അതിരൂക്ഷമായ ആഘാതങ്ങള്‍ ഏല്‍പ്പിച്ച കഴിഞ്ഞ വേനല്‍ കടന്നുവന്ന നമ്മുടെ നാട്ടുകാര്‍ക്ക് ആഗോള താപനത്തിന്റെ ഫലമെന്ത് എന്ന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ഈ കൊടും ചൂടിനെ എങ്ങനെ തടയാമെന്ന് ലോകം മുഴുവന്‍ കാര്യമായി പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത്തരം പഠനങ്ങളില്‍ ചിലത് തരുന്ന ശുഭസൂചനയാണ് ഇനി പറയാന്‍ പോവുന്നത്.

ഈ കൊടും ചൂടിനെ മുച്ചൂടും കുഴിച്ചു മൂടിയാല്‍ എങ്ങിനെയിരിക്കുമെന്നായിരുന്നു വാഷിങ്ങ്ടണിലും ഐസ്‌ലാന്റിലും നടന്ന രണ്ട് പഠനങ്ങള്‍.

കാര്‍ബണ്‍ ഡയോക്‌സൈഡ് (CO 2) എന്ന ആഗോള താപനത്തിലെ ഒന്നാം പ്രതിയെ കാര്‍ബണേറ്റാക്കി മണ്ണില്‍ അടക്കുന്ന പരീക്ഷണമാണ് നടന്നത്. വാഷിങ്ടണില്‍ കൊളംബിയ നദിക്കരികിലുള്ള ബസാള്‍ട്ട് ശിലാ മേഖലയിലാണ് പരീക്ഷണം നടന്നത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടാവുന്ന ലാവാപ്രവാഹം അനേക വര്‍ഷങ്ങളായി ഉറച്ച് രൂപപ്പെടുന്നതാണ് ബസാള്‍ട്ട് ശിലകള്‍. മഗ്‌നീഷ്യം കാല്‍സ്യം ഇരുമ്പ്, മാംഗനീസ് തുടങ്ങിയവയുടെ ധാതുക്കള്‍ ധാരാളമടങ്ങിയ ഈ ശിലാ മേഖലകള്‍ ലോകത്തെമ്പാടുമുണ്ട്. ഈ മേഖലയില്‍ വലിയ കുഴിയെടുത്ത് അതി മര്‍ദ്ദത്തില്‍ (ദവീകരിച്ച 1000 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് കടത്തി വിടുകയായിരുന്നു. 

രണ്ട് വര്‍ഷത്തിനു ശേഷം ഇവിടെ നിന്ന് ശിലാസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 95%  കാര്‍ബണ്‍ ഡയോക്‌സൈഡും ആങ്ക റൈറ്റ് എന്ന കാര്‍ബണേറ്റ് ധാതുവായി മാറിയതായി കണ്ടെത്തി. കാല്‍സ്യം, അയേണ്‍, മാംഗനീസ, മഗ്‌നീഷ്യം കാര്‍ബണേറ്റാണ് ആങ്ക റൈറ്റ് (Ca ( Fe, Mn, Mg) (CO 3) 2. റോം ബോ ഹെഡ്രല്‍ കാര്‍ബണേറ്റ് വിഭാഗത്തില്‍പ്പെട്ടതാണ് ഇത്.

ഐസ് ലാന്റില്‍ നടന്ന പഠനം മറ്റൊരു രീതിയിലായിരുന്നു. ഇവിടെ ജലത്തിലും ഹൈഡ്രജന്‍ സള്‍ഫൈഡിലുമായി (H 2 S) ലയിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ് ബസാള്‍ട്ട് മേഖലയിലെ കുഴിയില്‍ നിക്ഷേപിച്ചത്. ഏതാനും മാസങ്ങള്‍ കൊണ്ട് ഭൂരിഭാഗം കാര്‍ബണ്‍ ഡയോക്‌സൈഡും കാര്‍ബണേറ്റായി മാറിയതായി പഠനം വ്യക്തമാക്കുന്നു. കാല്‍സ്യം കാര്‍ബണേണേറ്റ് ധാതുവായ കാല്‍ സൈറ്റ് (Cal site) ആയാണ് ഇത് മാറിയത്. ആദ്യ പഠനം എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ലെറ്റേഴ്‌സ് ജേര്‍ണലിലും രണ്ടാമത്തെ പഠനം സയന്‍സ് ജേണലിലും പ്രസിദ്ധീകരിച്ചു.

ബസാള്‍ട്ട് ശിലാ മേഖലകള്‍ ലോകമാകെ കാണപ്പെടുന്നതിനാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശേഖരിച്ച് വ്യാപകമായി ഈ പ്രവര്‍ത്തനം നടത്തുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചാല്‍ ആഗോളതാപനത്തിന് ചെറിയ രീതിയില്‍ കടിഞ്ഞാണൊക്കെ ഇടാനാവും. ഇന്ത്യയില്‍ ഡക്കാണ്‍ പീഠ ഭൂമിയിലും ധാരാളമായി ബസാള്‍ട്ട് സാന്നിധ്യമുണ്ട്. ഈ പഠനം ഒരു ചൂണ്ടു വിരല്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഏറെ നടക്കാനുണ്ട്.