ഇസ്‌ലാമബാദ്: ഇന്നലെ മുല്‍ട്ടാനില്‍ കൊല ചെയ്യപ്പെട്ട പാക് സോഷ്യല്‍ മീഡിയാ സെലിബ്രിറ്റി ക്വാന്റീല്‍ ബലോചിനെതിരെ കടുത്ത സോഷ്യല്‍ മീഡിയാ ആക്രമണത്തിന് വഴിയൊരുക്കിയത് ബാന്‍ എന്ന മ്യൂസിക് വീഡിയോ. ഇതിനു പിന്നാലെയാണ് അവര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നത്.

പാക്കിസ്താനിലെ സദാചാര ബോധത്തെ സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിച്ച ഈ യുവതി യുവഗായകനായ ആര്യന്‍ ഖാനുമൊന്നിച്ച്ാണ് ബാന്‍ എന്ന മ്യൂസിക്ക് വീഡിയോ പുറത്തിറക്കിയത്. ഈ വീഡിയോ കാണരുതെന്ന് മത സംഘടനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയെങ്കിലും വീഡിയോ വലിയ ഹിറ്റായി മാറി. എന്നാല്‍, അതിനെ തുടര്‍ന്ന് അവര്‍ക്ക് എതിരായ ഭീഷണികള്‍ വ്യാപകമായി. 

പ്രകോപനപരമായ രീതിയിലായിരുന്നു വീഡിയോയില്‍ ക്വാന്റീല്‍ പ്രത്യക്ഷപ്പെട്ടത്. അല്‍പ്പ വസ്ത്രധാരിയായി, ശരീര സൗന്ദര്യം പരമാവധി പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ഈ വീഡിയോ. 

ഇൗ മ്യൂസിക് വീഡിയോ ഇറങ്ങിയതിനു പിന്നാലെ, ക്വാന്റീലിന്റെ പേരും വിലാസവും വെളിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സംഭവം നടന്നു. അവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ട് രേഖകളുമെല്ലാം ആരൊക്കെയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഓഫീസില്‍നിന്നാണ് ഈ രേഖകള്‍ ചോര്‍ന്നതെന്നും അതിന്റെ ഉറവിടം അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് തന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു കാണിച്ച് അവര്‍ പാക് ആഭ്യന്തര മന്ത്രിയെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയരക്ടര്‍ ജനറലിനെയും പൊലീസ് മേധാവികളെയും സമീപിച്ചു. എന്നാല്‍, കാര്യമായ നടപടി ഉണ്ടായില്ല. ഇതിനെതിരെയും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. അതു കഴിഞ്ഞ് ദിവസങ്ങള്‍ക്കിടെയാണ് അവര്‍ കൊല ചെയ്യപ്പെട്ടത്.

സ്വന്തം സഹോദരന്‍ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍, വീട്ടില്‍വെച്ച് സഹോദരന്‍ അവരെ കഴുത്തുഞെരിച്ച് കൊല ചെയ്യുകയായിരുന്നു എന്നാണ് പ്രദേശിക പൊലീസ് മേധാവി അസം സുല്‍ത്താന്‍ പിന്നീട് പറഞ്ഞത്. ക്വാന്റീലിനെ നേരത്തെയും സഹോദരന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബത്തിന്റെ മാനത്തിനു വേണ്ടിയുള്ള കൊലയാണ് ഇതെന്ന് കരുതുന്നതായും പൊലീസ് മേധാവി പറയുന്നു. സംഭവത്തില്‍ പാക്കിസ്താനിലെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.