Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് ഒറ്റുകാരന്‍റെ ശബ്ദമാണ് !

നമ്മുടെ സമരചരിത്രത്തിൽ അധികം ഉദാഹരണങ്ങളില്ലാത്ത ഒന്നാണ് നീതിക്കായി കന്യാസ്ത്രീകൾ തെരുവിലിറങ്ങി നടത്തിയ സമരം. സമരമെന്ന നിലയിലും ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആലോചനകളിലും, പൗരാവകാശത്തെപ്പറ്റിയുള്ള ധാരണകളിലും, ഏറ്റവും നിർണായകമായ ബിന്ദുവിലാണ് ഈ സമരം സ്ഥാനപ്പെടുന്നത്.

bishop case and cpm by vishnuraj
Author
Thiruvananthapuram, First Published Sep 22, 2018, 6:38 PM IST

ജനകീയസമരങ്ങളുടെ ദീർഘചരിത്രം അവകാശപ്പെടുന്ന പാർട്ടിയാണ് സി.പി.എം. കേരളത്തിന് പുറത്ത് അത്തരം പല സമരങ്ങളിലും ഇപ്പോഴും പങ്കാളികളുമാണ്. പക്ഷേ, (ആ 'പക്ഷേ' പ്രധാനപ്പെട്ടതാണ്) തങ്ങൾ അധികാരത്തിലിരിക്കുമ്പോൾ സർക്കാരിനെതിരേ, നയങ്ങൾക്കെതിരേ നടക്കുന്ന സമരങ്ങളെയെല്ലാം അസഹിഷ്ണുതയോടെയല്ലാതെ മനസ്സിലാക്കാൻ ആ പാർട്ടിക്കാവില്ല. കന്യാസ്ത്രീകളുടെ സമരത്തിലും അസഹിഷ്ണുതയുടെ കുരുക്കൾ പൊട്ടിയിട്ടുണ്ട്.

bishop case and cpm by vishnuraj

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീകൾ നടത്തിവന്ന സമരം ഫ്രാങ്കോ അറസ്റ്റിലായതോടെ ഇന്നവസാനിക്കുകയാണ്.

നമ്മുടെ സമരചരിത്രത്തിൽ അധികം ഉദാഹരണങ്ങളില്ലാത്ത ഒന്നാണ് നീതിക്കായി കന്യാസ്ത്രീകൾ തെരുവിലിറങ്ങി നടത്തിയ സമരം. സമരമെന്ന നിലയിലും ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആലോചനകളിലും, പൗരാവകാശത്തെപ്പറ്റിയുള്ള ധാരണകളിലും, ഏറ്റവും നിർണായകമായ ബിന്ദുവിലാണ് ഈ സമരം സ്ഥാനപ്പെടുന്നത്.

ബലാത്സംഗപരാതിയിൽ സഭയും, സമരത്തെ ദുരുദ്ദേശ്യമായി കണ്ട സി.പി.എം. സംസ്ഥാനസെക്രട്ടറിയും, സമരത്തെ കാര്യമായി പരിഗണിക്കാതിരുന്ന ഇതര രാഷ്ട്രീയകക്ഷികളും, വോട്ട് ബാങ്ക് എന്ന കിട്ടാത്ത/കിട്ടിയ/കിട്ടുമെന്ന മുന്തിരിക്കുവേണ്ടി സമരത്തോടെടുത്ത നിലപാട് വിമർശനാത്മകമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

കുറവിലങ്ങാട്ടെ മഠത്തിൽനിന്ന് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിലെ സമരപ്പന്തലിലേക്ക് കന്യാസ്ത്രീകൾ സഞ്ചരിച്ച ദൂരം അളന്നുതീർക്കാനാകാത്തതാണ്. ഭരണഘടനയിലും ജനാധിപത്യത്തിലും ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് അവർ ഈ സമരത്തിന് തയ്യാറായത്. സഭയുടെ ദീർഘചരിത്രം മറ്റേതൊരു മതവിശ്വാസമാർഗങ്ങളിലെപ്പോലെയും ക്രൂരമായ ആണത്തത്തിന്‍റേതാണ്. സ്ത്രീയെന്നത് നാനാതരം ഉപയോഗങ്ങൾക്കുള്ള ശരീരം മാത്രമാണെന്ന നൂറ്റാണ്ടുകളുടെ ബോധ്യമാണവരെ നയിക്കുന്നത്. ക്രിസ്തുവും ദൈവികതയും പൗരോഹിത്യവുമൊക്കെ അതിന് പുറത്താണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ സഭയ്ക്കുള്ളിലെ (പുറത്തേയും) സ്ത്രീകളെ ലൈംഗികാടിമകളായി ഭയപ്പെടുത്തി സൂക്ഷിക്കുന്നതിനുള്ള ഒരു വഴിമാത്രമാണ് മിക്കവർക്കും ക്രിസ്തുവും കൂദാശയും കുമ്പസാരവുമൊക്കെ. (അടുത്തിടെയാണല്ലോ കുമ്പസാര രഹസ്യം ആയുധമാക്കി വീട്ടമ്മയെ പല വൈദികർ ദീർഘകാലം പീഡിപ്പിച്ച പരാതി പുറത്തുവന്നതും.)

ഇവിടെയാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചെറുത്തുനിൽപ്പ് ഏറ്റവും പ്രധാനപ്പെട്ടതാകുന്നത്. കാരണം, നേരത്തെ പറഞ്ഞതുപോലെ സഭയുടെ പുരുഷാധിപത്യഘടന അത്രമേൽ ഭയപ്പെടുത്തുന്നതാണ്. അവർ എത്രയിടങ്ങളിൽ പരാതി പറഞ്ഞു? ആദ്യം ജനറാളമ്മയേയും മറ്റു കൗൺസിലർമാരേയും അറിയിച്ചു. തുടർന്ന് ഇടവക വികാരിയേയും, കല്ലറങ്ങാട്ട് ബിഷപ്പിനേയും, വടക്കേൽ ബിഷപ്പിനേയും അറിയിച്ചു. അവരുടെ നിർദേശപ്രകാരം കർദിനാൾ ജോർജ് ആലഞ്ചേരിക്ക് പരാതികൊടുത്തു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും, വത്തിക്കാനിലേക്ക് ഇ-മെയിൽ വഴിയും പരാതിയയച്ചു. എന്നിട്ടെന്തുണ്ടായി?

ഈ സമരം കത്തോലിക്കാ സഭയ്ക്കെതിരേയുള്ള ഒരു ഗൂഢാലോചനയാണെന്ന പ്രസ്താവനയാണ് കേരള കാത്തലിക് കോൺഫറൻസ് ഓഫ് ബിഷപ്സ് ഇൻ ഇന്ത്യ (KCBC) നടത്തിയത്. ക്രിസ്തുവിനും സഭയ്ക്കും മുകളിൽ ഫ്രാങ്കോയെ പ്രതിഷ്ഠിക്കുന്ന നീതിരാഹിത്യമല്ലാതെ, കന്യാസ്ത്രീകളെ പരിഹസിക്കുകയല്ലാതെ ഒന്നുമുണ്ടായില്ല. സമരം ചെയ്തവരെ ആക്ഷേപിക്കാനും, പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിക്കാനുമാണ് സഭയും അടുപ്പക്കാരും ശ്രമിച്ചത്. 

ജനകീയസമരങ്ങളുടെ ദീർഘചരിത്രം അവകാശപ്പെടുന്ന പാർട്ടിയാണ് സി.പി.എം

സഭയെന്നത് ക്രിസ്തുവിനെ വിറ്റുതിന്ന്, അഹങ്കരിച്ച്, അടിമകളെ സൃഷ്ടിച്ച്, രാജ്യത്തെ ഭരണഘടനയും നീതിന്യായവ്യവസ്ഥകളും തങ്ങളെ ബാധിക്കില്ലെന്ന് കരുതുന്ന ഒരു കൂട്ടം ആത്മീയ ദല്ലാളുമാരുടെ കൈകളിലാണെന്ന് ഈ സമരത്തോടുള്ള അവരുടെ നിലപാട് കണ്ടാൽ ഉറപ്പിക്കാം. സമരമെന്ന രാഷ്ട്രീയരൂപത്തോട് ഏറ്റവുമധികം വിയോജിപ്പുള്ള, തങ്ങളുടെ സ്ഥാപനങ്ങളിൽ രാഷ്ട്രീയപ്രവർത്തനമെന്ന ശുദ്ധവായു കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന സഭയിൽ നിന്നുതന്നെ, കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ സമരം തെരുവിലേക്കെത്തിയതും ഫ്രാങ്കോ അറസ്റ്റിലാകുന്നതും പ്രധാനപ്പെട്ടതാണ്. ഇനി അധിക കാലം ഇത്തരം അഹന്ത സഭയ്ക്ക് തുടരാനാകില്ല. അകമേയുള്ള നവീകരണം അടിയന്തരാവശ്യമാണ്. 

ജനകീയസമരങ്ങളുടെ ദീർഘചരിത്രം അവകാശപ്പെടുന്ന പാർട്ടിയാണ് സി.പി.എം. കേരളത്തിന് പുറത്ത് അത്തരം പല സമരങ്ങളിലും ഇപ്പോഴും പങ്കാളികളുമാണ്. പക്ഷേ, (ആ 'പക്ഷേ' പ്രധാനപ്പെട്ടതാണ്) തങ്ങൾ അധികാരത്തിലിരിക്കുമ്പോൾ സർക്കാരിനെതിരേ, നയങ്ങൾക്കെതിരേ നടക്കുന്ന സമരങ്ങളെയെല്ലാം അസഹിഷ്ണുതയോടെയല്ലാതെ മനസ്സിലാക്കാൻ ആ പാർട്ടിക്കാവില്ല. കന്യാസ്ത്രീകളുടെ സമരത്തിലും അസഹിഷ്ണുതയുടെ കുരുക്കൾ പൊട്ടിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു: 'പരാതിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവ സഭയെ തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വർഗീയ ശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ് കേസിൽ പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നതു ദുരുദ്ദേശ്യപരമാണ്'.

നോക്കൂ, സമരവുമായി ബന്ധപ്പെട്ട് എത്തരം അബദ്ധജടിലമായ കാഴ്ചയാണ് അദ്ദേഹം സൂക്ഷിക്കുന്നത്. കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം എങ്ങനെയാണ് സഭാവിരുദ്ധമാകുന്നത്? സഭയിലെ വൈദികരെല്ലാം മോശക്കാരാണെന്ന് ആരാണ് പറഞ്ഞത്. ഫ്രാങ്കോ എന്ന വ്യക്തിയെയല്ല, അദ്ദേഹത്തിന്റെ ചെയ്തികളെയാണ് തങ്ങൾ എതിർത്തത്. സഭ ഇനിയെങ്കിലും മൗനം വെടിഞ്ഞില്ലെങ്കിൽ പല കന്യാസ്ത്രീകൾക്കും ഇതേ അനുഭവമുണ്ടാകും എന്നാണ് സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ പറഞ്ഞത്. ഒന്നുകൂടി അവർ പറഞ്ഞു; 'പീഡനങ്ങൾ അനുഭവിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഈ സമരം. 'നോക്കൂ, അവർ പുലർത്തിയ ഉന്നതമായ നീതിബോധം, സമരത്തെക്കുറിച്ച് സൂക്ഷിക്കുന്ന ഏറ്റവും ജാഗ്രതയുള്ള കാഴ്ചപ്പാട് ഇതിലെന്തെങ്കിലും സ്പർശിച്ചിരുന്നുവെങ്കിൽ ഇടതുപക്ഷമെന്ന ചേരാത്ത കുപ്പായമിട്ട് നിങ്ങളിങ്ങനെ പറയില്ലായിരുന്നു.

A.M.M.A. എന്ന ആണസോസിയേഷനെതിരേ നടിമാർ രംഗത്തുവന്നപ്പോഴും പാർട്ടിയുടെ വാചകങ്ങൾ സമാനമായിരുന്നു

നിങ്ങളെന്തിനാണ് സർ,
സഭയെ സംരക്ഷിക്കൽ മുഖ്യ അജൻഡയായി സ്വീകരിക്കുന്നത്? ക്രൈസ്തവ സഭയെ അപകീർത്തിപ്പെടുത്തുന്നതിൽ ഇത്രമേൽ അസ്വസ്ഥനാകുന്നത്? തന്നെ പതിമൂന്ന് തവണ ക്രൂരമായി ബലാത്കാരം ചെയ്തെന്ന ഒരു കന്യാസ്ത്രീയുടെ പരാതിയെക്കാൾ, അയ്യോ! സമരം ചെയ്താൽ വൈദികരെല്ലാം മോശക്കാരായിപ്പോകുമല്ലോ എന്ന് പേടിക്കുന്നത്. സഭ തകർന്നുപോകാതെ സംരക്ഷിച്ചുനിർത്തേണ്ട ബാധ്യത സി.പി.എമ്മിനുണ്ടെന്ന് കരുതുന്നില്ല. ഉണ്ടെങ്കിൽ വ്യക്തമാക്കണം.

A.M.M.A. എന്ന ആണസോസിയേഷനെതിരേ നടിമാർ രംഗത്തുവന്നപ്പോഴും പാർട്ടിയുടെ വാചകങ്ങൾ സമാനമായിരുന്നു. ആ സംഘടനയെ തകർക്കാനാണ് നടിമാരുടെ ശ്രമമത്രേ!  അടുത്തകാലത്ത് കേരളത്തിൽ നടന്ന എല്ലാ ജനകീയസമരങ്ങളോടും, വിശേഷിച്ച് സ്ത്രീ സമരങ്ങളോട് സി.പി.എമ്മിന്റെ നിലപാട് ഇതുതന്നെയായിരുന്നുവെന്ന് മറക്കരുത്. ഇടുക്കിയിലെ പെമ്പിള ഒരുമ, നടിമാരുടെ പ്രതിഷേധം, ഇപ്പോൾ കന്യാസ്ത്രീസമരം. സമരത്തെ ഒറ്റുകൊടുക്കാനും ഒറ്റപ്പെടുത്താന്നുമല്ലാതെ ഒരിടത്തും സി.പി.എം. ഉണ്ടായിരുന്നില്ല എന്നത് യാഥാർഥ്യമാണ്.

സർക്കാരിനെതിരേയുള്ള സമരങ്ങളെപ്പോലെ തന്നെയാണ് നിങ്ങൾ സഭക്കെതിരേയും A.M.M.A.ക്കെതിരേയും കേരളത്തിൽ നടക്കുന്ന മിക്ക സമരങ്ങളെയും നിങ്ങൾ മനസ്സിലാക്കുന്നത്. തീവ്ര സംഘടനകൾ, മാവോയിസ്റ്റുകൾ, ദുരുദ്ദേശ്യകർ, സർക്കാർ വിരുദ്ധർ, തീവ്രവാദികൾ എന്നൊക്കെ ഓമനപ്പേരിട്ട് സമരത്തെ തകർക്കാൻ നോക്കിയിട്ട് സംഘപരിവാറിന് സഹിഷ്ണുതയെയും ജനാധിപത്യത്തെയും കുറിച്ച് ക്ലാസെടുക്കാൻ പോകുന്നതിലെ പരിഹാസ്യത ഇനിയെങ്കിലും ബോധ്യപ്പെടണം. പൗരാവകാശവും അഭിപ്രായസ്വാതന്ത്ര്യവും ഭരണഘടനയാണ് ഉറപ്പുനൽകുന്നത്. ഏതെങ്കിലും ചാപ്പയടിച്ച് നിങ്ങൾക്കതിനെ ഒതുക്കാനാവില്ല.

സമരം ചെയ്ത പൂർവികരുടെ തഴമ്പിൽ തലോടി അധികകാലം മേനി പറയാനുമാവില്ല. മുഖ്യധാരാ വിദ്യാർഥി- യുവജന-രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് നവമാധ്യമ, ജാഗ്രതാ കാലത്തുപോലും സമരങ്ങളെ, വിശേഷിച്ച് സ്ത്രീസമരങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശേഷിക്കുറവ് ഈ സമരം ഉറപ്പിച്ചു. എ.ഐ.വൈ.എഫും റവല്യൂണറി യൂത്തുമാണ് സമര രംഗത്തുണ്ടായിരുന്ന വിദ്യാർഥിസംഘടനകൾ. കെ.എസ്.യു. ഇന്നലെ മാർച്ച് നടത്തിയിരുന്നത്രേ. മുഖ്യധാരയിലെ മറ്റൊരാളുമില്ലാരുന്നു. പക്ഷേ, അധികാരത്തിന്റെയും ഒത്തുതീർപ്പുകളുടെയും വഴികളാഗ്രഹമില്ലാത്ത ആയിരക്കണക്കിന് ജനങ്ങൾ, വിവിധ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പുരോഹിതർ, കുടുംബാംഗങ്ങൾ, ട്രാൻസ്ജെൻഡേഴ്സ്, കലാകാരന്മാർ, ചലച്ചിത്രപ്രവർത്തകരൊക്കെ സമരത്തിൽ പങ്കാളികളായി. നവകേരളം നിർമിക്കുന്നത് അധികാര താത്പര്യങ്ങളില്ലാത്ത, രാഷ്ട്രീയജാഗ്രതയുള്ള ഈ ബദൽ സമൂഹമാകും.

തെറ്റുകളുടെ മഹാശിലകൾക്കടിയിൽ നീതിക്കുവേണ്ടിയുള്ള കുഞ്ഞുനിലവിളികളെ അടക്കം ചെയ്യാൻ ഇനിയവർക്കാവില്ല

ജനാധിപത്യസമരങ്ങളുടെ ചരിത്രങ്ങളിൽ നിർണായക സന്ദർഭത്തിൽ രൂപപ്പെട്ട കന്യാസ്ത്രീകളുടെ സമരത്തിൽ നിങ്ങളെവിടെയായിരുന്നുവെന്ന ഭാവിചോദ്യത്തോട്, ഞങ്ങൾ ഇരയ്ക്കൊപ്പം നിൽക്കുകയും, സഭയ്ക്കും ബിഷപ്പിനുമായി പ്രാർഥിക്കുകയുമായിരുന്നുവെന്ന ഒറ്റുകാരന്റെ ശബ്ദത്തിലേ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്ക് ഉത്തരം പറയാനാകൂ. സമരമാണ് ജനാധിപത്യസമൂഹത്തെ രൂപപ്പെടുത്തുന്നത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് സമരമൊഴിവാക്കി, പരിഹസിച്ച് അധികകാലം തുടരാനാവില്ല.

തെറ്റുകളുടെ മഹാശിലകൾക്കടിയിൽ നീതിക്കുവേണ്ടിയുള്ള കുഞ്ഞുനിലവിളികളെ അടക്കം ചെയ്യാൻ ഇനിയവർക്കാവില്ല. കന്യാസ്ത്രീകൾക്ക്, ഒപ്പമുണ്ടായിരുന്നവർക്ക്, ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവർക്ക് അഭിവാദ്യങ്ങൾ.

Follow Us:
Download App:
  • android
  • ios