ഇന്ത്യന്‍ കീഴാള ജനതയുടെ പുത്തന്‍ ഉണര്‍വുകള്‍ പരമ്പരാഗത മാര്‍ക്സിസ്റ്റുകളെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു സി.കെ.വിശ്വനാഥ് എഴുതുന്നു

ഒരു നാലാം വ്യാവസായിക കാലഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ തൊഴില്‍, അധ്വാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നിരിക്കുന്നു. റോബോട്ടുകള്‍ മനുഷ്യരെ പിന്തള്ളി ആധിപത്യമുറപ്പിക്കുമ്പോള്‍ സംഭവിക്കുന്ന, മനുഷ്യവിരുദ്ധതയെ കുറിച്ച് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ബോധവാന്മാരായിരിക്കുകയാണ്. മനുഷ്യര്‍ക്ക് വേണ്ടതായ സാമൂഹ്യ സുരക്ഷിതത്വത്തെകുറിച്ച്, അസുരക്ഷിതത്ത്വത്തിന്‍റെയും, അതുല്ല്യതയുടെതുമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന നാലാം വ്യാവസായിക അവസ്ഥകളെ പ്രശ്നവത്ക്കരിക്കുകയാണ് വേണ്ടതെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. അവിടെ മാര്‍ക്സിന്‍റെ ചില സൈദ്ധാന്തിക അന്വേഷണങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

കാറല്‍ മാര്‍ക്സിന്‍റെ ഇരുന്നൂറാമത് ജന്മദിനം ആഘോഷിക്കുകയാണ്. അതോടൊപ്പം തന്നെ നിശിതമായ വിചാരണകളും മാര്‍ക്സ് നേരിടുന്നു. എന്നാല്‍, സോവിയറ്റ് - കിഴക്കന്‍ യൂറോപ്യന്‍ ഭരണകൂടങ്ങളുടെ കമ്മ്യൂണിസ്റ്റ് മാതൃകകള്‍ തകര്‍ന്നതോടെ മാര്‍ക്സിന്‍റെ കൃതികള്‍ക്കും, ചിന്തകള്‍ക്കും ഒരു പുത്തന്‍ ഉണര്‍വും ലഭിച്ചിട്ടുണ്ട്. മാര്‍ക്സിന്‍റെയും ഏംഗല്‍സിന്‍റെയും ചിന്തകള്‍ക്ക് സംഭവിച്ചിരുന്ന പ്രത്യയശാസ്ത്രപരമായ ഭരണകൂട ന്യായീകരണങ്ങളെ പിന്തള്ളിക്കൊണ്ട് അവരുടെ കൃതികള്‍ പൂര്‍ണ്ണമായും പുറത്തുവരുവാന്‍ തുടങ്ങിയിരിക്കുന്നു. അതോടൊപ്പം ഇതുവരെ പുറത്ത് ചര്‍ച്ച ചെയ്യപ്പെടാത്ത പല സൈദ്ധാന്തിക പ്രശ്നങ്ങളും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അതായത്, മാര്‍ക്സും ഏംഗല്‍സും തുറന്ന വായനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാകുന്നു. 

മാര്‍ക്സിന്‍റെയും ഏംഗല്‍സിന്‍റെയും പൂര്‍ണ്ണമായ പ്രസിദ്ധീകരണങ്ങള്‍ 1927 -ല്‍ തന്നെ ഡേവിഡ് ബോറിസെവിച്ച് റിയാസനോവിന്‍റെ (David Borisevich Riazanov) നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയാക്കാനായിരുന്നില്ല. ഡേവിഡ് റിയാസനോവ് സോവിയറ്റ് യൂണിയനിലെ ആ ഇരുണ്ടകാലത്ത് കൊല്ലപ്പെടുകയായിരുന്നു. സ്ഥിരമായ വിപ്ലവത്തെക്കുറിച്ച് (Permanent Revolution)റഷ്യയില്‍ ആദ്യം സംസാരിച്ച വ്യക്തികളിലൊരാളായിരുന്നു റിയാസനോവ്. അതിന് ശേഷം മാര്‍ക്സ് - ഏംഗല്‍സ് കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ച ഇസാക് ഇല്ലിച്ച് റൂബിനും (Isaak Illich Rubin) ഇതേ അനുഭവം തന്നെയായിരുന്നു. 

റൂബിനും സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിനിടയില്‍ കൊല ചെയ്യപ്പെട്ടു. മെഗ (MEGA)എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാര്‍ക്സ് - ഏംഗല്‍സ് കൃതികളുടെ പൂര്‍ണ്ണ നിയന്ത്രണം ഇന്ന് ആംസറ്റര്‍ഡാമിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 

ഭരണകൂട, പാര്‍ട്ടി പ്രത്യയശാസ്ത്ര ന്യായീകരണങ്ങള്‍ക്ക് പുറത്ത് നിന്നുകൊണ്ടുള്ള മാര്‍ക്സ് - ഏംഗല്‍സ് വായനകള്‍ക്കുള്ള പൂര്‍ണസാധ്യതയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്

സോവിയറ്റ്- കിഴക്കന്‍ യൂറോപ്പ് - ചൈനീസ് - മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂട നേതൃത്വത്തിന് പുറത്ത് നിന്നുകൊണ്ടുള്ള സ്വതന്ത്രമായ ഒരു പ്രസിദ്ധീകരണ പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ജനാധിപത്യത്തിന്‍റെ മുന്നേറ്റം കൂടിയാണ്. ഭരണകൂട, പാര്‍ട്ടി പ്രത്യയശാസ്ത്ര ന്യായീകരണങ്ങള്‍ക്ക് പുറത്ത് നിന്നുകൊണ്ടുള്ള മാര്‍ക്സ് - ഏംഗല്‍സ് വായനകള്‍ക്കുള്ള പൂര്‍ണസാധ്യതയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സിനോ വീവിനാന്‍റെ പ്രസിദ്ധമായ ലെനിനിസവും, അത് സൃഷ്ടിച്ച ലെനിനിന്‍റെ മാര്‍ക്സിസ്റ്റ് വായനകളുടെ ആധിപത്യവും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. മാര്‍ക്സും ഏംഗല്‍സും ജനാധിപത്യപരമായി വായിക്കപ്പെടുന്നു. ആതാണ് മെഗയുടെ കൃതികളുടെ പ്രാധാന്യവും. 

ലെനിന്‍റെ മാര്‍ക്സിസ്റ്റ് വായനകളുടെ വിമര്‍ശനങ്ങള്‍ ശ്രദ്ധ ആവശ്യപ്പെടുന്നവയാണ്. സോവിയറ്റ് ഭരണകൂടവും, മാര്‍ക്സ് - ഏംഗല്‍സ് കൃതികളും തമ്മിലുള്ള സംവാദവും കൂടിയാണിത്. ഡച്ച് കൗണ്‍സില്‍ കമ്മ്യൂണിസ്റ്റുകള്‍ ലെനിന്‍റെ കാലഘട്ടത്തില്‍ത്തന്നെ നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. 'വിപ്ളവമെന്നത് ഒരു പാര്‍ട്ടിക്കാര്യമല്ലാ' എന്നായിരുന്നു ഓട്ടോ റൂള്‍ സിദ്ധാന്തം. ആന്‍റണ്‍ പനക്കോളും അത്തരത്തില്‍ത്തന്നെ വിമര്‍ശനം ഉയര്‍ത്തി. മാര്‍ക്സും ലെനിനും തമ്മിലുള്ള അകലമായിരുന്നു അടിസ്ഥാനപരമായി അവര്‍ ഉന്നയിച്ചത്. 

പാര്‍ട്ടിയെന്ന അധികാര സ്ഥാപനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സജീവരാഷ്ട്രീയ വിഷയമാണ്. വര്‍ത്തമാനകാലത്തെ തുറന്ന ജനാധിപത്യത്തിന്‍റെ അന്വേഷണങ്ങളിലെല്ലാം തന്നെ പാര്‍ട്ടി - ഭരണകൂട സങ്കല്പത്തെയും അതിന്‍റെ മൂര്‍ത്തമായ അധികാര പ്രയോഗത്തെയും പ്രശ്നവല്‍ക്കരിക്കുകയാണ്. നേരിട്ടുള്ള ജനാധിപത്യ അന്വേഷണങ്ങളിലാണ് ലോകമിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

കമ്മ്യൂണിസം എന്നത് ഒരു ഉല്പാദന രീതിയാണ് (mode of production). അതിന് സാമ്പത്തിക ചൂഷണവുമായി ഒരു ബന്ധവുമില്ല. അതുപോലെ, രാഷ്ട്രീയ ആധിപത്യത്തിന്‍റെതായ ഒരു അവസ്ഥയുമില്ല. വിമോചനത്തെകുറിച്ചുള്ള പലതരത്തിലുള്ള മാര്‍ക്സിയന്‍ അന്വേഷണങ്ങള്‍, കേവലമായ രാഷ്ട്രീയാധികാരത്തിന്‍റെ നിര്‍വചനങ്ങള്‍ക്കപ്പുറത്ത് നിന്നുകൊണ്ട് വിചാരണ ചെയ്യുന്നിടത്താണ് മാര്‍ക്സിസത്തിന്‍റെ പ്രധാന്യം. മാര്‍ക്സിസ്റ്റുകളും, മാര്‍ക്സിസ്റ്റ് വിരുദ്ധരും ഒരുപോലെ ഇടപെടുന്ന ഒരു സംവാദ മണ്ഡലം. ഇത്തരം സംവാദങ്ങളില്‍ ഇതുവരെ സംവാദത്തിന് പുറത്തായിരുന്ന നിരവധി സാമൂഹ്യവിഷയങ്ങള്‍ കടന്നുവരുന്നു. അതുപോലെ നിശിതമായ ജനാധിപത്യ സംവാദ മണ്ഡലങ്ങളും രൂപപ്പെട്ടുവരുന്നു. മതവും, വര്‍ഗ്ഗവും, ജാതിയും, ലൈംഗീക ന്യൂനപക്ഷാവകാശങ്ങളും, പരിസ്ഥിതിയും പുത്തന്‍തലമുറ അവകാശങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. 

ഒരു നാലാം വ്യാവസായിക കാലഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ തൊഴില്‍, അധ്വാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നിരിക്കുന്നു. റോബോട്ടുകള്‍ മനുഷ്യരെ പിന്തള്ളി ആധിപത്യമുറപ്പിക്കുമ്പോള്‍ സംഭവിക്കുന്ന, മനുഷ്യവിരുദ്ധതയെ കുറിച്ച് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ബോധവാന്മാരായിരിക്കുകയാണ്. മനുഷ്യര്‍ക്ക് വേണ്ടതായ സാമൂഹ്യ സുരക്ഷിതത്വത്തെകുറിച്ച്, അസുരക്ഷിതത്ത്വത്തിന്‍റെയും, അതുല്ല്യതയുടെതുമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന നാലാം വ്യാവസായിക അവസ്ഥകളെ പ്രശ്നവത്ക്കരിക്കുകയാണ് വേണ്ടതെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. അവിടെ മാര്‍ക്സിന്‍റെ ചില സൈദ്ധാന്തിക അന്വേഷണങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

ഉദാഹരണത്തിന്, നേരിട്ടുള്ള സാമൂഹ്യ അധ്വാനത്തെക്കുറിച്ചുള്ള (Direct Social Labour) ചോദ്യങ്ങള്‍ പ്രുഭോണും ലെസാലെയും പത്തൊമ്പതാം നൂറ്റാണ്ടില്‍ അഭിമുഖീകരിച്ചതുപോലെയാണ് മാര്‍ക്സിനെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരിക്കല്‍ക്കൂടി അഭിമുഖീകരിക്കുമ്പോള്‍ സംഭവിക്കുന്നതും. മൂലധനത്തിന്‍റെയും പുതിയ കാലത്തെ പണ - സാമ്പത്തിക വ്യവസ്ഥയുടെയും രൂപങ്ങള്‍ ആഗോള ജീവിതത്തെ അതിഭീകരമാം വിധം കുഴപ്പത്തിലാക്കിയിരിക്കുകയാണ്. Crypto currency (ക്രിറ്റോ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന കാലം കൂടിയാണിത് ) ഒരു ബദലായി ഉയര്‍ത്തിക്കാട്ടുന്ന അവസ്ഥവന്നുപെട്ടിരിക്കുകയാണിപ്പോള്‍. പണത്തില്‍ത്തന്നെയുള്ള അടിസ്ഥാനപരമായ മനുഷ്യ വിരുദ്ധതയെ മാര്‍ക്സിയന്‍ ചിന്തകളുടെ അടിസ്ഥാനത്തില്‍ പുനപരിശോധിക്കാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്.

ഇത്തരം സംവാദങ്ങളില്‍ ഇതുവരെ പുറത്തായിരുന്നു മതവും, വര്‍ഗ്ഗവും, ജാതിയും, ലൈംഗീക ന്യൂനപക്ഷാവകാശങ്ങളും, പരിസ്ഥിതിയും പുത്തന്‍തലമുറ അവകാശങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. 

ഇന്ത്യനവസ്ഥയില്‍ ജാതിയെയും വര്‍ഗ്ഗത്തെയും കുറിച്ചുള്ള പുത്തന്‍ സംവാദങ്ങളിലേക്ക്, അതായത് ഇന്ത്യന്‍ കീഴാള ജനതയുടെ പുത്തന്‍ ഉണര്‍വുകള്‍ പരമ്പരാഗത മാര്‍ക്സിസ്റ്റുകളെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. അംബേദ്ക്കറുടെ ബുദ്ധനും മാര്‍ക്സും പുതുകാലഘട്ടത്തില്‍ പ്രത്യേകമായ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഒരു ഇടതുപക്ഷ സാമുദായിക രാഷ്ട്രീയത്തിലേക്ക് (Left Communitarian politics) വര്‍ഗ്ഗ രാഷ്ട്രീയത്തിന്‍റെ ശ്രദ്ധ പതിഞ്ഞിരിക്കുകയാണ്. പരമ്പരാഗത ഇന്ത്യന്‍ വര്‍ഗരാഷ്ട്രീയത്തിന്‍റെ അടിസ്ഥാനമായിരുന്ന വ്യാവസായിക തൊഴിലാളി മേഖലകളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഏതാണ്ട് പൂര്‍ണ്ണമായും കൈവിട്ടിരിക്കുകയാണ്. അവിടെയെല്ലാം തന്നെ പുത്തന്‍ വലതുപക്ഷം ഒരു രാഷ്ട്രീയ മേല്‍ക്കോയ്മയിലേക്കുള്ള അന്വേഷണത്തിലാണ്. 

മുംബൈയും, അഹമ്മദാബാദും, കോയമ്പത്തൂരും, കാണ്‍പൂരും ഇത്തരമൊരു യാഥാര്‍ത്ഥ്യത്തിന് അടിസ്ഥാനമിടുന്നു. ഈ പ്രതിഭാസം ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. മുംബൈയില്‍ ഇടതുപക്ഷ തൊളിലാളി പ്രസ്ഥാനങ്ങള്‍ക്ക് ശേഷം ശിവസേനയാണ് ഉയര്‍ന്നുവന്നതെങ്കില്‍ ഇറ്റലിയിലെ മിലാനിനടുത്തുള്ള 'സ്റ്റാലിന്‍ ഗ്രാന്‍റ്' എന്ന പേരില്‍ അറിയപ്പെടുന്ന ചുവന്ന നഗരം സെസ്ടോ സാന്‍ ജിയോവനി (Sesto San Giovanni) എന്ന പുതിയ വലതുപക്ഷത്തിന്‍റെ ആധിപത്യത്തിലായിരിക്കുകയാണ്. എഴുപത് വര്‍ഷങ്ങള്‍ക്ക് മേലുള്ള ഇടത് കുത്തകയാണ് അവിടെ ഇടതുപക്ഷത്തിന് നഷ്ടമായത്. ഏതാണ്ട് മുംബൈയില്‍ സംഭവിച്ചതരത്തിലുള്ള മാറ്റമാണ് ഇറ്റലിയിലെ ചുവപ്പ് നഗരത്തിനും സംഭവിച്ചത്. ഊഹക്കച്ചവടവും പുത്തന്‍ ഉല്പാദനരീതികളും വ്യാവസായിക തൊഴിലാളി വര്‍ഗ്ഗത്തെത്തന്നെ പൂര്‍ണ്ണമായും മാറ്റിമറിച്ചിരിക്കുന്നു. അവരുടെ വില പേശല്‍ കഴിവിനെ ഇത് അട്ടിമറിച്ചിരിക്കുന്നു. 

മാര്‍ക്സിന്‍റെ ഇരുന്നൂറാം ജന്മവാര്‍ഷികം ഇത്തരം ചോദ്യങ്ങള്‍ക്ക് നടുവിലാണ്. പ്രധാനപ്പെട്ട ചോദ്യം ഇതാണ് - മാര്‍ക്സ് തന്നെ ഉയര്‍ത്തിയ പ്രശ്നം - മൂലധനത്തിന് കര്‍ത്തൃത്വമുണ്ട്. എന്നാലിന്ന് തൊഴിലാളിക്ക് എന്താണ് അവശേഷിച്ചിരിക്കുന്നത്? അവരുടെ കൂട്ടായ്മ, ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായതരത്തിലുള്ള പാര്‍ട്ടി സങ്കല്പങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വഴങ്ങുന്നതല്ല. അലന്‍ബാഡിയോ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത് പോലെ പ്രയോഗിക രാഷ്ട്രീയത്തില്‍ അത്തരം പാര്‍ട്ടിസങ്കല്പങ്ങള്‍, പ്രത്യയശാസ്ത്ര രൂപം എന്നിവയൊന്നും പ്രവര്‍ത്തനക്ഷമമല്ല. 21 -ാം നൂറ്റാണ്ടിലെ തൊഴിലാളി ഇത്തരമൊരു പ്രതിസന്ധിക്ക് മുന്നിലാണ്. അവിടെ തൊഴിലും തൊഴിലാളിയും പുതിയ നിര്‍വചനങ്ങള്‍ തേടുന്നു.