ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ യേഡാ ഗോപാലിന്റെ ജീവിതവും മരണവും. അടുത്ത ആഴ്ച ദിലീപ് ബുവ

ബോംബെ നഗരത്തിലെ ഏറ്റവും തിരക്കുള്ള ഇടങ്ങളില്‍ ഒന്നാണ് മുഹമ്മദലി റോഡ്. അവിടെനിന്ന് നെല്‍ബജാര്‍ വഴിയും ജെജെ ആശുപത്രിക്കു മുന്നില്‍നിന്ന് ടെങ്കര്‍ സ്ട്രീറ്റിലൂടെയും ഗിര്‍ഗാവ് കടല്‍ത്തീരത്തേക്ക് പോകുംവഴിക്കാണ് കാമാട്ടിപ്പുര. ഇന്ത്യയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചുവന്ന തെരുവുകളില്‍ ഒന്ന്.

ആള്‍ത്തിരക്കുള്ള റോഡിലൂടെ, സന്ധ്യയാകും മുന്‍പേ നടന്നോ വാഹനങ്ങളിലോ മുന്നോട്ടു നീങ്ങുക അത്ര എളുപ്പമല്ല. ഇരുവശവും നൂറുകണക്കായ യുവതികളാണ്. ഒപ്പം, ഹിജഡകളും പിമ്പുകളും. അവരെ ഭയക്കാതെ റോഡിലൂടെ നടക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. ഉപഭോക്താക്കള്‍ എന്ന് തോന്നിയാല്‍, യുവതികള്‍ അകത്തേക്ക് വലിച്ചുകൊണ്ടുപോകും. അല്ലാത്തവരെ ചേഷ്ടകള്‍ കാണിച്ചും ചൂളംവിളിച്ചും കൈത്താളമിട്ടും തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കും. താഴെനിലയില്‍ സ്ഥിതിചെയ്യുന്ന വേശ്യാലയങ്ങള്‍ക്ക് മുകളില്‍ കുടുംബസമേതം ആളുകള്‍ താമസിക്കുന്നുണ്ട്.

ചുവന്ന തെരുവിലെ ജീവിതങ്ങള്‍

എസ് വി പി റോഡ് (സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ റോഡ്) എന്നായിരുന്നു ഈ തെരുവിന് പേര്. സിനിമാശാലകളുടെ കേന്ദ്രമായ പീലാ ഹൗസിലേക്ക് (പ്ലേ ഹൌസ്) പലയിടങ്ങളില്‍നിന്നും വരുന്ന കുറുക്കുവഴികള്‍ കൂടിച്ചേരുന്നത് ഇവിടെയാണ്. കാലപ്പഴക്കമുള്ള അലങ്കാര്‍ തീയറ്ററും മറ്റനേകം സിനിമാശാലകളും ഇവിടെക്കാണാം. ചുവന്നതെരുവിലേക്കു പോകുന്ന യുവാക്കള്‍ പരിചയക്കാരെ കണ്ടുമുട്ടുമ്പോള്‍ അലങ്കാറിലേക്ക് സിനിമ കാണാന്‍ പോകുന്നു എന്ന് കളവുപറഞ്ഞു രക്ഷപ്പെടാറുണ്ട്.

ദാദമാര്‍, പിടിച്ചുപറിക്കാര്‍, പോക്കറ്റടിക്കാര്‍, ലൈംഗികത്തൊഴിലാളികള്‍, മദ്യപാനികള്‍, മയക്കുമരുന്ന് കച്ചവടക്കാര്‍, ചൂതുകളിക്കാര്‍, ഡ്യൂപ്ലിക്കേറ്റ് വസ്തുക്കള്‍ വില്‍ക്കുന്നവര്‍. എല്ലാാവരുടെയും ഇടമാണത്. തൊട്ടടുത്തു തന്നെയാണ് കളവുമുതലുകള്‍ വില്‍ക്കുന്ന ചോര്‍ബസാര്‍. ഇതെല്ലാം ചേരുമ്പോള്‍ അതൊരു വിഭ്രമലോകമായി മാറുന്നു. ഈ വിചിത്ര ലോകത്ത്, ആര്‍ക്കും ആരിലും വിശ്വാസമോ പ്രതിബദ്ധതയോ ഇല്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും, ദേവദാസി സമ്പ്രദായം പതിവായ കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നും അതിസുന്ദരികളായ പെണ്‍കുട്ടികള്‍ ചുവന്നതെരുവില്‍ വന്നുപെടുന്നത് സാധാരണ കാഴ്ചയാണ്. എന്ത് പ്രയാസം സഹിച്ചും കുടുംബം പോറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ട നിര്‍ഭാഗ്യവതികളാണവര്‍. ചുവന്നതെരുവില്‍ എത്തുന്ന, നൃത്തമറിയാവുന്ന സുന്ദരികളെ ഡാന്‍സ് ബാറുകളിലേക്ക് ആകര്‍ഷിച്ചു കൊണ്ടുപോകുന്നവരുണ്ട്. വേശ്യാലയ നടത്തിപ്പുകാര്‍ വന്‍തുക വാങ്ങി ബാറുടമകള്‍ക്ക് ഇവരെ കൈമാറുകയാണ്. ഡാന്‍സ് ബാറുകളില്‍ ചെന്നാല്‍, വന്‍കിട ബന്ധങ്ങളും സാമ്പത്തിക വരുമാനവും ഉറപ്പാണ്. ഈ പ്രലോഭനത്തില്‍ വീഴുന്ന പല പെണ്‍കുട്ടികളും ഡാന്‍സുബാറുകളില്‍ നര്‍ത്തകിമാരായും വിളമ്പുകാരായും ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്ന സാഖിമാരായും കഴിഞ്ഞുകൂടാറാണ് പതിവ്.

ധോല്‍ക്കിയമാരും ഷെട്ടിമാരും

അലങ്കാര്‍ തീയറ്ററിന് മുകളിലാണ് ബിസിനസ്സുകാരായ മഹേഷ്, അരവിന്ദ് ധോല്‍ക്കിയ സഹോദരന്മാര്‍ കുടുംബസമേതം താമസിക്കുന്നത്. ധനികരായ ഇരുവരും നിര്‍മ്മാണമേഖലയിലും മറ്റു വ്യവഹാരങ്ങളിലും മുഴുകിക്കഴിയുന്നു. അയല്‍ക്കാര്‍ക്കു പോലും അപരിചിതര്‍. ധോല്‍ക്കിയ കുടുംബത്തെക്കുറിച്ച് കാര്യമായി ആര്‍ക്കുമറിയില്ല. പക്ഷേ, മയക്കുമരുന്ന് കച്ചവടത്തിലും ഗുണ്ടായിസത്തിലും അവര്‍ പിറകിലായിരുന്നില്ല. പണമുണ്ടാക്കാന്‍ ഏത് വഴിയും സ്വീകരിക്കാന്‍ മടിക്കാത്തവര്‍.

അങ്ങനെയരിക്കെയാണ് ധോല്‍കിയ സഹോദരന്മാര്‍ ഒരു ഡാന്‍സ്ബാര്‍ നടത്താന്‍ പദ്ധതിയിട്ടത്. അക്കാലത്ത് ബാന്ദ്രയില്‍ ഡാന്‍സ് ബാറുകള്‍ കുറവായിരുന്നു. ഇഖ്ബാല്‍ മിര്‍ച്ചിയുടെ കിങ് ഫിഷര്‍, തൊട്ടുമുന്‍പില്‍ മയൂര എന്നിവ മാത്രം. വൈകാതെ ബാന്ദ്രയിലെ സീസര്‍ പാലസ് ഹോട്ടലില്‍ ധോല്‍കിയ സഹോദരന്മാര്‍ ഒരു ഡാന്‍സ് ബാര്‍ തുടങ്ങി.

അലങ്കാര്‍ തീയറ്ററിന് എതിര്‍വശത്താണ് പൂര്‍ണ്ണിമ നോണ്‍വെജ് റസ്റ്റോറന്റ്. സഹോദരന്മാരായ ഉദയ് ഷെട്ടിയും ശശി ഷെട്ടിയുമായിരുന്നു ഉടമകള്‍. മംഗലാപുരത്തുനിന്നുവരുന്ന ഷെട്ടിമാരില്‍ പലരും ബോംബെയിലെ ഹോട്ടല്‍ ബിസിനസുകാരാണ്. അരോഗദൃഢഗാത്രരും സുന്ദരന്മാരും സമ്പന്നരുമായ ഇക്കൂട്ടരെ കാഴ്ചയില്‍ തന്നെ തിരിച്ചറിയാം. നഗരത്തിലെ അവരുടെ അസോസിയേഷന്‍ പ്രബലമാണ്. അക്കാലത്ത് അവരുടെ തലപ്പത്തേക്ക് വരാന്‍ ശശിഷെട്ടി ആഗ്രഹിക്കുന്നുണ്ടായിരുന്നു.

അലങ്കാറില്‍ കരിഞ്ചന്തക്കു ടിക്കറ്റ് വില്‍ക്കുന്ന ഇസ്മായില്‍ എന്ന ചെറുപ്പക്കാരനായിരുന്നു എസ്വിപി റോഡിലെ ഹോട്ടലുടമകളുടെ പൊതുശത്രു. പല ഹോട്ടലുകളിലും സുഹൃത്തുക്കളോടൊപ്പം ഇസ്മായില്‍ കയറും. ഭക്ഷണം കഴിച്ചാല്‍ പണം നല്‍കാതെ ഇറങ്ങിപ്പോകും.പണം ചോദിച്ചാല്‍ അക്രമണം ഉറപ്പ്.

ബഡാരാജന്‍ എന്നറിയപ്പെട്ട രാജന്‍ നായരെപ്പോലെ സിനിമാ ടിക്കറ്റ് ബ്ലാക്കില്‍ വിറ്റ് ധനികനാവുക, ആളുകളെ ഭയപ്പെടുത്തി ഗുണ്ടായിസം നടത്തുക. അതായിരുന്നു ഇസ്മായിലിന്റെ സ്വപ്‌നം. സ്വന്തം ആധിപത്യം ഉറപ്പിക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഗതികെട്ട ഷെട്ടി സഹോദരന്മാര്‍ ഇസ്മായിലിനെ തുടച്ചുനീക്കാനുള്ള ശ്രമം തുടങ്ങി. ധോല്‍കിയ സഹോദരന്മാരുമായുള്ള സൗഹൃദം അതിന് ഉപയോഗപ്പെടുത്താമെന്ന് അവര്‍ കണക്കുകൂട്ടി.

തെരുവുഗുണ്ടകളുടെ അക്രമങ്ങള്‍ തടയിടാന്‍ നിയമപരമായി ഒരു വഴിയേയുള്ളൂ, ജയിലിടല്‍. എന്നാല്‍, കുറച്ചുനാള്‍ കഴിഞ്ഞാല്‍ അവര്‍ പുറത്തിറങ്ങു. പുറത്തുവന്നാല്‍, പൂര്‍വ്വാധികം ശക്തിയോടെവന്ന് അവര്‍ പകരം ചോദിക്കും. അതിനാല്‍, നിയമത്തിനു പുറത്തായിരുന്നു പരിഹാരം, ഉന്‍മൂലനം!

ഉന്മാദിയായ കൊലയാളി!

ആയിടയ്ക്കാണ് ഷെട്ടി സഹോദരന്മാരും അരുണ്‍ ഗാവ്ലി ഗ്രൂപ്പും തമ്മില്‍ ഇടയുന്നത്. വന്‍തുക ഹഫ്ത ചോദിച്ച് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. സഹികെട്ട ഷെട്ടിമാര്‍ ഗാവ്ലിയുടെ ഗുണ്ടാത്തലവന്‍ ബാബു ഗോപാല്‍ റെഷമിനെ വധിച്ചു. സഹായിച്ചത് ധോല്‍ക്കിയ സഹോദരന്മാരായിരുന്നു.

ഇതുപോലെ, ഇസ്മായിലിനെയും ഇല്ലാതാക്കാന്‍ ഷെട്ടിമാര്‍ തീരുമാനിച്ചു. അതിന് പറ്റിയ ഒരാളെ അവര്‍ ഇറക്കുമതി ചെയ്തു. യേഡാ ഗോപാല്‍ എന്ന ഭീകരന്‍, മറോള്‍ തെരുവിലെ വാടകഗുണ്ട. യേഡാ എന്നാല്‍ 'ഹിംസോന്മാദി. ചോര കൊണ്ട് മത്ത് പിടിച്ച കിറുക്കന്‍.

ബോംബെയിലെ ്രപശസ്തനായ ക്രൈം റിപ്പോര്‍ട്ടര്‍ വിവേക് അഗര്‍വാള്‍, രാജ് ഷമാനി എന്ന മാധ്യമ പ്രവര്‍ത്തകനുമായുള്ള ഒരഭിമുഖത്തില്‍ യേഡാ ഗോപാലിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: അയാള്‍ ഒരു സൈക്കോ ഗാങ്സ്റ്ററാണ്. ഹോട്ടലുകളിലും ബാറുകളിലും വ്യാപാര സ്ഥാപനങ്ങളിലും ചെന്ന് കാഷ് കൗണ്ടറില്‍ കയ്യിട്ട് ആവശ്യമുള്ള പണം വാരിയെടുക്കും. കയ്യില്‍ തോക്കുണ്ടാവും. അതിനാല്‍ ഉടമകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഡാന്‍സ് ബാറുകളില്‍ നിന്നാണെങ്കില്‍ കവര്‍ന്നെടുക്കുന്ന പണം നര്‍ത്തകികളുടെ നേരെ വാരിയെറിയും. കൂട്ടുകാരോട് വേണ്ടതെല്ലാം എടുത്തോളാന്‍ പറയും. ഡാന്‍സ് ബാറിലെ നര്‍ത്തകിമാരെ ചുമലില്‍ എടുത്തു പുറത്തേക്കുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബാറുടമകള്‍ക്ക് ഭയമായിരുന്നു അയാളെ. ശരിക്കും ഉന്മാദിയായ ഭീകരന്‍.

യേഡയെ രംഗത്തിറക്കിയതോടെ ഷെട്ടി സഹോദരങ്ങള്‍ക്ക് ആശ്വാസമായി.

യേഡയുടെ ആദ്യ കൊല!

തിരക്കുള്ള ഒരു വൈകുന്നേരം. പൂര്‍ണ്ണിമ റെസ്റ്റോറന്റിന് മുന്നില്‍ ഒരു വാക്ക് തര്‍ക്കമുണ്ടായി. കലി കയറിയ ഇസ്മായില്‍ ശശി ഷെട്ടിക്കുനേരെ കത്തിവീശി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഷെട്ടി തിരിച്ചടിക്കാനുള്ള പണി യേഡയെ ഏല്‍പ്പിച്ചു. തൊട്ടടുത്ത ദിവസം പൂര്‍ണ്ണിമയുടെ മുന്നില്‍ യേഡ ഇസ്മായിലിനെ കുത്തിക്കൊന്നു. പോലീസ് യേഡ ഗോപാലിനെയും ഷെട്ടിയെയും അറസ്റ്റ് ചെയ്തു. എന്നാല്‍ ഷെട്ടിഗ്രൂപ്പ് ഇടപെട്ട് ഇരുവരെയും ജാമ്യത്തില്‍ ഇറക്കി. ശശി ഷെട്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി ഷെട്ടിഗ്രൂപ്പ് രംഗത്തുവന്നു. പണമിറക്കാന്‍ ശക്തരായിരുന്നു ഷെട്ടിഗ്രൂപ്പ്.

തൊട്ടുപിന്നാലെ മറ്റൊന്നു കൂടി സംഭവിച്ചു. എതിരാളികളായ ഗാവ്‌ലി സംഘത്തിലെ കാലിയ ആന്റണിയെയും സുഭാഷ് ഠാക്കൂറിനെയും അവര്‍ വധിച്ചു. ആ കൊലപാതകം ഗാവ്ലിയെ ദുര്‍ബ്ബലമാക്കി. ഇസ്മായിലിന്റെ കൊലയോടെ യേഡ ഗോപാല്‍ പണം കിട്ടിയാല്‍ ആരെയും വധിക്കുന്ന വാടകക്കൊലയാളിയായി മാറി. യേഡ നടത്തിയ ആദ്യത്തെ കൊലപാതകമായിരുന്നു ഇസ്മായില്‍ വധം.

യേഡയെ ഞെട്ടിച്ച മലയാളി!

യേഡയെ ജയിലില്‍ പിടിച്ചിട്ട നാളുകളിലൊന്നാണ് ഒരു മലയാളി അതേ ജയിലിലെത്തിയത്. കോഴിക്കോട് കുറ്റ്യാടിക്കടുത്ത ഊരത്ത് സ്വദേശി വി പി കരുണന്‍. ഹാജി മസ്താന്റെ മകളുടെ ഭര്‍ത്താവ് ഷമീമിന്റെ സഹോദരി സീമയുടെ കാര്‍ഡ്രൈവറും അവരുടെ ഹോട്ടല്‍ മാനേജരുമായിരുന്നു കരുണന്‍. ഇടയ്ക്ക് ദാവൂദിന്റെ അമ്മയുടെ ഡ്രൈവറായും കരുണന്‍ ജോലിചെയ്തിരുന്നു. തോക്ക് കൈവശം വെച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കരുണനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത് ചങ്ങലയില്‍ ബന്ധിച്ചു കൊണ്ടുപോയ കരുണനെ പിറ്റേന്ന് ജയിലിനകത്താക്കി. സെല്ലില്‍ കാലെടുത്തുവെച്ച കരുണനെ തല്ലിച്ചതക്കാന്‍ യേഡ സഹതടവുകാരോട് ആജ്ഞാപിച്ചു. കരുത്തനായിരുന്നു കരുണന്‍. അയാളെ അത്ര പെട്ടെന്ന് കീഴടക്കാന്‍ അവര്‍ക്കായില്ല. 'ഇവന്‍ ദാദയാണോ' യേഡ സംശയം പ്രകടിപ്പിച്ചു. ഷമീമിന്റെ ഡ്രൈവര്‍ ആണെന്നറിഞ്ഞതോടെ യേഡ കരുണനെ കെട്ടിപ്പിടിച്ചു. അവര്‍ ചങ്ങാതിമാരായായി. ഇരുവരും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം യേഡ വന്ന് കരുണന്റെ കയ്യിലുണ്ടായിരുന്ന ജര്‍മ്മന്‍ നിര്‍മ്മിത റിവോള്‍വര്‍ ചോദിച്ചു വാങ്ങി. തിരികെ തരാമെന്ന് പറഞ്ഞാണ് അത് വാങ്ങിയതെങ്കിലും, പന്ത്രണ്ട് തിരകള്‍ കയറ്റാന്‍ ആവുന്ന ആ റിവോള്‍വര്‍ യേഡ പിന്നീട് തിരിച്ചു കൊടുത്തില്ല.

ഷെട്ടിമാരുടെ ഊരാക്കുടുക്കുകള്‍!

ബോംബെ സെന്‍ട്രലിനടുത്ത താര്‍ദേവിലാണ് അശോക് നഗര്‍. ചൂതുകളി, മയക്കുമരുന്ന് വില്‍പ്പന, കള്ളവാറ്റ് എന്നിവയുടെ കേന്ദ്രമാണത്. ഷെട്ടി സഹോദരന്മാര്‍ അവിടെ ചെറിയ തോതിലുള്ള 'ഹഡ്ഡകള്‍' തുടങ്ങി. എന്നാല്‍ ഷെട്ടികള്‍ക്ക് അവിടെ സ്ഥാനമുറപ്പിക്കാന്‍ അവിടുത്തുകാര്‍ അനുവദിച്ചില്ല. അത് നേരിടാന്‍ അവര്‍ യേഡയെ നിയോഗിച്ചു. യേഡ ദയ എന്ന ചെറുപ്പക്കാരനൊപ്പം അശോക് നഗറില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അവിടെ വെച്ച് എതിരാളികളില്‍ ഒരാളെ ഇരുവരും കൊല ചെയ്തു. പിന്നീട് ഇരുവരും ഒളിവില്‍പ്പോയി. അതോടെ പോലീസ് സമ്മര്‍ദ്ദത്തിലായി.

കൊലയാളികളെ ഹാജരാക്കാന്‍ അവര്‍ ശശി ഷെട്ടിയെ സമീപിച്ചു. ചില നിബന്ധനകളോടെ ഷെട്ടി അവരെ കോടതിക്ക് മുന്‍പില്‍ ഹാജരാക്കി. അന്ന് തന്നെ അവരെ ജാമ്യത്തില്‍ ഇറക്കി. പിന്നീട്, തങ്ങള്‍ക്ക് അലോസരമായി മാറിയ അരുണ്‍ ഗാവ്ലിയുടെ അനുയായി ബാബു ഗോപാല്‍ റെഷിമിനെ കൊല്ലാനുള്ള പദ്ധതിയിലായി ഷെട്ടി സഹോദരന്മാര്‍. ധോല്‍ക്കിയ സഹോദരന്മാരും അവര്‍ക്ക് പിന്തുണ നല്‍കി. 1987 -ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.

അതിനിടയില്‍, ഒന്നിന് പിറകെ ഒന്നായി ഷെട്ടി സഹോദരന്മാര്‍ കേസുകളില്‍ പെടാന്‍ തുടങ്ങി. അധോലോകത്തിന്റെ ആഴക്കടല്‍ അത്രയ്ക്ക് അപകടകരമാണ്. ഒരിക്കല്‍ ഇറങ്ങിയാല്‍ തിരിച്ചുനീന്താന്‍ അനുവദിക്കാത്ത വിധം അത് മുന്നോട്ടേക്ക് വിളിച്ചു കൊണ്ടുപോകും.

ഷെട്ടിമാര്‍ മാസങ്ങളോളം കോടതി കയറിയിറങ്ങി. ഹോട്ടല്‍ ബിസിനസ് അവതാളത്തിലായിക്കൊണ്ടിരുന്നു. തങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയ രണ്ടുപേരെയും വധിച്ചെങ്കിലും അതുണ്ടാക്കിയ പൊല്ലാപ്പുകള്‍ നേരിടാനാവാതെ അവര്‍ ആടിയുലഞ്ഞു. ഇനി മുന്നോട്ട് പോകാനാവില്ല എന്നറുപ്പായതോടെ അധോലോകത്ത് നിന്നും മാറിനില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. പൂര്‍ണ്ണിമ റെസ്റ്റോറന്റ് വാടകക്ക് കൊടുത്ത് മറ്റു ബിസിനസുകള്‍ ഉപേക്ഷിച്ചു ഇരുവരും കുടുംബസമേതം മംഗലാപുരത്തേക്ക് തിരിച്ചുപോയി.

യേഡയെത്തേടി വന്ന വെടിയുണ്ടകള്‍

അതിനിടെയാണ് ശരത്‌ഷെട്ടി തന്റെ ശത്രുവായ രമാനാഥ് പരദയെ കൊലപ്പെടുത്തിയത്. സ്വജാതിയില്‍പ്പെട്ട അനവധി പോലീസ് ഉദ്യോഗസ്ഥരുമായി രമാനാഥിന് നല്ല ബന്ധമായിരുന്നു. ആ സമയത്തു തന്നെയാണ് രമാനാഥ് പരദയുടെ കുടുംബത്തിലെ ഒരംഗവുമായി യേഡാ ഗോപാല്‍ വഴക്കിന് ചെന്നത്. വാങ്ങിയപണം തിരികെ കൊടുത്തില്ല എന്നോ ഏല്‍പ്പിച്ച ജോലി ചെയ്തില്ല എന്നോ മറ്റോ ആയിരുന്നു കാരണം. മാന്യരായിരുന്നു ആ കുടുംബം. കിറുക്കനായ യേഡയുമായി ഏറ്റുമുട്ടാന്‍ നില്‍ക്കാതെ അവര്‍ പൊലീസിനെ സമീപിച്ചു. അധോലോക സംഘങ്ങളുടെ അന്തകനായി അറിയപ്പെട്ടിരുന്ന പ്രദീപ് സൂര്യവംശി എന്ന പോലീസ് ഓഫിസര്‍ ഈ വിഷയം ഏറ്റെടുത്തു. പേരുകേട്ട എന്‍കൌണ്ടര്‍ സ്പെഷ്യലിസറ്റ് ആയിരുന്നു സൂര്യവംശി. ചോര്‍ഫാക്കിയ എന്നൊരു കൊടുംഗുണ്ടയെ കൊന്ന് സൂര്യവംശി പേരെടുത്ത കാലമാണത്.

സൂര്യവംശി യേഡയെ അന്ധേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. യേഡ മനസ്സില്ലാ മനേസ്സാടെ ചെന്നു. അയാളെയും കൂട്ടി സൂര്യവംശി അന്വേഷണത്തിന് പുറപ്പെട്ടു. നാലോളം പോലീസുകാരും ഒപ്പമതുണ്ടായിരുന്നു. വഴിക്ക് വെച്ച് യേഡ ഗോപാലിനെ സൂര്യവംശി വെടിവെച്ചു കൊന്നു. വണ്ടിയില്‍ നിന്നും ഇറങ്ങിയോടിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍ കൊലപാതകം എന്നാണ് പൊലീസ് പറഞ്ഞത്.

ഗോപാലിന്റെ മരണം വ്യാജ ഏറ്റുമുട്ടലിലായിരുന്നു എന്ന വാര്‍ത്ത പരക്കെ പ്രചരിച്ചു. ഗോപാല്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ വാതില്‍ തുറന്നു കൊടുത്തെന്നും ഇറങ്ങിയോടുമ്പോള്‍ വെടിവെച്ചു എന്നുമൊക്കെ പോലീസ് അവകാശപ്പെട്ടു.

ഏതായാലും, ബോംബെ നഗരത്തെ ചോരയില്‍ കുളിപ്പിക്കാനിറങ്ങിയാ ആ കൊലയാളിയുടെ ജീവിതം അവിടെ തീര്‍ന്നു. അറുപതിലേറെ കൊലപാതകങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ ഗോപാല്‍ ഉത്തരവാദിയായിരുന്നു എന്നാണ് പൊലീസ് കണക്ക്. അത്രയും കൊല നടത്താന്‍ ഏത് മനുഷ്യന് കഴിയും? ചെകുത്താനല്ലാതെ!

സാധാരണ കുടുംബത്തില്‍ പിറന്ന, അരക്കിറുക്കനായ ഈ ക്രിമിനല്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. മുഴുമിപ്പിക്കാതെപോയ യേഡയുടെ വീടുപണിയും കുടുംബത്തിന്റെ സംരക്ഷണവും പിന്നീട് ഏറ്റെടുത്ത് നടത്തിയത് ഷെട്ടിഗ്രൂപ്പ് ആയിരുന്നു

………………………………..

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍