'ഒരാള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും വിപ്ലവകരമായ കാര്യം, സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തെന്ന് ഉറക്കെ വിളിച്ചു പറയുക എന്നതാണ്', ഇങ്ങനെ പറഞ്ഞത് പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകയായിരുന്ന റോസാ ലക്‌സംബര്‍ഗ് ആണ്. 

2017 ജനുവരി 21 നു ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനാനാരോഹണം ചെയ്ത ദിവസം ട്രമ്പിന്റെ സ്ത്രീവിരുദ്ധനയങ്ങള്‍ക്കെതിരെ അമേരിക്കയുടെ തെരുവില്‍ മാര്‍ച്ചിനിറങ്ങിയ ഓരോ സ്ത്രീയും വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു എടുത്തത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തുടനീളം ഡൊണാള്‍ഡ് ട്രംപ് മുമ്പോട്ടു വച്ച സ്ത്രീവിരുദ്ധവും പ്രതിലോമകരവുമായ നയങ്ങള്‍ക്കെതിരെയും അത്തരം നയരൂപീകരണത്തിനു സാധുതയേകിക്കൊണ്ടുള്ള ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനിടയാക്കിയ സാമൂഹികസാഹചര്യങ്ങള്‍ക്കെതിരെയുമാണ് പ്രത്യേകിച്ചൊരു വ്യവസ്ഥാപിത സംഘടനയുടെയും ആഹ്വാനമില്ലാതെ സ്ത്രീകള്‍ എതിര്‍പ്പുമായി മുന്നോട്ടു വന്നത്. 

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടനിലായിരുന്നു പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമെങ്കിലും അമേരിക്കയുടെ മറ്റു സ്‌റ്റേറ്റുകളില്‍ 408 മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെട്ടു. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളിലും സ്ത്രീകള്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ഒത്തു ചേര്‍ന്നു. വാഷിങ്ടനില്‍ ഏകദേശം അഞ്ചു ലക്ഷത്തോളം പേരും ലോകത്താകമാനം നാല്‍പ്പത്താറു ലക്ഷം പേരും പ്രക്ഷോഭത്തില്‍ പങ്കാളികളായി.

വാഷിങ്ടനിലായിരുന്നു പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമെങ്കിലും മറ്റു സ്‌റ്റേറ്റുകളില്‍ 408 മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെട്ടു.

യുദ്ധപ്രഖ്യാപനത്തിന്റെ ആവശ്യകത
ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന മുദ്രയോടെയല്ല ഡൊണാള്‍ഡ് ട്രംപ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ നായകപ്പട്ടത്തിനുള്ള പോരാട്ടത്തിനിറങ്ങിയത്. ഒരു വ്യാപാരി അല്ലെങ്കില്‍ വ്യവസായി എന്ന നിലയ്ക്കുള്ള മേല്‍വിലാസത്തോടെ പ്രചാരണത്തിനിറങ്ങിയ ട്രംപ് ഒരു ലാഭക്കൊതിയനായ കച്ചവടക്കാരന്‍ മാത്രമായിരിക്കുമെന്നു അദ്ദേഹം മുന്നോട്ടു വച്ച നയങ്ങള്‍ വ്യക്തമാകുന്നുണ്ട്. വിപണിയുടെ ലാഭനഷ്ടങ്ങള്‍ക്കനുസരിച്ചുള്ള നയങ്ങള്‍ എന്നും സമ്പന്നരുടെയും സ്വാധീനശക്തിയുള്ളവരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതായിരിക്കും.

അക്കൂട്ടത്തില്‍പോലും സ്ത്രീകളുടെ സ്ഥാനം രണ്ടാം തരമായതിനാല്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരായി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഒരു പൊതുധാരണ രൂപപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം, ആരോഗ്യം, തുല്യവേതനം, കുടിയേറ്റം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടുകള്‍ സ്വാതന്ത്രചിന്താഗതിക്കാരെ പരിഭ്രാന്തരാക്കിയിരുന്നു. പക്ഷെ ട്രംപിന്റെ വിജയം എന്നത് വളരെയൊന്നും സാധ്യത കല്‍പിക്കപ്പെട്ടിരുന്നില്ല എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പൊതുപ്രക്ഷോഭം എന്നത് ഒരു ആവശ്യകതയായിരുന്നില്ല എന്ന് തോന്നുന്നു. പക്ഷെ നവംബര്‍ 8 നു ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് പൊതുപ്രശ്‌നങ്ങളില്‍ അവബോധം ഉണ്ടായിരുന്ന പല സ്ത്രീകള്‍ക്കും ഒരു ഞെട്ടലായിരുന്നു. നിലനില്‍ക്കുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ക്കെതിരെ ഒരു യുദ്ധപ്രഖ്യാപനത്തിന്റെ ആവശ്യകത പലര്‍ക്കും ബോധ്യപ്പെട്ടു. തങ്ങളുടെ അടിസ്ഥാനപരമായ നിലനില്‍പ്പ് പോലും അപകടത്തിലേക്കാണെന്നുള്ള തിരിച്ചറിവിലൂടെയാണ് അമേരിക്കന്‍ സ്ത്രീത്വം കടന്നു പോയത്. 

ട്രംപിന്റെ നയങ്ങള്‍ക്കെതിരായി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഒരു പൊതുധാരണ രൂപപ്പെട്ടിരുന്നു.

'വിമന്‍സ് മാര്‍ച്ച്' 
ഈ സാഹചര്യത്തിലാണ് ഹവായ് സ്വദേശിനിയായ തെരേസ ഷൂഖ് എന്ന 60 കാരിയായ അഭിഭാഷക വാഷിങ്ടനിലേക്കു ഒരു പ്രതിഷേധ മാര്‍ച്ച് എന്ന ആശയം ഫെയ്‌സ്ബുക്കിലൂടെ മുന്നോട്ടു വയ്ക്കുന്നത്. വളരെപ്പെട്ടന്നുതന്നെ ഈ ആശയം ഏറ്റെടുക്കപ്പെടുകയും ആയിരക്കണക്കിന് സ്ത്രീകള്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തയ്യാറാവുകയും ചെയ്തു. വ്യത്യസ്തതലങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നവര്‍ ഒത്തുചേരുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു 'വിമന്‍സ് മാര്‍ച്ച്' എന്ന പ്രസ്ഥാനത്തിനു രൂപം കൊടുക്കുകയും ചെയ്തു. ട്രമ്പിന്റെ നയങ്ങള്‍ക്കെതിരായി ആണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും സ്ത്രീപ്രശ്‌നങ്ങളെ പുനരേകോപിപ്പിക്കാനുള്ള ഒരു കൂട്ടായ്മ ആയി അത് മാറുകയായിരുന്നു. എന്നിരിക്കിലും പലരെയും ഇതുമായി അടുപ്പിച്ചത് ട്രംപ് വിരോധം തന്നെയായിരുന്നു. പല സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങള്‍ ട്രംപ് വിരുദ്ധ പ്രതിഷേധങ്ങള്‍ എന്ന് തന്നെ അറിയപ്പെടുകയും ചെയ്തു.

'ഞങ്ങളുടെ അവകാശങ്ങള്‍, സുരക്ഷിതത്വം, ആരോഗ്യം, കുടുംബം എന്നിവയുടെ സംരക്ഷണം, ചടുലവും വൈവിധ്യപൂര്‍ണവുമായ ജനവിഭാഗങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി എന്നുള്ള തിരിച്ചറിവ്' ഇതാണ് പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യമായി മുന്നോട്ടു വയ്ക്കപ്പെട്ടത്. പൊതുസമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വരുംകാല സാഹചര്യങ്ങള്‍ക്കെതിരായുള്ളൊരു ചെറുത്തുനില്‍പ്പിന്റെ ആദ്യപടിയായി ചിത്രീകരിക്കപ്പെട്ടു. സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ടവര്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തി. മനുഷ്യാവകാശപ്രവര്‍ത്തകര്‍, സ്ത്രീപക്ഷവാദികള്‍, ഭിന്നലൈംഗികതയുടെ വക്താക്കള്‍, പ്രത്യുല്‍പ്പാദനാവകാശപ്രവര്‍ത്തകര്‍, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി വര്‍ണവര്‍ഗപ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രക്ഷോഭത്തില്‍ അണിചേരാനെത്തി. രണ്ടുലക്ഷത്തോളം പേരെ പ്രതീക്ഷിച്ച മാര്‍ച്ചില്‍ ഏകദേശം അഞ്ചു ലക്ഷത്തോളം പേര്‍ പങ്കാളികളായി. 

തെരേസ ഷൂഖ് എന്ന 60 കാരിയായ അഭിഭാഷകയാണ്‌ പ്രതിഷേധ മാര്‍ച്ച് എന്ന ആശയം ഫെയ്‌സ്ബുക്കിലൂടെ മുന്നോട്ടു വയ്ക്കുന്നത്.

സാഹോദര്യമാര്‍ച്ചുകള്‍
മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രശസ്ത സ്ത്രീപക്ഷവാദിയും പത്രപ്രവര്‍ത്തകയും രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകയുമായ ഗ്ലോറിയ സ്റ്റീനം ഇങ്ങനെ പ്രസ്താവിച്ചു. 'നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ആരംഭിക്കുന്നത്, ഞാന്‍ ഇവിടുത്തെ പ്രസിഡന്റ് എന്നല്ല, ഞങ്ങള്‍ ഈ രാജ്യത്തെ ജനങ്ങള്‍ എന്നാണ്. ജനാധിപത്യത്തിനായി പൊരുതാനും, വര്‍ഗമത വിവേചനങ്ങള്‍ക്കപ്പുറം മനുഷ്യന്‍ എന്ന ബന്ധത്തില്‍ കോര്‍ക്കപ്പെടാനും ആഗ്രഹിക്കുന്ന ഇക്കൂട്ടത്തില്‍പ്പെട്ട ഒരാളാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു'. 

 ജീവിതത്തിന്റെ വിവിധതുറകളില്‍പ്പെട്ടവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണം ആവശ്യപ്പെട്ടും പുതിയ ഭരണകൂടം കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ച നയങ്ങളോട് പ്രതിഷേധിച്ചുമുള്ള പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും പ്രക്ഷോഭത്തെ അര്‍ത്ഥപൂര്‍ണമാക്കി. വാഷിങ്ടനില്‍ നടന്ന സമരത്തിന് പിന്തുണയേകി അമേരിക്കയിലും മറ്റു ഭൂഖണ്ഡങ്ങളിലും സാഹോദര്യമാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെട്ട. അങ്ങനെ ട്രംപ് ഭരണത്തിനു എതിരായി മാത്രമല്ല, ലോകമാസകലം രൂപപ്പെട്ടു വരുന്ന വലതുപക്ഷനയങ്ങളോടുള്ള ചെറുത്തുനില്‍പ്പിന്റെ ദിശാസൂചികയായി ഈ സമരം വിലയിരുത്തപ്പെടും.

ലോകമാസകലം രൂപപ്പെട്ടു വരുന്ന വലതുപക്ഷനയങ്ങളോടുള്ള ചെറുത്തുനില്‍പ്പിന്റെ ദിശാസൂചികയായി ഈ സമരം വിലയിരുത്തപ്പെടും.

തുടര്‍ ചലനങ്ങളുടെ അനിവാര്യത
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട നിരവധി സ്ത്രീപ്രക്ഷോഭങ്ങള്‍ ഉണ്ട്. 1789 ഒക്‌ടോബര്‍ 5ന് ഫ്രഞ്ച് വിപ്ലവസമയത്ത് വേര്‍സില്ലെസിലേക്കു സ്ത്രീകള്‍ നടത്തിയ മാര്‍ച്ച്, 1913 മാര്‍ച്ച് 3ന് വാഷിങ്ടനില്‍ നടന്ന വിമണ്‍ സഫ്‌റേജ് മാര്‍ച്ച്, 1956 ആഗസ്ത് 9ന് അപ്പാര്‍തീഡ് നയങ്ങള്‍ക്കെതിരെ ആഫ്രിക്കന്‍ വനിതകള്‍ പ്രീറ്റോറിയയില്‍ നടത്തിയ മാര്‍ച്ച്, കഴിഞ്ഞ വര്‍ഷം അബോര്‍ഷന്‍ നിയമത്തിനെതിരെ പോളിഷ് സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭം ഇവയൊക്കെ ചരിത്രം തിരുത്തിക്കുറിച്ച പ്രക്ഷോഭങ്ങള്‍ തന്നെയായിരുന്നു. വാഷിങ്ടന്‍ വിമന്‍ മാര്‍ച്ചും അത്തരമൊരു ചരിത്രമായി രേഖപ്പെടുത്തണമെങ്കില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ അനിവാര്യമാണ്. അതുകൊണ്ടു തന്നെ അതിന്റെ സംഘാടകര്‍ ഒരു 'പത്തിന- നൂറു ദിനപരിപാടി' ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ പത്തു ദിവസവും ഓരോ തരം പ്രക്ഷോഭവും പ്രതിഷേധവും സംഘടിപ്പിച്ചു പ്രശ്‌നങ്ങളെ അധികാരിവര്‍ഗത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും വികലനയങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൊതുജനത്തെ തുടര്‍ച്ചയായി ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ചരിത്രബോധം എന്നത് മാനവസമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് അത്യന്താപേക്ഷിതമായ ഒന്നത്രേ. ചില കാലഘട്ടങ്ങളില്‍ ജനതയുടെ സ്വത്വബോധം അവരെ ചരിത്രബോധം അവഗണിക്കാനും ഇടുങ്ങിയ വ്യക്തിബോധത്തിലേക്കു ചുരുക്കാനും പ്രേരിപ്പിക്കുന്നു. ചരിത്രബോധം കുറവുള്ള ഒരു ജനത തങ്ങളുടെ രാഷ്ട്രത്തെ ചരിത്രത്താളുകളില്‍ ചുളിഞ്ഞ നെറ്റിയോട് കൂടി മാത്രം ഭാവിതലമുറയാല്‍ വായിക്കപ്പെടുവാനും ഇടയാക്കുന്നു. പക്ഷെ അത്തരം വീക്ഷണങ്ങള്‍ക്കു ആയുസ്സും ആരോഗ്യവും കുറവായിരിക്കുമെന്നു ചരിത്രം തന്നെ നമുക്ക് കാട്ടിത്തരുന്നുണ്ട്. മോദിയും ബ്രെക്‌സിറ്റും ട്രംപുമൊക്കെ ചേര്‍ന്ന അത്തരമൊരു കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് കാള്‍ മാര്‍ക്‌സിന്റെ വാക്കുകള്‍ ഓര്‍മിച്ചു കൊണ്ടേയിരിക്കാം, 'ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും, ആദ്യമൊരു ദുരന്തനാടകമായും, പിന്നെയൊരു പരിഹാസക്കൂത്തായും' അത്തരം കാലഘട്ടങ്ങളില്‍ ചരിത്രം തിരുത്തുവാനായി ചിലര്‍ മുന്നോട്ടു വരും, അതിനാണ് വാഷിങ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. വാഷിങ്ടനില്‍ കൊളുത്തിയ ദീപശിഖ ലോകമാസകലമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു വഴികാട്ടിയാവുമെന്നു നമുക്ക് പ്രത്യാശിക്കാം.


കടപ്പാട്: ബോധി കോമണ്‍സ്