ഒരു വര്‍ഷത്തെ സ്‌കൂള്‍ പഠനത്തിലുള്ള അപാകത ഭാവിയില്‍ ഈ കുട്ടികളുടെ ഭാവി ജോലിസാദ്ധ്യതകളില്‍ അഞ്ച് ശതമാനം വരുമാന നഷ്ടമുണ്ടാക്കുമെന്ന് അടുത്തിടെ ലോകബാങ്ക് നടത്തിയ  പഠനത്തില്‍ പറയുന്നു.  മെഡിക്കല്‍ പ്രവേശന പരീക്ഷ  ഉദാരമായി  നടത്തിയിട്ട് പെട്ടെന്ന് ദേശീയ  തലത്തിലുള്ള നീറ്റിലേക്ക് മാറിയപ്പോള്‍ തമിഴ്‌നാട്ടിലെ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസം പോലെയാകും കേരളത്തിലെ കുട്ടികള്‍ക്ക്, ഒരു പൊതു മത്സരപരീക്ഷയെ നേരിടേണ്ടി  വരുമ്പോള്‍ സംഭവിക്കുക.  

ആധുനിക വിദ്യാഭ്യാസ സമ്പ്രദായപ്രകാരമുള്ള രാജ്യത്തെ ആദ്യ കോളേജ് നിലവില്‍ വന്നത് കേരളത്തിലെ കോട്ടയത്താണ്. 1815-ലാണ് കോട്ടയത്തെ സി.എം.എസ് കോളേജ് പിറവിയെടുക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന കൊല്‍ക്കത്തയില്‍ ഹിന്ദു കോളേജ് ( ഇപ്പോഴത്തെ പ്രഡിഡന്‍സി സര്‍വ്വകലാശാല) വരുന്നതിനും രണ്ട് കൊല്ലം മുമ്പാണ് തിരുവിതാംകൂറില്‍ ഇന്ത്യയിലെ ആദ്യ കോളേജ് പിറവിയെടുത്തത്. അത് കോട്ടയത്തിനും കേരളത്തിനും നല്‍കിയ നേട്ടം ചെറുതല്ല. ആരും പട്ടിണി കിടക്കാത്ത രാജ്യത്തെ ഏക ജില്ലയായി കോട്ടയം അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് നൂറ്റാണ്ടിനു മുമ്പ് പാകിയ ആധുനിക വിദ്യാഭ്യാസ ത്തിന്റെ ഗുണഫലമായി വേണം ഈ നേട്ടത്തെ കാണാന്‍.

അതേ കോട്ടയത്തെ പ്രശസ്തമായ ഒരു പഴയ കോളേജില്‍ നിന്നാണ് ബിരുദത്തിന് അപേക്ഷിച്ചിരുന്ന ഒരു കുട്ടിയോട് 'ഇങ്ങോട്ടു ചേര്‍ന്നു കൂടെ'യെന്ന വിളി വരുന്നത്. 'സഹായം എന്തെങ്കിലും ആവശ്യമുണ്ടോ' എന്നാണ് വിളിക്കുന്നവര്‍ കുട്ടിയോട് ചോദിക്കുന്നത്. 'ഇല്ല വരുന്നില്ല' എന്ന് പറഞ്ഞാലും രണ്ട് നാള്‍ കഴിഞ്ഞ് മനസ്സ് മാറിയോയെന്നറിയാന്‍ വീണ്ടും വിളി വരും. കുട്ടി ബിരുദത്തിന് ചേര്‍ന്ന അതേ ജില്ലയിലെ കോളേജിലാകട്ടെ പഠനം തുടരാന്‍ പ്രേരണയും പ്രോത്സാഹനവും ധാരാളം. ജില്ലയിലെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് കോളേജുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കരസ്ഥമാക്കാനും നിലനിറുത്താനുമായി കോളജുകാര്‍ പെടാപ്പാട് പെടുന്നത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ നല്ലൊരു ശതമാനം കോളേജുകളിലെയും അവസ്ഥ ഏതാണ്ട് ഇത് തന്നെയാണ്. നല്ല സര്‍വ്വകലാശാല ക്യമ്പസുകളിലും വലിയ നഗരങ്ങളിലെ ചില പ്രശസ്ത കലാലയങ്ങളിലുമൊഴികെ കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങളിലെയും അവസ്ഥ ശോഭനമല്ല. ഗണിതശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം , വാണിജ്യം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്കെല്ലാം ഇതേ അവസ്ഥയാണ്. പണ്ടൊക്കെ ചില ഭാഷാ വിഷയങ്ങള്‍ക്കും ചരിത്ര, ഫിലോസഫി കോഴ്‌സുകള്‍ക്കും ഉണ്ടായിരുന്ന ദുര്‍ഗതിയാണ് ഇപ്പോള്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് പോലും. കാരണങ്ങള്‍ പലതാണ്. എന്‍ജിനീയറിങ്ങ് കോളേജുകളില്‍ ഏതാനും വര്‍ഷം മുമ്പ് തുടങ്ങിയ ആളെകിട്ടാനില്ലാത്ത അവസ്ഥ ഇപ്പോള്‍ ആര്‍ടസ് ആന്‍ഡ് സയന്‍സ് കോളേജുകളെയും ബാധിച്ചിരിക്കുന്നു. കോവിഡ് മൂലം നമ്മുടെ വിദ്യാര്‍ത്ഥികള്‍ കേരളം വിട്ട് അന്യ ദേശങ്ങളില്‍ പോകില്ലെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ നടന്നത് അതല്ല. 

ബംഗലുരു ട്രെന്റ് 

ഏതാനും വര്‍ഷം മുമ്പ് പഴയ കോളേജ് സഹപാഠി അവരുടെ മകളുടെ ആവശ്യത്തിനായി എന്നെ വിളിച്ചു. മകള്‍ക്ക് ജേണലിസം പഠിക്കണം, ഒന്ന് സഹായിക്കണം . ഞാന്‍ താരതമ്യേന മെച്ചപ്പെട്ട ചില സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ചില സ്ഥാപനങ്ങളെപ്പറ്റി പറഞ്ഞു കൊടുത്തു. അവര്‍ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വിളിച്ച് ആശയക്കുഴപ്പമുള്ള പോലെ സംസാരിച്ചു. മകളോട് ഞാന്‍ നേരിട്ട് സംസാരിച്ചപ്പോള്‍ കാര്യം വ്യക്തമായി. 

ജേണലിസത്തിനപ്പുറം കുട്ടിയുടെ ആഗ്രഹം ബംഗലൂരിവില്‍ പഠിക്കണമെന്നതാണ്. ഒന്നു കൂടി തിരക്കിയിട്ട് അടുത്ത ദിവസം ഞാന്‍ എന്റെ സഹപാഠിയോട് കാര്യം പറഞ്ഞു. മകള്‍ക്ക് ചേരുന്ന സ്ഥാപനം ബംഗലൂരൂവില്‍ നിര്‍ദ്ദേശിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചു. ഏതെങ്കിലും സുരക്ഷിതമായ സ്ഥാപനം മതിയെന്നായി ഒറ്റ മകള്‍ മാത്രമുള്ള ആ അമ്മ. എന്റെ സഹപ്രവര്‍ത്തകയോട് തിരക്കി ഞാനൊരു സ്ഥാപനം നിര്‍ദ്ദേശിച്ചു. എന്നാല്‍ ആ കുട്ടി അവള്‍ക്കിഷ്ടമുള്ള ബംഗലൂരുവിലെ മറ്റൊരു സ്ഥാപനത്തിലാണ് ചേര്‍ന്നത്. ഒട്ടും നല്ല ശിക്ഷണമൊന്നുമല്ല അവിടന്ന് കിട്ടിയതെന്നറിഞ്ഞു. 

ബംഗലൂരു ട്രെന്‍ഡ് തുടരുക തന്നെയാണ്. മുംബൈയില്‍ താമസിക്കുന്ന എന്റെ മറ്റൊരു സഹപാഠിയുടെ മകള്‍ക്ക് അവിടെ തന്നെ നല്ല രീതിയില്‍ പഠിക്കാന്‍ അവസരമുണ്ടായിട്ടും അവള്‍ തെരഞ്ഞെടുത്തത് അതേ സ്ഥാപനത്തിന്റെ താരതമ്യേന പുതിയ ബംഗലൂരു ശാഖയായിരുന്നു. ഇതു പോലെ നിരവധി സംഭവങ്ങള്‍ നമ്മുടെ പരിചയക്കാരുടെ മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ നടന്നു. എന്റെ മകന്റെയും ആഗ്രഹം തിരുവനന്തപുരം വിട്ടു ബിരുദപഠനത്തിന് പേകണമെന്നായിരുന്നു, പക്ഷേ അവന് ഇഷ്ടപ്പെട്ട കോഴ്‌സിന് പ്രവേശനം ലഭിച്ച സ്ഥാപനം തിരുവനന്തപുരത്തായിരുന്നു. ഇവിടെ നഗരങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. കൂടുവിട്ട് കൂടുമാറണമെന്ന പുതു തലമുറയുടെ സ്വാതന്ത്ര്യ ദാഹമാണ് കാര്യം.

ഓണ്‍ലൈന്‍ പഠനത്തിലെ പ്രശ്‌നങ്ങള്‍

എന്നാല്‍ കോവിഡ് കാര്യങ്ങളെ കീഴ്‌മേല്‍ മറിച്ചു. അന്യ നാടുകളിലും വിദേശരാജ്യങ്ങളിലും പഠിക്കാന്‍ ചേര്‍ന്ന കുട്ടികൾ നാട്ടില്‍ തിരിച്ചെത്തിയത് തന്നെ കഷ്ടപ്പെട്ട്. പിന്നീട് കഴിഞ്ഞ രണ്ടു വര്‍ഷവും അവര്‍ പഠിച്ചത് വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ . കഴിഞ്ഞ വര്‍ഷം അതിനാല്‍ തന്നെ പല കുട്ടികളും പ്രവേശനം നേടിയത് കേരളത്തിലെ സ്ഥാപനങ്ങളിലായിരുന്നു. കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് ഇത് ഡിമാന്റ് വര്‍ദ്ധിപ്പിച്ചു. മാത്രമല്ല ബംഗലൂരൂവിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന ചില സ്ഥാപനങ്ങള്‍ കേരളത്തിലും കടതുറന്നു. കഴിഞ്ഞ വര്‍ഷവും കോവിഡ് പിടിമുറുക്കിയതിനാല്‍ പഠനം ഓണ്‍ലൈനില്‍ തന്നെയായിരുന്നു. 

പൊതുവേ കേരളത്തിലെയും രാജ്യത്തെയും ഒട്ടു മിക്ക സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പഠനത്തില്‍ ഏറെക്കുറെ പരാജയമായിരുന്നു. സ്ഥാപനങ്ങളുടെ തയ്യാറെടുപ്പ്, സാങ്കേതിക അപര്യാപ്തത, സിലബസിനെ ഈ ബോധന രീതിയിലേക്ക് വിളക്കി ചേര്‍ക്കുന്നതിലെ പരാജയം, അദ്ധ്യാപകര്‍ക്ക് ഈ രീതിയിലേക്ക് മാറാനാവാത്തത്, വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനം സ്വീകരിക്കുന്നതിലെ പ്രാപ്തിക്കുറവ്, ആവശ്യത്തിന് സ്വീകരണ ഉപകരണങ്ങള്‍ ഇല്ലാത്തത്, ഇന്റര്‍നെറ്റ് ഡാറ്റാ സേവനങ്ങളുടെ സ്ഥിരതയില്ലായ്മ അങ്ങനെ ഒട്ടേറേ കാരണങ്ങളുണ്ട്. 

ശാസ്ത്ര സാങ്കേതിക മേഖലയിലെ വരേണ്യ സ്ഥാപനങ്ങളായ ഐ. ഐ. ടിയും, എന്‍. ഐ. ടിയും, ഐസറും അടക്കമുള്ളവയിലും കാര്യങ്ങള്‍ തഥൈവയായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ഒരു ഇന്ത്യന്‍ പരാജയ കഥ. മറ്റെല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങളും അടച്ചിടണമെന്ന് കൊവിഡ് കാലത്ത് ഡോക്ടര്‍മാര്‍ മുറവിളികൂട്ടിയെങ്കിലും ഭൂരിപക്ഷം മെഡിക്കല്‍ കോളേജുകളിലും തഞ്ചത്തില്‍ പഠനം തുടര്‍ന്നു. കൂനിന്‍മേല്‍ കുരുവെന്ന പോലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ വെറും പ്രഹസനമായി. ലഘുകരിച്ച സിലബസില്‍ നടത്തിയ പരീക്ഷകള്‍ അവരവരുടെ വീട്ടിലിരുന്ന് എഴുതിയ കുട്ടികളില്‍ വ്യാപകമായ കോപ്പിയടി നടന്നതായി ആരോപണം വന്നു. കേരള സാങ്കേതിക സര്‍വ്വകലാശാലക്കടക്കം ഓണ്‍ലൈന്‍ പരീക്ഷകള്‍ റദ്ദാക്കേണ്ടി വന്നു. 

അവിടെയാണ് കേരളം തിളങ്ങിയത്. കോവിഡ് ബാധ വ്യാപകമായിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പരീക്ഷ നടത്താന്‍ തീരൂമാനിച്ചു. ഉന്നത കോടതികള്‍ വരെ നീണ്ട നിയമയുദ്ധങ്ങളില്‍ പോരാടി കേരളം ആ തീരുമാനം നടപ്പാക്കി. സി ബി എസ് സിക്കു പോലും സാധിക്കാത്തത് കേരള വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി. അതും തെരഞ്ഞടുക്കാവുന്ന മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ക്ക് പകരം സാധാരണ വിവരണ (ഡിസ്‌ക്രിപ്റ്റീവ് ) ശൈലിയിലുള്ള പരീക്ഷ തന്നെ നടത്തി. 

മാര്‍ക്ക് ബോംബെറിഞ്ഞോ നമ്മള്‍? 

അത്രയും നല്ലത്. പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതോ? വെട്ടിക്കുറച്ച് സിലബസില്‍, അതും ഫോക്കസ് ഏരിയയിലേക്ക് ചുരുക്കിയാണ് പരീക്ഷ നടത്തിയത്. 40 മാര്‍ക്കിനാണ് ഉത്തരം നല്‍കേണ്ടതെങ്കിലും 80 മാര്‍ക്കിന് ചോദ്യം നല്‍കി. വളരെ ഉദാരമായി മൂല്യനിര്‍ണ്ണയം നടത്തി. ഫലമോ നന്നായി പഠിച്ച് പരീക്ഷ എഴുതിയവര്‍ക്കും നന്നായി ഉഴപ്പിയവര്‍ക്കും തമ്മില്‍ വലിയ വ്യത്യാസമില്ലാതെ മാര്‍ക്ക് കിട്ടി. എ പ്‌ളസിന് ഒരു വിലയുമില്ലാതെയായി. പത്തിനും പന്ത്രണ്ടിനും വന്‍ മാര്‍ക്കുമായി കേരളകുട്ടികള്‍ രാജ്യമെങ്ങും പടര്‍ന്നു. കോവിഡ് അയഞ്ഞപ്പോള്‍ വീര്‍പ്പുമുട്ടിയിരുന്ന കുട്ടികള്‍ പുറത്തേക്ക് പ്രവഹിക്കാന്‍ ആഞ്ഞു. ദില്ലി സര്‍വ്വകലാശാല കോളേജുകളില്‍ നമ്മുടെ കുട്ടികള്‍ നല്ലൊരു ശതമാനം പ്രവേശനം നേടി. ഇതിനെ മാര്‍ക്ക് ജിഹാദ് എന്നൊരു വടക്കേയിന്ത്യന്‍ അദ്ധ്യാപകന്‍ വിമര്‍ശിച്ചതും വലിയ കോലാഹലം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ പ്രയോഗവും സമുദായികമായി ചിത്രീകരിച്ചതും ചോദ്യം ചെയ്യപ്പടേണ്ടപ്പോഴും നമ്മള്‍ മാര്‍ക്ക് ബോംബെറിഞ്ഞില്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകുമോ?

അടുത്തിടെ വന്ന പ്‌ളസ് വണ്‍ മുല്യനിര്‍ണ്ണയത്തിലും ഉദാരമായ സമീപനമാണ് പുലര്‍ത്തിയതെന്ന് ആക്ഷേപമുണ്ട്. അത് ബന്ധപ്പെട്ടവര്‍ പരിശോധിച്ച് അഗ്‌നിശുദ്ധി വരുത്തട്ടെ. കാരണം പലതുണ്ടാകാം. പക്ഷേ നമ്മുടെ കുട്ടികള്‍ നന്നായി പഠിച്ചുവെന്ന് പറയാനാവുമോ? അദ്ധ്യാപകര്‍ നന്നായി പഠിപ്പിച്ചുവെച്ച് പറയാനാവുമോ? ഇതിന് സ്‌റ്റേറ്റ്, സി.ബി.എസ്.സി ,ഐ.സി.എസ്.സി വ്യത്യാസമൊന്നുമില്ല കേട്ടോ. പല കേന്ദ്രീയ വിദ്യാലയങ്ങളിലും വളരെ മോശമായ അദ്ധ്യയനമാണ് നടന്നതെന്നാണ് അറിയുന്നത്. അവിടെയും പല പാഠഭാഗങ്ങളും ഒഴിവാക്കിയാണ് ക്‌ളാസ്സുകള്‍ നടത്തുന്നത്. താഴത്തെ ക്‌ളാസ്സിലെ പാഠങ്ങള്‍ വിഴുങ്ങിയാല്‍ എങ്ങനെ മുകളിലത്തേ തുടര്‍ പഠനം ശരിയാകും? ഇത് ജിവിത കാലം മുഴുവന്‍ അവരെ പ്രാപ്തിക്കുറവിലേക്ക് നയിക്കില്ലേ? 

ഒരു വര്‍ഷത്തെ സ്‌കൂള്‍ പഠനത്തിലുള്ള അപാകത ഭാവിയില്‍ ഈ കുട്ടികളുടെ ഭാവി ജോലിസാദ്ധ്യതകളില്‍ അഞ്ച് ശതമാനം വരുമാന നഷ്ടമുണ്ടാക്കുമെന്ന് അടുത്തിടെ ലോകബാങ്ക് നടത്തിയ പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷ ഉദാരമായി നടത്തിയിട്ട് പെട്ടെന്ന് ദേശീയ തലത്തിലുള്ള നീറ്റിലേക്ക് മാറിയപ്പോള്‍ തമിഴ്‌നാട്ടിലെ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസം പോലെയാകും കേരളത്തിലെ കുട്ടികള്‍ക്ക്, ഒരു പൊതു മത്സരപരീക്ഷയെ നേരിടേണ്ടി വരുമ്പോള്‍ സംഭവിക്കുക. സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ പകുതി എന്‍ട്രന്‍സ് മാര്‍ക്കും പകുതി പത്രണ്ടാം ക്‌ളാസ്സ് മാര്‍ക്കുമാണ്. ഇത് ഉദാരമായി മാര്‍ക്ക് കിട്ടുന്ന കേരളത്തിലെ കുട്ടികള്‍ക്ക് പ്രയോജനം കിട്ടാം ( കോവിഡ് മൂല്യനിര്‍ണ്ണയ മാനദണ്ഡം മൂലം സമര്‍ത്ഥരും ചുളുവില്‍ മാര്‍ക്ക് നേടിയവരും ഒരു പോലെ പരിഗണിക്കപ്പെടുനന്ത് എന്ത് കഷ്ടമാണ്). ഇവര്‍ പക്ഷേ കേന്ദ്ര എന്‍ജിനീയറിങ്ങ്, ശാസ്ത്ര എന്‍ട്രന്‍സ് പരീക്ഷകളില്‍ കുഴങ്ങി പോകും. അതിന് നീറ്റ് പോലെ പ്രവേശന പരീക്ഷാ മാര്‍ക്ക് മാത്രമാണ് മാനദണ്ഡം. 

ഏതായാലും രവീന്ദ്രനാഥ്, ശിവന്‍കുട്ടി മന്ത്രിമാരുടെ ടീം നടത്തിയ മാര്‍ക്കേറ് വിനയായത് മന്ത്രി ബിന്ദുവിനും സംഘത്തിനുമാണ്. കേരളത്തില്‍ നിന്ന് ആരും പുറത്ത് പഠിക്കാന്‍ പോകില്ലെന്ന് കണക്കുകൂട്ടിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജുകളില്‍ ഇഷ്ടംപോലങ്ങ് സീറ്റ് കുട്ടി. 40 പേരൊക്കെയുണ്ടായിരുന്ന ബിരുദ സീറ്റുകള്‍ ഇരട്ടിയോളം, അതായത് 70 വരെയായി കൂട്ടി. കേരളത്തില്‍ പല തരത്തില്‍; സര്‍ക്കാര്‍, സ്വകാര്യ, എയിഡഡ്, സ്വാശ്രയം, ഓട്ടണമസ് ഇങ്ങനെ കോളേജുകളും, കോഴ്‌സുകളും അടുത്ത വര്‍ഷങ്ങളിലായി കൂടിയിട്ടുണ്ട്. കേരളത്തിലെ പ്രധാന സേവന വ്യവസായങ്ങളിലൊന്നാണ് വിദ്യാഭ്യാസം. ബജറ്റിലെ മുന്തിയ നീക്കിയിരുപ്പം ഈ മേഖലയിലാണ്. മാത്രമല്ല എയിഡഡ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും, അദ്ധ്യാപക, അനദ്ധ്യാപക നിയമനത്തിനുമായി വന്‍ കോഴയും ഒഴുകുന്നുണ്ട്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയിഡഡ് സ്ഥാപനങ്ങളില്‍ 50 ലക്ഷവും മുകളിലുമൊക്കെയാണ് കോഴ. വിദ്യാര്‍ത്ഥി പ്രവേശനത്തിനും കാശ് മറിയുന്നുണ്ട്. വിലപ്പെട്ട വിഷയങ്ങളില്‍ 5 ലക്ഷം വരെ ബിരുദ പ്രവേശനത്തിന് കോഴയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം തടസ്സപ്പട്ടിരിക്കുന്നു. പല കോളേജുകളിലും ചില വിഷയങ്ങളില്‍ പകുതി സീറ്റീല്‍ പോലും പ്രവേശനം നടന്നിട്ടില്ല. നിലവാരം ഉറപ്പിക്കാന്‍ ചില സ്വകാര്യ കോളേജുകള്‍ മുഴുവന്‍ സീറ്റീലും പ്രവേശനം വേണ്ടെന്നു വയ്ക്കാനൊരുങ്ങിയതാണ്. എന്നാല്‍ ആനുപാതികമായേ മാനേജ്‌മെന്റ്‌റ് ക്വാട്ടയില്‍ പ്രവേശനം സാധിക്കൂ എന്നതിനാല്‍ ഇതത്ര എളുപ്പമല്ല. ചില കോളേജുകളെങ്കിലും മാനേജ്‌മെന്റ് ക്വാട്ടയിലെ ഗുണമേന്‍മ ഉറപ്പിക്കാന്‍ പ്‌ളസ് ടുവിന് പകരം പത്താം ക്‌ളാസ്സിലെ മാര്‍ക്കാണ് ഔദ്യോഗികമല്ലെങ്കിലും നിലവാര മാനദണ്ഡമാക്കുന്നത്.

അടുത്തക്കാലം വരെ ബികോമിന് നല്ല ഡിമാന്റുണ്ടായിരുന്നു. ലക്ഷങ്ങള്‍ കൊടുത്താണ് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ഉറപ്പാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ തിരക്കില്ല. കുട്ടികള്‍ക്ക് കൊമേഴ്‌സിനോട് പഴയ ആകര്‍ഷണമില്ല. സാഹിത്യ ഭാഷാ പഠന താത്പര്യത്തോടെ ഇംഗ്ലീഷ് ബിരുദ പഠനത്തിനെത്തുന്നവര്‍ പോലും ബിരുദാനന്തര ബിരുദത്തിന് മറ്റ് വിഷയങ്ങള്‍ തേടി പോകുന്നു. ഇംഗ്ലീഷ് പഠനം ലഘൂകരിച്ച് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷാക്കിയത് പലയിടത്തും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. കോവിഡാനന്തരം ചില കോളേജുകളിലെങ്കിലും ഡിമാന്റ് വന്നിട്ടുള്ളത് സോഷ്യല്‍ വര്‍ക്ക് പഠനത്തിനാണ്. എം.എസ്.ഡബ്‌ളിയൂ സീറ്റുകള്‍ക്ക് തെറ്റില്ലാത്ത ഡിമാന്റുണ്ട്. കോവിഡ് മുലവും യൂറോപ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന വൃദ്ധജന വര്‍ദ്ധനയാലും നഴ്‌സിങ്ങ് മേഖല ഉണര്‍ന്നിട്ടുണ്ട്. വന്‍ തോതില്‍ യൂറോപ്പിലേക്ക് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് നടക്കുന്നതിനാല്‍ പല പെണ്‍കുട്ടികളും വിദേശത്തേക്ക് പോകുന്നു. 

കമ്പ്യൂട്ടര്‍ സയന്‍സും അനുബന്ധ മേഖലകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്ങ് ,ഡാറ്റാ സയന്‍സ് , ബ്‌ളോക്ക് ചെയിന്‍, ഇന്റനെറ്റ് ഓഫ് തിങ്ങസ്, ബയോ എന്‍ജീനിയറിങ്ങ് തുടങ്ങിയ മേഖലകളിലും അവസരമുണ്ട്. പക്ഷേ നമ്മുടെ മുന്തിയ എന്‍ജിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ളിടത്ത് ഇതിനൊക്കെയുള്ള നല്ല ലാബുകളോ, പറ്റിയ അദ്ധ്യാപകരോ ഇല്ല. ഇത്തരം കോഴ്‌സുകള്‍ക്കുള്ള വര്‍ഷങ്ങളായുള്ള പ്രപ്പോസലുകള്‍ക്കൊന്നും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിച്ച് പരമ്പരാഗത വിഷയങ്ങളില്‍ ചില സര്‍ക്കാര്‍ കോളേജുകളില്‍ പോലും സീറ്റാഴിഞ്ഞു കിടക്കുകയാണ്. സിവിലിനും മെക്കാനിക്കലിനും ഇലക്ട്രിക്കലിനും മാത്രമല്ല ഇലക്ട്രോണിക്‌സിനു പോലും പകുതിയിലേറെ സീറ്റൊഴിഞ്ഞു കിടക്കുന്നു എന്നത് അറിയണം.

ഇല്ലായ്മയുടെ ആധിക്യം 

രണ്ടാമത്തെ പ്രധാന പ്രശ്‌നം പണമില്ലായ്മയാണ്. ഉന്നത വിദ്യാഭ്യാസത്തെ കൃത്യമായ ദിശയിലേക്ക് നയിക്കാനും അവിടെ മുതല്‍മുടക്കാനുമൊന്നും പണം സര്‍ക്കാറിനുമില്ല, സ്വകാര്യ മേഖലക്കുമില്ല. സര്‍ക്കാര്‍ സര്‍വ്വകലാശാലകളില്‍ പോലും പല വകുപ്പുകളിലും മേധാവികള്‍ അടക്കം കരാര്‍ അഥവാ ഗസ്റ്റായിട്ടാണ് പണിയെടുക്കുന്നത്. നാക് അക്രഡിറ്റേഷനില്‍ കേരളത്തിലെ ചില സര്‍വ്വകലാശാല ക്യാമ്പസുകള്‍ക്ക് പോലും ഉയര്‍ന്ന ഗ്രേഡ് ലഭിക്കാതെ പോയത് ഇതിനാലാണ്. കണ്ണൂര്‍ സര്‍വ്വകലാശാല ഉദാഹരണം. 

അധ്യാപകരുടെ കുറവ് ദേശിയ തലത്തില്‍ തന്നെ പ്രശ്‌നമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍, 2015-16ല്‍ 15,18,813 അദ്ധ്യാപകരുണ്ടായിരുന്നിടത്ത്, 2019-20-ല്‍ 15,03,156 പേരായി കുറഞ്ഞു. (ഉന്നത വിദ്യാഭ്യാസ അഖിലേന്ത്യാ സര്‍വ്വേ 2019-20) . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടിയിട്ടു പോലും അദ്ധ്യപകര്‍ കുറയുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ബജറ്റ് സഹായം വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഭാഷാ വിഷയങ്ങള്‍ക്കടക്കം ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ലാബകള്‍ സെറ്റ് ചെയ്താലേ ഫലവത്താകൂ. വിഷയ വിദഗദ്ധരടക്കം മികച്ച അദ്ധ്യാപകരെയും കൊണ്ടു വരണം. ഇന്ത്യയിലെ തന്നെ ന്യൂ ജനറേഷന്‍ യൂണിവേഴ്‌സിറ്റികളില്‍ മികച്ച പഠനം ഉറപ്പാക്കുന്നത് വന്‍ പണം മുടക്കിയാണ്. അടുത്തിടെ അശോക യൂണിവേഴിസിറ്റിയിലേക്ക് മകന് ബിരുദപഠനത്തിന് പ്രവേശനം ലഭിച്ച സുഹൃത്ത് പറഞ്ഞത് മൂന്നു വര്‍ഷത്തെ പഠനത്തിനും അനുബന്ധചെലവകള്‍ക്കുമായി നാല്‍പ്പത് ലക്ഷം രൂപയോളമാവും എന്നാണ്. പകുതിയെങ്കിലും സ്‌കോഷര്‍ഷിപ്പ് കിട്ടിയില്ലെങ്കില്‍ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും സുഹൃത്ത് പറഞ്ഞു. നമ്മുടെ നാട്ടിലെ അര ശതമാനത്തിന് പോലും ഈ തുക മുടക്കി കുട്ടികളെ പഠിപ്പിക്കാനാകുമോ? 2021-ലെ ബജറ്റില്‍ ഐ.ഐ.ടികള്‍ക്ക് 7,696 കോടിയും, കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് 7,643.26 കോടിയുമാണ് നീക്കി വച്ചിട്ടുള്ളത്. ഇത്തരം ദേശിയ പ്രാധാന്യമുള്ള കലാലയങ്ങളില്‍ പഠിക്കുന്നവരില്‍ നല്ലൊരു പങ്കും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി രാജ്യം വിട്ടു പോകുന്നു. നമ്മുടെ സംസ്ഥാന സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരാണ് രാജ്യത്തെ ഗ്രാമീണ മേഖലയോ സേവിക്കുന്നത്. ആ സ്ഥാപനങ്ങള്‍ക്ക് തുലോം കുറവാണ് ബജറ്റ് വിഹിതം.


വിദേശത്തേക്കുള്ള കുത്തൊഴുക്ക് 

പണമുള്ളവരുടെ മക്കളൊക്കെ വിദേശത്തേക്ക് ഒഴുകുന്നു. മുമ്പൊക്കെ ബിരുദാനന്തര പഠനത്തിനാണ് വിദേശത്തേക്ക് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. മുന്‍പൊക്കെ മെഡിസിനും, എന്‍ജിനീയറിങ്ങിനും ഒരു പരിധി വരെ ശാസ്ത്ര വിഷയ പഠനത്തിനുമാണ് യാത്രയെങ്കില്‍ ഇപ്പോള്‍ ലിബറല്‍ ആര്‍ട്‌സ് പഠിക്കാനും ധാരാളം പേര്‍ പോകുന്നുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും ജനസംഖ്യ കുറഞ്ഞു വരുകയാണ്. അവിടെയൊക്കെ ഉന്നത വിദ്യാഭ്യസത്തിന് ധാരാളം സ്ഥാപനങ്ങളുണ്ട്. നമ്മളെ നാട്ടിലെ പോലെ എല്ലാവരുമൊന്നും സമയം പോക്കിന് അവിടെ കോളേജില്‍ പോകാറില്ല. അതില്‍ തന്നെ സങ്കീര്‍ണ്ണമായ പഠനശാഖകളില്‍ അവിടെ ചെറിയൊരു ശതമാനമേ പഠിക്കാന്‍ പോകാറുള്ളു. 

യുറോപ്പിലെ ചില ക്ഷേമരാഷ്ട്രങ്ങളില്‍ ഉന്നത വിദ്യാഭ്യസത്തിന് നല്ല സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. മാത്രമല്ല പഠനത്തോടൊപ്പം ഒഴിവുവേളയില്‍ പണിയുമെടുക്കാം. വിദേശത്തക്ക് കുട്ടികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുന്ന ഏജന്‍സികള്‍ തന്നെ കുറേ സ്‌കോളര്‍ഷിപ്പ് സംഘടിപ്പിച്ച് കൊടുക്കും. ശിഷ്ടം കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്ന് സംഘടിപ്പിക്കും. അവരുടെ ബാങ്ക് ഗ്യാരന്റിയും പ്രയോജനപ്പെടുത്തും. ഇനി ഇതിനൊന്നും പറ്റാത്തവര്‍ക്ക് ബാങ്ക് വായ്പയും ഏജന്‍സികള്‍ തന്നെ ഒരുക്കികൊടുക്കും. അവിടെ ചെന്നാല്‍ പാര്‍ട്ട് ടൈം പണിയുമെടുക്കാം. പാവപ്പെട്ട ഒരു കുട്ടിക്ക് നാട്ടില്‍ പഠിക്കാന്‍ വായ്പ നല്‍കുന്നതിനെക്കാള്‍ ബാങ്കുകള്‍ക്കും താത്പര്യം വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നവര്‍ക്ക് നല്‍കാനാണ്. കുട്ടികള്‍ നാട്ടില്‍ നിന്ന് നന്നായി പഠിച്ചിറങ്ങിയാലും ഇവിടെ തൊഴിലവസരങ്ങള്‍ കിട്ടുമെന്ന് ഒരുറുപ്പമില്ല. എന്നാല്‍ പിന്നെ വിദേശത്ത് പഠിച്ചാല്‍ അവിടെ തന്നെ ജോലിയും, സ്ഥിര താമസത്തിന് അവസരവും ലഭിക്കുമെന്ന സാദ്ധ്യതയും പഠനപ്രവാസത്തിന് ആക്കം കൂട്ടുന്നു. 

കാനഡ, യു.കെ, ജര്‍മ്മനി, ഇറ്റലി,ആസ്‌ട്രേലിയ, ന്യുസിലാന്‍ഡ്, സിംഗപ്പൂര്‍ മുതല്‍ ഉക്രേയിനിലും, ബലാറസിലും വരെ കുട്ടികള്‍ പരക്കുകയാണ്. ചൈനയില്‍ പഠിക്കാന്‍ പോയവര്‍ മാത്രമാണ് ഇപ്പോള്‍ പെട്ടു പോയത്. ഗള്‍ഫിലും മറ്റും വിദേശ രാജ്യങ്ങളിലും കുടുംബസമേതം താമസിക്കുന്നവര്‍ കുട്ടികളെ ഉന്നത പഠനത്തിന് നാട്ടിലാണ് വിട്ടിരുന്നത്. ഇന്നിപ്പോള്‍ അവരില്‍ സൗകര്യമുള്ളവര്‍ ഇങ്ങോട്ട് വരുന്നില്ല. വരുന്ന പലരും ഇത്തിരി മുന്തിയ സൗകര്യമുള്ള സ്വാശ്രയ കോളേജുകളില്‍ പോകും. ചിലര്‍ക്ക് പഠനം ആഘോഷത്തിമിര്‍പ്പിനുള്ള ഇടത്താവളം മാത്രമാണ്.

ഗുണനിലവാരം താഴുന്നതെന്ത്?

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പറയുന്നത് ഗുണനിലവാരക്കുറവിന് പ്രധാന കാരണം സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പോരായ്മ ആണെന്നാണ്. പ്രവേശനത്തിനായി സമാന കോളേജുകളുമായി ചേര്‍ന്ന് പൊതു പ്രവേശന പരീക്ഷ നടത്തുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മുന്‍പ് ഇത്തരമൊരു ശ്രമം നടത്തിയപ്പോള്‍ കോടതി അനുമതി നല്‍കിയിരുന്നില്ല. അതേ സമയം സ്വയംഭരണാവകാശമുള്ള കോളേജുകളില്‍ നിന്ന് വരുന്നവരില്‍ പലര്‍ക്കും വിഷയങ്ങളില്‍ പ്രായോഗിക പരിജ്ഞാനമില്ലെന്നാണ് അദ്ധ്യാപക റിക്രൂട്ടിങ്ങ് നടത്തിയ ഒരു കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ജീവിത നൈപുണി കൂടി ലഭിച്ചവരെ കിട്ടുന്നത് ഇപ്പോഴും പരമ്പരാഗത കോളജുകളില്‍ നിന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണമെന്തായാലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവരെ റിക്രൂട്ട് ചെയ്യാന്‍ മടിക്കുകയാണ് ഐ.ടി മേഖലയടക്കമുള്ള സ്ഥാപനങ്ങള്‍. ടാറ്റാ കണ്‍സള്‍ട്ടന്‍സി അടക്കമുള്ളവര്‍ ഒന്നു മുതല്‍ ആറു വര്‍ഷം വരെ പരിചയമുള്ളവരെ തേടി പത്രപരസ്യം വരെ നല്‍കി കഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ മേഖലയാണ് വിദ്യാഭ്യാസം.

നിയമസഭയില്‍ 2019-ല്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരമുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവുമധികം ജീവനക്കാരുള്ളത് വിദ്യാഭ്യാസ മേഖലയിലാണ്. 2019 ലെ കണക്ക് പ്രകാരം ആകെ 5,15,639 ജീവനക്കാരില്‍ 2,74,518 പേരും വിദ്യാഭ്യാസ മേഖലയിലാണ് പണിയെടുക്കുന്നത്. 53.24 ശതമാനം. ആകെ ജിവനക്കാരില്‍ പതുതിയലധികം. മറ്റ് ചില വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് വീണ്ടും കൂടും. ഇതിലും അധികമാണ് അണ്‍ എയിഡഡും, കേന്ദ്ര ഏജന്‍സികളും, അര്‍ദ്ധ സക്കാറുമായും മറ്റും കൂടി ചേര്‍ത്താല്‍. വന്‍ ബജറ്റ് വിഹിതവും ഇതിനായി നീക്കിവയ്ക്കുന്നുണ്ട്. അപ്പോള്‍ വിദ്യാഭ്യസ മേഖല ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചേ പറ്റൂ. ആള്‍ പാസും ഫുള്‍ മാര്‍ക്കുമൊക്കെ കൊടുത്ത് ആരെ പറ്റിക്കാനാണ് നാം ശ്രമിക്കുന്നത്. നമ്മുടെ പരീക്ഷാ ഉത്തരക്കടലാസുകള്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് പരിശോധിക്കണം. അപ്പോള്‍ അറിയാം പൂച്ച പുറത്ത് ചാടുന്നത്.