കൊന്നിരുന്നത് ശരീരത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് കീഴടക്കലിനും, ആനന്ദത്തിനും വേണ്ടി ക്കൂടിയായിരുന്നു. ഇരകളുടെ കൊലപാതകത്തിന് മുമ്പും ശേഷവും അയാൾ ഇരകളുടെ കൂടെ സമയം ചെലവഴിക്കുമായിരുന്നു. ശരീരം അടക്കിയതിന് അടുത്തുതന്നെ ഒരു താൽക്കാലിക അടുപ്പ്, സിഗരറ്റ് കഷ്ണങ്ങൾ, ചിലപ്പോൾ ബുള്ളറ്റ് ദ്വാരങ്ങളുള്ള ക്യാനുകൾ എന്നിവ കണ്ടെത്തിയിരുന്നു. ഇത് അവരെ അടക്കിയതിന് ശേഷവും അയാൾ അവരുടെ കൂടെ ഇരിക്കുമായിരുന്നു എന്നതിന്റെ തെളിവാണ്. ഒരിക്കലും പിടിക്കപ്പെടുമെന്ന ഭയം ഇല്ലാതെയാണ് മിലാത്ത് ഇരകളുടെ കൂടെ ഒരുപാട് സമയം ചിലവഴിച്ചിരുന്നത്. വല്ലാത്ത ആത്മവിശ്വാസമായിരുന്നു അയാൾക്ക്.

ഇരകളെ കൊലപ്പെടുത്തിയത് ഒരേ രീതിയിൽ അല്ലെങ്കിലും, മിലാത്ത് എല്ലാ ഇരകളെയും ഒരേ രീതിയിലാണ് അടക്കിയിരുന്നത്. ഇരകളെല്ലാം ഒരേ വനമേഖലയിൽ പലയിടത്തായാണ് ചിതറിക്കിടന്നിരുന്നത്. ഓരോ ഇരയെയും മുഖാമുഖം ഇരുത്തുകയും അവരുടെ കൈകൾ പുറകിൽ കെട്ടുകയും ചെയ്യുമായിരുന്നു. ഒരു പിരമിഡാകൃതിയിൽ വിറകും കമ്പുകളും ക്രമീകരിച്ച് ശരീരത്തിന് മുകളിൽ അത് സ്ഥാപിക്കുകയും ചെയ്തിരുന്നു.

പിടിക്കപ്പെടുന്നതിങ്ങനെ 

1971 -ൽ, രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് മിലാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ അയാളെ  കോടതി വെറുതെ വിട്ടു. പക്ഷേ, അതുകൊണ്ടൊന്നും അയാൾ രക്ഷപ്പെട്ടില്ല. മിലാത്തിന്റെ കൈയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷുകാരനായ പോൾ ഒനിയനായിരുന്നു അയാളുടെ അന്തകനായത്. കാട്ടിൽ സഞ്ചരിക്കുമ്പോഴാണ് പോൾ ഒനിയൻ മിലാത്തിനെ കണ്ടത്. ആദ്യം, മിലാത്ത് - തന്റെ പേര് ബിൽ എന്നാണെന്നാണ് ഒനിയനോട് പറഞ്ഞത്. ഒരു നല്ലവനെ പോലെ അയാൾ അഭിനയിച്ചു. കാട്ടിലേക്കുള്ള വഴിയിൽ അവർ സംസാരിച്ചുകൊണ്ട് നടന്നു. ഒനിയൻ വിക്ടോറിയയിലേക്കുള്ള യാത്രയിലായിരുന്നു, പക്ഷേ, കാടിന്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ മിലാത്ത് ഒരു ടേപ്പ് തിരയാൻ സഹായിക്കണമെന്ന് ഒനിയനോട് പറഞ്ഞു.

ആ സമയത്താണ് ഒനിയന്ന് തന്റെ കൂട്ടുകാരന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയത്. തൊട്ടുപിന്നാലെ, മിലാത്ത് ഒരു റിവോൾവർ പുറത്തെടുത്തു, അവനെ കൊള്ളയടിക്കാൻ പോകുകയാണെന്ന് ഒനിയനോട് പറഞ്ഞു, എന്നിട്ട് അവനെ നിലത്തിട്ടു. എന്നാൽ ഒനിയൻ കുതറി ഓടി. എതിരെ വന്ന കാറിൽ കയറി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഒനിയൻ പൊലീസിൽ പരാതിപ്പെടുകയും പോലീസ് മിലാത്തിനെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. താമസിയാതെ അയാൾക്കെതിരെ ലഭിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവാൻ മിലാത്ത്, ഓരോ കൊലപാതകം കഴിയുമ്പോഴും അതിന്റെ ഓർമക്കായി ഇരകളുടെ വസ്ത്രങ്ങളും ക്യാമ്പിംഗ് ഗിയറുകളും സൂക്ഷിച്ച് വെക്കുമായിരുന്നു. ഷർട്ടുകൾ, സ്ലീപ്പിംഗ് ബാഗുകൾ, വാട്ടർ ബോട്ടിൽ, പോർട്ടബിൾ സ്റ്റവ്,എന്നിവ മേൽക്കൂരയിലും വീട്ടിലെ അറകളിലും അയാൾ ഒളിച്ചുവച്ചിരുന്നു. ഇത് അയാൾക്ക് വളരെ സന്തോഷം നൽകി. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട അയാള്‍ ഒടുവിൽ കഴിഞ്ഞ വർഷം ക്യാൻസർ ബാധിച്ച് മരിക്കുകയായിരുന്നു.  ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകവും, ക്രൂരവുമായ കൊലപാതകങ്ങളുടെ പരമ്പര അങ്ങനെ ചരിത്രത്തിൻ്റെ ഭാഗമായി.