സി.കെ.വിശ്വനാഥ് എഴുതുന്നു

ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നെടുനായകത്വം എന്ന നിലയിലാണ് കോണ്‍ഗ്രസിന് ആധിപത്യം നേടാന്‍ കഴിഞ്ഞത്. ഉദാരവത്ക്കരണത്തിന് ശേഷമുള്ള ഇന്ത്യ, പുത്തന്‍ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മോഡല്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകം ഈ പുത്തന്‍ രാഷ്ട്രീയവല്‍ക്കരണത്തിന്റെ പുത്തന്‍ കാലഘട്ടം കൂടിയാണ്. നിയോലിബറലിസവും ഫാസിസവും എന്തെന്നതരത്തിലുള്ള സംശയങ്ങള്‍ക്ക് നടുവിലാണ് പൊതുവില്‍ ഇന്ത്യന്‍ മുഖ്യധാരാ പാര്‍ലമെന്ററി ഇടതുപക്ഷം. 

കര്‍ണ്ണാടക തെരഞ്ഞടുപ്പ് ഫലം പുറത്ത് വന്നത് മുതല്‍ ഉണ്ടായ ചര്‍ച്ചകളെല്ലാം ഊന്നിയിട്ടുള്ളത് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചാണ്. യെദിയൂരപ്പയുടെ രാജിയുടെയും കുമാര സ്വാമിയുടെ സത്യപ്രതിജ്ഞയുടെയും പശ്ചാത്തലത്തില്‍, ജനാധിപത്യത്തെയും പൗരധര്‍മ്മത്തെയും കുറിച്ച് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുകയാണ്. 

മാരത്തോണ്‍ ചര്‍ച്ചകളാണ് വര്‍ത്തമാനകാല ജനാധിപത്യം ഭരണകൂട നിര്‍മ്മാണത്തിനായി കരുതിവച്ചിരിക്കുന്നത്. ഇതിന്റ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായിരുന്നു ജര്‍മ്മനിയിലെ വിശാലമായ മുന്നണി മന്ത്രിസഭ (grand coaliton). തെരഞ്ഞടുപ്പിന് മുമ്പ് പരസ്പരം മത്സരിക്കുകയും കലഹിക്കുകയും ചെളിവാരി എറിയുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ നിന്ന് തെരഞ്ഞടുപ്പിന് ശേഷം ഐക്യമുന്നണി രൂപീകരിക്കുകയും രാഷ്ട്രീയ പ്രവേശം സാധ്യമാക്കുകയും ചെയ്യുന്ന മാതൃക. ആംഗല മെര്‍ക്കലിന്റെ ജര്‍മ്മന്‍ മന്ത്രിസഭ ഇതിന്റെ ക്ലാസിക് ഉദാഹരണമാണ്. ഇത്തരമൊരു ആവര്‍ത്തനമാണ് പാര്‍ലിമെന്ററി രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാലഘട്ടത്തില്‍ ഏതാണ്ടെല്ലാ ജനാധിപത്യ രാജ്യങ്ങളിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

കര്‍ണ്ണാടക കാട്ടിത്തരുന്നതും ഇതേ യാഥാര്‍ത്ഥ്യമാണ്. തെരഞ്ഞെടുപ്പില്‍ പരസ്പരം കലഹിച്ച് നിന്നിരുന്ന ജനതാദളും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിനായി ഒന്നിച്ച് ചേരുന്നതിലും സംഭവിക്കുന്നത്. രാഷ്ട്രീയ കക്ഷികളും മുന്നണി അധികാര രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പല രാജ്യങ്ങളിലും ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തുന്നത്. 

ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്കാണ് ഇത്തരമൊരു മുന്നണി രാഷ്ട്രീയം ജര്‍മ്മനിയിലെ ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയെ നയിച്ചിരിക്കുന്നത്. രാഷ്ര്ട്രീയ അസ്തിത്വം ചോര്‍ന്നു പോകുന്ന ഒരവസ്ഥ കൂടിയാണിത്. ബംഗാളില്‍ സിപിഐഎം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയും ഇതുതന്നെ. അവിടെ കോണ്‍ഗ്രസുമായുള്ള ബന്ധം ഒരു തികഞ്ഞ രാഷ്ട്രീയ പ്രതിസന്ധികൂടിയാണ്. നേതൃത്വവും അണികളും തമ്മിലുള്ള ജൈവബന്ധത്തെ ഇത് അട്ടിമറിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ നിന്നാണ് ലോകത്തെമ്പാടും ഉര്‍ന്നുവന്നിരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ പോപ്പുലിസ്റ്റ്് (Populist) മാതൃക ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാനാകുക. 

ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഈ രാഷ്ട്രീയത്തിന്റെ ഉയര്‍ന്ന ഉദാഹരണമായിരുന്നു ഡല്‍ഹിയില്‍ കണ്ട എഎപി (ആം ആദ്മി പാര്‍ട്ടി)യുടെ തെരഞ്ഞെടുപ്പ് വിജയം. നഗരവാസികളായ ജനങ്ങളുടെ അതൃപ്തിയെ രാഷ്ട്രീയവരേണ്യവിഭാഗത്തിനെതിരെ അണിനിരത്തി നേടിയെടുത്ത ഒരു ജനാധിപത്യ പ്രതിഭാസം. ഇവിടെ സംഭവിക്കുന്നത് ഒരു രാഷ്ട്രീയ വിരുദ്ധ പാര്‍ട്ടി രാഷ്ട്രീയം തന്നെയാണ് (Anti Party Politics). ഇത് തന്നെയാണ് ഗ്രീസിലെ സിരിസ (Syriza) യുടെ വിജയത്തിലും ഇറ്റലിയിലെ ഫൈവ് സ്റ്റാര്‍ (Five Star) പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലും കണ്ടിട്ടുള്ളത്. ജനങ്ങള്‍ രാഷ്ട്രീയ പ്രക്രിയയില്‍ കൂടുതല്‍ ചലനാത്മകമായിത്തീരാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവുകളാണിത്. നവീനമായ ഒരു മാറ്റം പ്രതിനിധാനം ചെയ്യുന്നവ കൂടിയായിത്തീര്‍ന്നിട്ടുണ്ട്, പ്രതീക്ഷകള്‍. അത് പരമ്പരാഗത രാഷ്ട്രീയത്തെ മാറ്റിത്തീര്‍ക്കുന്നവകൂടിയാണ്. 

പുത്തന്‍ തലമുറ രാഷ്ട്രീയം നെഹ്റുവിയന്‍ രാഷ്ട്രീത്തിന്റെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയെത്തന്നെ പൂര്‍ണ്ണമായും മറികടന്നിരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്ന ഈ അവസ്ഥതന്നെയാണ് ഏതാണ്ട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും നേരിട്ട് കൊണ്ടിരിക്കുന്നത്. അറുപതുകളുടെ അവസാനമാകുമ്പോഴേക്കും തന്നെ നെഹ്റുവിയന്‍ കോണ്‍ഗ്രസിന് അതിന്റെ ആധിപത്യം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. ഉദാരവല്‍ക്കരണകാലത്തിന് ശേഷമുള്ള ഇന്ത്യയുടെ മുഖ്യധാര ഏതാണ്ടെല്ലാ നെഹ്റുവിയന്‍ മൂല്യങ്ങളെയും മറികടന്നിരിക്കുന്ന അവസ്ഥയിലാണ് ഇന്നുള്ളത്. ഇത് മതേതരത്വത്തെയും ജനാധിപത്യത്തെയും കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉര്‍ത്തുന്നു. 

കര്‍ണ്ണാടകയില്‍ തന്നെ സെക്കുലറിസത്തെക്കുറിച്ചുള്ള പുതിയ നിര്‍വചനങ്ങളുമായാണ് കോണ്‍ഗ്രസ് നിലകൊണ്ടത്. സാംസ്‌ക്കാരിക ദേശീയത വര്‍ത്തമാനകാലത്ത് ഓരോ രാജ്യത്തിന്റെയും പുത്തന്‍ ദേശനിര്‍മ്മാണ പ്രക്രിയയിലെ അതിശക്തമായ യാഥാര്‍ത്ഥ്യമാണ്. പല രാജ്യങ്ങളിലെയും ഇടതുപക്ഷ പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രധാനഘടകം കൂടിയാണിത്. പരമ്പരാഗത നെഹ്റൂവിയന്‍ ദേശീയവാദികളും ഈ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 

ചൈന മുതല്‍ ജര്‍മ്മനിവരെയും ഇത്തരമൊരു ദേശീയതയുടെ പുതിയ നിര്‍വചനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സോഷ്യലിസം ചൈനീസ് സ്വഭാവ സവിശേഷതകളിലൂടെ എന്നതാണ് ചൈനയുടെ പ്രധാനപ്പെട്ട മുദ്രാവാക്യം തന്നെ. ഇന്ത്യയും ഇത്തരമൊരു അനേഷണത്തിലൂടെ കടന്നു പോകുന്നു. അവിടെയാണ് ഹിന്ദുരാഷ്ട്രീയം പ്രധാനമായി കടന്നുവരുന്നത്. ഒരേ സമയം കീഴാള രാഷ്ട്രീയത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ സംഭവിക്കുമ്പോള്‍ തന്നെ മുഖ്യധാര ഇന്ത്യന്‍ രാഷ്ട്രീയം ഈ ഉയര്‍ത്തെഴുന്നേല്‍പ്പുകളെ ഏങ്ങിനെ ഉള്‍ക്കൊള്ളാനാകും എന്നതിന്റെ തീവ്ര അന്വേഷണത്തിലാണ്. 

ഓരോ പ്രാദേശീക ജനവിഭാഗങ്ങളും അവരുടേതായ സ്വത്വ-സാമുദായിക രാഷ്ട്രീയത്തിന്റെ പുത്തന്‍ ഭാവങ്ങളിലേക്കും നടന്നടുക്കുകയാണ്. ഇന്ത്യന്‍ ദേശീയ രാഷ്ട്രീയം ഇത്തരമൊരു പ്രാദേശീക രാഷ്ട്രീയ ചലനാത്മകതയെ ഉള്‍ക്കൊള്ളേണ്ടിവരും. ഇത് വിശാലമായ ഒരു തുറന്ന സമീപനത്തിലൂടെ മാത്രമേ വികസിപ്പിക്കാനാകൂ. കേവലമായ മുന്നണി രാഷ്ട്രീയത്തിന്റെ മാക്യവെല്ലിയന്‍, ചാണക്യ സൂത്രങ്ങള്‍ക്കപ്പുറത്താണ് ഈ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയ. ഇത് ഫെഡറലിസത്തിന് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുന്നു. 

ലോകസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ ബലഹീനതയെ വെളിപ്പെടുത്തുന്നു. നെഹ്റൂവിയന്‍ രാഷ്ട്രീയത്തിന്റെ മേല്‍ക്കായ്മയ്ക്കെതിരെ അണിനിരന്നുകൊണ്ട് പ്രതിപക്ഷവോട്ടുകള്‍ വിഭജിക്കാതെ കൊണ്ടു പോകാന്‍ കഴിഞ്ഞതിന്റെ വിജയമായിരുന്നു അറുപതുകളുടെ ഒടുവില്‍ സംഭവിച്ച പ്രതിപക്ഷ മുന്നണി. രാം മനോഹര്‍ ലോഹ്യയെപ്പോലുള്ള രാഷ്ട്രീയ ചിന്തകരായിരുന്നു അത്തരമൊരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ പിറകില്‍. ഇന്ത്യയിലെ ഒ.ബി.സി. രാഷ്ട്രീയത്തിന്റെ കരുത്ത് വെളിവാകപ്പെട്ട ഒരു യാഥാര്‍ത്ഥ്യം കൂടിയായിരുന്നു അത്. കോണ്‍ഗ്രസിന്റെ വിശാലമായ ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയം അപ്രസക്തമാക്കുന്നതും 1960 കളുടെ അവസാനത്തോടെയായിരുന്നു. എന്നാല്‍ ഇന്നത്തെ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിനെതിരെയുള്ള ഇടത് മതേതര വിശാല മുന്നണിക്ക് രൂപം കൊടുക്കുക എന്നുള്ളത് എളുപ്പമുള്ള പ്രക്രിയയല്ലതന്നെ. 

ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നെടുനായകത്വം എന്ന നിലയിലാണ് കോണ്‍ഗ്രസിന് ആധിപത്യം നേടാന്‍ കഴിഞ്ഞത്. ഉദാരവത്ക്കരണത്തിന് ശേഷമുള്ള ഇന്ത്യ, പുത്തന്‍ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മോഡല്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകം ഈ പുത്തന്‍ രാഷ്ട്രീയവല്‍ക്കരണത്തിന്റെ പുത്തന്‍ കാലഘട്ടം കൂടിയാണ്. നിയോലിബറലിസവും ഫാസിസവും എന്തെന്നതരത്തിലുള്ള സംശയങ്ങള്‍ക്ക് നടുവിലാണ് പൊതുവില്‍ ഇന്ത്യന്‍ മുഖ്യധാരാ പാര്‍ലമെന്ററി ഇടതുപക്ഷം. 

ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെ പ്രത്യയശാസ്ത്രപരമായ ഒരു വിജയമായാണ് ബിജെപി ആഘോഷിക്കുന്നത്. വിപണി സമ്പദ്വ്യവസ്ഥയുടെ പുത്തന്‍ സാദ്ധ്യതകളിലാണ് മുഖ്യധാരാ രാഷ്ട്രീയം തന്നെ. പൊതുവില്‍ നിയോലിബറലിസം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു അവസ്ഥയിലാണ് (Neoliberalism oversold finance and development, IMF). വിപണിയുടെ ഏറ്റിറക്കങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു. ജനാധിപത്യം വിപണി സാമൂഹ്യഘടനയുടെ അനന്തമായ ഉത്സവമല്ലെങ്കില്‍ കൂടിയും അത് ജനകീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാകേണ്ടതുണ്ട്. 

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ച തരത്തിലുള്ള ജനാധിപത്യത്തിന്റെ പ്രശ്നം അഞ്ച് മിനിട്ട് മാത്രം നീണ്ടുനില്‍ക്കുന്ന ശരാശരി വോട്ടര്‍മാരോടുള്ള സംഭഷണമല്ല. കര്‍ണ്ണാടകയില്‍ ബിജെപി മുന്നേറ്റം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴിത്തിരിവാണ്. തെക്കേ ഇന്ത്യയിലെ സാംസ്‌കാരിക ദേശീയതയുടെ ഒരു അടയാളം, അത് വ്യക്തമായും തരുന്ന സൂചനകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറത്തേക്ക് നീങ്ങുന്ന നെടുനായകത്വ യാഥാര്‍ത്ഥ്യമാണ്. അത് ജനാധിപത്യ രാഷ്ട്രീയത്തിന് പുതിയ പാഠങ്ങളും നല്‍കുന്നു.