ഇസ്രയേല്‍ ഹമാസിനോട് മാത്രമല്ല, പാലസ്തീനിലെ കുഞ്ഞ് കുട്ടികളെ പോലും പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന് ലോകരാജ്യങ്ങൾ ചൂണ്ടിക്കാണിച്ച് തുടങ്ങി. അപ്പോഴും നിശബ്ദനാകുന്ന ട്രംപും നെതന്യാഹൂവും. ഇസ്രയേലിനെതിരെ കോപ്പ് കൂട്ടി ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും. വായിക്കാം ലോകജാലകം.
ഇസ്രയേലിനെതിരെ സഖ്യങ്ങൾ തന്നെ രൂപപ്പെടുകയാണിപ്പോൾ. ഗാസയിലെ കുഞ്ഞുങ്ങളുടെ മുഖം എല്ലാവരുടേയും ഉറക്കം കെടുത്തിത്തുടങ്ങിയിരിക്കുന്നു. അപ്പോഴും ചില രാഷ്ട്രീയ കടുംപിടിത്തങ്ങൾ വേരുപിടിക്കുന്നുവെന്ന് വ്യക്തം. അമേരിക്കയുടെ സഹായപദ്ധതി യുഎൻ അംഗീകരിക്കുന്നില്ല. പക്ഷേ, ബ്രിട്ടനും ഫ്രാൻസും ഒറ്റക്കെട്ടാണ്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ നീക്കങ്ങൾ മാത്രം അവ്യക്തമാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച ദുരന്തമായി. അതിനിടെ ട്രംപ് ആവർത്തിച്ചൊരു കാര്യം ഇന്ത്യ - പാക് ഏറ്റുമുട്ടലിൽ തങ്ങളാണ് മധ്യസ്ഥം വഹിച്ചതെന്നതാണ്. ഇന്ത്യ നിഷേധിച്ചു. രണ്ട് യുദ്ധങ്ങൾ, യുക്രെയ്നും ഗാസയും ഒറ്റ ദിവസം കൊണ്ടവസാനിപ്പിക്കുമെന്ന് വീരവാദം മുഴക്കി ഭരണത്തിൽ കയറിയിട്ട്, അതുരണ്ടും നിർത്താനായിട്ടില്ലെന്ന് മാത്രമല്ല നെതന്യാഹുവും പുടിനും ചെറുവിരലിൽ ചുറ്റി പാവ കളിക്കുകയാണ് ട്രംപിനെ. അതിന്‍റെ നിരാശയിലാവണം ഇന്ത്യ - പാക് സംഘർഷത്തിലെ അവകാശവാദം. അതും വ്യാപാര ധാരണ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഒരു ഫോൺകോളിൽ തീർത്തു യുദ്ധമെന്നാണ് നിസ്സാരമെന്ന മട്ടിലെ അമേരിക്കൻ പ്രസിഡന്‍റിന്‍റെ വാക്കുകൾ.

ശക്തമാകുന്ന എതിർപ്പ്
'മതി' എന്ന് ഇസ്രയേലിനോട് മറ്റ് പറയാൻ രാജ്യങ്ങൾ തുടങ്ങിയിരിക്കുന്നു. ബ്രിട്ടനും ഫ്രാൻസും കാനഡയും സംയുക്ത പ്രസ്താവനയിറക്കി. ജൂത കുടിയേറ്റക്കാർക്ക് ഉപരോധമേർപ്പെടുത്തി. മറ്റ്
സഖ്യരാജ്യങ്ങളും പിന്തുടർന്നു. വ്യാപാര ചർച്ചകൾ ബ്രിട്ടൻ നിർത്തിവച്ചു. ഇസ്രയേൽ അംബാസിഡറെ വിളിപ്പിച്ച് പ്രതിഷേധമറിയിച്ചു. അമേരിക്കയിൽ രണ്ട് ഇസ്രയേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടതും ഇസ്രയേലിന് തിരിച്ചടിയായി. അമേരിക്കൻ പ്രസിഡന്‍റിനും ക്ഷമ നശിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഡോണൾഡ് ട്രംപിന്‍റെ ഗൾഫ് സന്ദർശനത്തിനിടെ ഗാസക്ക് സഹായമെത്തിക്കുന്നതിൽ ചർച്ച നടന്നിരുന്നു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ (Gaza humanitarian foundation) വഴി സഹായ വിതരണം തുടങ്ങാമെന്നാണ് അമേരിക്കയുടെ നിലപാട്. പക്ഷേ, യുഎന്നിന് അതിൽ വലിയ പങ്കില്ല. സ്വകാര്യ കരാറുകാർ വഴിയായതിനാൽ താൽപര്യവുമില്ല.

അന്നം നിധേഷിച്ച് ഇസ്രയേൽ
ഗാസയിൽ കുഞ്ഞുങ്ങളടക്കം കൊടും പട്ടിണിയിലാണിപ്പോൾ. ഒരു നേരമെങ്കിലും ഭക്ഷണം കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്തുനിൽക്കണം. ഒരു ദിവസം 500 ട്രക്ക് ഭക്ഷണം വേണ്ടിടത്ത് ഒരാഴ്ചക്കകം 300 ട്രക്കാണ് ഇസ്രയേൽ കടത്തിവിട്ടത്. അതിൽ തന്നെ മൂന്നിലൊന്നേ വെയർഹൗസുകളിലെത്തിയിട്ടുള്ളൂ. ഗാസയിലെ ഇസ്രയേൽ സൈനിക നടപടി മാത്രമാണ് കാരണം. കമ്മ്യൂണിറ്റി കിച്ചനുകളിൽ തയ്യാറാക്കാൻ പറ്റുന്നത് കഷ്ടിച്ച് 500 പേർക്കാണ്. പക്ഷേ, എത്തുന്നത് ആയിരക്കണക്കിനാണ്. ഒഴിഞ്ഞ പാത്രവുമായി മണിക്കൂറുകൾ കാത്തുനിൽക്കുന്ന കുഞ്ഞുമുഖങ്ങളിലെ ദൈന്യത സഹിക്കാവുന്നതിലും അപ്പുറമാണ്. കിട്ടുന്നത് കൊണ്ട് ഒരു കുടുംബത്തിന് വിശപ്പടക്കാനും കഴിയില്ല. അതും ഒരു നേരം പോലും.
രാഷ്ട്രീയാരോപണങ്ങൾ തുടരുകയാണ് ഇസ്രയേലും ഹമാസും. പട്ടിണി ആയുധമാക്കുകയാണ് ഇസ്രയേൽ എന്ന് ഹമാസും. അതിർത്തി കടക്കുന്ന സഹായമൊക്കെ ഹമാസ് തട്ടിയെടുക്കുന്നുവെന്ന് ഇസ്രയേലും ആരോപിക്കുന്നു. ഗാസയിലെ സൈനിക നടപടിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 53,000 പേരാണെന്ന് പലസ്തീൻ ആരോഗ്യ വിഭാഗം. ഗാസയിലെ ദൃശ്യങ്ങൾ എന്തായാലും ലോക രാജ്യങ്ങളെ ഞെട്ടിച്ച് തുടങ്ങിയിട്ടുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം എന്നൊക്കയുള്ള വാദം ഇപ്പോഴില്ല. 'ഇത് തീവ്രവാദം' എന്നാണ് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ആരോപിച്ചത്. ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായിട്ടുണ്ട് രാജ്യങ്ങൾ. പക്ഷേ, അപ്പോഴും അമേരിക്ക വേണ്ടത്ര ചെയ്യുന്നില്ലെന്നതും ശ്രദ്ധിക്കപ്പെടുന്നു.


