അധോലോകം: ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബോംബെയെ വിറപ്പിച്ച അമര്‍ നായിക്കിന്റെ  ജീവിതവും മരണവും. അടുത്ത ആഴ്ച അബ്ദുള്‍ കുഞ്ഞ്‌ | Underworld Column| Amar Naik  

എണ്‍പതുകളുടെ പകുതിയിലാണ് ബോംബെയെ ഞെട്ടിച്ച ആ പണിമുടക്ക് നടന്നത്. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന രണ്ടര ലക്ഷത്തോളം തൊഴിലാളികള്‍ കൂട്ടത്തോടെ പണിശാലകള്‍ വീട്ടിറങ്ങി. തങ്ങള്‍ക്കു കിട്ടിയിരുന്ന പരിമിത വേതനം വര്‍ദ്ധിപ്പിക്കാനായി അവര്‍ നടത്തിയ ആ പ്രതിഷേധസമരം ബോംബെ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നാണ്. ദത്താ സാമന്തിനെപ്പോലുള്ള രാഷ്ട്രീയനേതാക്കള്‍ നേതൃത്വം നല്‍കിയ ആ സമരത്തോട് എന്നാല്‍, മില്ലുടമകള്‍ പുറംതിരിഞ്ഞുനിന്നു. തൊഴിലാളികളുടേത് അനാവശ്യ സമരമാണെന്നായിരുന്നു മുതലാളിമാരുടെ പക്ഷം. അവര്‍ തൊഴില്‍ശാലകള്‍ പൂട്ടിയിട്ടു. ഇന്ത്യയുടെ മാഞ്ചെസ്റ്റര്‍ ആയ ബോംബെ മസ്ദൂറുകളുടെ മുദ്രാവാക്യം കൊണ്ട് മുഖരിതമായി. എന്നിട്ടും മില്ലുടമകള്‍ വഴങ്ങിയില്ല. മില്ലുകള്‍ അടഞ്ഞു തന്നെ കിടന്നു. പതുക്കെപ്പതുക്കെ നെയ്ത്തു യന്ത്രങ്ങള്‍ക്കൊപ്പം തൊഴിലാളികളുടെ ജീവിതവും തുരുമ്പെടുക്കാന്‍ തുടങ്ങി.

ദാദാര്‍, ബൈക്കുള, പരേല്‍, ലോവര്‍ പരേല്‍ തുടങ്ങിയ ഇടങ്ങളില്‍ ആകാശം മുട്ടേ ഉയര്‍ന്നു നിന്ന പുകക്കുഴലുകള്‍ മരണം കാത്തുനിന്നു. പരാജയപ്പെട്ട സമരക്കാരാവട്ടെ നിത്യവൃത്തിക്കായി പലപല ജോലികളില്‍ മുഴുകി. പഴം, ചായ, പാനീപ്പുരി, വാടാപ്പാവ് എന്നിവ വിറ്റും ഉന്തുവണ്ടി ഉന്തിയും ചുമട്ടുകാരായും അവര്‍ ജീവിച്ചുപോന്നു. പലരും സബ്ജി വില്‍പ്പന തുടങ്ങി. ദാദര്‍ സബ്ജി മാര്‍ക്കറ്റ് അതോടെ സജീവമായി. അവിടെ പ്രതിമാസം കോടികളുടെ വ്യാപാരം നടന്നു.

അവിടേക്കാണ് 'പോട്ടിയ ഗ്യാങ്' എന്ന ഗുണ്ടാ സംഘം നുഴഞ്ഞു കയറിയത്. അവര്‍ അനധികൃത കച്ചവടക്കാരില്‍ നിന്ന് ഹഫ്ത പിരിവ് തുടങ്ങി. വിപുലമായ കച്ചവടം നടക്കുന്ന മാര്‍ക്കറ്റില്‍ നിന്ന് അവര്‍ പ്രതിമാസം ലക്ഷങ്ങള്‍ കൈപ്പറ്റി. ഹഫ്ത കൊടുക്കാത്തവരെ തെരുവിലിട്ടു മര്‍ദ്ദിച്ചു. അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തെരുവിലേക്ക് പ്രവേശിക്കാനാവില്ലായിരുന്നു.

ഒരൊറ്റ നിമിഷം കൊണ്ട് മാറിയ ജീവിതം

മാര്‍ക്കറ്റിലെ ഒരു സാധാരണ കച്ചവടക്കാരനായിരുന്നു മാരുതി റാം നായിക്ക്. ഒരു സാധുമനുഷ്യന്‍. അദ്ദേഹത്തിന് നാലുമക്കള്‍. മൂത്തയാള്‍ അജിത് നായിക്ക്. അവന്‍ പിതാവിനോടൊപ്പം പുലര്‍ച്ചെ നാലുമണിമുതല്‍ രാത്രി വൈകുംവരെ കച്ചവടത്തില്‍ മുഴുകി. രണ്ടാമന്‍ അമര്‍ നായിക്ക്. പ്രത്യേകിച്ച് ജോലിയൊന്നുമില്ല. മൂന്നാമന്‍ അശ്വിന്‍, സിവില്‍ എഞ്ചിനീയറിങ് കഴിഞ്ഞ് വലിയ സ്വപ്നങ്ങളുമായി നടന്നു. ഏറ്റവും ഇളയതായി ഒരു അനിയത്തിയും.

ജോലിയൊന്നുമില്ലാത്ത അമറിന്റെ താല്‍പ്പര്യം തെരുവിലെ സംഘര്‍ഷങ്ങളിലായിരുന്നു. അവന്‍ ചോരക്കളികള്‍ കണ്ടുനടന്നു. അമറിന്റെ പോക്ക് നേരായ വഴിക്കല്ല എന്ന് മനസ്സിലാക്കിയ പിതാവ് അവനെ തന്റെ പച്ചക്കറിക്കടയില്‍ പിടിച്ചിരുത്തി. ഒരുദിവസം ഹഫ്ത പിരിവിന് പോട്ടിയ ഗാങ് അവരുടെ കടയിലും എത്തി. പിടിച്ചുപറിയാണ് അതെന്ന് അമറിന് നന്നായറിയാമായിരുന്നു. ഒരു നയാപ്പൈസ തരില്ലെന്ന് അമര്‍ ഒച്ചവെച്ചു. പോട്ടിയ ഗാങ് ഞെട്ടി. അത്തരമൊരു മറുപടി അവര്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. അവര്‍ അപമാനിതരായി മടങ്ങി.

അനീതിക്കെതിരെ ഉയര്‍ന്ന ഒരു വാക്ക് ഒരാളുടെ ജീവിതത്തെ തകിടം മറിക്കുന്ന കാഴ്ചയാണ് പിന്നീട് ബോംബെ നഗരം കണ്ടത്. അടുത്തയാഴ്ച പോട്ടിയ ഗ്യാങ് അമറിനെ സമീപിച്ചു. അത് ഹഫ്ത വാങ്ങാനായിരുന്നില്ല, മറ്റു കച്ചവടക്കാര്‍ക്ക് കൂടി ഒരു പാഠമാവാനായിരുന്നു. എന്തെങ്കിലും സംഭവിക്കുമെന്ന് മുന്‍കൂട്ടിക്കണ്ട അമര്‍ കരുതലോടെയാണ് കടയില്‍ വന്നിരുന്നത്. ഗുണ്ടകള്‍ അമറിനെ പിടിച്ചു. വാക്കേറ്റവും പൊരിഞ്ഞ തല്ലും നടന്നു. പോട്ടിയ ഗാങ്ങിലെ മൂന്നുപേരെ അമര്‍ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു. കൂട്ടത്തിലെ രണ്ടുപേര്‍ ജീവനും കൊണ്ടോടി.

പോട്ടിയ ഗ്യാങ് വെറുതെനിന്നില്ല. തൊട്ടടുത്ത ദിവസം അവര്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അമറിന്റെ അനുജനെ തട്ടിക്കൊണ്ടുപോയി. അമര്‍ ഒറ്റയ്ക്കായില്ല, കൂട്ടുകാര്‍ അവന്റെ കൂടെനിന്നു. അവര്‍ പോട്ടിയ ഗാങ്ങിനെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു. അതിനിടെ, സഹോദരന്‍ അശ്വിന്‍ ഗ്യാങിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ചേട്ടന്റെ അടുത്തെത്തി.

അധോലോക നായകനാവുന്നു

അമര്‍ പുതിയ നീക്കങ്ങള്‍ നടത്തി. പോട്ടിയ ഗ്യാങ്ങിനെ തകര്‍ക്കണം, അതിനായി, അവനും കൂട്ടുകാരും ശ്രമം തുടങ്ങി. അവര്‍ ദാദര്‍, പരേല്‍, ചിഞ്ചിപൊക്ലി എന്നിവിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു. ചരസ് വില്‍പ്പനക്കാര്‍, ചൂതുകളി കേന്ദ്രങ്ങള്‍, കള്ളവാറ്റ് ഹഡ്ഡകള്‍, അനധികൃത കച്ചവടക്കാര്‍ എന്നിവരെ കണ്ട് അവര്‍ പോട്ടിയ ഗാങ്ങിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. അമറും കൂട്ടരും ശത്രുക്കളെ ദുര്‍ബ്ബലമാക്കാനുള്ള സകലതന്ത്രങ്ങളും പയറ്റി. ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോക്കില്ല എന്ന് അമറിന് അറിയാമായിരുന്നു. അടിയും തിരിച്ചടിയുമായി അവര്‍ സജീവമായി. അതോടെ പോട്ടിയ ഗ്യാങ് ദുര്‍ബ്ബലമായി. അമറും കൂട്ടുകാരും പിന്നീട് 'ബാപ്പത് ഗാങ്' എന്നറിയപ്പെട്ടു.

കോടിക്കണക്കിനു രൂപയുടെ കച്ചവടം നടക്കുന്ന തെരുവുകളില്‍ അധോലോക സംഘങ്ങള്‍ക്ക് നിലയുറപ്പിക്കാന്‍ വലിയ പ്രയാസമില്ല. മാര്‍വാഡികള്‍ക്കും ബനിയകള്‍ക്കും എന്തിനു ചെറുകിട കച്ചവടക്കാര്‍ക്കു പോലും അവശ്യഘട്ടങ്ങളില്‍ ദാദമാര്‍ വേണം. അതിനാല്‍, ഓരോ തെരുവുകളും ഓരോ ദാദയെ ഒരുക്കിനിര്‍ത്തുന്നു. മാട്ടുംഗയില്‍ വരദ രാജ, ചെമ്പൂരില്‍ ബഡാ രാജന്‍, ഡോംഗ്രിയില്‍ ദാവൂദും കരീം ലാലയും, ബൈക്കുള്ളയിലും ദഗ്ഡി ചാലിലും അരുണ്‍ ഗാവ്ലി, നൂര്‍ബാഗില്‍ അസീസ് -ദിലീപ്, മസ്ജിദ് ബന്ദറും ക്രാഫോഡ് മാര്‍ക്കറ്റും ഹാജി മസ്താന്‍... ചെറുതും വലുതുമായ ആ നിര വളരെ വലുതാണ്.

അരുണ്‍ ഗാവ്‌ലി

അരുണ്‍ ഗാവ്‌ലി: പുതിയ ശത്രു

തുണിമില്ലുകള്‍ ഏറെയുള്ള പ്രദേശമാണ് ബൈക്കുള്ള. അവിടം പിടിക്കണമെങ്കില്‍, നിലവില്‍ അവിടം ഭരിക്കുന്ന അരുണ്‍ ഗാവ്ലിയുടെ ആധിപത്യം തകര്‍ക്കണം. അരുണ്‍ ഗാവ്‌ലിയുടെ കൈയില്‍ ആളും ആയുധവും പണവുമുണ്ട്. അയാളോട് കിടപിടിക്കാന്‍ പ്രയാസമാണ്. അതിന് ധാരാളം പണം വേണം. അമര്‍ അതിനായി ശ്രമം തുടര്‍ന്നു.

അതിനിടെ, രാം ഭട്ട് എന്നൊരു ലോക്കല്‍ ഗുണ്ടയുമായി അമര്‍ ചങ്ങാത്തത്തിലായി. അവനെ സ്വാധീനിച്ച് ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പത്താന്‍ ഗ്രൂപ്പുമായി അമര്‍ അടുത്തു. ആ അടുപ്പം മയക്കുമരുന്ന് കച്ചവടത്തിലേക്ക് വഴിമാറി. പണസമ്പാദനത്തിന് അതിലും നല്ലൊരു വഴി മറ്റൊന്നില്ല. അമര്‍ നായിക്ക് കളി തുടങ്ങി. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു വരുമാനം. അതോടെ അയാള്‍, തന്റെ സാമ്രാജ്യം വിപുലപ്പെടുത്താന്‍ തുടങ്ങി. അതിനായി പണത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ അവര്‍ നോട്ടമിട്ടു. പാല്‍ജി സഹോദരന്മാരുടെ കൈയിലാണ് കുതിരപ്പന്തയത്തിനു പേരുകേട്ട പ്രഭാദേവി. സമൂഹത്തിലെ ഉന്നതര്‍ കോടികള്‍ വാരിയെറിയുന്ന ഇടം. പാല്‍ജി ബ്രദേഴ്സുമായി അമര്‍ ബന്ധമുണ്ടാക്കി. അതോടെ, പ്രഭാദേവിയില്‍ അമറിന്റെ സ്വാധീനം കൂടി. 1985 ആകുമ്പോഴേക്കും മാരകമായ പ്രഹരശേഷിയുള്ള ഒരു സ്‌ഫോടക വസ്തുപോലെ അമര്‍ മാറി.

അങ്ങനെയിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. ദാദറില്‍ ശിവസേനയെ കൂടാതെ ഒരു പാഴ്‌സി സ്ഥാനാര്‍ത്ഥിയും രംഗത്തുണ്ടായിരുന്നു. അമര്‍ അയാളുമായി അടുത്തു. രാഷ്ട്രീയ സ്വാധീനം തനിക്ക് ഗുണകരമാകുമെന്ന് അമറിനറിയാമായിരുന്നു. ജയിപ്പിക്കാമെന്നേറ്റ് അമര്‍ പാര്‍സിയില്‍ നിന്നും വന്‍തുക കൈപ്പറ്റി. എന്നാല്‍ അമറിന്റെ ഗുണ്ടായിസം വോട്ടുപെട്ടിയില്‍ വിലപ്പോയില്ല. പാഴ്‌സി സ്ഥാനാര്‍ത്ഥി പൊട്ടി. ശിവസേന ജയിച്ചു. എന്നല്‍, അമറും ഗ്യാങും മുന്നോട്ടുപോയികൊണ്ടിരുന്നു. അയാള്‍ നിരന്തര വിദേശയാത്രകള്‍ നടത്തി. സാമ്രാജ്യം വലുതായിക്കൊണ്ടിരുന്നു.

ദാവൂദിന്റെ ക്വട്ടേഷന്‍

ദാവൂദ് ഇബ്രാഹിം അക്കാലത്ത് ദുബായിലായിരുന്നു. ചോട്ടാരാജനാണ് ബോംബെയില്‍ ദാവൂദിന്റെ ബിസിനസ്സ് കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇന്ത്യയിലുള്ള ദാവൂദിന്റെ എതിരാളികളെ നശിപ്പിക്കുകയായിരുന്നു രാജന്റെ പ്രധാന ദൗത്യം. ബോംബെയില്‍ അമര്‍ നായിക്ക് ഉയര്‍ന്നുവരുന്നത് ദാവൂദിനെ അസ്വസ്ഥനാക്കി. അമറിനെ നശിപ്പിക്കേണ്ടത് ദാവൂദിന്റെ ആവശ്യമായി. അതിന് ചോട്ടാരാജനെ ചുമതലപ്പെടുത്തി. എന്നാല്‍, അമറിനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒന്ന്, അയാളുടെ ഒരു ഫോട്ടോപോലും ലഭ്യമായിരുന്നില്ല. തന്റെ ഫോട്ടോ എവിടെയും വരാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. മറ്റൊന്ന്, അയാള്‍ ലണ്ടന്‍, ബാങ്കോക്ക് എന്നിവിടങ്ങളില്‍ പറന്നുനടക്കുകയാണ്. കണ്ടുകിട്ടാന്‍ പ്രയാസം. പല പേരുകളില്‍ അഞ്ചോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ അയാള്‍ക്കുണ്ടായിരുന്നു. അപ്പോഴേക്കും അമര്‍ കുപ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. വിവിധ കേസുകളില്‍ അമറിനെ പോലീസ് തിരയുകകയായിരുന്നു. അമറിന്റെ ഫോട്ടോ കിട്ടാത്തത് പോലീസിനെയും കുഴക്കി.

അശ്വിന്‍ നായിക്

അശ്വിന്‍ നായിക്: പുതിയ താരോദയം

അപ്പോഴും, ദാദറിലെ സബ്ജി മാര്‍ക്കറ്റില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ രാപ്പകല്‍ കച്ചവടം ചെയ്യുകയായിരുന്നു അമറിന്റെ ചേട്ടന്‍ അജിത്. ഇളയവന്‍ അശ്വിന്‍ ഒരു ഗുജറാത്തി പെണ്‍കുട്ടിയെ വിവാഹം ചെയ്ത്, തന്റെ ജോലിയില്‍ മുഴുകി. പക്ഷേ, അവനെ ചോട്ടാ രാജന്‍ നോട്ടമിട്ടിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുക എന്ന മട്ടില്‍ രാജന്‍ അശ്വിനെ സ്‌കെച്ച് ചെയ്യാന്‍ തുടങ്ങി. ഭാര്യയോടൊപ്പം ഒരു ബാംഗ്ലൂര്‍ യാത്ര കഴിഞ്ഞ് ബോംബയില്‍ ഇറങ്ങി വെസ്‌റ്റേണ്‍ ഹൈവെയിലൂടെ വീട്ടിലേക്കു മടങ്ങവേ ചോട്ടാരാജന്റെ ഗുണ്ടകള്‍ അവരെ വളഞ്ഞു. വന്‍ വെടിവെപ്പുനടന്നു. അശ്വിനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, ആ ദിവസം തൊട്ട് അശ്വിന്‍ മറ്റൊരാളായി മാറി. ആര്‍ക്കും ഉപദ്രവമില്ലാതെ കഴിഞ്ഞിരുന്ന അശ്വിന്‍ തന്റെ സാത്വിക ഭാവം വലിച്ചെറിഞ്ഞ് ചേട്ടന്‍ അമറിനോടൊപ്പം ആയുധമെടുത്തു! അവന്‍ അവിടെ നിര്‍ത്തിയില്ല, കോടീശ്വരനായ ഭാര്യാ പിതാവ് ഹരിലാലിനൊപ്പം ഹവാലാ ഇടപാടില്‍ സജീവമായി. അമര്‍ നായിക്കിന്റെ സഹോദരന്‍ എന്ന കാരണത്താല്‍ അശ്വിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നുകൊണ്ടിരുന്നു. അമര്‍ നായിക്ക് മാത്രമല്ല അനുജനും അധോലോക ശത്രുക്കളുടെ തലവേദനയായി.

അമറിന്റെയും സഹോദരന്റെയും വളര്‍ച്ച ഏറ്റവും തലവേദനയുണ്ടാക്കിയത് അരുണ്‍ ഗാവ്‌ലിക്കായിരുന്നു. വരുമാനത്തില്‍ വലിയ ഇടിവ് വന്നതോടെ ഗാവ്‌ലി അശ്വിന്റെ പിറകെയായി. അശ്വിനുമായി നേരിട്ട് മുട്ടുക എളുപ്പമല്ലാത്തതിനാല്‍ ഗാവ്‌ലി അശ്വിന്റെ ഭാര്യാപിതാവും കോടീശ്വരനുമായ ഹരിലാലിനെ നോട്ടമിട്ടു. ഹരിലാലിനെ കൊല്ലാന്‍ താനിയ കോലി എന്ന വാടക ഗുണ്ടയുമായി ഗാവ്‌ലി കച്ചവടം ഉറപ്പിച്ചു. 1993- മെയ് അവസാന വാരം ഹരിലാല്‍ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ, വാടകക്കൊലയാളി താനിയ പിടിക്കപ്പെട്ട് ജയിലില്‍പോയി.

ജയിലിലേക്കുള്ള വഴി

ഹരിലാലിന്റെ മരണം അശ്വിനെ ക്ഷുഭിതനാക്കി. ഭാര്യാപിതാവിന്റെ ഘാതകന്‍ താനിയ ജയിലില്‍നിന്നിറങ്ങാന്‍ അയാള്‍ കാത്തിരുന്നു. ചേട്ടനോട് വെളിപ്പെടുത്താതെ അവന്‍ അതിനായി കരുക്കള്‍ നീക്കി. അമരാവതി ജയിലില്‍നിന്നും ബോംബെയിലേക്ക് വിദര്‍ഭ എക്‌സ്പ്രസില്‍ പോലീസ് അകമ്പടിയോടെ താനിയ പുറപ്പെട്ട വിവരം അശ്വിന്റെ ചെവിയിലെത്തി. അവന്‍ പ്ലാന്‍ തയ്യാറാക്കി.

തീവണ്ടിയുടെ ലഗേജ് ഡബ്ബയില്‍ ജനലിനോട് ചേര്‍ത്ത് കയ്യാമമിട്ട നിലയില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാത്രി ഒന്‍പതു മണിക്ക് താനിയയുമായി വിദര്‍ഭ എക്‌സ്പ്രസ്സ് കല്യാണ്‍ സ്റ്റേഷനില്‍ വന്നുനിന്നു. ആള്‍ക്കൂട്ടത്തില്‍ ആയുധധാരികളായ മൂന്ന് ചെറുപ്പക്കാര്‍ താനിയയെ കാത്തുനില്‍പ്പുണ്ടായിരുന്നു. ജനലഴിയില്‍ ബന്ധിക്കപ്പെട്ട താനിയക്ക് നേരെ അവര്‍ നിറയൊഴിച്ചു. പൊലീസ് അവരെ എതിരിട്ടു. ആള്‍ത്തിരക്കില്‍ ഓടാന്‍ പ്രയാസപ്പെട്ട അശ്വിന്‍ അടക്കമുള്ള അക്രമിസംഘത്തെ പോലീസ് വളഞ്ഞിട്ട് പിടിച്ചു. അശ്വിന്‍ ജയിലിലായി.

അനുജന്റെയും കൂട്ടുകാരുടെയും അറസ്റ്റും ഹരിലാലിന്റെ മരണവും നിരന്തര കേസുകളുമെല്ലാം ചേര്‍ന്ന് അമറിന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കി. അയാള്‍ പുതിയ മാര്‍ഗങ്ങള്‍ ആലോചിച്ചു. അരുണ്‍ ഗാവ്ലിയുടെ സാമ്രാജ്യത്തിലേക്കു നുഴഞ്ഞുകയറുക എന്നതായിരുന്നു അമറിന്റെ അപ്പോഴത്തെയും വലിയ ലക്ഷ്യങ്ങളില്‍ ഒന്ന്. ബൈക്കുളയിലെ മില്ലുടമകളില്‍ നിന്നും ഗാവ്ലിക്ക് കിട്ടുന്ന വമ്പിച്ച തുകയായിരുന്നു പ്രലോഭനം.

വാടകക്കൊലയാളി രവി സാവന്ത്

തീക്കളി തുടങ്ങുന്നു

അതിനിടെ, മറ്റൊരു സംഭവം നടന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്തിരുന്ന ഖട്ടാവോ മില്‍ പൂട്ടിപ്പോയി. മില്‍ വിറ്റ് മറ്റൊരിടത്തേക്ക് മാറാന്‍ ഉടമ സുമിത് ഖട്ടാവോ ശ്രമങ്ങള്‍ തുടങ്ങി. 500 കോടി മതിപ്പുവില പറഞ്ഞു കച്ചവടം ഉറപ്പിക്കാന്‍ ശ്രമിക്കെ തൊഴിലാളികള്‍ കോടതിയെ സമീപിച്ചു. വില്‍പ്പന നടത്താന്‍ തൊഴിലാളികളുടെ അനുമതി വേണമെന്ന് കോടതി നിഷ്‌ക്കര്‍ഷിച്ചു. ഖട്ടാവോ അരുണ്‍ ഗാവ്ലിയെ സമീപിച്ചു. ഗാവ്‌ലി ഇടനിലക്കാരനായി. വില്‍പ്പനയുടെ പത്തു ശതമാനം കമ്മീഷന്‍. കൂടാതെ മൂന്ന് കോടി ഇനാം. മുതലാളിക്കെതിരെ കട്ടയ്ക്കുനില്‍ക്കുന്ന തൊഴിലാളി നേതാവിനെ മാറ്റി പുതിയൊരാളെ കൊണ്ടുവരാന്‍ യേര്‍വാഡ ജയിലില്‍കിടന്ന് ഗാവ്ലി കരുനീക്കം നടത്തി. അത് വിജയിച്ചു. ഇത് അമര്‍ നായിക്കിന് സഹിച്ചില്ല. ഗാവ്ലി കോടീശ്വരന്‍ ആകുന്നതോര്‍ത്ത് അമറിന്റെ ഉറക്കം കെട്ടു. മില്‍ മുതലാളി ഖട്ടാവോയെ വധിക്കാന്‍ അമര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. അനുജന്‍ അശ്വിന്‍ ജയിലിലാണെങ്കിലും അമര്‍ തീരുമാനം മാറ്റിയില്ല.

ഓരോ ഗ്യാങ്ങിലും പരസ്പരം അറിയാവുന്ന ആളുകള്‍ ഉണ്ടാവും എന്നതാണ് അധോലോകത്തിന്റെ നാട്ടുനടപ്പ്. അവര്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറും. അങ്ങനെ സുമിത് ഖട്ടാവൊ വധിക്കപ്പെടാന്‍ പോകുന്ന വിവരം ഗാവ്ലിയുടെ ചെവിയിലെത്തി. പകരത്തിനു പകരം വീട്ടാന്‍ ഗാവ്ലി ഒരുങ്ങി. അയാള്‍ അശ്വിന്‍ നായിക്കിനെ ലക്ഷ്യമിട്ടു. 1994 ഏപ്രില്‍ 18-ന് കല്യാണിലെ കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടെ അശ്വിന്‍ നായിക്കിനെ ഗാവ്ലിയുടെ വാടകക്കൊലയാളി രവി സാവന്ത് വെടിവെച്ചു. കഴുത്തിനായിരുന്നു വെടിയേറ്റത്. പക്ഷേ, അശ്വിന്‍ മരിച്ചില്ല. അയാള്‍ പക്ഷാഘാതം വന്ന് വീല്‍ചെയറിലായി.

അതോടെ അമറിന് വാശിയായി. സുമിത് വധം ഇനി നീട്ടിക്കൊണ്ട് പൊയ്ക്കൂടാ. അതിനായി രണ്ടുപേരെ അമര്‍ നിയമിച്ചു. 1994 മെയ് ഏഴ്. അമര്‍ നിയോഗിച്ച വാടകക്കൊലയാളികള്‍ സുമിത്തിന്റെ പിറകെ സഞ്ചരിച്ചു. മഹാലക്ഷ്മിയിലെ റയില്‍വെ ക്രോസിങ്ങില്‍ വെച്ച് കൊലയാളികള്‍ സുമിത്തിന്റെ മേഴ്സിഡസ് ബെന്‍സ് ആക്രമിച്ചു. സുമിത്തിനും ഡ്രൈവര്‍ക്കുംനേരെ അവര്‍ വെടിവെച്ചു. പരിക്ക് പറ്റിയെങ്കിലും മനസ്സാന്നിധ്യം വെടിയാതെ ഡ്രൈവര്‍ കാറുമായി നായര്‍ ഹോസ്പിറ്റലിലേക്ക് കുതിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പേ ബോംബെയിലെ പ്രശസ്തനായ ആ മില്ലുടമ മരണപ്പെട്ടിരുന്നു.

വിജയ് സലാസ്‌കര്‍

പൂര്‍ണ്ണവിരാമം

അമര്‍ നായിക്കാണ് കൊല നടത്തിയതെന്ന് പകല്‍പോലെ തെളിഞ്ഞു. ഏറ്റുമുട്ടല്‍ വിദഗ്ധനായ പോലീസ് ഓഫീസര്‍ വിജയ് സലാസ്‌കറെ അന്വേഷണത്തിന് നിയോഗിച്ചു. അമറിന്റെ ചിത്രം ഒരിടത്തും ലഭ്യമല്ലാത്തത് അന്വേഷണത്തെ ബാധിച്ചു. പക്ഷേ വിജയ് സലാസ്‌കറും സംഘവും അതൊന്നും കാര്യമാക്കിയില്ല.

1996 ആഗസ്ത് പത്ത്. ബോംബെ സെന്‍ട്രലിലെ എസ് ഡി എ ഹൈസ്‌കൂള്‍ പരിസരം. അമര്‍ നായിക്ക് ഒരു യാത്ര കഴിഞ്ഞ് വരുന്നതിനിടെ സലാസ്‌കറിന്റെയും സംഘത്തിന്റെയും മുന്നില്‍ ചെന്നുപെട്ടു. അതിലൊരു പൊലീസുകാരന് അത് അമറാണോ എന്ന് സംശയമുണ്ടായി. മഫ്തിയിലുള്ള ആ പോലീസുകാരന്‍ ചുമ്മാ അമറിന്റെ അടുത്തു ചെന്നു.

'അമര്‍, എന്താണീ സമയത്ത് ഇവിടെ?' അയാള്‍ കുശലം പറയുന്ന മട്ടില്‍ ചോദിച്ചു. ഒരുറപ്പുമില്ലാത്ത വെറും ചോദ്യമായിരുന്നു അത്. പക്ഷേ, അമറിനെ ആ ചോദ്യം ഞെട്ടിച്ചു. പരിചയമില്ലാത്ത ഒരാള്‍ വന്നു കുശലം ചോദിക്കുന്നതില്‍ അപാകത കണ്ട അമര്‍ തൊട്ടടുത്ത നിമിഷം അയാള്‍ക്കുനേരെ നിറയൊഴിച്ചു.

ആ പൊലീസുകാരന്‍ ഒറ്റയ്ക്കായിരുന്നില്ല. അയാള്‍ക്കു പിറകില്‍, വിജയ് സലാസ്‌കാര്‍ ഉണ്ടായിരുന്നു. അധോലോകത്തിന്റെ നട്ടെല്ലില്‍ ഭീതിപടര്‍ത്തിയ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്. സലാസ്‌കറുടെ ഉന്നം പിഴച്ചില്ല. രാവണന്‍ എന്ന് വിളിപ്പേരുള്ള അമര്‍ നായിക്ക് വെടിയേറ്റുവീണു. അമര്‍ എന്ന ജീവിതം അവിടെ തീര്‍ന്നു.

…………………………………………….

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)