പണ്ടൊക്കെ രാവിലെ ഉണരുന്നത് റേഡിയോയില്‍ നിന്ന് ഒഴുകി വരുന്ന വന്ദേമാതരം, കൗസല്യ സുപ്രജാ..., വയലും വീടും ഇവയൊക്കെ കേട്ടുകൊണ്ടാണ്. ഇന്നത് മാറി. വാട്‌സാപ്പ് ആണ് ഇന്ന് മിക്കവരെയും വിളിച്ചുണര്‍ത്തുന്നത്.

ഉണരുമ്പോള്‍ തന്നെ കണ്ണുകള്‍ തിരുമ്മിക്കൊണ്ട് ഫോണ്‍ ഓണ്‍ ചെയ്യുമ്പോഴോ അല്ലെങ്കില്‍ നെറ്റ് ഓണ്‍ ചെയ്യുമ്പോഴോ തലേന്ന് രാത്രിയും രാവിലെയും വന്നു വീര്‍പ്പുമുട്ടി നില്‍ക്കുന്ന മെസ്സേജുകള്‍ കൂട്ടമണി മുഴക്കി വീഴുകയാണ്‍. കിടന്നുകൊണ്ട് തന്നെ മറുപടിയും. പിന്നെ മേമ്പൊടിക്ക് രണ്ടു കോട്ടുവായും. ഇപ്പോള്‍ ബെഡ് കോഫി ഒന്നും വേണ്ട അതുക്കും മേലെ 'ബെഡ് വാട്‌സാപ്പ് ' ആണ്. ഉറങ്ങണമെങ്കിലും ഈ ബെഡ് വാട്‌സാപ്പ് വേണം ഉണരുമ്പോഴും ഈ ബെഡ് വാട്‌സാപ്പ് വേണം. കിടപ്പു മുറികളില്‍ പോലും വാട്‌സാപ്പ് സജീവമായി കഴിഞ്ഞു. 

പരിചയപ്പെടുമ്പോള്‍ ആദ്യം തന്നെ ചോദിക്കുന്നത് വാട്‌സാപ്പ് ഉണ്ടോ? എന്നാണ്. ഇല്ലെങ്കില്‍ അയ്യേ മോശം മോശം എന്നൊരു സങ്കല്‍പ്പമാണ്. വിവാഹിതരല്ലാത്തവര്‍ക്കും ചില വിവാഹിതര്‍ക്കും ഇത് നളദമയന്തി കഥയിലെ ഹംസമാണ്, ഹംസം! 

മുമ്പ് നാട്ടില്‍ വൈകുന്നേരമായാല്‍ കൂട്ടുകാരൊക്കെ ഒത്തുചേരുന്ന ആരോഗ്യപരമായ നല്ല ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. ഇന്ന് ആ സ്ഥാനവും നമ്മുടെ വാട്‌സാപ്പാണ്. വാട്‌സാപ്പ് ഗ്രൂപ്പ്' എന്ന് പുതുപേര്. വൈകുന്നേരമെന്നോ രാവിലെയെന്നോ ഉച്ചയെന്നോ ഒരു സമയ പരിധിയുമില്ലാതെ 'പുള്ളിക്കാരന്‍' ഫുള്‍ ടൈം എന്‍ഗേജ്ഡ് ആണ്.

ജോലി കഴിഞ്ഞു റൂമിലെത്തിയപ്പോള്‍ റൂമില്‍ എല്ലാവരും ഉണ്ട് പക്ഷെ ആര്‍ക്കും ഒരു മിണ്ടാട്ടവുമില്ല. എല്ലാവരും തലയും കുമ്പിട്ടു വാട്‌സാപ്പും ഫേസ്ബുക്കും നോക്കി ഓരോ മൂലയിലും ഇരിക്കുന്നു. മരണ വീട്ടില്‍ ചെന്ന് കയറിയ പ്രതീതി. മരിച്ച വീട്ടിലെ ഇടക്കിടെയുള്ള ഏങ്ങലടികള്‍ക്കു പകരം ഇവിടെ ചിരികളാണെന്നു മാത്രം. ഈ ഒരു പ്രക്രിയ പാതിരാ വരെ നീണ്ടുപോകും. അതിനുശേഷവും ചില പുതപ്പുകള്‍ക്കുള്ളില്‍ നിന്നും വാട്‌സാപ്പ് വെളിച്ചം വീശുന്നത് കാണാം!.

ചിലര്‍ തന്റെ കാമുകനും കാമുകിക്കും നല്‍കുന്ന പരിഗണനയാണ് വാട്‌സാപ്പിനും നല്‍കുന്നത്. ഒരു ദിവസം അത് കിട്ടിയില്ലെങ്കില്‍ അന്ന് മൂഡ് ഓഫ് ആണ്. ഒരു വെപ്രാളമാണ്. ദേഷ്യമാണ്.

സോഷ്യല്‍ മീഡിയകള്‍ വലിയ ഒരു മാറ്റമാണ് ഈ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ നമ്മുടെ സമൂഹത്തിലും ജീവിതത്തിലും വരുത്തിയിട്ടുള്ളത്. സാങ്കേതിക വിദ്യകള്‍ ലോകത്തെ ചുരുക്കി കൈവെള്ളയിലാക്കുമ്പോള്‍ മനസ്സുകള്‍ അകന്നു പോവുകയാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംസാരം തന്നെ കുറഞ്ഞിരിക്കുന്നു. 

തൊട്ടുരുമ്മി ഇരിക്കുന്നവര്‍പോലും സംസാരിക്കുന്നതു വാട്‌സാപ്പിലൂടെ. സംസാരിക്കാന്‍ ശേഷിയില്ലാഞ്ഞിട്ടാണോ? അല്ല. ഒരു രസമായി തുടങ്ങുന്നു പിന്നെ അത് ശീലമാകുന്നു ഒടുവില്‍ പരസ്പരം സംസാരിക്കാന്‍ പോലും മറന്നു പോകുന്നു.

ലഹരിയായി മാറിക്കൊണ്ടിരിക്കുകയാണ് വാട്‌സാപ്പും. ചിലര്‍ ഫേസ്ബുക്കിലൂടെ പരിചയപെട്ടു വാട്‌സാപ്പിലൂടെ രഹസ്യങ്ങള്‍ കൈമാറുന്നു. മറ്റു ചിലര്‍ വാട്‌സാപ്പിലൂടെ പരിചയപ്പെടുന്നു വാട്‌സാപ്പിലൂടെ പ്രണയിക്കുന്നു വാട്‌സാപ്പിലൂടെ വിവാഹത്തിലെത്തുന്നു ഒടുവില്‍ വാട്‌സാപ്പിലൂടെ ഡിവോഴ്‌സും ചെയ്യുന്നു!

പഴയ വൈരാഗ്യങ്ങള്‍ പുതിയ രൂപത്തില്‍ വാട്‌സാപ്പിലൂടെ വിട്ട് സായൂജ്യമടയുന്നവര്‍. നാലാളുടെ മുന്‍പില്‍ വാ തുറന്നു സംസാരിക്കാന്‍ മടിയുള്ളവര്‍ വാട്‌സാപ്പിലൂടെ വലിയ വായിലേ സംസാരിക്കുന്നു. നേരിട്ട് ഒന്ന് നോക്കാന്‍ പോലും നാണമുള്ളവര്‍ നാണവും മാനവുമില്ലാതെ അശ്ലീലങ്ങള്‍ പോലും കൈമാറുന്നു! 

കൈവിട്ട ആയുധം പോലെ ഇതിലൂടെ കൈവിട്ടു പോയ വാക്കുകളും ഫോട്ടോകളും തിരിച്ചെടുക്കാന്‍ കഴിയില്ല.