Asianet News MalayalamAsianet News Malayalam

സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന പതിവ്; എതിരെയുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച് സര്‍ക്കാര്‍...

ദേശീയ പ്രതിഷേധത്തെത്തുടർന്ന്, ഈ മാസം ആദ്യം സുംബയിലെ പ്രാദേശിക നേതാക്കൾ ഇതിനെ തിരസ്‍കരിക്കുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.

Bride Kidnapping in Indonesia
Author
Indonesia, First Published Jul 23, 2020, 9:55 AM IST

കിഴക്കൻ ഇന്തോനേഷ്യയിലെ സുംബ ദ്വീപ് പ്രകൃതി സൗന്ദര്യത്തിന്‍റെയും മഹത്തായ പാരമ്പര്യങ്ങളുടെയും നാടാണ്. എന്നാൽ, ഇപ്പോഴും സുംബയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു ദുരാചാരമുണ്ട്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഒരു പ്രാകൃത ഏർപ്പാട് ഇപ്പോഴും അവിടത്തെ സമൂഹത്തിൽ നിലനിൽക്കുന്നു. 750,000 -ത്തിലധികം ആളുകളുള്ള ദ്വീപിൽ ഇത് വർഷങ്ങളായി നടക്കുന്ന ഒന്നാണ്. അതിന്‍റെ ഏറ്റവും പുതിയ ഇരയാണ് സിട്ര (സാങ്കല്‍പിക നാമം). 

പ്രാദേശിക ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട രണ്ടുപേർ അവളെ കാണാൻ വന്നപ്പോൾ ജോലി സംബന്ധമായ എന്തോ സംസാരിക്കാനാണ് എന്നാണ് സിട്ര ആദ്യം വിചാരിച്ചത്.  ഒരു മണിക്കൂറിനുള്ളിൽ, മീറ്റിംഗ് മറ്റൊരു സ്ഥലത്ത് നടത്താം എന്ന് പുരുഷന്മാർ നിർദ്ദേശിക്കുകയും കാറിൽ കയറാൻ ആ 28 -കാരിയെ ക്ഷണിക്കുകയും ചെയ്‍തു. താൻ തന്‍റെ വണ്ടിയിൽ തന്നെ വന്നോളാം എന്ന് പറയുന്നതിനിടയിൽ പെട്ടെന്ന് മറ്റൊരു സംഘം ആളുകൾ അവളെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ചിട്ടു. അവൾ ചവിട്ടുകയും നിലവിളിക്കുകയും ചെയ്‍തു. പക്ഷേ, കാര്യമുണ്ടായിരുന്നില്ല. "എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. വിവാഹം കഴിക്കാനായി എന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു" അവൾ പറഞ്ഞു. കാറിനുള്ളിൽ വച്ച് ആരും കാണാതെ അവള്‍ കാമുകനും മാതാപിതാക്കൾക്കും സന്ദേശമയച്ചു. ഉയർന്ന മേൽക്കൂരയും കട്ടിയുള്ള തടിത്തൂണുകളുമുള്ള ഒരു വീട്ടിലേയ്ക്ക് ആണുങ്ങൾ അവളെ കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ, പിതാവിന്‍റെ അകന്ന ബന്ധുക്കളാണതെന്ന് അവൾക്ക് മനസ്സിലായി.   

അവളെ ബന്ദികളാക്കിയവർ അവളോടുള്ള സ്നേഹം കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും അതിലൊരാൾ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആവർത്തിച്ചു പറഞ്ഞു. "എന്റെ തൊണ്ട പൊട്ടുംവരെ ഞാൻ നിലവിളിച്ചു. ഞാൻ നിലത്ത് കിടന്നു കരഞ്ഞു. കൈമുറിയും വരെ എന്‍റെ കൈയിലിരുന്ന താക്കോൽ ഞാൻ അമർത്തിക്കൊണ്ടിരുന്നു. വലിയ തടിത്തൂണുകളിൽ തലയിടിച്ച് ഞാൻ കരഞ്ഞു. അവർക്ക് എന്നോട് സഹതാപം തോന്നുമെന്ന് ഞാൻ പ്രതീക്ഷിച്ചു" അവൾ പറഞ്ഞു. അടുത്ത ആറ് ദിവസത്തേക്ക് അവളെ അവർ വീട്ടുതടങ്കലിൽ തന്നെ ഇരുത്തി. "ഞാൻ രാത്രി മുഴുവൻ കരഞ്ഞു. ഞാൻ ഉറങ്ങിയിരുന്നില്ല. ഞാൻ മരിച്ച് പോകുമെന്ന് അപ്പോൾ എനിക്ക് തോന്നി" അവൾ പറഞ്ഞു. ഒടുവിൽ അവളെ മോചിപ്പിച്ചു. 

വനിതാ സംഘടനകൾ ഇതിനെതിരെ കാലങ്ങളായി പോരാടുകയാണ്, എന്നിട്ടും സുംബയുടെ ചില ഭാഗങ്ങളിൽ ഇത് ഇപ്പോഴും നടന്നുവരുന്നു. സാധാരണ വിവാഹിതരെ തട്ടിക്കൊണ്ടുപോകുന്നത് കുറവാണെങ്കിലും, അതും അവിടെ നടക്കുന്നു. 23 വയസുള്ള മാവാർ തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരന്റെ വീടിന്റെ പോർച്ചിൽ മുലയൂട്ടുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം പുരുഷന്മാർ പെട്ടെന്ന് അവിടെ വരികയും, കുഞ്ഞിനെ എടുത്തുമാറ്റി, അവളെ തട്ടിക്കൊണ്ടുപോകുന്നതും. വീട്ടിലുണ്ടായിരുന്ന മാവാറിന്റെ അച്ഛനും സഹോദരനും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പുരുഷന്മാരുമായി ബലപ്രയോഗം നടത്തിയെങ്കിലും, കാര്യമുണ്ടായില്ല.  ഗ്രാമത്തിലേക്കുള്ള 30 മിനിറ്റ് യാത്രയ്ക്കിടെ, പുരുഷന്മാർ മാവാറിനെ ലൈംഗികമായി ഉപദ്രവിക്കുകയും അവളുടെ വയറ്റിലെ തുന്നൽ കീറുകയും ചെയ്തു. അവൾക്ക് രക്തസ്രാവമുണ്ടായി. അവർ എന്തൊക്കെ ചെയ്തിട്ടും പക്ഷേ മാവാർ വിവാഹത്തിന് സമ്മതിച്ചില്ല. അവളുടെ മുറിവിൽ നിന്ന് ചോര പൊടിഞ്ഞുകൊണ്ടിരുന്നു. അവൾ കടുത്ത വേദനയിലായിരുന്നു, വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് അവൾ അപേക്ഷിച്ചു കൊണ്ടിരുന്നു. 

മാവാറിന്റെ വീട്ടിലാണെങ്കിൽ കുഞ്ഞ് അവളെ കാണാതെ കരച്ചിൽ തുടർന്നു. അവളുടെ ഭർത്താവ് ഒരു വിദൂര ദ്വീപിലാണ് ജോലി ചെയ്തിരുന്നത്. ഒടുവിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ തന്നെ അവളുടെ പിതാവ് തീരുമാനിച്ചു. പിറ്റേന്ന് രാവിലെ, രണ്ട് പൊലീസ് ഓഫീസർമാർ, മാവാറിന്റെ കുടുംബാംഗങ്ങൾ, ഗ്രാമത്തലവൻ, സോപൻ സന്നദ്ധപ്രവർത്തകർ എന്നിവർ വന്ന് മാവാറിനെ മോചിപ്പിച്ചു. 

ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്ന  സ്ത്രീയെ പലപ്പോഴും കുറ്റവാളി ബലാത്സംഗം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഒടുവിൽ മറ്റ് മാർഗമില്ലാതെ തട്ടിക്കൊണ്ടുപോയ ആളെ തന്നെ വിവാഹം കഴിക്കാൻ അവൾ നിർബന്ധിതയാകുന്നു. ദേശീയ പ്രതിഷേധത്തെത്തുടർന്ന്, ഈ മാസം ആദ്യം സുംബയിലെ പ്രാദേശിക നേതാക്കൾ ഇതിനെ തിരസ്‍കരിക്കുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. സ്ത്രീകൾക്കെതിരായ അതിക്രമമെന്ന് വിശേഷിപ്പിച്ച ഈ  സമ്പ്രദായം അവസാനിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് ഇത്.  ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ് അവിടത്തെ പെൺകൂട്ടായ്‍മകൾ. നൂറ്റാണ്ടുകളായി സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾക്ക് ഇതുവഴി ഒരവസാനമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.   

(ചിത്രം, പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios