അലക്സാന്‍ഡ്രിയ: ഈജിപ്തിലെ അലക്സാന്‍ഡ്രയയില്‍ സര്‍ക്കസ് പ്രദര്‍ശനത്തിനിടെ പരിശീലകനെ സിംഹം കടിച്ചു കീറി. സര്‍ക്കസ് കൂടാരത്തിലെ കൂട്ടില്‍ പരിശീലകനെ സിംഹം കടിച്ചുകൊല്ലുകയായിരുന്നു. 35-കാരനായ ഇസ്ലാം ഷഹീനാണ് കൊല്ലപ്പെട്ടത്. രണ്ടു സിംഹങ്ങളെ വടിയുപയോഗിച്ച് നിയന്ത്രിക്കുന്നതിനിടെ മറ്റൊരു സിംഹം ഷഹീനെ ആക്രമിക്കുകയായിരുന്നു.

ആക്രമണം കണ്ട് കുട്ടികളടക്കമുള്ള കാണികള്‍ അലമുറയിട്ട് കരഞ്ഞു. കാണികളില്‍പ്പലരും കൂടാരത്തില്‍നിന്ന് പുറത്തേക്കോടി. സിംഹങ്ങള്‍ ഇണചേരുന്ന സീസണാണിതെന്നും അതുകൊണ്ടാണ് അത് അക്രമകാരിയായതെന്നും സര്‍ക്കസ് വക്താവ് മുഹമ്മദ് മുസ്തഫ പറഞ്ഞു. 

മറ്റു പരിശീലകര്‍ വടിയും മററുമുപയോഗിച്ച് സിംഹത്തെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമിയായ സിംഹം പിന്മാറിയില്ല. ഷഹീന്റെ കഴുത്തില്‍ തന്നെ സിംഹം കടിച്ചു കുടയുകയായിരുന്നു. നിലത്ത് നിസ്സഹായനായി വീണ ഷഹീനെ ഏറെ പരിശ്രമിച്ചശേഷമാണ് പുറത്തെത്തിക്കാനായത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.