'പുലിമുരുകന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ലെന്ന് എനിക്ക് വ്യക്തമായി തന്നെ അറിയാം'

100 ഉം 150ഉം കോടി ക്ലബ്ബുകള്‍ കടന്ന് മലയാളസിനിമാലോകത്ത് പുത്തന്‍ റെക്കോര്‍ഡുകളിട്ട് മുന്നേറുമ്പോള്‍ പുലിമുരുകന്‍ എന്ന സിനിമയെ കുറിച്ച് മന്ത്രി ജി സുധാകരന്‍ നടത്തിയ ഈ പ്രസ്താവന കാര്യമായ ഒരു സിനിമാതര്‍ക്കത്തിന് തന്നെ വഴിവച്ചു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ സോഷ്യല്‍മീഡിയ വഴി വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ട്രോളന്മാര്‍ ട്രോളുകളുമായി രംഗത്തെത്തി. നാട്ടുകാര്‍ അത് ശരിയോ തെറ്റോ എന്ന ചര്‍ച്ചകളില്‍ മുഴുകി. മലയാളിക്ക് വ്യത്യസ്തമായ അനുഭവം നല്‍കിയ ഒരു സിനിമയെ കുറിച്ച് ഈ മട്ടില്‍ വിശദമായ തര്‍ക്കവിതര്‍ക്കങ്ങള്‍ രൂപപ്പെടുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. അത്രയും പൂര്‍ണതയോടെ ഗ്രാഫിക്‌സ് സാധ്യതകളെയടക്കം ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ഒരു സിനിമയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു ആ ചര്‍ച്ച. അപ്പോഴും പുലിമുരുകനെ കുറിച്ച് ഓരോരോ ആകാംക്ഷകള്‍ പുതുപുത്തനായി ഉരുത്തിരിഞ്ഞുകൊണ്ടേയിരുന്നു. അണിയറയില്‍ പുലിമുരുകന്‍ എങ്ങനെ രൂപപ്പെട്ടു എന്ന് പലരംഗങ്ങള്‍ ഉദാഹരിച്ച് ആളുകള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഈ ചോദ്യങ്ങളും ആകാംക്ഷയും പൂരിപ്പിക്കാനുള്ള അന്വേഷണങ്ങളും പഠനവുമാണ് ടി അരുണ്‍കുമാര്‍ എഴുതി കറന്റ് ബുക്‌സ് പ്രസദ്ധീകരിച്ച 'പുലിമുരുകന്‍ ബോക്‌സോഫീസിലൊരു ഗര്‍ജ്ജനം' എന്ന പുസ്തകം.

സിനിമയുടെ മാജിക്കിനകത്ത് ഒരുപാട് രഹസ്യങ്ങളുണ്ടാകും.

നൂറുകോടി ആകാംക്ഷകള്‍ക്ക് ഒരുത്തരം
നൂറുകോടി ക്ലബ്ബില്‍ അംഗമാകുന്ന ആദ്യ മലയാളസിനിമയാണ് പുലിമുരുകന്‍. എന്നാല്‍ ആ സിനിമ ഉയര്‍ത്തിവിട്ട ആകാംക്ഷകള്‍ക്ക് അതിനേക്കാള്‍ കോടി മിടിപ്പുകളായിരുന്നു. കുഞ്ഞിപ്പുലിമുരുകന്‍ മുതല്‍ വലിയ പുലിമുരുകന്‍ വരെ പുലിയുമായി നടത്തിയ ഏറ്റുമുട്ടലുകള്‍. മോഹന്‍ലാല്‍ കാട്ടിനുള്ളില്‍ നടത്തിയ പ്രകടനങ്ങള്‍, പുലിയുടെ ത്രസിപ്പിക്കുന്ന ഗര്‍ജ്ജനങ്ങള്‍, മല്‍പ്പിടിത്തങ്ങള്‍,സംഘട്ടനങ്ങള്‍... തുടങ്ങി സിനിമയുടെ ഓരോ നിമിഷവും ആദ്യ ആസ്വാദനത്തിന് ശേഷം പ്രേക്ഷകനെ സംബന്ധിച്ച് ഓരോ ചോദ്യങ്ങളായി രൂപാന്തരപ്പെട്ടു. 

വാണിജ്യസിനിമയുടെ സാദാ കെട്ടുപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കലാമൂല്യമുള്ള മികച്ച സര്‍ഗ്ഗാത്മക സൃഷ്ടിയെന്നതിനേക്കാള്‍ കച്ചവടവിജയത്തിന്റെ മികച്ച മാതൃകയുണ്ടാക്കിയെടുക്കാനാണ് പുലിമുരുകന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ആ അര്‍ത്ഥത്തില്‍, മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ടി അരുണ്‍കുമാറിന്റെ ഈ പുസ്തകം, കോടികള്‍ കൊയ്ത ഒരു വാണിജ്യസിനിമയുടെ വിജയക്കുതിപ്പിന് പിന്നിലെ സാങ്കേതിക മികവിനെ കുറിച്ചുള്ള അന്വേഷണമാണ്. സമഗ്രമായ ഒരു സിനിമാപഠനം, പുലിമുരുകന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭകളുമായുള്ള അഭിമുഖങ്ങള്‍, സിനിമയുടെ സിജി എഫക്ടടക്കമുള്ള സാങ്കേതികമേന്മകളുടെ രഹസ്യങ്ങള്‍ തുടങ്ങി വിവിധ തട്ടുകളായി തിരിച്ചാണ് ടി അരുണ്‍കുമാര്‍ പുലിമുരുകന്റെ രഹസ്യങ്ങളുടെയാകെ കുരുക്കുകള്‍ അഴിക്കുന്നത്.


'പുലിമുരുകന്‍ ബോക്‌സോഫീസിലൊരു ഗര്‍ജ്ജനം' എന്ന പുസ്തകം. പുസ്തകമെഴുതിയ ടി അരുണ്‍കുമാര്‍ 

മലയാളത്തിലെ ആദ്യപരീക്ഷണം
മലയാളിക്ക് പുസ്തകങ്ങളെ കുറിച്ച് സാമ്പ്രദായികമായി പലവിധ സങ്കല്‍പ്പങ്ങളുണ്ട്. അത് കഥയാകാം കവിതയാകാം നോവലുകളാകാം അതുമല്ലെങ്കില്‍ ജീവചരിത്രമോ ആത്മകഥയോ ഒക്കെയാകാം. ഇനി ജീവചരിത്രമണെങ്കില്‍ തന്നെ മനുഷ്യന്റേതാകാം മൃഗങ്ങളുടേതുമാകാം. എന്നാല്‍ ഒരു സിനിമയുടെ ജീവചരിത്രം പറയുക എന്നത് അത്ര പരിചയമുള്ള കാര്യമല്ല. ഒരുപക്ഷേ സിനിമാപ്രതിഭകളുടെ ജീവചരിത്രമോ ആത്മകഥയോ പറയുന്നത് കേട്ടിരിക്കാം. ഇനി സിനിമ രൂപപ്പെട്ടതിനെ കുറിച്ച് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപ്രതിഭയുടെ കഥപറച്ചിലും കേട്ടിട്ടുണ്ടാകും. മണിച്ചിത്രത്താഴിനെ കുറിച്ച് ഫാസില്‍ എഴുതിയതുപോലുള്ള പുസ്തകങ്ങള്‍. എന്നാല്‍ പുറത്തുനിന്നൊരാള്‍, ഒരുസിനിമ രൂപപ്പെട്ടതും അതിന് ശേഷമുള്ളതുമായ കഥ പൂര്‍ണമായി വിവിധ ഘട്ടങ്ങളില്‍ പിന്തുടര്‍ന്ന് അന്വേഷിച്ച് പറയുക എന്നത് മലയാളിക്ക് അത്രസുപരിചിതമല്ല.

ഇംഗ്ലിഷിലും മറ്റും നിരവധി മുന്‍ ഉദാഹരണങ്ങളുണ്ട്. ലോകപ്രശസ്ത ശാസ്ത്ര സിനിമയായ സ്റ്റാന്‍ലി കുബ്രിക്കിന്റെ '2001 എ സ്‌പേയ്‌സ് ഒഡ്‌സേ' എന്ന സിനിമയെ കുറിച്ച് എഴുതപ്പെട്ട 'എ മെയ്ക്കിംഗ് ഓഫ് 2001 എ സ്‌പേയ്‌സ് ഒഡ്‌സേ', 'പള്‍പ് ഫിക്ഷന്‍' എന്ന സിനിമയെ കറിച്ചെഴുതപ്പെട്ട 'ദി കംപ്ലീറ്റ് സ്‌റ്റോറി ഓഫ് ക്വന്റിന്‍ ടരാന്റിനോസ് മാസ്റ്റര്‍ പീസ്', 'ി ആര്‍ട് ആന്റ് മെയ്ക്കിംഗ് ഓഫ് ഡാര്‍ക്ക് നൈറ്റ് ട്രിലോജി', ബോളിവുഡ് പരമ്പരകളില്‍ ശ്രദ്ധേയമായ 'ഗാംഗ്‌സ് ഓഫ് വാസ്സിപ്പൂര്‍ ചിത്രങ്ങളെ കുറിച്ചെഴുതപ്പെട്ട ദി മെയ്ക്കിംഗ് ഓഫ് എ മോഡേണ്‍ക്ലാസിക്, ദി സ്‌റ്റോറി ഓഫ് ലൈഫ് ഓഫ് പൈ തുടങ്ങി ഹോളിവുഡ്‌ബോളിവുഡ് സിനിമകളെ കുറിച്ച് വിഖ്യാതമായ നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ നിരയില്‍ നില്‍ക്കാന്‍ മലയാള സിനിമയ്ക്ക് പിന്നില്‍ എന്തുമാത്രം കഥയുണ്ട് എന്നൊക്കെ തോന്നിയേക്കാം. എന്നാല്‍ പുലിമുരുകനെ കറിച്ചുള്ള ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ അതിനുള്ള ഉത്തരവും ലഭിക്കും.

അനില്‍ രാധാകൃഷ്ണമേനോന്റെ'ലോഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടി' എന്ന സിനിമയെ കുറിച്ച് ടി. അരുണ്‍കുമാര്‍ എഴുതിയ ആദ്യപുസ്തകം ഈ നിരയില്‍ പെട്ടതാണ്. പുലിമുരുകന്‍ സിനിമയുടെ നിര്‍മാണകഥ ആസ്വാദകന്റെ നിരവധി ആകാംക്ഷകളെ പൂരിപ്പിക്കുന്നു എന്നതുകൊണ്ട് തന്നെ ഈ നിരയിലുള്ള ശ്രദ്ധേയമായ ഒരുരചനയായി തന്നെ 'ബോക്‌സോഫീസിലൊരു ഗര്‍ജ്ജന'ത്തെ കാണാവുന്നതാണ്.

കടുവയുടെ ചില പ്രകടനങ്ങള്‍ക്ക് ചേരുന്ന ശബ്ദങ്ങള്‍ നിര്‍മിച്ചെടുത്ത കഥ കേള്‍ക്കുക.

പുലി ഒറിജിനലോ..?
പുലിമുരുകന്‍ എന്ന മലയാളത്തിലെ എക്കാലത്തെയും ബോക്‌സോഫീസ് ഹിറ്റ് വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക്് കുതിക്കുമ്പോള്‍ സംവിധായകന്‍ മുതല്‍ നായകനടന്‍വരെയുള്ളവര്‍ അഭിമുഖീകരിച്ചിട്ടുണ്ടാകുക. ഈ ചോദ്യത്തെയായിരിക്കും. ഈ പുലി ഒറിജനലാണോ. എന്ന ചോദ്യത്തെ. സംവിധായകന്‍ വൈശാഖ്, നായകന്‍ മോഹന്‍ലാല്‍, സംഘടനസംവിധായകന്‍ പീറ്റര്‍ ഹെയിന്‍, ഛായാഗ്രഹകന്‍ ഷാജികുമാര്‍, ശബ്ദസംവിധായകന്‍ പിഎം സതീഷ് തുടങ്ങിയവരുമായുള്ള അഭിമുഖസംഭാഷണങ്ങളിലൂടെ ആസ്വാദകന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ പുസ്തകം ശ്രമിക്കുന്നു. 

സാങ്കല്‍പ്പികമായ ഒരുലോകം സൃഷ്ടിച്ച് കഥപറയുന്ന സിനിമയെന്ന മാധ്യമം ആസ്വാദന നിമിഷത്തില്‍ എങ്ങനെയൊക്കെ പ്രതികരിക്കണം എന്ന ബോധമാണ് ഒരു വാണിജ്യസിനിമ ഒരുക്കുന്ന സംവിധായകന്റെ പ്രതിഭയെ നിര്‍ണയിക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഒരു സാധാരണ പുലിവേട്ടയുടെ കഥ അസാധാരണമായി പറയാന്‍ വൈശാഖ് കാണിച്ച മിടുക്ക് മികച്ച ഒരു കച്ചവട സംവിധായകന്റെതാണ്.

കഥാരചന മുതല്‍ പീറ്റര്‍ ഹെയിന്‍ വരെ
പുലിമുരുകന്‍ എന്ന കഥാപാത്രവും ആ കഥാപാത്രത്തിന്റെ ജീവിതവും രൂപപ്പെടുന്നതെങ്ങനെയെന്ന് ഈ പുസ്തകം വിശദീകരിക്കുന്നുണ്ട്. എഴുത്തുകാരനായ ഉദയകൃഷ്ണയുടെ തൂലികയില്‍ നിന്ന് എങ്ങനെ പുലിയൂരും പുലിമുരുകനുമുണ്ടായി എന്ന കഥ. അതുകൂടാതെ സിനിമയിലെ കനപ്പെട്ട് അഞ്ച് ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടെ സൃഷ്ടിക്കപ്പെട്ട കഥ. ഒപ്പം പുലിയെ കൂട്ടുപിടിച്ചുള്ള കഥാപുരോഗതിയിലെ നിര്‍ണായക സാന്നിധ്യമായ പീറ്റര്‍ ഹെയ്ന്‍ എന്ന സംഘട്ടന സംവിധായകന്‍ ഏറ്റെടുത്ത റിസ്‌കും അനുബന്ധത്തില്‍ വിശദീകരിക്കുന്നു. 

സിജി ഗ്രാഫിക്‌സുകള്‍ മാത്രമല്ലാതെ യഥാര്‍ത്ഥ പുലിയ അവതരിപ്പിച്ചതിന്റെയും മോഹന്‍ലാലിനെ പുലിയുള്ള വിയറ്റ്‌നാമില്‍ കൊണ്ടുപോയി പരിശീലിപ്പിച്ചതിന്റെയും അനുഭവം പീറ്റര്‍ ഹെയന്‍ പങ്കുവയ്ക്കുന്നു. സിജി എഫക്ട് അടക്കമുള്ള സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ചിത്രങ്ങളും കൊടുംകാട്ടിലെയും വിയറ്റ്‌നാമിലെയും ചിത്രീകരണ സമയത്തെ നിശ്ചലദശ്യങ്ങളും ഒക്കെ ചേര്‍ത്ത് പുസ്തകം വ്യത്യസ്ത അനുഭവമാക്കാന്‍ എഴുത്തുകാരന്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ഒപ്പം പുലിമുരുകന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ഈ സിനിമയുടെ സമഗ്ര ജീവചരിത്രം അവതരിപ്പിക്കുന്നുമുണ്ട് 'പുലിമുരുകന്‍ ഒരു ബോക്‌സോഫീസ് ഗര്‍ജ്ജനം' എന്ന പുസ്തകം.

ഇരുപതുദിവസം കഴിഞ്ഞപ്പോഴേക്കും കടുവയ്ക്ക് കാര്യങ്ങള്‍ മന്സ്സിലായിത്തുടങ്ങി

കടുവ മെരുങ്ങിയ കഥ
സ്വപ്‌നം കാണാന്‍ തുടങ്ങിയതുമുതല്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് എലമെന്റുകള്‍ വരെ ഉപയോഗിച്ച് പുലിവേട്ടയുടെ പൂര്‍ണതയിലേക്ക് എത്തുംവരെ സംവിധായകന്‍ എന്ന നിലയില്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളെ 'ഏകാന്തതയുടെ അഭ്രദ്വീപ്' എന്ന ഭാഗത്ത് വൈശാഖ് വിവരിക്കുന്നുണ്ട്. സിനിമയെന്ന നിലയില്‍ ആഗ്രഹിച്ചതിന്റെ 40 ശതമാനം മാത്രം സംതൃപ്തിയേകിയ പുലിമുരുകന്‍ ചില ഘട്ടങ്ങളില്‍ അനന്തമായി നീണ്ടുപോയതുപോലും ഗുണമേന്മയ്ക്ക് സഹായകരമായിട്ടുണ്ട് എന്ന് വൈശാഖ് വിശദീകരിക്കുന്നു. ഒടുവില്‍ സാങ്കേതികത്വത്തിലേക്കെത്തും മുമ്പ് യഥാര്‍ത്ഥത്തിലുള്ള ഒരുപുലിയെ മെരുക്കാന്‍ എടുത്ത ബുദ്ധിമുട്ടുകളെ കുറിച്ച് വൈശാഖ് ഇങ്ങനെ വിവരിക്കുന്നു.

'ആഫ്രിക്കയിലും വിയറ്റ്‌നാമിലുമടക്കം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ തായ്‌ലന്റില്‍വച്ചാണ് കുറച്ചെങ്കിലും സാധ്യമായ കടുവകളെ കണ്ടെത്തുന്നത്. ഇവിടത്തെ ചിത്രീകരണമൊക്കെ കഴിഞ്ഞ് പത്ത് ദിവസത്തെ സമയവുമായി അങ്ങോട്ട് പോയപ്പോള്‍ ആവശ്യമായ രീതിയിലൊന്നും കടുവ പെരുമാറില്ലെന്ന് കണ്ടു. ആകപ്പാടെ തളര്‍ന്നുപോയി. എന്നാല്‍ പത്തുദിവസവും ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരുന്നു. പരിശീലകന്റെ സഹായത്തോടെ. ഇരുപതുദിവസം കഴിഞ്ഞപ്പോഴേക്കും കടുവയ്ക്ക് കാര്യങ്ങള്‍ മന്സ്സിലായിത്തുടങ്ങി. ഇത് എടുക്കാതെ ഇവര്‍ പോകില്ല എന്ന്. പിന്നെ മെല്ലെ മെല്ല കടുവ ഞങ്ങളുടെ വഴിക്ക് വന്നുതുടങ്ങി. ഏകദേശം നാല്‍പ്പത് ശതമാനത്തോളം ഷോട്ടുകളെടുത്ത് ബാക്കി നാട്ടിലെത്തിയെന്തെങ്കിലും ചെയ്യാം എന്ന ധാരണയില്‍ തിരിച്ചുവന്നു. പിന്നെ നമുക്കൊപ്പം ഫയര്‍ഫ്‌ളൈയും വിഎഫ്എക്‌സും ഉണ്ടായിരുന്നു. ദൃശ്യങ്ങളിലേക്ക് അവര്‍ സിജി സന്നിവേശിപ്പിച്ചു. അങ്ങനെ പുലിയുടെ ഭാഗം ഒരുവഴിക്ക് നേരെയായി'.

പിന്നീട് മുരുകന്റെ ഭാഗം കൂടി ഷൂട്ട്‌ചെയ്ത് ചേര്‍ത്തെടുത്തതിന്റെ വിശദമായ കഥയും വൈശാഖ് പറയുന്നുണ്ട്.

പുസ്തകത്തില്‍നിന്ന്

ആസ്വാദകനെ വിറപ്പിച്ച ശബ്ദത്തിന്റെ കഥ
പുലിയും മനുഷ്യനും തമ്മിലുള്ള മല്‍പ്പിടിത്തങ്ങളാണ് പുലിമുരുകന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഈ രംഗങ്ങളിലെ ശബ്ദസംവിധാനത്തെ കുറിച്ചാണ് ഉത്തരം കാക്കുന്ന മറ്റൊരു ചോദ്യമുയരുക. പിഎം സതീഷ് എന്ന ശബ്ദസംവിധായകന്‍ അതിന് വിശദമായ ഉത്തരം തന്നെ നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാതെയാണ് പുലി ആക്രമണം നടത്തുന്നത്. ഭാവനാത്മകമായി പറഞ്ഞാല്‍ ക്യാമറയാണ്. പുലി. അത്തരമൊരു സാഹചര്യത്തില്‍ ശബ്ദസംവിധായകനുള്ള ഉത്തരവാദിത്തം ഏറെയാണ്. ശബ്ദം കൊണ്ട് പുലിയുടെ സാന്നിധ്യം സൃഷ്ടിക്കുകയും അതിലൂടെ ആസ്വാദകമനസ്സില്‍ ഒരു പുലിയുടെ ചലിക്കുന്ന രൂപം നിര്‍മിച്ചെടുക്കുകയും വേണം. അതിന് ബാഹുബലിയടക്കമുള്ള ചിത്രങ്ങളിലുള്ള മുന്‍പരിചയം സഹായിച്ചതായി സതീഷ് വിശദീകരിക്കുന്നുണ്ട്. കടുവയുടെ ചില പ്രകടനങ്ങള്‍ക്ക് ചേരുന്ന ശബ്ദങ്ങള്‍ നിര്‍മിച്ചെടുത്ത കഥ കേള്‍ക്കുക.

'മെറ്റല്‍ ഷീറ്റ് വാങ്ങി സ്റ്റുഡിയോയില്‍ കൊണ്ടുവന്നിട്ട് ആളുകള്‍ അതിന്റെ മുകളില്‍ കയറി നിന്നു. കാലില്‍ പ്രത്യേകം നഖമുനകള്‍ ഘടിപ്പിച്ച് ഉരസി ഒരുപാട് ട്രാക്കുകളായി റെക്കോര്‍ഡ് ചെയ്തു. ഇതുപോലെ ഓരോ ശബ്ദവും ആഴ്ചകളോളം ഇരുന്ന് ശേഖരിച്ചു. ഉദാഹരണത്തിന് കടുവ ബോണറ്റിന്റെ മുകളിലേക്ക് ചാടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം പോലും നിരവധി മണിക്കൂറുകള്‍ ഇരുന്ന് കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു'.

ലാലേട്ടനും പുലിയും നേരിട്ട് ഫൈറ്റ് ചെയ്‌തോ?
ഈ കുറിപ്പ് ആരംഭിച്ച ഇടത്തേക്ക് തന്നെ തിരിച്ചുപോവുകയാണ്. ജി സുധാകരന്‍ പറഞ്ഞ കാര്യത്തിലേക്ക്. മോഹന്‍ലാല്‍ പുലിയെ കണ്ടിട്ടുപോലുമില്ലേ എന്ന ചോദ്യത്തിലേക്ക്. 

ഒരു സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം താരങ്ങള്‍ യഥാര്‍ത്ഥമായി എന്തൊക്കെ ചെയ്തു എന്നത് ആസ്വാദന നേരത്ത് വിഷയമേയല്ല. കാരണം ഇല്ലാത്ത ഒരു ലോകത്തെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ച് സാങ്കല്‍പികമായി കഥ പറഞ്ഞുതരുന്ന സാങ്കേതിക വിനോദോപാധിയാണ് സിനിമ. എന്നാല്‍ പ്രേക്ഷകന്റെ കൗതുകം അവസാനിക്കാത്തതാണ്. അതുകൊണ്ട് അവിശ്വസനീയമായതും അവന്‍ ഏറെ ആസ്വദിച്ചതുമായ രംഗത്തെകുറിച്ച് സിനിമ അസാനിച്ചാലും അവസാനിക്കാത്ത ആകാംക്ഷയുമായി അവന്‍ നടക്കുകയാണ്. 

പുലിമുരുകന്റെ കാര്യവും വ്യത്യസ്തമല്ല. അതുകൊണ്ടാണ് അവന്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത് പുലിയും മോഹന്‍ലാലും നേരിട്ട് കണ്ടിട്ടില്ലേ എന്ന്. സാങ്കേതികത്വത്തിന്റെ പൂര്‍ണതയും വിശ്വസനീയമായ രീതിയിലുള്ള അവതരണവും ഈ സിനിമ സാധ്യമാക്കിയെന്നതിന്റെ ഒന്നാമത്തെ സാക്ഷ്യമാണ് ആ ചോദ്യം. സംവിധായകന്‍ മുതല്‍ പറഞ്ഞ രണ്ടിടത്തുനിന്ന് ചിത്രീകരിച്ച പുലിയും പുലിമുരുകനും തമ്മില്‍ എങ്ങനെ കണ്ടുമുട്ടിയെന്ന കഥ കേട്ടതിന് ശേഷവും ആ ചോദ്യം അവശേഷിക്കുന്നു. എന്തായാലും പുസ്തകത്തിലെ സംഭാഷണത്തിനിടെ മോഹന്‍ലാല്‍ രസകരമായ ഉത്തരം ഈ ചോദ്യത്തിന് നല്‍കുന്നുണ്ട്. ആ ഉത്തരത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.

ചോദ്യം: താങ്കള്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുലിയെ തൊട്ടിട്ടേയില്ല എന്നാരോപണം ഉയര്‍ന്നിരുന്നു?

മോഹന്‍ലാല്‍: അത് ഓരോരുത്തര്‍ വിശ്വസിക്കുന്നതാണ്. സിനിമ അങ്ങനെയാണല്ലോ. എന്ത് നിങ്ങള്‍ വിശ്വസിക്കുന്നുവോ അതുതന്നെയാണ് സത്യം. ആ സിനിമയുടെ ഒരു മിസ്റ്ററിയെ ഞാന്‍ എന്തിനാണ് പൊളിക്കുന്നത? ഇപ്പോള്‍ ഒരാള്‍ പറയുകയാണ്, മോഹന്‍ലാല്‍ പുലിയുമായി ഫൈറ്റ് ചെയ്തിട്ടില്ല എന്ന്, ആയിക്കോട്ടെ. മറ്റൊരാള്‍ പറയുകയാണ്, അതില്‍ ചില ഷോട്ടുകള്‍ റിയലായി ചിത്രീകരിച്ചതാണ്, ശരിയായിരിക്കാം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ്. നമ്മളെന്തിനാണ് വെല്ലുവിളിക്കുന്നത്. നമ്മളെന്ത് പറഞ്ഞാലും സത്യമാകാം കള്ളമാകാം. അതുകൊണ്ട് നിങ്ങളെന്ത് വിശ്വസിക്കുന്നുവോ അതിലാണ് കാര്യം. നമ്മള്‍ ഇടപെട്ടാല്‍ അതൊരു ഡിബേറ്റാകും. പിന്നെ പുലി എത്ര കിലോ ഉണ്ടായിരുന്നു, എന്നൊക്കെയാകും അടുത്ത ചോദ്യം. അതുകൊണ്ട് സിനിമയുടെ മാജിക്കിനകത്ത് ഒരുപാട് രഹസ്യങ്ങളുണ്ടാകും. മറ്റൊരാള്‍ പുലിയെ വച്ച് ഒരു സിനിമ എടുക്കട്ടെ'.