ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍ ഷര്‍മിള സി നായര്‍ എഴുതിയ കവിത 

അവള്‍ പോയതില്‍ പിന്നെ

വെളുത്ത അച്ഛനും അമ്മയ്ക്കും
കറുത്ത നിറത്തിലൊരു കുഞ്ഞ്.

നാട്ടാര്‍ക്കായിരുന്നു ആധി മുഴുവോനും.

വന്നോരും പോയോരും
കുഞ്ഞിന്റെ നിറം കണ്ട്
മൂക്കത്ത് വിരല്‍ വച്ചു.

കറുത്തവാവിന് പ്രസവിച്ചതുകൊണ്ടാണത്രേ
കുഞ്ഞിന് കറുത്ത നിറമെന്ന്
നൂറ് പ്രസവമെടുത്ത വയറ്റാട്ടി നാണിയമ്മ.

എട്ടാം മാസത്തില്‍ പിറന്നതിനാല്‍
അമ്മയുടെ ചാരിത്ര്യത്തിനു
നേരെയായിരുന്നു ആദ്യ ഒളിയമ്പ്

ഭാര്യ വീട്ടിലെ ജോലിക്കാരന്‍ പയ്യന്‍
കറുപ്പാണത്രേ!

അതുവരെ ജോലിക്കാരന്‍ പയ്യന്റെ നിറം
അവള്‍ ശ്രദ്ധിച്ചിരുന്നേയില്ല.

ഉവ്വല്ലോ!

അവന്‍ കറുപ്പാണല്ലോന്ന
ആത്മഗതത്തില്‍ അവളുരുകിപ്പോയി.

കറുപ്പില്‍ നിന്ന് വെളുപ്പിലേക്കുള്ള
ദൂരമറിയാതെ
തൊട്ടിലില്‍ കിടന്ന കുഞ്ഞ്
കണ്ണുപൂട്ടി ചിരിച്ചു.

അച്ഛന്റെ അതേ മറുക്!

കുഞ്ഞിന്റെ ഉള്ളംകാലിലെ
ചുവന്ന മറുക് കാട്ടി
അവള്‍ പാതിവ്രത്യം തെളിയിക്കാന്‍
ശ്രമിക്കാഞ്ഞിട്ടല്ല

എന്നിട്ടും,
കുഞ്ഞിന്റെ പിതൃത്വം
ഒരു ചോദ്യ ചിഹ്നത്തില്‍ തൂങ്ങിയാടി.

അപ്പൂപ്പന്റെ നിറമാണ് കൊച്ചു മോള്‍ക്ക്
മകളുടെ നേര്‍ക്ക് നീണ്ട
കളങ്കത്തിന്റെ നിഴല്‍ തൂത്തെറിഞ്ഞു
അമ്മ, നാട്ടാര്‍ക്ക് മുന്നില്‍.

പെറ്റ വയറിന്റെ ദെണ്ണം
പോറ്റു വയറിനറിയില്ലല്ലോന്ന
ആത്മഗത്തില്‍ ഉരുകി തീര്‍ന്നു
അമ്മതന്‍ നോവും.

അപ്പോഴും,
ജനിതകശാസ്ത്രത്തിന്റെ
ഏടുകള്‍ പരതി
ശാസ്ത്രീയത തെളിയിക്കാന്‍
ശ്രമിക്കുകയായിരുന്നു അവന്‍.

വെളുത്ത തങ്ങള്‍ക്കൊരു
കറുത്ത കുഞ്ഞ്!

മെന്‍ഡലിന്റെ പാതകളിലൂടെ
ഏറെ ദൂരം നടന്നവന്‍
വീണ്ടും ജോലിക്കാരന്‍ പയ്യനിലെത്തി...

അവന്റെ അതേ കറുപ്പ്!

അന്നേരം,
മച്ചിലിരുന്നൊരു ഗൗളിചിലച്ചു...

2

റ്റോക്‌സിക് ദാമ്പത്യത്തിന്റെ
ആദ്യനാളുകളില്‍
പരസ്പരം ഇഴുകിച്ചേരലാണ്
ദാമ്പത്യമെന്ന് പറഞ്ഞൊരുവന്‍,
കുഞ്ഞനിയനെപ്പോലൊരു ചെക്കനെ
സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയപ്പോള്‍
സത്യായിട്ടും അവള്‍ക്ക് ചിരിവന്നു.

ഉള്ളുരുകിയൊരു ചിരി!

(ഇഴുകിച്ചേരലല്ല, അഴുകിച്ചേരലാണ് റ്റോക്‌സിക് ദാമ്പത്യമെന്നല്ലേ അവളെപോലെ നിങ്ങളും ഇപ്പോള്‍ ചിന്തിക്കുന്നത്)

ഇറങ്ങിയോടാന്‍ ശ്രമിക്കാഞ്ഞിട്ടല്ല
കുഞ്ഞിന്റെ ഭാവി
കുടുംബ മഹിമ
ഒക്കെയും ചൂണ്ടിക്കാട്ടിയവര്‍
അവളുടെ ഉള്ളുരുക്കങ്ങള്‍ കണ്ടതേയില്ല.

തന്നേക്കാള്‍ ചുറ്റുമുള്ളവരെ
സ്‌നേഹിച്ചുസ്‌നേഹിച്ച്
വെറുപ്പിന്റേയും സഹനത്തിന്റേയും
മധ്യേയങ്ങനെ
ദാമ്പത്യം കടന്നുപോയി, അവളും!

3

അവള്‍ പോയതില്‍ പിന്നെ
ഏഴാം നാളിലാണ്
അവനാ പെട്ടി തുറക്കുന്നത്.

പഴകിയ നാലോ അഞ്ചോ
സാരികള്‍ക്കടിയിലായി
നാലായി മടക്കിയ രണ്ട് കത്തുകള്‍.

കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്ത്
താനവള്‍ക്കയച്ച കത്തും
അതിനവള്‍ തനിക്കയ്ക്കാനായി
എഴുതിയ പോസ്റ്റ് ചെയ്യാത്ത മറുപടിയും.

ഉടല്‍ പങ്കിടുമ്പോഴും
ഉയിര്‍ വെടിയുമ്പോഴും
അവള്‍ക്ക് തന്നോട് പുച്ഛമായിരുന്നത്
അറിയാതെ പോയവന്‍
നിന്ന നില്പില്‍ നഗ്‌നനായിപ്പോയി!

അന്നേരം,
മച്ചിലിരുന്നൊരു ഗൗളി
വീണ്ടും നിര്‍ത്താതെ ചിലച്ചു.

അവളോ താനോ ജയിച്ചതെന്ന
ചിന്തയില്‍ അയാളതിനെ നോക്കി.

വാലുമുറിച്ചിട്ട് അതോടിപ്പോയി!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...