ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ.ആര്‍ രാഹുല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

നിര്‍വേദം

ഓടിയോടി തളര്‍ന്നൊരു
ഘടികാരമിപ്പോഴും
മണ്‍ചുമരിലിരുന്ന്
തെറ്റായസമയം പറയുന്നു.

അതില്‍ നോക്കി
ഇറങ്ങിയപ്പോഴെല്ലാം
സമയംതെറ്റി വഴിതെറ്റി
ആള്‍ക്കൂട്ടത്തില്‍
ഒഴുകി നടക്കേണ്ടി വന്നു.

എന്നിട്ടും,
ചുവരില്‍ ഉറഞ്ഞ
സമയമാപിനിയെ
ഭ്രമണംചെയ്യുന്ന
പല്ലിച്ചിലപ്പുകളെ
പിന്തുടര്‍ന്ന്
രാവും പകലും
പിറന്നു.

നിലച്ചുപോയ
സൂചികള്‍ക്ക് പകരം
കൊഴിഞ്ഞുവീണ
പല്ലിവാലുകള്‍
ഹൃദയതാളത്തില്‍
മിടിക്കുമ്പോള്‍
ഒറ്റയായി പോയത്
ഓര്‍മ്മ വരും.

നിലച്ച ക്ലോക്ക്
അടയാത്ത ഒറ്റക്കണ്ണാണ്.

അതിലൂടെ കാണാം
അകത്തളത്തിലെ നിരാശ
അടക്കിപ്പിടിച്ച തേങ്ങല്‍
ഗദ്ഗദങ്ങള്‍, നിലവിളികള്‍.

ഘടികാരം തകര്‍ത്ത്
സമയത്തെ ബന്ധിക്കാന്‍
വൃഥാ ശ്രമിച്ചവര്‍ നമ്മള്‍.

ഒരേ ദുസ്വപ്നത്തിന്റെ
രണ്ടറ്റത്തില്‍
തൂങ്ങിമരിക്കാന്‍
എന്നും ശപിക്കപ്പെട്ടവര്‍!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...