അഗ്നിപർവ്വത സ്‌ഫോടനം എന്ന് കേൾക്കുമ്പോൾ ഭയം മാത്രമാണ് നമ്മുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുക. ഒരു നാടിനെ ഈ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കാൻ കെല്പുള്ള ഒരു വൻ ദുരന്തമാണത്. എന്നാൽ, ഫിലിപ്പൈൻസിലെ ബിനാൻ നിവാസികൾ പ്രകൃതിയുടെ അപാരമായ ഈ വിനാശ ശക്തിയെ ഉപകാരപ്രദമായി വിനിയോഗിക്കാനുള്ള ശ്രമത്തിലാണ്. അനേകായിരം ആളുകൾക്ക് ഒരു ഉപജീവന മാർഗ്ഗമാണ് ഇപ്പോൾ അത്. 

പൊട്ടിത്തെറിയിൽ നിന്നുണ്ടായ ചാരത്തിൽനിന്ന് ഇഷ്ടികകൾ നിർമ്മിക്കുകയാണ് ലുസോൺ ദ്വീപിലെ ബിനാൻ നഗരം. സിമന്‍റും, ഉപേക്ഷിച്ച പ്ലാസ്റ്റിക്കും കൂട്ടിക്കലർത്തി ആ ചാരത്തിൽനിന്ന് അവർ പതിനായിരക്കണക്കിന് ഇഷ്ടികകളാണ് അനുദിനവും ഉണ്ടാക്കുന്നത്. ജനുവരി 12 -ന് നടന്ന ആ സ്ഫോടനത്തിൽ നഗരത്തിൻ്റെ പല ഭാഗങ്ങളും നശിക്കുകയുണ്ടായി. നഗരത്തെ പുനർനിർമ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നൂതനാശയം കൊണ്ടുവന്നത്. ഇതുമൂലം ഒരുപാട് പേർക്ക് തൊഴിലവസരവും, പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് അവർ ഇന്ന്.  

ടാൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബിനാൻ നഗരത്തിലെ മേയർ നഗരത്തിലുള്ളവരോട് നഗരത്തിന് ചുറ്റും അടിഞ്ഞുകിടന്ന ചാരം ശേഖരിച്ച് ചാക്കുകളിൽ നിറച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഫാക്ടറിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. "ആർക്കും ഉപയോഗമില്ലാതെ പലയിടത്തും കൂടിക്കിടന്നിരുന്ന ചാരം ഉപകാരപ്രദമാക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. അതിൽ പ്ലാസ്റ്റിക്കുകളും ഉൾപ്പെടുന്നു” നഗര പരിസ്ഥിതി ഓഫീസർ റോഡെലിയോ ലീ പറഞ്ഞു. 
 
ഫിലിപ്പൈൻസിലെ ഏറ്റവും സജീവവും മാരകവുമായ അഗ്നിപർവ്വതങ്ങളിലൊന്നായ ടാൽ. പൊട്ടിത്തെറിച്ചതിനെ തുടർന്ന് നാശം സംഭവിച്ച സ്കൂളുകൾ പുനർനിർമ്മിക്കാൻ ഒരു ദിവസം 5,000 ഇഷ്ടികകൾ വരെ ഇതുവഴി ഉണ്ടാക്കി. അങ്ങനെ ഒരു പ്രകൃതിദുരന്തത്തിനിടയിലും, ബിനാൻ ഒരു വലിയ പുനരുപയോഗ അവസരം സൃഷ്ടിക്കുകയാണ്. തങ്ങൾ ഉദ്ദേശിക്കുന്നത് അവ ഇഷ്ടികകളാക്കി മാറ്റി താൽപ്പര്യമുള്ള കമ്പനികൾക്ക് വിൽക്കുക എന്നതാണെന്നും, വരുമാനം അഗ്നിപർവ്വതം പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഇവിടത്തെ താമസക്കാർക്ക് സംഭാവന ചെയ്യുമെന്നും ലീ അറിയിച്ചു. 

ടാൽ അഗ്നിപർവ്വതത്തിനടുത്തുള്ള തടാകക്കരയിലെ നിരവധി കെട്ടിടങ്ങൾ കനത്ത ചാരം മൂടിയും, മേൽക്കൂരകളിൽ മരങ്ങൾ വീണും നശിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിനെത്തുടര്‍ന്ന് വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടതായി വന്നിട്ടുള്ളത്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ചിലർക്ക് മടങ്ങാൻ വീടോ, ഉപജീവനമാര്‍ഗ്ഗങ്ങളോ ഉണ്ടോയെന്നത് വ്യക്തമല്ല. എന്നിരുന്നാലും ഈ ഇഷ്ടികകൾ ഉപയോഗിച്ച് നാശം സംഭവിച്ച കെട്ടിടങ്ങൾ പുനർനിർമിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് അവർ. നാശം വിതച്ച ആ ചാരത്തിനിന്ന് പറന്നുയരാൻ ശ്രമിക്കയാണ് ഒരുകൂട്ടം മനുഷ്യര്‍. അവരെ നശിപ്പിച്ച ആ അഗ്നിപർവതം തന്നെ അവരെ രക്ഷിക്കുമെന്നാണ് അപ്പോഴും അവരുടെ പ്രതീക്ഷ.