മെഡിറ്റനേറിയന്‍ കണ്ണുകളുള്ള ടുണീഷ്യന്‍ പെണ്‍കുട്ടി

First Published 27, Mar 2018, 7:03 PM IST
Bucker Aboo column on mediterranean girl
Highlights
  • ഒരു നാവികന്റെ ഓര്‍മ്മക്കുറിപ്പുകള്‍
  • ബക്കര്‍ അബു എഴുതുന്നു

മെഡിറ്ററേനിയന്‍  കടലിലൂടെ  ടുണീഷ്യയില്‍ നിന്നും യുക്രൈയിനിലേക്ക്.

മൊറോക്കോവിലെ സ്പാര്‍റ്റെല്‍ മുനമ്പില്‍ കയറിയിരുന്നാല്‍ അറ്റ്ലാന്റിക് സമുദ്രവും മെഡിറ്ററേനിയന്‍ കടലും ഒന്നിച്ചു ചേരുന്നത് കാണാം. രണ്ടു കടലുകളുടെ സംഗമം. യുറോപ്പും ആഫ്രിക്കയും കൂടിച്ചേരുന്ന നാഗരികതയുടെ കാറ്റേറ്റ് പരന്നൊഴുകുകയാണ് മെഡിറ്ററേനിയന്‍ കടല്‍.

ഒരു ഭാഗത്ത് സ്‌പെയിനും ഇറ്റലിയും ഫ്രാന്‍സും ഗ്രീസും തുര്‍ക്കിയും മറുഭാഗത്ത്, മൊറോക്കോ ടുണീഷ്യ, അള്‍ജീരിയ, ലിബിയ, ഈജിപ്ത്, ഇസ്രയേല്‍, സിറിയ. ഒരേ ജലപാതയുടെ ഇരുകരകളിലും യാത്രക്കാര്‍ക്ക് കാഴ്ചയുടെ കവാടം തുറക്കുന്നരാജ്യങ്ങള്‍.

മെഡിറ്ററേനിയന്‍ കടന്നു പോവുന്ന പാതകളില്‍ ആയിരത്തി നാനൂറ്റി അറുപതോളം ദ്വീപുകളുണ്ട്.  വൈവിധ്യമാര്‍ന്ന ജീവിത രീതിയില്‍, ആരോഗ്യകരമായ ഭക്ഷണരീതിയില്‍ ഉല്ലാസ യാത്രികര്‍ക്ക് മനം നിറയെ അനുഭവിക്കാന്‍ ഓരോ രാജ്യത്തും അവരവരുടേതായ സാംസ്‌കാരിക വിരുന്നുമുണ്ട്.

അറ്റ്‌ലാന്റിക്കില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ വഴി മെഡിറ്ററേനിയന്‍ കടന്നു സൂയസ് വഴി  ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചെന്നെത്തുന്ന യാത്രകള്‍ മനസ്സാകെയുണ്ട്. ആ യാത്രകളില്‍ ഈ രാജ്യങ്ങളൊക്കെ കടന്നുപോവുമ്പോള്‍ അടുത്തടുത്തുള്ള തൃശൂരും, എറണാകുളവും, കോട്ടയവുമൊക്കെ ഇത് പോലെ ഓരോ രാജ്യങ്ങളായിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചു പോവാറുണ്ട്. അവരുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ചില സമാനതകള്‍ തൃശൂരിന്റെ അമിട്ട്കുറ്റിയില്‍ നിന്ന് എറണാകുളത്തിലെ കലിപ്പ് കാര്‍ന്നോരിലേക്ക് അങ്ങട് ഘടിപ്പിക്കാന്‍ കഴിയുന്നില്ല. തിടമ്പുയര്‍ത്തിനില്‍ക്കുന്ന കരിവീരന്റെ കണ്ണുകള്‍ക്ക് മുന്നില്‍ നിന്നുയരുന്ന, പടക്കപ്പന്തങ്ങള്‍ കാണുന്ന ആള്‍ക്കൂട്ടത്തിലെ ഒറ്റയാനാവാനല്ലേ യഥാര്‍ത്ഥത്തില്‍ നീ ആഗ്രഹിക്കുന്നതെന്ന്  മനസ്സ് പതിയെ ചോദിക്കുന്നുണ്ടായിരുന്നു. 

ലക്ഷ്യങ്ങളിലേക്ക്  കണ്ണെത്തുന്നതിനു മുമ്പ് അവിടെ ചെന്നെത്തുന്ന മനസ്സുണ്ടെങ്കില്‍, നിമിഷാര്‍ദ്ധങ്ങളിലുണരുന്ന ഇത് പോലെയുള്ള ചിന്തകളെ കൈവെള്ളയില്‍ എങ്ങിനെയാണ് സാക്ഷാല്‍ക്കരിക്കുന്നത്? കഥകള്‍ പറഞ്ഞു പറ്റിക്കാന്‍ കഴിയാത്തൊരു കാലനാണ് മനസ്സ്. വടക്കുന്നാഥനില്‍ നിന്ന് തിരിച്ചു മെഡിറ്ററേനിയനില്‍ ചെന്നെത്താന്‍ മനസ്സിന് അധികം  ദൂരമൊന്നുമില്ല, ഞാന്‍ തിരിച്ചു പോവുകയാണ്.

ടൂനിസില്‍ കാര്‍ഗോ ഇറക്കി യുക്രൈനില്‍ നിന്നും റേപ്‌സീഡ് ജര്‍മ്മനിയിലേക്ക് കയറ്റിക്കൊണ്ട് പോവാനുള്ള യാത്രയായിരുന്നത്.

അള്‍ജീരിയക്കും ലിബിയക്കുമിടയില്‍ ഒരു പറങ്കിമാങ്ങ തൂങ്ങിക്കിടക്കുന്നത് പോലെയുള്ള രാജ്യമാണ് ടൂണിഷ്യ. അള്‍ജീരിയയുടെ ആള്‍ക്കരുത്തിന്റെ ഗരിമ ടൂണീഷ്യയില്‍ കാണാനില്ല. എന്നാല്‍ യുറോപ്പിലേക്ക് തുറന്ന വാതായനത്തിന്റെ ലിബിയന്‍ ചരിത്രത്തിനു ടുണീഷ്യയുടെ  യൗവ്വനത്തിന്റെ തിളപ്പായിരുന്നു.  തൊണ്ണൂറ്റിയെട്ട് ശതമാനം അറബികളുള്ള ഒരു രാജ്യത്ത് ചുവപ്പില്‍ വെളുത്ത നക്ഷത്രമുള്ള പതാക മെഡിറ്ററേനിയന്‍ തീരത്ത് ഏകദേശം രണ്ടു നൂറ്റാണ്ടായി ഉയര്‍ന്നു പറക്കുന്നു. ഒരു വസന്തവും, ഇടിമുഴക്കവും ഇല്ലാത്ത സമയത്തായിരുന്നു അവിടെ ഞാന്‍ ചെന്നിറങ്ങുന്നത്. തുറമുഖത്ത് നിന്നും ടുനിസ് നഗരത്തിലേക്കുള്ള യാത്രയില്‍  ഒരറബിനാടിന്റെ മണല്‍ സ്പര്‍ശം എവിടെയും കണ്ടില്ല. എന്നാല്‍,, യഥാര്‍ത്ഥ ടുണീഷ്യ ഇതാണെന്നു നിങ്ങള്‍ വിശ്വസിക്കരുത്.  അവര്‍ സംസാരിക്കുന്ന അറബി ഭാഷ  പേര്‍ഷ്യന്‍ അറബികള്‍ക്ക് മനസിലാവുന്നതുമല്ല. ടര്‍ക്കിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്,സ്പാനിഷ്, അറബിക്, ഇവയുടെ ഒരു സങ്കര ഭാഷയായ ടുനിഷ്യന്‍ അറബി വഴങ്ങുന്നവരല്ല മിഡില്‍ ഈസ്റ്റില്‍ ഉള്ളത്. ആഫ്രിക്കയുടെ അതിര്‍ത്തിയില്‍ പെരുവിരല്‍ മുതല്‍ മൂര്‍ദ്ധാവ് വരെ യുറോപ്പിന്റെ രക്തമോടുന്ന പ്രവിശ്യാതലങ്ങള്‍ഴ

കോഴിക്കോട്ടുകാരനായ ഇലക്ട്രിക്കല്‍ ഓഫീസര്‍ സുധാകരനായിരുന്നു കൂട്ടിനുണ്ടായിരുന്നത്. സുധാക് നല്ലൊരു കമ്പനിയാ, ചിലിയിലും അര്‍ജന്റീനയിലും ബ്രസീലിലുമെല്ലാം ഞങ്ങള്‍ അര്‍മാദിച്ചലയടിച്ചിട്ടുണ്ട്.

നൂറിനെ സുധാകിനു വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. അതിസുന്ദരി.

സുധാക് ഒരു എക്‌സ് ഇന്ത്യന്‍ നേവിക്കാരനാണ്. മര്‍ച്ചന്റ് നേവിയില്‍ ജോയിന്‍ ചെയ്തതില്‍ പിന്നെ വ്യത്യസ്തമായൊരു കടലാണ് താന്‍ കാണുന്നതെന്ന് സുധാകരന്‍ പറയാറുണ്ടായിരുന്നു.

കിഴക്കും പടിഞ്ഞാറും  കൂടിച്ചേര്‍ന്നൊരു ഒരു നഗരമാണ് ടുനിസ്. ഫ്രഞ്ച് സ്വാധീനം അതിലേറെയില്ലേയെന്നാര്‍ക്ക് തോന്നും. യുറോപ്പിന്റെ തനത് ശൈലിയില്‍  വളരെ മോഡേണ്‍ ആയി വസ്ത്രം ധരിച്ച നഗരവാസികള്‍. ബില്‍ഡിങ്ങുകളിലെല്ലാം പാറിപറക്കുന്ന ചുവന്ന ദേശീയപതാക. 99 ശതമാനം മുസ്ലിങ്ങളുള്ള ഒരു രാജ്യത്ത്  സീതിഹാജിയുടെ പച്ച'ചെങ്കോടീന്നും പറഞ്ഞു സുധാക് തലതിന്നു കൊണ്ടേയിരുന്നു. ടുനീസിനെ ആധുനീകരിക്കുന്ന കെട്ടിടങ്ങളില്‍ ചിലതൊക്കെ
പഴയ റഷ്യന്‍ കല്‍പ്പണികളുടെ സ്മാരകമാണെന്ന് തോന്നും. സെന്റ് പീറ്റര്‍സ് ബര്‍ഗിലും ലിത്വാനിയയിലുമൊക്കെ കണ്ട അതേ ചുവര്‍മേനി.

വൃത്തിയുള്ളതും വീതിയേറിയതുമായ റോഡുകള്‍. പ്രധാന റോഡിനരികിലൂടെയോടുന്ന ട്രാമുകള്‍.  ഒരു കാലത്ത് റോമിന്റെ അപ്പക്കൂട്
എന്നറിയപ്പെട്ട ഈ രാജ്യം പില്‍ക്കാലത്ത് അറബ് അധീനതയിലേക്ക് വിധേയമായതിന്റെ മാറ്റം വ്യക്തമാക്കുന്ന നഗരകാഴ്ചകള്‍. രണ്ട് സംസ്‌കാരവും മെഡിറ്ററേനിയന്‍ കാലാവസ്ഥയും കൊണ്ട് സുന്ദരമായ ടുനിസ്. വെളുപ്പും നീലയും വര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ ഉയരങ്ങളില്‍  ചരടില്‍ തൂങ്ങിക്കിടക്കുന്നത് പോലെ സിദ്ദി ബോസാദിലൂടെ യാത്രചെയ്യുമ്പോള്‍  കാണാം. വെളുപ്പ് കട്ടപിടിച്ച മഞ്ഞ് പോലെയുണ്ട്. മഞ്ഞ് കൊണ്ടുണ്ടാക്കിയ വീടുകള്‍ക്ക് നീല ജനലും വാതിലും. നൂറ്റാണ്ടുകളായി ഒരേ രൂപത്തില്‍ വരച്ചെടുക്കുന്ന കാന്‍വാസ് ചിത്രങ്ങള്‍ക്കിടയിലൂടെ നടന്നു പോവുന്ന അനുഭവം.

ലോകത്തിലെ ഏറ്റവും വലിയ മൊസൈക് ശേഖരത്തിന്റെ കലവറയായ ബാര്‍ദോ മ്യുസിയം ഉള്ളില്‍ കയറി കാണാന്‍ പറ്റിയില്ല. നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും പേരുകേട്ട മ്യുസിയമാണിത്. പക്ഷെ ടുനീസില്‍ വരുന്നവരാരും കാണാതെ തിരിച്ചു പോവുന്ന ഒരു സ്ഥലമുണ്ട് 'മദീന നഗരം'. പഴയ നഗരം എന്നറിയപ്പെടുന്നതാണ് മദീന.  ആധുനിക ടുനിസില്‍ നിന്ന് ചുരുക്കം ചില മിനുട്ടുകള്‍ കൊണ്ട് നൂറ്റാണ്ടുകള്‍ പിറകെ പോവാന്‍ മദീനയെലെത്തിയാല്‍ മതി. ഇടുങ്ങിയ വഴിയുടെ അറ്റമവസാനിക്കുന്നിടത്ത് പള്ളിസ്തൂപങ്ങള്‍ ദൃശ്യമാവുന്ന വീഥിയിലൂടെ  നടന്നു പോവണം. കൈനിറയെ ഷോപ്പിംഗ് ചെയ്യാന്‍ കരകൗശല വസ്തുക്കള്‍ ഒട്ടേറെയുണ്ട്. സിദ്ദിബോസാദിലെ അതെ കെട്ടിടവര്‍ണ്ണങ്ങളാണിവിടെയും. 

ഒരു പകലിനെറ പകുതിയും രാത്രിയിലെ ഏതാനും മണിക്കൂറുകളും കൊണ്ട് ഈ നഗരം പൂര്‍ണ്ണമായി ചുറ്റിക്കറങ്ങി കാണാന്‍ കഴിയില്ല. നവ ടുനിസ് വില്ലെനോവ് നഗരമൊന്ന് നടന്നു കാണാന്‍ സുധാകരന് തിടുക്കമായി.  തുര്‍ക്കിയിലും ടുനിസിലും നല്ല വസ്ത്രങ്ങള്‍ കിട്ടും. അത് വാങ്ങാനുള്ള പരിപാടിയായിരുന്നു അവന്റെ ഈ നടത്തത്തിനു പിറകില്‍.

'നഗരത്തിനു ചന്തം കൂടുന്നത് കടകളില്‍ പെണ്‍കുട്ടികള്‍ ഇരിക്കുമ്പോഴാണ്'

സുധാകരന്റെ മഹദ് വചനം. അതോടെ രോഗം പിടികിട്ടി. 'ഒന്നൂല്ലേല്‍ ഞാനുമൊരു  മലയാളിയല്ലേ? ഇന്നാണെങ്കില്‍ അധികം ' ഡെക്കറെഷനൊന്നും വേണ്ട മോനേ' എന്ന് എടുത്തിട്ട് തട്ടിയേനെ. 

അവന്‍ പറഞ്ഞത് ശരിയാണ്. ദിനേശ് ബീഡിവലിച്ച വിരലുകളുടെ മണവും, അവിടെയുമിവിടെയുമായി ചൊറിമാന്തിയുമിരിക്കുന്ന  നാല്‍പ്പത് വയസ്സ് കഴിഞ്ഞ  സീനിയര്‍  സെയില്‍സ്മാന്‍മാര്‍ ഉള്ളൊരു കാലം വടകരയിലൊക്കെ ഉണ്ടായിരുന്നു.  ഇന്ന് ഫ്രീക്കന്മാര്‍ അവരെയൊക്കെ വലിച്ചുവാരി ചുവരിലൊട്ടിച്ചു കൊടുത്തു കൈകഴുകി. കൂട്ടത്തില്‍ മുന്തിയ ഡിസ്‌പ്ലേയെന്നു തോന്നിയ ഒരു കുപ്പായക്കടയും കണ്ണാടിക്ക് പിറകില്‍ ഒരു സുന്ദരമുഖവും കണ്ടപ്പോള്‍ ദേ, ഇത് തന്നെയെന്നു ഞാനങ്ങട് തീരുമാനിച്ചു. റിട്ടയാര്‍ഡ് നേവിക്കാരന്റെ മുഖത്ത് ഒരു പാകിസ്താന്‍ സബ്മറീന്‍ തകര്‍ത്ത സന്തോഷം.

കട നടത്തുന്നത് ഈ കോളേജ് കുമാരിയാണോ അളിയാന്ന് സുധാകിന്റെ ചോദ്യം. ചിലപ്പോള്‍  ഇവള്‍ എക്‌സ്ട്രാ കാശിനു വേണ്ടി ജോലി ചെയ്യുന്നതായിരിക്കുമല്ലേ? ചോദ്യവും ഉത്തരവും അവന്‍ തന്നെ. അതാണ് നമ്മള്‍ മലയാളികള്‍, അവനറിയാത്തതായി  ഈ ദുനിയാവില്‍ ഒന്നുമില്ല.

ആ ഒരു കടക്ക് ഒരു പ്രത്യേകതയുണ്ട്. കടയുടെ ഉള്ളില്‍ നിന്നും മുകളിലേക്കുള്ള ഒരു ഗോവണിയിലൂടെ കയറിയാല്‍ കാണാവുന്ന ഒരു കൊച്ചുമുറി. കണ്ണാടിക്ക് പിറകിലിരുന്ന സുന്ദരി, നൂര്‍ഖലീല്‍ എന്നാണ് അവളുടെ പേര്. അഭിവാദ്യ പ്രത്യഭിവാദ്യ പരിചയപ്പെടല്‍ കഴിഞ്ഞയുടന്‍ ഞങ്ങള്‍ കേരളാ ടൂള്‍സ് പുറത്തെടുത്തു.  ഞങ്ങളെ കണ്ടപ്പോള്‍ നൂറിന്റെ അമ്മ താഴോട്ട് ഇറങ്ങിവന്നു. ഇനി അവളെ അധികം കത്തിവെക്കാന്‍ പറ്റില്ല എന്നുള്ള പരുവത്തിലായപ്പോള്‍ രണ്ട് ഷര്‍ട്ട് എടുത്ത് ഞങ്ങള്‍ ബില്ലിന് ആവശ്യപ്പെട്ടു. ലോക്കല്‍ മണി ഇല്ലെങ്കില്‍ മാറ്റിക്കൊണ്ട് വരണമെന്നായി അവര്‍. ഭാഷയുടെ ബുദ്ധിമുട്ടുള്ളതു കൊണ്ട് നൂറിനോട് മണി എക്‌സ്‌ചേഞ്ച് എവിടെയാണെന്ന് കാണിച്ചു തരുമോന്ന് സുധാകിന്റെ ചോദ്യം.  അവളത് കേള്‍ക്കാന്‍ കാത്തിരിക്കുന്നത് പോലെ തോന്നി. കടയില്‍ നിന്ന് പുറത്ത് ചാടാനുള്ള ഒരു ചാന്‍സായി നൂര്‍ഖലീല്‍  അത് ശരിക്കും ഉപയോഗിച്ചു.  ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന നൂര്‍ അമ്മയെ സഹായിക്കുകയാണ് കടയില്‍. പണം മാറ്റിയെടുത്തതിന് ശേഷം   ഒരു കോഫിക്കുള്ള ക്ഷണം അവള്‍ നിരസിച്ചില്ല.
 

'നഗരത്തിനു ചന്തം കൂടുന്നത് കടകളില്‍ പെണ്‍കുട്ടികള്‍ ഇരിക്കുമ്പോഴാണ്'


നൂറിനെ സുധാകിനു വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. അതിസുന്ദരി. അടുത്തിരിക്കുന്ന പുരുഷന്റെ ശരീരഭാഷയും മനസ്സും അവന്റെ ശ്വാസത്തില്‍ നിന്ന് പോലും ആവാഹിച്ചെടുക്കാന്‍ കഴിവുള്ള 'ജിന്നാണ്' പെണ്‍കുട്ടികള്‍ എന്ന് അവനറിയാതെ പോയോ?

അവള്‍ക്ക് ചെമ്പരത്തിപ്പൂവിന്റെ ഇതളുകളില്‍ വെള്ളിനൂലില്‍  നിന്നൂര്‍ന്നിറങ്ങിയ സൂര്യകിരണത്തിന്റെ തിളക്കമുള്ള കണ്ണുകളുണ്ടായിരുന്നു.  അരയണിപ്പാടത്തെ മേല്‍വരമ്പുകളില്‍ പുന്നാരം കെറുവിച്ച് ചിരിച്ചു മറയുന്ന ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നില്ല നൂര്‍ഖലീന്‍. അഥീനയിലെ ചരിത്രസ്മാരകങ്ങളില്‍ കാണുന്ന ഗ്രേഷ്യന്‍ മൂക്കുള്ള ഒരു ഗ്രീക്ക് ദേവതയെപ്പോലെ നൂര്‍ ഖലീന്‍ ഞങ്ങളോടൊത്തിരുന്നു. അപ്പോള്‍ കാറ്റിന് മെഡിറ്ററേനിയന്റെ റൊമാന്റിക് മണമുണ്ടായിരുന്നു.

അപരിചിതയുടെ മുഖത്തേക്ക് നോക്കുന്ന മലയാളിയുടെ മനോഭാവം കണ്ടിട്ടാവണം സുധാകിനോട് നൂര്‍ ഖലീന്‍ എന്താണിങ്ങനെയെന്നു ചോദിച്ചത്.  ഈ കണ്ണുകള്‍ മെഡിറ്ററേനിയന്‍ ഗിഫ്റ്റാണോയെന്നു സുധാകിന്റെ മറുചോദ്യം. അവന്റെ സോപ്പിടല്‍ അത്ര രുചിക്കാത്തത് കൊണ്ടാവണം നൂര്‍ എന്നയൊന്നു നോക്കി. ഇത് പോലെയുള്ള കണ്ണുകളില്ല,  കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് മിഡ് നൈറ്റ് ബ്ലൂ കണ്ണുകളാണെന്ന് ഞാനും തട്ടി.  ഒന്നുകില്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടിയെന്ന സുധാകിന്റെ ഭാവം.  ഫെറ്റാചീസും, ടൊമാറ്റോസും, ഒലീവും ചേര്‍ന്ന സലാഡും കൂടെ കോഫിയും നുകര്‍ന്ന് നൂര്‍ ഖലീനോട് ടുണീഷ്യന്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. വയനാട് പൂത്തുലഞ്ഞു വാനിലുയരുന്ന അരുമസുഗന്ധമൊന്നും ആ കോഫിമഗ്ഗില്‍ ഉണ്ടാവില്ല. കോഫിയുടെ അറബിചവര്‍പ്പ് ഇഷ്ടപ്പെടാത്ത സുധാകിനെ എനിക്ക് ഓര്‍മ്മിപ്പിക്കേണ്ടിവന്നു.

ടുണീഷ്യയെ അറിയാന്‍ ഒരാഴ്ചപോലും മതിയാവില്ല. ചരിത്രം കാര്‍ന്നു തിന്നുന്ന ടൂറിസ്റ്റുകള്‍ക്ക് നൂറ്റണ്ടിലേക്കൊരു തിരിച്ചുപോക്കാണ് ടുണീഷ്യ.

AD 670 മുതലുള്ള അറേബ്യന്‍ പടയോട്ടത്തിന്റെ അതായത് മുഹമ്മദ് നബിയുടെ മരണശേഷമുള്ള കാലഘട്ടത്തില്‍ ജന്മം കൊണ്ട തനി അറേബ്യന്‍ വില്ലേജുകള്‍ ഇന്നും അതേപടി ടുണീഷ്യയില്‍ കാണാം. ഖൈരൂനിലെ ഗ്രാന്‍ഡ് മസ്ജിദ് പലതവണ പുതുക്കിപ്പണിഞ്ഞെങ്കിലും മക്കയോ മദീനയോ പോലെ വെട്ടിത്തിളങ്ങാത്ത പുരാതന അറേബ്യയുടെ ജീവിക്കുന്ന ശേഷിപ്പുകളായി കാഴ്ചയാവുന്നു. ഈ മസ്ജിദിലേക്ക് ഏഴുതവണ തീര്‍ഥാടനം നടത്തിയാല്‍ മക്കയില്‍ പോയി ഒരു ഹജ്ജ് ചെയ്ത ഫലമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലോകത്തിലെ ഒരേയൊരു പള്ളിയാണിത്.

ടുണീഷ്യയിലെ തനി ബെര്‍ബ് അറബികളില്‍ പലരും  ആധുനികതയുടെ എല്ലാ ചമല്‍ക്കാരങ്ങളും ഒഴിവാക്കിക്കൊണ്ട് ഇന്നും ഗോത്ര ജീവിതം നയിക്കുന്നവരാണ്. നൂര്‍ഖലീന്‍ പറയുന്നത് വരെ അങ്ങിനെയുള്ള ഒരു മനുഷ്യക്കൂട്ടത്തെക്കുറിച്ച് ഞങ്ങള്‍  അറിഞ്ഞിരുന്നില്ല. യാത്രയില്‍ കേട്ടറിയുന്ന അപരിചിത ലോകത്തിന്റെ കൗതുകം കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറായി.  ചുരുക്കം ചില വാക്കുകളിലെ നൂര്‍ അതെക്കുറിച്ച് പറഞ്ഞുള്ളൂ. സൗത്ത് ടുണീഷ്യയിലെ മത്മാതാ വില്ലേജ് നിവാസികളെ അവള്‍ക്കത്ര ഇഷ്ടം പോരാ.  പക്ഷെ, നമുക്കവരുടെ ജീവിതം ഒരത്ഭുതമാണ്.

പത്ത് രണ്ടായിരം പേര്‍ ജീവിക്കുന്ന ഒരു വില്ലേജ് ആണിത്. ലോകപ്രശസ്ത സിനിമയായ Star Wars  ഒന്നാം ഭാഗവും  Attack of the Clones ഉം ഷൂട്ട് ചെയ്ത സ്ഥലം. ഭൂമിക്കടിയില്‍ വലിയ കുഴികള്‍ ഉണ്ടാക്കി അതില്‍ ഗുഹാ ഗൃഹം സൃഷ്ടിച്ച് ജീവിക്കുക എന്നൊരു രീതിയാണ് ഇവരുടേത്. പല ഗുഹാ ഗൃഹങ്ങളും ടണല്‍ പാസേജ് വഴി കൂട്ടിയോജിപ്പിക്കുകയും ചെയ്യും. 1967 വരെ അവിടെ ഇങ്ങനെ ജീവിക്കുന്നവരെക്കുറിച്ച് ലോകം അറിഞ്ഞിരുന്നില്ല.  കെട്ടിനില്‍ക്കുന്ന ജലം പോലെ ഒരിടത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ബദുക്കളുടെ പോക്ക് വരവിന്റെ മണല്‍പാതയായിട്ടേ അതറിഞ്ഞിരുന്നുള്ളൂ.  സൗത്ത് ടുണീഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇന്ന് ഇതറിയപ്പെടുന്നു.

കടല്‍ ഒരിക്കലും കഥ പറഞ്ഞു തീരുമെന്ന് നിങ്ങള്‍ കരുതേണ്ട.  

നൂര്‍ഖലീനുമൊത്ത് ഞങ്ങള്‍ താമഴെര്‍ ഹബീബി നഗരത്തിലൂടെ തിരിച്ചു നടന്നു. നാളെ നേരത്തെ വരികയാണെങ്കില്‍ ചുറ്റിക്കറങ്ങാമെന്ന വാഗ്ദാനവുമായി നൂര്‍ ഞങ്ങളെയും കൂട്ടി  കടയിലേക്ക് മടങ്ങി തെരുവോരങ്ങളില്‍ നിന്ന് പരമ്പരാഗതമായ മേലൂഫ് സംഗീതത്തിന്റെ മേളക്കൊഴുപ്പ് കേള്‍ക്കാം. ശ്രാവ്യസുന്ദരമായ പേരുകളുള്ള ഉപകരണങ്ങളായ ഫിഡുലും, ഔദും. കനൂനും, ദര്‍ബൂക്കയും ഇമ്പമേറുന്ന ക്ലാസിക് ശീലുകളായി കാറ്റില്‍ പരന്നൊഴുകി.

ഇതിന്റെ താളത്തിനൊത്തുള്ള രസകരമായ ഡാന്‍സുണ്ട്, ഗ്രീക്ക് സീമാന്മാരും ടുണീഷ്യന്‍ സീമാന്മാരും റഷ്യയിലെ നവറോസിസ്‌ക് സീമാന്‍ ക്ലബ്ബില്‍ ഈ സംഗീതത്തിനോടൊപ്പം നൃത്തമാടുന്നത് കണ്ടിട്ടുണ്ട്. ഗ്രീസിനും ടുനീസിനും ആ നൃത്തത്തില്‍ ഒരു സമാനതയുണ്ട്. ഒരു മെഡിറ്ററേനിയന്‍ ചേര്‍ച്ച.  മനുഷ്യന്‍ അവന്റെ സംസ്‌കാരം കൊണ്ട് പരസ്പരം ഒട്ടിയുരുമ്മി നില്‍ക്കും. എന്നാല്‍ അവന്റെ അഹങ്കാരം കൊണ്ട് അതെ സംസ്‌കാരങ്ങളില്‍ നിന്ന് ഒരായിരം ശത്രുക്കളെയും അവന്‍  മുളപ്പിച്ചെടുക്കും. 

ഇനി മര്‍സാ ബീച്ചില്‍ കയറിയിറങ്ങണം, രാതി കനക്കും മുമ്പ കപ്പലില്‍ തിരിച്ചെത്തേണ്ടതാണ്. മെര്‍സാ ബീച്ചിലെ ടുണീഷ്യന്‍ സുന്ദരികള്‍  AD 670ല്‍ നിന്ന് സമയചക്രത്തിന്റെ ഒരു കറക്കത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ടുനിസ് മുഖത്തിലേക്ക് നമ്മളെ തിരിച്ചെത്തിക്കുന്നു. ആഫ്രിക്കയുടെ മണല്‍ഭൂവില്‍ നിന്നും മെഡിറ്ററേനിയന്‍ തീരമെത്തുമ്പോഴേക്കും കാലം പ്രകാശ വേഗതയില്‍ സഞ്ചരിച്ചു മാറ്റിയെടുത്ത നാഗരികതയുടെ സൗന്ദര്യം. ആ സൗന്ദര്യത്തില്‍ പ്രകാശിച്ചു നില്‍ക്കുന്ന രണ്ടു മലയാളികളായി ഞങ്ങളും.

മെഡിറ്ററെനിയന്റെ മള്‍ട്ടികള്‍ച്ചറില്‍ ടുനീസ് ചില ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ മാറ്റി വരക്കുകയാണ്.  മാറിമാറി വരുന്ന ഋതുക്കളുടെ പകര്‍ന്നാട്ടം കൊണ്ട് മെഡിറ്ററേനിയന്‍ തീരം മനോഹരമായിരിക്കുന്നു. പക്ഷെ മെഡിറ്ററെനിയന്‍ കടലിനു മരണത്തിന്റെ ചരിത്രവും ഒരുപാട് പറയാനുണ്ട്.

കടല്‍ ഒരിക്കലും കഥ പറഞ്ഞു തീരുമെന്ന് നിങ്ങള്‍ കരുതേണ്ട.  എല്ലാ അഹംഭാവങ്ങള്‍ക്കും മനുഷ്യത്വത്തിന്റെ നേര്‍മുഖം കാണിച്ചു കൊടുത്ത അഭയാര്‍ഥികളുടെ കഥയാണ് മെഡിറ്ററേനിയന്‍ കടല്‍ ആധുനിക മനുഷ്യന്റെ മുഖത്ത് വിരല്‍ ചൂണ്ടിക്കൊണ്ട് പറയുന്നത്.

28,600 മൈലുകള്‍ തീരദേശമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്‍ലാന്‍ഡ് കടലിന്റെ കഥകള്‍ തുടര്‍ന്നേ മതിയാവൂ.

കപ്പല്‍ യാത്ര തുടരുന്നു. ഉക്രയിനിലെ ഇലെചെവ്‌സ്‌ക് എന്ന നഗരത്തിനു അനശ്വരമായ യൗവ്വനം പകര്‍ന്നു കൊണ്ടേയിരിക്കുന്ന നീലകണ്ണുകളുള്ള പെണ്‍കുട്ടികളുടെ നാട്ടിലേക്ക്.

 

ഈ കടലിന് മരണത്തിന്റെ മണമാണ്!

ഉത്തരധ്രുവത്തില്‍ ഇങ്ങനെയാണ് ജീവിതം!
 

 

loader