കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ മനുഷ്യരിൽ മാത്രമല്ല, പ്രകൃതിയിലെ സകല ജീവജാലങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. പക്ഷികളുടെ വലിപ്പം കുറയുന്നതും, ചില മൃഗങ്ങളുടെ തൊലിയുടെ നിറം മാറുന്നതും എല്ലാം ഇതിന്റെ പരിണിതഫലങ്ങളാണ്. എന്നാൽ, ഇതിനൊപ്പം പൂക്കളും നിറംമാറ്റങ്ങൾക്ക് വിധേയമാകുന്നു എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.  കഴിഞ്ഞ 75 വർഷത്തിനിടയിൽ, ഉയരുന്ന താപനിലയെ ചെറുക്കാൻ പൂക്കൾ അവയുടെ ദളങ്ങളിലെ പിഗ്മെന്റുകളെ മാറ്റുന്നു എന്നാണ് ഗവേഷകർ പറയുന്നത്.  

പുഷ്പങ്ങളുടെ ഇതളുകളിലുള്ള അൾട്രാവയലറ്റിനെ പ്രതിരോധിക്കുന്ന പിഗ്മെന്റുകൾ നമുക്ക് കണ്ണുകൊണ്ട് കാണാൻ കഴിയില്ല. എന്നാൽ, അവ ഒരു സൺസ്ക്രീൻ പോലെ സസ്യങ്ങളെ സംരക്ഷിക്കുന്നുവെന്ന് ക്ലെംസൺ സർവകലാശാലയിലെ പ്ലാന്റ് ഇക്കോളജിസ്റ്റ് മാത്യു കോസ്‍കി പറയുന്നു. മനുഷ്യർക്ക് ഹാനികരമാകുന്നതുപോലെ, അൾട്രാവയലറ്റ് വികിരണം പൂവിനും ദോഷകരമാണ്. ഇതളുകളിൽ എത്രയധികം പിഗ്‍മെന്‍റുകളുണ്ടോ, അത്രയും അവ ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളെ പ്രതിരോധിക്കുന്നു.  

ഉയർന്ന അളവിലുള്ള അൾട്രാവയലറ്റ് വികിരണത്തിന് വിധേയമാകുന്ന പൂക്കളുടെ ദളങ്ങളിൽ കൂടുതൽ അൾട്രാവയലറ്റിനെ ചെറുക്കുന്ന പിഗ്‍മെന്‍റുണ്ടെന്ന് കോസ്കിയും സഹപ്രവർത്തകരും മുമ്പ് കണ്ടെത്തിയിരുന്നു. ഏറ്റവും പ്രധാനമായി, ഉയരങ്ങളിൽ അല്ലെങ്കിൽ മധ്യരേഖയോട് അടുത്ത് വളരുന്ന പൂക്കളിൽ ഇത് കാണാം. ഓസോൺ പാളിയിലെ കേടുപാടുകളും, ഉയരുന്ന താപനിലയും പൂക്കളുടെ ദളങ്ങളിലെ പിഗ്‍മെന്‍റുകളെ സ്വാധീനിക്കുന്നുണ്ടോ എന്നറിയാൻ അവർക്ക് ആഗ്രഹം തോന്നി.  

ഇതിനായി, 1941 മുതൽ കോസ്കിയും സഹപ്രവർത്തകരും വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സസ്യങ്ങളെ ശേഖരിച്ചത് പരിശോധിക്കാൻ തുടങ്ങി. 42 വ്യത്യസ്ത ഇനങ്ങളിൽ നിന്ന് 1238 പൂക്കൾ അവർ പരിശോധിച്ചു. അൾട്രാവയലറ്റ് സെൻ‌സിറ്റീവ് ക്യാമറ ഉപയോഗിച്ച് വ്യത്യസ്ത സമയങ്ങളിൽ ശേഖരിച്ച ഒരേ ഇനത്തിലെ പുഷ്പദളങ്ങളുടെ ഫോട്ടോ അവർ എടുത്തു. അതിൽ വന്ന അള്‍ട്രാ വയലറ്റ് പിഗ്മെന്റിലെ മാറ്റങ്ങൾ അവർ രേഖപ്പെടുത്തി. പ്രാദേശിക ഓസോൺ നിലയെയും താപനിലയെയും കുറിച്ചുള്ള ഡാറ്റയുമായി ഈ മാറ്റങ്ങളെ അവർ താരതമ്യപ്പെടുത്തി. പൂക്കളിൽ പിഗ്മെന്റ് കാലക്രമേണ വർദ്ധിച്ചതായി അവർ കണ്ടെത്തി. 1941 മുതൽ 2017 വരെ പ്രതിവർഷം ശരാശരി രണ്ട് ശതമാനം വർദ്ധനവുണ്ടായതായി അവർ മനസ്സിലാക്കി. കഴിഞ്ഞ 75 വർഷത്തിനിടയിൽ നിരവധി പുഷ്പങ്ങൾ അവയുടെ നിറങ്ങൾ മാറ്റിയെന്നും, കൂടുതൽ തീവ്രവും ഇരുണ്ടതുമായി അവ മാറി എന്നും പഠനത്തിൽ തെളിഞ്ഞു. അൾട്രാവയലറ്റിനെതിരെയുള്ള കൂടുതല്‍ പിഗ്‍മെന്‍റുകൾ ഉത്പാദിപ്പിക്കുന്നതിലൂടെയാണ് പൂക്കൾ ഈ നിറംമാറ്റത്തിന് വിധേയമായത്.  

എന്നാൽ, പൂവിന്റെ ഘടനയെ ആശ്രയിച്ച് ഈ മാറ്റങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അവർ പറഞ്ഞു. തുറന്ന ഇതളുകളുള്ള പുഷ്പങ്ങളിൽ, ഓസോൺ അളവ് കുറഞ്ഞപ്പോൾ പിഗ്മെന്‍റിന്‍റെ  അളവ് വർദ്ധിച്ചതായി അവർ കണ്ടെത്തി. അതേസമയം ഓസോൺ അളവ് കൂടുതലായ പ്രദേശങ്ങളിൽ പിഗ്മെന്‍റിന്‍റെ അളവ് കുറയുന്നതായും അവർ മനസ്സിലാക്കി. ഓസോൺ പാളിയുടെ അളവ് മാറിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെ താപനില ഉയരുമ്പോൾ bladderwort പോലുള്ള മറഞ്ഞിരിക്കുന്ന ദളങ്ങളുള്ള പൂക്കൾക്കും യുവി പിഗ്മെന്റ് കുറയുന്നതായും അവർ കണ്ടെത്തി. മറഞ്ഞിരിക്കുന്ന ദളങ്ങളുള്ള പൂക്കൾ യുവി പിഗ്മെന്റിൽ നിന്ന് സസ്യങ്ങളെ സംരക്ഷിയ്ക്കുന്നത് മാത്രമല്ല, മറിച്ച്  ചൂടിനെ കുറക്കുന്ന ഒരു ഹരിതഗൃഹം പോലെ പ്രവർത്തിക്കുന്നുവെന്നും അവർ കണ്ടെത്തി. അത്തരം പിഗ്മെന്റ് മാറ്റങ്ങൾ മനുഷ്യന്റെ കണ്ണിന് കാണാൻ കഴിയില്ലെങ്കിലും, ഹമ്മിംഗ് ബേർഡ്, തേനീച്ച തുടങ്ങിയ പോളിനേറ്ററുകൾക്ക് ഈ മാറ്റങ്ങൾ അറിയാൻ കഴിയും.  

Floral Pigmentation Has Responded Rapidly to Global Change in Ozone and Temperature എന്ന ഈ പേപ്പർ Current Biology -യിലാണ് പ്രസിദ്ധീകരിച്ചത്. വിർജീനിയ സർവകലാശാലയിലെ ഡ്രൂ മക്വീൻ, പിറ്റ്സ്ബർഗ് സർവകലാശാലയിലെ ടിയ-ലിൻ അഷ്മാൻ എന്നിവരാണ് പ്രബന്ധത്തിന്റെ മറ്റ് രചയിതാക്കൾ.