Asianet News MalayalamAsianet News Malayalam

കാമ്പസ് പൂമരങ്ങള്‍ വെട്ടാം, പക്ഷേ,  പകരം നാമെന്ത് നടും?

AV Sherine on viral campus poem comrade
Author
Thiruvananthapuram, First Published Aug 4, 2016, 11:41 AM IST

AV Sherine on viral campus poem comrade

എം.അബ്ദുല്‍ റഷീദ് എഴുതിയ 'ആ പൂമരങ്ങള്‍ കാമ്പസില്‍ ഇപ്പോഴും  ബാക്കിയെങ്കില്‍ അത് വെട്ടി തീയിടണം!'' നല്ല കുറിപ്പാണ്. പിന്നെ എന്താണ് പ്രശ്‌നം? പ്രശ്‌നം എന്താണെന്നുവെച്ചാല്‍ അത് ഒരു prosaic sensibiltiy ഉള്ള ആളുടെ കുറിപ്പാണ് എന്നതാണ്. 

'കൊല്ലപ്പരീക്ഷയത്തൊറായീ സഖാവെ' എന്ന light potery  ഞാന്‍ ഒന്നോ രണ്ടോ തവണ കേട്ടിരുന്നു. ആദ്യം ഇഷ്ടമായി. ട്യൂണ്‍ കൊണ്ടും ശബ്ദം കൊണ്ടും. വരികൊണ്ട് അത്ര ഇഷ്ടമായി എന്ന് പറയാനാകില്ല. എന്നാല്‍, ഇഷ്ടമാകാതിരിക്കുന്നുമില്ല. 

'കൊല്ലം മുഴുവന്‍ ജയിലിലാണോ' എന്ന വരി, ഈ പാട്ട് ഏതുകാലത്തേതാണ് എന്ന സന്ദേഹമുണ്ടാക്കി. കേരളത്തില്‍, കൊല്ലം മുഴുവന്‍ ജയിലില്‍ സഖാക്കള്‍ കഴിഞ്ഞ ഒരു കാലം അടിയന്തരാവസ്ഥയാണ്. ആ കാലമല്ലല്ലോപാട്ടെഴുതിയ കാലം. പിന്നെ എങ്ങിനെയാണ് ഈ പാട്ട് വൈറലാകുന്നത്? അവിടെയാണ് പ്രണയവും കാല്‍പനികതയും തമ്മിലുള്ള രഹസ്യഭാഷയുടെ ചുരുള്‍ അഴിയുന്നത്. 

പ്രണയംഅത് എത്രമേല്‍ റാഷണല്‍ ആയ രണ്ടുപേര്‍ക്കിടയില്‍ സംഭവിക്കുമ്പോഴും അതിനകത്ത് ഒരു കാല്‍പനിക സ്‌ഫോടനം നടക്കുന്നുണ്ട്. അത് വേണോ വേണ്ടേ, ശരിയോ തെറ്റോ എന്നതെല്ലാം രണ്ടാമത്തെ ചര്‍ച്ചമാത്രമാണ്. പക്ഷേ, ആത്യന്തികമായി ഒരു കാല്‍പനിക പരിസരം പ്രണയത്തിനുണ്ട്. (ഗുല്‍സാര്‍ സംവിധാനം ചെയ്ത 'ആന്ധി' എന്ന ഹിന്ദി സിനിമ 1975ലാണ് പുറത്തിറങ്ങുന്നത്. അത് ഇന്ദിരാഗാന്ധിയുടെ കഥയാണ് എന്ന് അന്നും ഇന്നും വാദമുണ്ട്. അടിയന്തരാവസ്ഥയില്‍ ഇറങ്ങിയ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച, ഇന്ദിരാഗാന്ധിയുടെ ജീവിതത്തിന്റെ ഗന്ധമുള്ള സിനിമ എന്ന പേരെടുത്ത ആന്ധിയിലെപ്പോലും പാട്ടുകള്‍ കാല്‍പനികമാണ്. 'തേരേ ബിനാ സിന്ദഗി സെ കോയി', 'തും ആഗയേ ഹോ നൂര്‍ ആഗയാ').

പ്രണയംഅത് എത്രമേല്‍ റാഷണല്‍ ആയ രണ്ടുപേര്‍ക്കിടയില്‍ സംഭവിക്കുമ്പോഴും അതിനകത്ത് ഒരു കാല്‍പനിക സ്‌ഫോടനം നടക്കുന്നുണ്ട്. അത് വേണോ വേണ്ടേ, ശരിയോ തെറ്റോ എന്നതെല്ലാം രണ്ടാമത്തെ ചര്‍ച്ചമാത്രമാണ്.

നോക്കൂ, കേരളത്തിലെ ഏറ്റവും ജനപ്രിയ സിനിമാ സംഗീതത്തിന്റെ കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തിലുടനീളം ഹിറ്റ് ഗാനങ്ങളാകുന്നത് കാല്‍പനിക ഭാവമുള്ള ഗാനങ്ങളാണ്. സിനിമയുടെ പ്രണയ പരിസരങ്ങളെ ജ്വലിപ്പിക്കുന്നത് അതിന്റെ അര്‍ഥവും അര്‍ഥമില്ലായ്മയുമാണ്. അത് 'നീലക്കുയില്‍' മുതല്‍, ഇങ്ങേയേറ്റത്തെ 'കിസ്മത്തി'ലെ പാട്ടുവരെ അങ്ങനെയാണ്.

കാല്‍പനികത, വിജയന്‍ മാഷുടെ വാക്കില്‍ പറഞ്ഞാല്‍, 'നിങ്ങളുടെ കപടയുക്തിയില്‍ നിന്ന്, സത്യസന്ധമായ സങ്കല്‍പങ്ങളിലേക്കുള്ള മടങ്ങിപ്പോകല്‍' ആണ്. അതിന്റെ വഴിയില്‍ വീണ പുഷ്പങ്ങളുടെ നിറങ്ങളില്‍ മഴവില്ലില്‍ നാം പഠിച്ചെടുത്ത വര്‍ണ്ണങ്ങള്‍ക്കപ്പുറമുള്ള നിറങ്ങളും കണ്ടെന്നിരിക്കും. അതുകൊണ്ട്, അതൊന്നും നിറമല്ല എന്ന് പറയരുത്. 
കാല്‍പനികത എപ്പോഴും എന്നേക്കുമുള്ള ഒരു കാര്യമാണെന്നോ, ഐഡിയല്‍ ആണ് എന്നോ വാദമില്ല. പക്ഷേ, കാല്‍പനികത light poteryയുടെ ഒരു അടിസ്ഥാന ഭാവമാണ്. അതില്ലാതെ അത് പൂര്‍ണമാകില്ല. അതില്ലാതെ പ്രണയം പൂര്‍ണമാകാത്തതുപോലെ.

'കൊല്ലം മുഴുവന്‍ ജയിലിലാണോ' എന്നു കേള്‍ക്കുമ്പോള്‍, ഇത് അടിയന്തരാവസ്ഥക്കാലമാണോ എന്ന ചോദ്യം ഉന്നയിക്കുന്നത് എന്റെ റാഷണല്‍ മനസ് ആണ്. എന്നാല്‍, ആ റാഷണാലിറ്റിക്കപ്പുറം പോകുന്ന ഒരു അനുഭവമായി അത് സ്വയം മാറിത്തീരുന്നുണ്ട്. 'വിശറിക്കു കാറ്റുവേണ്ട' എന്ന പഴയ നാടകത്തിലെ 'ഏഴാം കടലിനക്കരെയുണ്ടോരേഴിലം പാല' എന്ന പാട്ടു കേള്‍ക്കൂ. (വയലാര്‍-ദേവരാജന്‍). അതിനെ ഒരു വരി ഇങ്ങനെ: 'കടലേഴും കടന്നെന്റെ കണ്‍മണി വരുമോ? കടലേഴിന്നപ്പുറത്തെ മണിമുത്തു തരൂ നീ'. എന്താണ് ഈ വരി അര്‍ഥമാക്കുന്നത്? നായിക ഏഴുകടലും കടന്ന് ഇംഗ്‌ളണ്ടില്‍ നിന്ന് വരികയാണ് എന്നാണോ? അവിടുത്തെ ജ്വല്ലറിയില്‍ നിന്ന് മുത്തുവാങ്ങി കൊണ്ടുവരും എന്നാണോ?

'നാളെയീ പെയ്ത പുഷ്പങ്ങള്‍' ഒടുക്കമത്തെുമ്പോഴാണ് തിരിഞ്ഞുനടക്കുന്നത്. 'വരും ജന്‍മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടുമെന്ന' വരി മറ്റുവരികളോടൊപ്പം നില്‍ക്കാനുള്ള കെല്‍പ്പില്ലാത്തതാണ്.

തീര്‍ച്ചയായും അല്ല. അവളുള്ളത് ഒരു വിളിപ്പാടകലെ, ഒരു പക്ഷേ, ഒരു മലയുടെ, പുഴയുടെ, ഗ്രാമത്തിന്റെ അപ്പുറത്താകും. എന്നാല്‍, കാത്തിരിപ്പിന്റെ ദൂരമളക്കാനുള്ള ഒരു പ്രയോഗമായിട്ടാണ് 'കടലേഴും കടന്നെന്റെ' എന്ന വരി വരുന്നത്. അത് ഭംഗിയായി ഒരു സന്ദര്‍ഭത്തിലേക്ക് ലയിക്കുന്നുണ്ട്. അത് പ്രണയത്തിന്റെയും കാല്‍പനികതയുടെയും ഒരു മാജിക്ക് ആണ്. 

'നാളെയീ പെയ്ത പുഷ്പങ്ങള്‍' ഒടുക്കമത്തെുമ്പോഴാണ് തിരിഞ്ഞുനടക്കുന്നത്. 'വരും ജന്‍മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടുമെന്ന' വരി മറ്റുവരികളോടൊപ്പം നില്‍ക്കാനുള്ള കെല്‍പ്പില്ലാത്തതാണ്. അത്, എങ്ങനെയെങ്കിലും ഇതൊന്നവസാനിപ്പിക്കണം എന്ന മട്ടില്‍ എഴുതിയതായിപ്പോയി. 'ഇ.പി.ഡബ്‌ള്യു'വിന്റെ അവസാനത്തെ രണ്ടുപേജില്‍ 'ഫിലിം ഫെയര്‍' അടിച്ചപോലെ.

'പേടിയായിരുന്നു' എന്നതില്‍ അത്രമേല്‍ അങ്കലാപ്പിനുള്ള വകുപ്പില്ല എന്നാണ് എന്റെ നിലപാട്. ആണിനോടുള്ള പ്രേമം വെളിപ്പെടുത്താനുള്ള പെണ്ണിന്റെ പേടി മാത്രമാണോ പ്രണയത്തിലെ പേടി. നിര്‍ഭയം, യാതൊരു ആശങ്കയുമില്ലാതെ ഒരു സുപ്രഭാതത്തില്‍, ലാഘവം മാത്രം നിറഞ്ഞ വാക്കില്‍ പ്രണയം പറഞ്ഞ ഏത് ആണുണ്ട് പ്രണയത്തിന്റെ ഭൂപടത്തില്‍?

'പേടിയായിരുന്നു' എന്നതില്‍ അത്രമേല്‍ അങ്കലാപ്പിനുള്ള വകുപ്പില്ല എന്നാണ് എന്റെ നിലപാട്. ആണിനോടുള്ള പ്രേമം വെളിപ്പെടുത്താനുള്ള പെണ്ണിന്റെ പേടി മാത്രമാണോ പ്രണയത്തിലെ പേടി.

കാല്‍പനികതയുടെ പൂമരങ്ങള്‍ ക്യാമ്പസില്‍ നിന്ന് വെട്ടുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ, അവിടെ എന്താണ് നമ്മള്‍ പകരം നടുക എന്നതുകൂടി ആലോചിക്കുന്നത് നല്ലതാണ്. ചുവപ്പുപുഷ്പങ്ങള്‍ കൊഴിഞ്ഞവീഴുന്ന, കാതല്‍ ചിതലെടുത്ത മരങ്ങള്‍ കലാലയങ്ങളില്‍ ആവശ്യമില്ലെന്ന ആഹ്വാനം നടത്തുന്നവര്‍ സ്വന്തം വളപ്പില്‍ നട്ട് പരിപാലിക്കുന്ന മരങ്ങള്‍ ഏതൊക്കെയാണ് എന്ന മറുചോദ്യമാണ് ഇന്ന് നാം ചോദിക്കേണ്ട കൂടുതല്‍ അര്‍ഥവത്തായ ചോദ്യം. 

Follow Us:
Download App:
  • android
  • ios