കമ്മ്യൂണിസ്റ്റ് ചൈനയിൽ മതസ്വാതന്ത്രത്തിന് വിലക്കില്ലെന്ന് പറയുമ്പോഴും അവിടെയുള്ള മുസ്ലിം ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നത് കൊടും പീഡനങ്ങളാണ്. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ ഹാൻ വംശജരെ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പികുമ്പോൾ, മുസ്ലീം ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയിഗറുകളുടെയും മറ്റ് ന്യൂനപക്ഷങ്ങളെയും മേൽ കടുത്ത ജനന നിയന്ത്രണ നടപടികളാണ് ചൈനീസ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്.    

നിർബന്ധിത ജനന നിയന്ത്രണത്തെക്കുറിച്ച് പല സ്ത്രീകളും മുമ്പ് സംസാരിച്ചിട്ടുണ്ടെങ്കിലും, വളരെ വ്യാപകവും ആസൂത്രിതവുമായി ഇത് നടക്കുന്നുവെന്ന് ന്യൂസ് ഏജൻസിയായ എപി നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുന്നു. സർക്കാരിന്‍റെ സ്ഥിതിവിവരക്കണക്കുകൾ, സംസ്ഥാന രേഖകൾ, 30 മുൻ തടവുകാരും, കുടുംബാംഗങ്ങളുമായി നടത്തിയ അഭിമുഖങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവർ ഈക്കാര്യം പുറത്തുവിട്ടത്. സിൻജിയാങ്ങിന്റെ പടിഞ്ഞാറൻ മേഖലയിലെ ക്യാമ്പുകളിൽ കഴിഞ്ഞ നാല് വർഷമായി 'ജനസംഖ്യാപരമായ വംശഹത്യ' എന്ന് വിളിക്കുന്ന ഇത് നടന്നുവരുന്നു.  

സംസ്ഥാനം പതിവായി ന്യൂനപക്ഷ സ്ത്രീകളെ ഗർഭകാലത്ത് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. തുടർന്ന് ലക്ഷക്കണക്കിന് സ്ത്രീകളെ നിർബന്ധിത ഗർഭച്ഛിദ്രത്തിനും,  വന്ധ്യംകരണത്തിനും വിധേയമാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അവർ നടത്തിയ അഭിമുഖങ്ങളും ലഭിച്ച ഡാറ്റയും ഇത് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിൽ വന്ധ്യംകരണം കുറയുമ്പോൾ, ന്യൂനപക്ഷ വിഭാഗങ്ങൾ താമസിക്കുന്ന സിൻജിയാങ്ങിൽ ഇത് കുത്തനെ ഉയരുകയാണ്.

നിയമം ലംഘിക്കുന്നവരെ കൂട്ടത്തോടെ തടങ്കലിൽ വച്ചും, പിഴ ചുമത്തിയും അവർ ശിക്ഷിക്കുന്നു. കുട്ടികൾ കൂടുതലുള്ളതാണ് പലരെയും തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണെന്ന് എപി കണ്ടെത്തി. മൂന്നോ അതിലധികമോ കുട്ടികളുള്ള മാതാപിതാക്കളിൽനിന്ന് വലിയ തുക പിഴയായി സർക്കാർ ഈടാക്കുന്നു. തുക നൽകാനാകാത്ത പക്ഷം അവരെ മക്കളിൽനിന്നും അറുത്തു മാറ്റുന്നു. പലപ്പോഴും മാതാപിതാക്കളെ ഭയപ്പെടുത്തികൊണ്ട് പൊലീസ് വീടുകളില്‍ കുട്ടികളുടെ എണ്ണമെടുക്കാൻ എത്തുന്നു. ഇവിടെ കുട്ടികൾ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. എപ്പോൾ വേണമെങ്കിലും അവർക്ക് തങ്ങളുടെ മാതാപിതാക്കളെ നഷ്ടമാകാം.  

 

 

സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പറയുന്നത് 2015 മുതൽ 2018 വരെ ഹോതൻ, കശ്ഗർ എന്നിവിടങ്ങളിലെ ഉയിഗുർ ജനനനിരക്ക് 60 ശതമാനത്തിലധികം ഇടിഞ്ഞുവെന്നാണ്. സിൻജിയാങ് മേഖലയിലുടനീളം, ജനനനിരക്ക് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കയാണ്. കഴിഞ്ഞ വർഷം മാത്രം ഇത് 24 ശതമാനത്തോളം കുറഞ്ഞു. ജനനനിയന്ത്രണത്തിനായി സർക്കാർ കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. സർക്കാരിന്റെ ഈ പ്രവർത്തങ്ങൾ സിൻജിയാങിലെ ജനനനിരക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ മന്ദഗതിയിലാക്കാൻ കാരണമായെന്ന് ചൈനയിലെ പണ്ഡിതൻ അഡ്രിയാൻ സെൻസ് പറഞ്ഞു. “ഇത്തരത്തിലുള്ള ഇടിവ് പേടിപ്പെടുത്തുന്നതാണ്... അതിൽ വല്ലാത്ത ഒരു ക്രൂരതയുണ്ട്. ഉയിഗുർമാരെ കീഴ്പ്പെടുത്താനുള്ള നിയന്ത്രണ പ്രചാരണത്തിന്റെ ഭാഗമാണിത്" ചൈനയിലെ ന്യൂനപക്ഷ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സെൻസ് പറയുന്നു. 

കുറച്ചു വർഷങ്ങൾക്ക് മുൻപ് ചൈനയിലെ 'ഒറ്റക്കുട്ടി നയം' സർക്കാർ പിൻവലിച്ചിരുന്നു. പകരം ന്യൂനപക്ഷങ്ങളെപ്പോലെ ഹാൻ ജനതയ്ക്ക് രണ്ടും, മൂന്നും കുട്ടികളാകാമെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, തുല്യത പേപ്പറിൽ മാത്രം ഒതുങ്ങി. നിയമം തെറ്റിച്ചാൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ഗർഭച്ഛിദ്രം, വന്ധ്യംകരണം, ഗർഭാശയത്തിൽ ഐയുഡി നിക്ഷേപിക്കൽ, തടങ്കലിൽ വയ്ക്കൽ തുടങ്ങിയ ഒരു നടപടിയും ഹാൻ ജനതയ്ക്ക് അനുഭവിക്കേണ്ടി വന്നില്ല. അവരെ അതിൽനിന്നെല്ലാം സർക്കാർ ഒഴിവാക്കി. എന്നാൽ, മൂന്ന് കുട്ടികൾ വരെ നിയമം അനുവദിക്കുന്നുവെങ്കിലും, പല മുസ്ലിമുകളും അതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു.  

മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ ജനന നിയന്ത്രണത്തിന്‍റെ ഭാഗമായി ചൈന ഐ.യു.ഡികളും വന്ധ്യംകരണവും വ്യാപകമായി നടത്തി വരുന്നു. 2014 -ൽ സിൻജിയാങ്ങിൽ വെറും 200,000 ഐയുഡികളാണ് നിക്ഷേപിച്ചിരുന്നത്. 2018 ആയപ്പോഴേക്കും ഇത് 60 ശതമാനത്തിലധികം ഉയർന്ന് 330,000 ഐയുഡികളായി. അതേസമയം, ഐയുഡി ഉപയോഗം ചൈനയിൽ മറ്റിടങ്ങളിൽ കുറയുകയാണ് ചെയ്‍തത്.  "പൊലീസുകാർ തോക്കുകളുമായി രാത്രിയിൽ ഞങ്ങളുടെ വീടുകളിൽ കയറി ഞങ്ങളെ വലിച്ചിഴയ്ക്കുകയും വീടിനകത്തെ ഖുറാനും, പ്രാർത്ഥന പായയും, എല്ലാം വലിച്ചു പുറത്തിടുകയും ചെയ്യുമായിരുന്നു" ഒരു ഡിറ്റൻഷൻ ക്യാമ്പിൽ ഇൻസ്ട്രക്ടറായി ജോലിനോക്കിയ മുൻ അധ്യാപിക തന്റെ അനുഭവം എ‌പിയോട് വിവരിച്ചു. ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രസവിക്കുന്ന എല്ലാ സ്ത്രീകളിലും ഐയുഡികൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിക്കുകയുണ്ടായി. തുടർന്ന് അവർ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് എത്തി. എന്നാൽ, തനിക്ക് 50 വയസ്സ് തികഞ്ഞുവെന്നും ഒരു കുട്ടി മാത്രമേ ഉളളൂവെന്നും കൂടുതൽ കുട്ടികൾ ഉദ്ദേശിക്കുന്നില്ലെന്നും അവിടെ വന്ന ഉദ്യോഗസ്ഥനോട് അധ്യാപിക പറഞ്ഞു. എന്നാൽ വന്ധ്യകരണത്തിന്ന് സമ്മതിച്ചിയല്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് ഇരുമ്പ് കസേരയിൽ കെട്ടിയിടുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തി.

 

സായുധരായ നാല് ഉദ്യോഗസ്ഥരുമായി അധ്യാപികയെ ബസ്സിൽ കയറ്റി ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നൂറുകണക്കിന് ഉയിഗുർ സ്ത്രീകൾ കണ്ണീരോടെ നിശബ്ദമായി നിരന്നു നിൽക്കുന്നത് കാണാമായിരുന്നു. പക്ഷേ, നിരീക്ഷണ ക്യാമറകൾക്ക് താഴെ നിൽക്കുന്ന അവർക്ക് ഒരു വാക്കുപോലും എതിർത്തു പറയാൻ ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ അവരുടെ ഊഴം വന്നു. അവരുടെ ഗർഭാശയത്തിൽ ഐയുഡി നിക്ഷേപിച്ചു. ആദ്യ 15 ദിവസങ്ങളിൽ അധ്യാപികയ്ക്ക് തലവേദനയും നിർത്താതെയുള്ള രക്തസ്രാവവുമുണ്ടായി. “എനിക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ല, എനിക്ക് ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ല. എനിക്ക് വലിയ മാനസിക സമ്മർദ്ദം അനുഭവപ്പെട്ടു. ഒരു ഉയിഗുറായതുകൊണ്ട് മാത്രമാണ് എനിക്ക് ഈ ഗതി വന്നത്” അവർ പറഞ്ഞു. ഇത് കൂടാതെ ഗർഭച്ഛിദ്രവും സ്ത്രീകൾക്കിടയിൽ നടത്തപ്പെടുന്നു. ചൈനീസ് ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സിൻജിയാങ്ങിൽ വന്ധ്യംകരണം കുതിച്ചുയരുന്നു. നിർബന്ധിത വന്ധ്യകരണം ഒരു പുതിയ കാര്യമല്ലയെങ്കിലും എപി പുറത്തുവിട്ട കണക്കുകൾ അമ്പരിപ്പിക്കുന്നതാണ്.