വിൽ‌സൻ്റെ ഈ വിചിത്രമായ വിനോദം കണ്ട് ആളുകൾ അദ്ദേഹത്തെ 'ച്യൂയിങ് ഗം മാൻ 'എന്ന് വിളിയ്ക്കാൻ തുടങ്ങി. ആദ്യം അദ്ദേഹം പടികളിലും, തറയിലും മറ്റും ഒട്ടിയിരിക്കുന്ന ച്യൂയിങ് ഗം ശേഖരിക്കും.

'വല്ലഭന് പുല്ലും ആയുധം' എന്ന് പറയുന്നത് പോലെ ചിലർക്ക് കൈയിൽ കിട്ടുന്ന എന്തിനെയും മികച്ച കലാസൃഷ്ടികളാക്കാൻ വല്ലാത്ത കഴിവാണ്. ഈ അടുത്തകാലത്തായി ഇലയിൽ മുഖം കൊത്തിയെടുത്ത ഒരു അപൂർവ്വ കരവിരുത് മാധ്യമങ്ങളിൽ വൈറലായിരുന്നു. നമ്മളൊട്ടും പ്രതീക്ഷിക്കാത്ത വസ്‍തുക്കള്‍ ഉപയോഗിച്ച് അവർ നടത്തുന്ന കലാസൃഷ്ടി നമ്മെ ഞെട്ടിച്ചുകളയും മിക്കപ്പോഴും. ഇത് ഉപയോഗിച്ച് ഇങ്ങനെയും ചിലത് ചെയ്യാം എന്ന് അപ്പോഴായിരിക്കും നമ്മൾ ചിന്തിക്കുക.

57 -കാരനായ ബെൻ വിൽസൺ അത്തരത്തിലൊരു പ്രതിഭയാണ്. അദ്ദേഹം അതിമനോഹരമായ ചിത്രങ്ങൾ വരയ്ക്കും. അതിലെന്താ ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ. അദ്ദേഹം ചിത്രങ്ങൾ വരക്കുന്നത് ക്യാൻവാസിലും, ചുവരിലും ഒന്നുമല്ല, എല്ലാവരും ഉപയോഗിച്ച് വലിച്ചെറിയുന്ന ച്യൂയിങ്ഗത്തിലാണ്. ആർക്കും കേട്ടാൽ അറപ്പുതോന്നുന്ന ഇത് അദ്ദേഹം ചെയ്യുന്നത് പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായി കൂടിയാണ്. അദ്ദേഹം ഉപയോഗമില്ലാത്തെ വലിച്ചെറിയുന്ന ച്യൂയിങ്ഗത്തെ ഇതിലൂടെ പുനരുപയോഗം ചെയ്യുകയാണ്. പക്ഷേ, ച്യൂയിങ് ഗം ഉപയോഗിച്ച് ചിത്രം വരയ്ക്കാൻ അത്ര എളുപ്പമമൊന്നുമല്ല. വളരെ അധികം ക്ഷമയും, കരവിരുതും വേണ്ട ഒന്നാണ് ഇത്.

കഴിഞ്ഞ 15 വർഷമായി അദ്ദേഹം ഇത് ചെയ്തുവരികയാണ്. ഇത് വെറുമൊരു കിറുക്കായി പലർക്കും തോന്നാം. പക്ഷേ, വിൽസനെ സംബന്ധിച്ചിടത്തോളം ഇതൊരു പുനരുപയോഗ മൂല്യമുള്ള കലാരൂപമാണ്. താൻ മാലിന്യത്തിൽനിന്ന് നല്ലതെന്തെങ്കിലും ഉണ്ടാകാനുള്ള ശ്രമത്തിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചെറിയ നാണയത്തോളം വലുപ്പമുള്ള അദ്ദേഹത്തിൻ്റെ വർണ്ണാഭമായ സൃഷ്ടികൾ ആരുടേയും ശ്രദ്ധ ആകർഷിക്കുന്നതാണ്. വടക്കൻ ലണ്ടനിൽ താമസിക്കുന്ന വിൽ‌സൺ ആദ്യം മരത്തിലാണ് കൊത്തുപണികൾ ചെയ്തിരുന്നത്. പിന്നീട് ച്യൂയിങ് ഗം അദ്ദേഹത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.



വിൽ‌സൻ്റെ ഈ വിചിത്രമായ വിനോദം കണ്ട് ആളുകൾ അദ്ദേഹത്തെ 'ച്യൂയിങ് ഗം മാൻ 'എന്ന് വിളിയ്ക്കാൻ തുടങ്ങി. ആദ്യം അദ്ദേഹം പടികളിലും, തറയിലും മറ്റും ഒട്ടിയിരിക്കുന്ന ച്യൂയിങ് ഗം ശേഖരിക്കും. പിന്നീട് ബർണർ ഉപയോഗിച്ച് അതിനെ ഉരുക്കും. എന്നിട്ട് ബ്രഷും, ചായങ്ങളും ഉപയോഗിച്ച് അതിൽ മനോഹരമായ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കും. വിൽ‌സൺ ആർട്ട് ഗാലറികളുമായും, കലാകാരന്മാരുമായും ചേർന്ന് പ്രവർത്തിയ്ക്കുന്നുണ്ട്. “പരിസ്ഥിതിയിൽ അടിച്ചേൽപ്പിക്കുന്നതിനുപകരം പരിസ്ഥിതിയിൽ നിന്ന് പരിണമിക്കുന്ന എന്തെങ്കിലും സൃഷ്ടിക്കുന്നത് വളരെ സന്തോഷകരമാണ്,” അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണം തൻ്റെ ഉത്തരവാദിത്വമായി കണക്കാക്കുന്ന ഒരു കലാകാരനാണ് വിൽ‌സൺ.