സമാധാനപരമായ സമരത്തിനും അക്രമാസക്തമായ അടിച്ചമര്‍ത്തലിനും ഇടയിലെ സംഘര്‍ഷങ്ങളുടെ മുനമ്പിലാണ് ഇപ്പോള്‍ സ്‌പെയിനിലെ കറ്റലോണിയ. ഭൂരിഭാഗം ജനങ്ങളും അനുകൂലമായി വിധിയെഴുതിയ,  അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടന്ന ഹിതപരിശോധനയെ തുടര്‍ന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കറ്റലോണിയയെ ഞെക്കിക്കൊല്ലാനുള്ള ഒരുക്കത്തിലാണ് സ്‌പെയിന്‍. അമേരിക്കയും യൂറോപ്യന്‍ യൂനിയനും അടക്കം വന്‍ശക്തികള്‍ സ്‌പെയിനിനു പിന്നിലാണ്. ഈ സാഹചര്യത്തില്‍, എന്താണ് കറ്റലന്‍ ജനതയുടെ മുന്നിലുള്ള ഭാവി സാദ്ധ്യതകള്‍? ഇനി കറ്റലോണിയ എന്താവും? നിര്‍ണായകമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഈ അഭിമുഖത്തില്‍. കറ്റലന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന, ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ഗിലോമറ്റ് കോര്‍നറ്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി കറ്റലോണിയയില്‍നിന്നും ഹരിതാ സാവിത്രി നടത്തിയ അഭിമുഖം. 


എന്തിനാണ് കറ്റലോണിയ സ്‌പെയിനില്‍നിന്നും സ്വതന്ത്രമാവുന്നത്? സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം എന്തൊക്കെയാണ്? 
ഒരുപാടു വര്‍ഷങ്ങളായി അനുഭവിക്കേണ്ടി വന്ന അസമത്വം ആണ് പ്രധാന കാരണം. സ്‌പെയിനിന്റെ സമ്പദ് ഘടനയില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന പ്രവിശ്യയാണ് കറ്റലോണിയ. ഇവിടെ നിന്ന് പിരിക്കുന്ന ടാക്‌സിന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ വികസിപ്പിക്കാനാണ് സ്‌പെയിന്‍ ഉപയോഗിക്കുന്നത്. തല്‍ഫലമായി വളരെ ദരിദ്രമായ മറ്റു പ്രവിശ്യകള്‍ക്ക് കറ്റലോണിയയേക്കാള്‍ മികച്ച റോഡുകളും, സാമൂഹ്യ സുരക്ഷയും സൗകര്യങ്ങളും ലഭിക്കുന്നു. ഞങ്ങളുടെ പണം കൊണ്ട് മറ്റുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ തുല്യമായ വികസനം കറ്റലോണിയയിലും ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ. സ്‌പെയിനിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമായാണ് അവര്‍ കറ്റലോണിയയെ കാണുന്നത്. ബാര്‍സലോണ എയര്‍പോര്‍ട്ടിനും റെയില്‍വേയ്ക്കും ലഭിക്കുന്ന പുതിയ പ്രോജക്ടുകള്‍ക്കും കോണ്‍ട്രാക്ടുകള്‍ക്കും തുരങ്കം വയ്ക്കുകയും അവയൊക്കെ മാഡ്രിഡിലേയ്ക്ക് മാറ്റുകയും ചെയ്യുക എന്നത് സ്പാനിഷ് സര്‍ക്കാര്‍ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്. കറ്റലോണിയയുടെ വികസനവും വളര്‍ച്ചയും ഒരു കാരണവശാലും അനുവദിക്കുകയില്ല എന്ന മനോഭാവം ജനങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കിയിട്ടുണ്ട്. .

ഫ്രാങ്കോയുടെ ഭരണകാലത്ത് കറ്റലന്‍ ഭാഷപോലും സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അന്ന് നടത്തിയ കൊലപാതകങ്ങളും പീഡനങ്ങളും മറക്കാനുള്ള കാലമൊന്നുമായിട്ടില്ല.

പരസ്പരം ഇടകലര്‍ന്നു പോയെങ്കിലും ഞങ്ങളുടെ സംസ്‌കാരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമാണ് ഉള്ളത്. ഉദാഹരണത്തിന് കറ്റലോണിയന്‍ സര്‍ക്കാര്‍ കാളപ്പോര് മൃഗങ്ങളോടുള്ള ക്രൂരതയാണ് എന്ന് പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തു. സ്‌പെയിനിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് കാളപ്പോര് എന്ന ന്യായം പറഞ്ഞ് സ്പാനിഷ് സര്‍ക്കാര്‍ ഈ നിരോധനം എടുത്തു കളഞ്ഞു.

പരസ്പരം പൊരുത്തപ്പെടാനാവാത്ത അവസ്ഥയും അനേക വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ചൂഷണവും, പീഡനങ്ങളുടെ ചരിത്രവും സ്‌പെയിനിന്റെ സാമ്രാജ്യത്വ സമീപനവും കറ്റലോണിയന്‍ സര്‍ക്കാറിന്റെ സ്വാതന്ത്ര്യമില്ലായ്മയുമാണ് ഇപ്പോള്‍ നടന്ന ഈ പൊട്ടിത്തെറിയുടെ പ്രധാന കാരണങ്ങള്‍. 

കറ്റലന്‍ പ്രക്ഷോഭകരുടെ മാര്‍ച്ച്: ഫോട്ടോ: ഹരിത

സ്‌പെയിന്‍ ഒരിക്കലും സമ്മതിക്കില്ല എന്നുറപ്പായിട്ടും എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനത്തിന് കറ്റലോണിയ ധൈര്യപ്പെടുന്നത്?കോളനി രാജ്യങ്ങള്‍ക്കും ജനതയ്ക്കും സ്വാതന്ത്ര്യം നല്‍കുന്നതുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ 1960 ലെ  പ്രഖ്യാപനത്തില്‍ (UN General Assembly Resolution 1514, 14 December 1960) എല്ലാ ജനതയ്ക്കും സ്വയം നിര്‍ണയാവകാശത്തിനുള്ള അവകാശമുണ്ടെന്നും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി വികസനം നേടാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 1966ല്‍ യു.എന്‍ പാസ്സാക്കിയ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളിലും 1970ലെ സ്‌റ്റേറ്റുകള്‍ തമ്മിലുള്ള സൗഹൃദപരമായ ബന്ധങ്ങളെയും അവകാശങ്ങളെയും പറ്റിയുള്ള പ്രഖ്യാപനത്തിലും ഈ വിഷയത്തിലെ നിയമാവകാശങ്ങളെ പറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, അന്താരാഷ്ട്ര നിയമപ്രകാരം, ജനങ്ങളുടെ ഹിതപരിശോധനയിലൂടെ  സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ കറ്റലോണിയയ്ക്ക് എല്ലാ അവകാശമുണ്ട്.
 

കറ്റലോണിയയുടെ ഭാവി ഇനി എന്താവും.?
ഇപ്പോഴത്തെ സംഘര്‍ഷ സാഹചര്യത്തില്‍, കറ്റലോണിയയുടെ ഭാവി അവ്യക്തമാണ്. കറ്റലന്‍ സിസ്റ്റം കൈപ്പിടിയിലൊതുക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ സൈനിക ഇടപെടല്‍ നടത്തിയേക്കാം. ഈ സന്ദര്‍ഭത്തിലാണ് ഐക്യരാഷ്ട്ര സഭയുടെയും യൂറാപ്യന്‍ യുണിയനെയും പോലെയുള്ള ഏജന്‍സികളുടെ ഇടപെടല്‍ ആവശ്യമായി വരുന്നത്. പക്ഷെ സ്‌പെയിനിന്റെ ശത്രുത ഭയന്നും മറ്റു പ്രവിശ്യകളുടെ ഇത്തരം ആവശ്യങ്ങള്‍ തടയിടാനുമായി മറ്റു രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് സാധ്യത. 

കറ്റലന്‍ പ്രക്ഷോഭകരുടെ മാര്‍ച്ച്: ഫോട്ടോ: ഹരിത

 
യു.എന്‍ നിയമപ്രകാരം നടത്തിയ ഹിതപരിശോധനയിലെ ജനവിധി മാനിച്ച് നിയമവിധേയമായി കറ്റലോണിയ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ എതിര്‍ത്തുകൊണ്ട് അമേരിക്കയും യൂറോപ്പും അടക്കമുള്ള വന്‍ശക്തികള്‍ സ്‌പെയിനിനൊപ്പം നില്‍ക്കുന്നത് എന്തു കൊണ്ടായിരിക്കണം?

സ്‌പെയിനിന്റെ രാഷ്ട്രീയ നിലപാടുകളോട് ചായ്‌വ് ഉള്ള പാര്‍ട്ടികളാണ് ഈ പറഞ്ഞ വന്‍ ശക്തികളായ രാജ്യങ്ങളിലെ ഭരണം നടത്തുന്നത്. അവര്‍ക്ക് മാറ്റങ്ങളെ ഭയമാണ്. അവര്‍ക്ക് പൊതുവായ താല്‍പ്പര്യങ്ങളുണ്ട്. ഇടതുപക്ഷ ചിന്താഗതികളാണ് ഇത്തരം സ്വാതന്ത്ര്യസമരങ്ങളെ നയിക്കുന്നത്. ഭാവിയിലെ രാഷ്ട്രീയ സുരക്ഷിതത്വവും ഈ പാര്‍ട്ടികള്‍ക്ക് കണക്കിലെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കറ്റലോണിയയുടെ മുറവിളി അവഗണിക്കുന്നതാണ് അവര്‍ക്ക് സൗകര്യം.

ലോകരാജ്യങ്ങള്‍ അനുകൂലമാവാത്ത സാഹചര്യത്തില്‍ കറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നിയമ സാധുത ഉണ്ടോ?
കറ്റലോണിയയ്ക്ക് സ്വന്തമായ ഒരു നിയമ വ്യവസ്ഥയുണ്ട്. കറ്റലന്‍ പാര്‍ലമെന്റിനു നിയമനിര്‍മാണത്തിനു അവകാശവുമുണ്ട്.   പിന്നീട് സ്പാനിഷ് ഗവണ്മെന്റ്‌റ് നിരോധിച്ചെങ്കിലും കറ്റലന്‍ പാര്‍ലമെന്റ് പാസ്സാക്കിയ  നിയമ പ്രകാരമാണ് റഫറണ്ടം നടന്നത്.ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണം കഴിഞ്ഞയുടനെ, അതിന്റെ സ്വാധീനത്തിലാണ് സ്പാനിഷ് ഭരണഘടന എഴുതിയുണ്ടാക്കപ്പെട്ടിരിക്കുന്നത്. അത് പരിശോധിച്ചാല്‍ മനുഷ്യാവകാശങ്ങളുടെ പച്ചയായ ലംഘനങ്ങള്‍ കാണാം.

സ്‌പെയിനിന് കറ്റലോണിയയുടെ മേല്‍ നേരിട്ടുള്ള അധികാരം സാധ്യമാക്കാനുള്ള നീക്കങ്ങള്‍ വിജയിക്കുമോ?
കറ്റലന്‍ പാര്‍ലമെന്റിനു യാതൊരു വിധസാമ്പത്തിക സ്വാതന്ത്ര്യവും ഇപ്പോഴില്ല. സ്പാനിഷ് സര്‍ക്കാര്‍ ആണ് കറ്റലോണിയയുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പും മീഡിയയും അവര്‍ കൈക്കലാക്കും. ഇത്തരം പ്രശ്‌നങ്ങളുടെയൊക്കെ കാരണം തെറ്റായ വിദ്യാഭ്യാസ രീതികള്‍ ആണെന്നാണ് അവര്‍ പറയുന്നത്. സൈനിക ശക്തി ഉപയോഗിച്ചു സ്‌പെയിന്‍ കറ്റലന്‍ ഭരണം പിടിച്ചെടുക്കും.

കറ്റലന്‍ ജനതയുടെ സ്വാതന്ത്ര്യ മോഹം അടിച്ചമര്‍ത്താന്‍ സ്‌പെയിനിന് കഴിയുമോ?
92% ആളുകള്‍ സ്വാതന്ത്ര്യത്തിനു അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്. അത് വളര്‍ന്നുകൊണ്ടേയിരിക്കും. അവര്‍ക്ക് കള്ളം പറയാം, പ്രചരിപ്പിക്കാം. ഞങ്ങളുടെ മീഡിയ ഞങ്ങള്‍ക്ക് എതിരായി ഉപയോഗിക്കാം. ഞങ്ങളുടെ വിദ്യാഭ്യാസ രീതികളില്‍ വിഷം കലര്‍ത്താം. ഞങ്ങളുടെ സ്വാതന്ത്ര്യ ദാഹത്തെ അടിച്ചമര്‍ത്താന്‍ സ്‌പെയിന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. പക്ഷെ അവര്‍ക്ക് അതിലൊരിക്കലും വിജയിക്കാനാവില്ല. 

കറ്റലന്‍ പ്രക്ഷോഭകരുടെ മാര്‍ച്ച് : ഫോട്ടോ: ഹരിത

 

കറ്റലോണിയയ്ക്കു മുന്നില്‍ ഇനി എന്തൊക്കെ സാദ്ധ്യതകളാണുള്ളത്? 
സ്‌പെയിനിനെ പിന്തുണക്കുന്ന രാജ്യങ്ങളിലെ പ്രതിപക്ഷ പാര്‍ടികള്‍ കറ്റലോണിയയ്ക്ക് അനുകൂലമായിട്ടാണ് ചിന്തിക്കുന്നത്. പക്ഷെ പരസ്യമായി ആ മനോഭാവം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് ഭയമാണ്. അവര്‍ ഒറ്റപ്പെട്ടേയ്ക്കാം. രാഷ്ട്രീയ ഭാവി നശിച്ചെയ്ക്കാം ചിലപ്പോള്‍ ശിക്ഷിക്കപ്പെടുക വരെ ചെയ്യാം. ഏതെങ്കിലും രാജ്യം കറ്റലോണിയയെ സപ്പോര്‍ട്ട് ചെയ്താല്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും സ്‌പെയിനും ചേര്‍ന്ന് ആ രാജ്യത്തിനെതിരെ ബോയ്‌കോട്ട് പ്രഖ്യാപിച്ചേക്കാം. പക്ഷെ ഞങ്ങളെ അനുകൂലിക്കുന്നവരും ഈ ലോകത്തുണ്ട്. ഫിന്‍ലണ്ടിലെ മന്ത്രിയായ മീക്കോ കെര്‍ണ കറ്റലോണിയയെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാനുള്ള പ്രൊപോസല്‍ ഔദ്യോഗികമായി ഫിന്നിഷ് പാര്‍ലമെന്റിന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ പോവുകയാണ്. 

സ്വതന്ത്ര്യ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, സ്‌പെയിനിനു മുന്നില്‍ എന്തൊക്കെ സാദ്ധ്യതകളാണുള്ളത്?
രാജ്യാന്തര നിയമങ്ങള്‍ ഞങ്ങള്‍ക്കും ബാധകമാണ്. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ  ഒരക്ഷരം മിണ്ടാതെ ലോകം എത്ര നാള്‍ ഇങ്ങനെ നോക്കിയിരിക്കും? അവര്‍ സൈന്യത്തെ കറ്റലോണിയയിലേക്ക് അയക്കും. ഞങ്ങളുടെ മേല്‍ ബലം പ്രയോഗിക്കും. ഞങ്ങള്‍ തിരഞ്ഞെടുത്ത ഞങ്ങളുടെ ഭരണകൂടത്തെ പറിച്ചു കളയും. അത് തടയാന്‍ ഞങ്ങള്‍ സഹനത്തിന്റെ വഴിയിലൂടെ ശ്രമിക്കും. പരാജയപ്പെട്ടേക്കാം പക്ഷെ കറ്റലോണിയക്കാര്‍ ഒരിക്കലും തങ്ങളുടെ ലക്ഷ്യം മറക്കുകയില്ല. സമാധാനത്തിന്റെ വഴിയിലൂടെ ഞങ്ങള്‍ അതിനായി അക്ഷീണം പ്രയത്‌നിച്ചു കൊണ്ടേയിരിക്കും. 

കറ്റലന്‍ ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ഹരിതാ സാവിത്രി

 

സ്‌പെയിനിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ പ്രതിരോധിക്കാന്‍ കറ്റലോണിയയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? 
സമാധാനപരമായി, പക്ഷെ നിരന്തരമായി ഞങ്ങളുടെ പ്രശ്‌നം ലോകത്തിനു മുന്നില്‍ ഉന്നയിച്ചു കൊണ്ടേയിരിക്കും. കറ്റലോണിയയുടെ പ്രശ്‌നം പരിഗണിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും നിയമങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിക്കാനും ഞങ്ങള്‍ ലോകത്തെ നിര്‍ബന്ധിക്കും. ഫാസിസ്റ്റുകള്‍ ഭരിക്കുന്ന വന്‍രാജ്യങ്ങളെ ഭയപ്പെടാതെ ജനാധിപത്യം പുലരുന്ന മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന രാജ്യങ്ങള്‍ കറ്റലോണിയയെ പിന്താങ്ങിത്തുടങ്ങും എന്നാണു ഞങ്ങളുടെ പ്രതീക്ഷ.സ്വാതന്ത്ര്യ പ്രഖ്യാപനം ജനങ്ങളുടെ ആവശ്യമായിരുന്നു. ഞങ്ങള്‍ തെരഞ്ഞെടുത്ത ഞങ്ങളുടെ പ്രതിനിധികള്‍ ഞങ്ങളുടെ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആണത് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഒരിക്കലും പിന്നോട്ട് പോവുകയില്ല.