നമ്മുടെ പ്രിയപ്പെട്ടവരോട് പറയാൻ ഒരുപാട് കാര്യങ്ങൾ ബാക്കിവച്ചിട്ടായിരിക്കും നമ്മൾ പലപ്പോഴും മറ്റൊരു ലോകത്തേയ്ക്ക് യാത്രയാവുക. അതുവരെ നമ്മളെ സ്നേഹിച്ചവരുടെ മുഖത്തുനോക്കി നമുക്ക് പറയാൻ കഴിയാതിരുന്ന കാര്യങ്ങൾ, ജീവിതത്തിൽ മൂടിവയ്ക്കപ്പെട്ട എന്നാൽ ഒരു ഭാരമായി കൊണ്ടുനടന്ന രഹസ്യങ്ങൾ അങ്ങനെ പലതും നമ്മൾ പറയാൻ ബാക്കിവെച്ച് മരണത്തിന് കീഴ്പ്പെടേണ്ടി വരാറുണ്ട്. നമ്മുടെ മക്കളെ, അല്ലെങ്കിൽ ജീവിതപങ്കാളിയെ, കുടുംബത്തെ നമ്മൾ എത്രകണ്ടു സ്നേഹിച്ചിരുന്നുവെന്ന് പറയാൻ ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാൽ, അത്തരക്കാരുടെ പ്രിയ സുഹൃത്താണ് ബിൽ എഡ്ഗർ.

ഒരു 'കോഫിൻ കൺഫസറാ'യി (മരണത്തിന് മുമ്പ് ഒരാളില്‍ നിന്ന് രഹസ്യങ്ങള്‍ കേള്‍ക്കുകയും മരണശേഷം മാത്രം അത് വെളിപ്പെടുത്തേണ്ടവരോട് വെളിപ്പെടുത്തുകയും ചെയ്യുന്ന ആള്‍) അദ്ദേഹം ജോലി നോക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏറെയൊന്നുമായില്ല. എന്നാൽ, ഈ കാലത്തിനിടയിൽ, അനവധി രഹസ്യങ്ങളാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ആളുകൾ അവരുടെ അവസാനനാളിൽ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം അദ്ദേഹത്തോട് തുറന്നുപറയും. ശവസംസ്‍കാര ചടങ്ങുകളിൽ മരണമടഞ്ഞ ആളുടെ ഇഷ്ടപ്രകരം അദ്ദേഹം അത് പ്രിയപ്പെട്ടവരോട് വെളിപ്പെടുത്തും. അങ്ങനെ മരണമടഞ്ഞവരുടെ ശബ്‌ദമായി അദ്ദേഹം മാറും. അവരുടെ ആഗ്രഹങ്ങൾ, വെറുപ്പ്, അനിഷ്ടം, രഹസ്യങ്ങൾ, സ്നേഹം എല്ലാം ബിൽ കുടുംബത്തെ അറിയിക്കും.    

ഇതുവരെ ആരും ചെയ്യാത്ത ഇത്തരമൊരു ജോലി ബിൽ ഏറ്റെടുത്തതിന്‍റെ പിന്നിൽ ഒരു സംഭവമുണ്ട്. അന്ന് ഒരു പ്രൈവറ്റ് ഇൻവെസ്റിഗേറ്ററായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കൽ അസുഖം ബാധിച്ചു മരണവുമായി മല്ലിടുന്ന ഒരു മനുഷ്യന്റെ അടുത്ത്, 'മരണത്തിന് മുൻപ് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവോ' എന്ന് അദ്ദേഹം വെറുതെ ചോദിക്കുകയുണ്ടായി. അപ്പോൾ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും, ഏതാനും ആഴ്ചകൾക്കുശേഷം ആ മനുഷ്യൻ ബില്ലിനെ വിളിച്ച് ഒരു ഓഫർ നൽകി. രഹസ്യം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഓഫര്‍. അന്നുമുതലാണ് അദ്ദേഹം ഈ പുതിയ തൊഴിൽ ആരംഭിക്കുന്നത്. 

ഏകദേശം രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം 22 ശവസംസ്‍കാര ചടങ്ങുകളിൽ പങ്കെടുത്ത് തന്റെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും, രഹസ്യങ്ങളും കുടുംബത്തോട് വെളിപ്പെടുത്തുകയുണ്ടായി. തന്റെ സേവനത്തിന് 10,000 ഡോളറാണ് (ഏകദേശം ഏഴ് ലക്ഷം) ഫീസായി അദ്ദേഹം ഈടാക്കുന്നത്. "എന്റെ ആദ്യത്തെ ഉപഭോക്താവിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വന്ന മൂന്നുപേരോട് എനിക്ക് അവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറയേണ്ടതായി വന്നു. എന്റെ കക്ഷിക്ക് അദ്ദേഹത്തിന്റെ ശവസംസ്‍കാര ചടങ്ങിൽ അവർ പങ്കെടുക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല" ബിൽ പറഞ്ഞു.   

ഒരിക്കൽ മരണപ്പെട്ടവരുടെ വീട്ടുകാരെ നിങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരാനായാൽ, പിന്നെ അവർ നിങ്ങൾ പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കും, ബിൽ പറഞ്ഞു. കാരണം മരിച്ചവർക്ക് എന്താണ് പറയാൻ ബാക്കിയുണ്ടായിരുന്നതെന്ന് അറിയാൻ വീട്ടുകാർക്കും എപ്പോഴും ആഗ്രഹം കാണും. മരണപ്പെടുന്നവരിൽ ചിലർ മരിക്കുന്നതിന് ആറ് മുതൽ 12 മാസം വരെ ഒറ്റയ്ക്കായിരിക്കും. അവർക്ക് അവസാന നാളിൽ ആരെയും കാണാൻ സാധിക്കില്ല. അത്തരം സന്ദർഭത്തിൽ അവർ അവരുടെ ആഗ്രഹങ്ങൾ, അല്ലെങ്കിൽ രഹസ്യങ്ങൾ എന്നോട് തുറന്ന് പറയും. ചില ഉപഭോക്താക്കള്‍ ജീവിച്ചിരിക്കുമ്പോൾ വെളിപ്പെടുത്താൻ മടിച്ചിരുന്ന രഹസ്യങ്ങൾ മരണശേഷം വെളിപ്പെടുത്താൻ എന്നെ ഏല്‍പ്പിക്കും, അദ്ദേഹം പറഞ്ഞു. ചിലപ്പോൾ ഒരു ജീവിതം തകർക്കാൻ മാത്രം ശക്തമായിരിക്കുമത്. ഒരിക്കൽ ഒരു ബൈക്കറുടെ സംസ്‍കാരച്ചടങ്ങിൽ പങ്കെടുത്തത് ബിൽ ഇന്നും ഓർക്കുന്നു. തന്‍റെ ഉപഭോക്താവ് ഒരു സ്വവർഗാനുരാഗിയാണെന്ന് അദ്ദേഹത്തിന്‍റെ കാമുകിയുടെ മുന്നിൽ വച്ച് അന്ന് ബില്ലിന് പറയേണ്ടി വന്നു. കാമുകി വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയെങ്കിലും, അവിടെ കൂടിയിരുന്ന പലർക്കും ഈ സംഭവം അതിനോടകം തന്നെ അറിയാമായിരുന്നു. അങ്ങനെ ഞെട്ടിക്കുന്ന പല രഹസ്യങ്ങളും അദ്ദേഹത്തിന് വെളിപ്പെടുത്തേണ്ടതായി വന്നിട്ടുണ്ട്.  

ഉപഭോക്താക്കളുടെ വെളിപ്പടുത്തലുകൾ ബിൽ എപ്പോഴും റെക്കോർഡ് ചെയ്ത് വയ്ക്കുകയും, അവരുമായി ഒരു കരാറിൽ ഏർപ്പെടുകയും ചെയ്യും. അങ്ങനെ നിയമപരമായി സ്വയം പരിരക്ഷിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നു. "ചിലപ്പോൾ മരണപ്പെട്ട വ്യക്തിയുടെ വീട്ടിൽ പോയി അവരുടെ കുട്ടികൾ കണ്ടെത്താൻ ആഗ്രഹിക്കാത്ത ചില സാധങ്ങൾ നശിപ്പിച്ച് കളയാൻ എന്നോട് ആവശ്യപ്പെടാറുണ്ട്. അത്തരം സന്ദർഭത്തിൽ ഞാൻ അത് റെക്കോർഡ് ചെയ്യും ഒരു തെളിവിനായി. കുട്ടികൾ കാണരുതെന്ന് പറയുമ്പോൾ ചിലപ്പോൾ അത് ലൈംഗിക കളിപ്പാട്ടങ്ങളായിരിക്കാം, അല്ലെങ്കിൽ അശ്ലീല പുസ്തകങ്ങളോ, സിഡികളോ ആകാം. അതുമല്ലെങ്കിൽ പണമോ, മയക്കുമരുന്നോ, തോക്കുകളോ ആകാം. ഞാൻ അതെല്ലാം മക്കൾ കാണാതെ നശിപ്പിച്ച് കളയും" ബിൽ പറഞ്ഞു. 

പലർക്കും അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകൾ താങ്ങാനാവാത്ത ദുഃഖമാണ് നൽകുന്നതെങ്കിലും, ചില സന്തോഷവാർത്തകളും അദ്ദേഹത്തിന് പങ്കുവയ്ക്കാനായിട്ടുണ്ട്. അതേസമയം, ചില വെളിപ്പെടുത്തലുകൾക്കും, അഭ്യർത്ഥനകൾക്കും നേരെ അദ്ദേഹത്തിന് മുഖം തിരിക്കേണ്ടതായി വന്നിട്ടുണ്ട്. "പ്രായമായ ഒരു വ്യക്തി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തെ കൊല്ലണമെന്ന് എന്നോട് പറയുകയുണ്ടായി. നായയും അദ്ദേഹത്തോടൊപ്പം മരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, എനിക്കത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. പകരം, നായയ്ക്ക് ഒരു നല്ല ഉടമസ്ഥനെ കണ്ടെത്തി കൊടുക്കാമെന്ന് ഞാൻ വാക്കും കൊടുത്തു" ബിൽ പറയുന്നു. ഇപ്പോൾ ഈ മഹാമാരി കാലത്ത്  അദ്ദേഹം തന്‍റെ ഉപഭോക്താക്കള്‍ക്കായി ഒരു ഓൺലൈൻ വെബ്സൈറ്റ് തുറന്നിരിക്കയാണ്. ആളുകൾക്ക് അവരുടെ അവസാനത്തെ ആഗ്രഹങ്ങൾ, സ്നേഹസന്ദേശങ്ങൾ എല്ലാം അതിൽ പോസ്റ്റ് ചെയ്യാം. 8200 -ത്തിൽ അധികം അപ്‌ലോഡുകൾ ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞുവെന്ന് ബിൽ പറയുന്നു.